Thursday, March 14, 2013

ഇതള്‍ കൊഴിഞ്ഞൊരു ...

നിലാവിലേയ്ക്കൊരിതള്‍ക്കൂടി വാടി വീഴുന്നു ,
സ്വപ്നങ്ങളില്‍ നിന്നുമൊരു ചിത്രം മായുന്നു !
ഈറന്‍ പകര്‍ന്ന കോടമഞ്ഞിനും ,
ചുംബിച്ചുണര്‍ത്തിയ കാട്ടുവള്ളികള്‍ക്കും
താങ്ങിപ്പിടിച്ച് ചേര്‍ത്തു വച്ച മണ്ണിന്‍ കൈക്കുമ്പിളിനും
വിടരാന്‍ പഠിപ്പിച്ച തായ്തണ്ടിനും
മുറിവേല്‍പ്പിക്കാതെ തഴുകിത്തലോടിയ തെന്നലിനും
കൂട്ടായ് വിരിഞ്ഞും
കൂടെ ചിരിച്ചും
രാവുണര്‍ത്തിയ പൂങ്കുലയ്ക്കും ഇനി വിട !
പൊട്ടിക്കാന്‍ വെമ്പിയിട്ടും
കുരുന്നുവിരലുകളില്‍ കനിവ് നിറച്ചു നീയന്നു
പോയിരുന്നില്ലേ ...
നിമിനേരമീ ഭൂമിയില്‍
കണ്ണുകള്‍ വിടര്‍ത്തി നില്‍ക്കാന്‍
നീ തന്ന മൌനാനുമതിക്കും നന്ദി !
തോരാതെ പെയ്യുന്ന നിശബ്ദതയ്ക്ക് നടുവിലൊരുനാള്‍
ഞാനിനിയും പൂക്കുമായിരിക്കും ...
ഭൂമിതന്‍ നേര്‍ത്തൊരീ വിള്ളലില്‍
അന്നോളം ഞാന്‍ വേനല്‍ കുടിച്ചും ,
വേരുകള്‍ക്കിടയില്‍ കിനാക്കൂടുകള്‍ തുന്നിയും
നീണ്ടൊരു നിദ്രയിലേയ്ക്കൂളിയിടട്ടെ....

5 comments:

  1. ...ഗുല്മോഹർ.



    ശുഭാശംസകൾ...

    ReplyDelete
  2. ഞാനിനിയും പൂക്കുമായിരിക്കും ...

    ReplyDelete
  3. ഏറെ ഇഷ്ടമായി ഓരോ വരിയും..

    ReplyDelete
  4. വാടി വീണ ഇതളുകളേറെ
    മാഞ്ഞുപോയ ചിത്രങ്ങളതിലേറെ...

    എന്നാലും പ്രതീക്ഷകളേറെ...
    ഞാനിനിയും പൂക്കുമായിരിക്കും.

    ReplyDelete