ഇന്ത്യക്കാരിയാണെങ്കിലും രാഷ്ട്രഭാഷ അറിയില്ല എന്നത് വലിയൊരു പോരായ്മയായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ, പഠിച്ചിരുന്ന കാലത്ത്, ഏറ്റവും കൂടുതല്‍ ഉഴപ്പിയ ഒരു മണിക്കൂറാണ് ഹിന്ദി ക്ലാസ്സ്. ;സിജി, ഷിജി,സജിത, എന്നീ ടീച്ചര്‍മാര്‍ മാറി മാറി പഠിപ്പിച്ചെങ്കിലും ഞാന്‍ ഒരിക്കലും കരയേറാത്ത ഒരു വിഷയമായിരുന്നു ഹിന്ദി.
ഒരു കാലത്ത് എന്‍റെ സ്കൂളില്‍ പഠിച്ച ആരും മറക്കാത്ത ഒരു മുഖമായിരുന്നു മനോജ് എന്ന അദ്ധ്യാപകന്‍റെത്.വെളുത്ത് മെലിഞ്ഞ്, കാറ്റില്‍ പറക്കുന്ന സില്‍ക്ക് മുടിയുമായി വരുന്ന മനോജ്‌സര്‍.,എല്ലാറ്റിനുമുപരി അദ്ദേഹത്തിന്‍റെ കയ്യിലെ നീളന്‍വടി അദ്ദേഹം പഠിപ്പിച്ച ഒരു കുട്ടിയും മറക്കില്ല. ഒരു പക്ഷെ അദ്ദേഹം എന്നെ ഒരു വര്‍ഷം കൂടി ഹിന്ദി പഠിപ്പിച്ചിരുന്നെങ്കില്‍, ആ വടിയുടെ വീശല്‍ ഓര്‍ത്തു ഞാന്‍ ഇന്നു പള പളാ എന്ന് ഞാന്‍ ഹിന്ദിയും പറഞ്ഞു നടന്നേനെ. എന്‍റെ ഗതികേടിന്, അദ്ദേഹം ഒരു വര്‍ഷം മാത്രം ഞങ്ങളെ ഹിന്ദി പഠിപ്പിച്ചത്തിനു ശേഷം മറ്റൊരു സ്കൂളിലേയ്ക്ക് സ്ഥലം മാറി. അടിയുടെ നോവ് ആരും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും , അദ്ദേഹത്തെ എല്ലാവരും കണ്ണീരോടെയാണ് യാത്ര അയച്ചത്. എന്‍റെ മനസ്സില്‍ മാത്രം ഞാന്‍ സന്തോഷത്തിന്‍റെ നൂറു പടക്കം പൊട്ടിച്ച് ആ സ്ഥലംമാറ്റം ആഘോഷിച്ചു. ഇന്ന് അതോര്‍ത്ത് ഞാന്‍ വ്യസനിക്കുന്നു.
മനോജ് സാറിന്‍റെ ക്ലാസ്സില്‍ അവിടെയും ഇവിടെയുമായി കേട്ടുപരിചയം മാത്രമുള്ള കുറേ വാക്കുകളും പിന്നെ മലയാളത്തിലും ഹിന്ദിയിലും പൊതുവായി ഉപയോഗിക്കുന്ന കുറേ വാക്കുകളും ഉള്ളതിനാല്‍ ഒരിക്കലും തോല്‍ക്കാതെ അത്യാവശ്യം നല്ല മാര്‍ക്കോടെ തന്നെ ഞാന്‍ സ്കൂള്‍ സമയത്തൊക്കെ തടിതപ്പി. അങ്ങനെ അഞ്ചു മുതല്‍ പത്തു വരെ എങ്ങിനെയൊക്കെയോ ഒരു വിധം ഹിന്ദി ക്ലാസ്സില്‍ ഉറക്കം തൂങ്ങിയും , നോട്ടു ബുക്കിന്‍റെ പിന്നില്‍ പടങ്ങള്‍ വരച്ചും തള്ളിനീക്കി. ആ പടം വരയെങ്കിലും ഞാന്‍ നന്നായി ചെയ്യ്തിരുന്നെങ്കില്‍... എന്ന് ആഗ്രഹിച്ചുപോവുകയാണ്.
പ്ലസ് ടുവില്‍ ഹിന്ദിയോ മലയാളമോ , ഇതില്‍ ഒന്ന് മതി. അതില്‍ പരം സന്തോഷം എനിക്കെന്താണ് വേണ്ടത്. ഏതു വിഷയമാണ് ഞാന്‍ എടുത്തത് എന്ന് ഇത് വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ സംശയം ഉണ്ടാവില്ലല്ലോ. മലയാളമെടുത്ത് ഞാന്‍ തകര്‍ത്തു. ഹിന്ദി എന്ന ഭാഷയെ പിന്നീടൊരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല ഞാന്‍.., അതൊന്നും പഠിച്ചിട്ട് എനിക്കൊരു ഗുണവും ഇനിയൊരിക്കലും ഉണ്ടാവില്ല എന്ന ഭാവമായിരുന്നു . പ്ലസ് ടു കഴിഞ്ഞ് ഏതാനം ദിവസങ്ങള്‍ക്കുശേഷം, ദൈവം സഹായിച്ച് സ്വപ്നം കണ്ടു നടന്നിരുന്ന ജോലി ലഭിച്ച് ഞാന്‍ വിദേശത്തേയ്ക്ക് പറന്നു.
ഞാന്‍ ദുബായില്‍ എത്തിയ ഉടനെ, സ്ഥലങ്ങളൊക്കെ പഠിച്ചു വരുന്നതിനു മുന്‍പ് ഷോപ്പിംഗ് മാളില്‍ നിന്നും എന്‍റെ ഫ്ലാറ്റിലേയ്ക്ക് പോകുവാന്‍ വേണ്ടി , ടാക്സിയില്‍ തനിയെ കേറി. കോര്‍ണിഷ് എന്നാണ് സ്ഥലത്തിന്‍റെ പേര് എന്നറിയാം. പക്ഷെ എന്‍റെ ഗതികേടിന് പല ഇടങ്ങളിലായ് പല കോര്‍ണിഷുകള്‍ ഉള്ളതിനാല്‍ , പാകിസ്ഥാനി ഡ്രൈവര്‍ "ഏതു കോര്‍ണിഷ്" എന്ന ഭാവത്തില്‍ എന്നെ നോക്കി. ഇതിനു മുന്‍പ് , ഒന്ന് രണ്ടു തവണ കൂട്ടുകാരുടെ കൂടെ ടാക്സിയില്‍ കയറിയപ്പോള്‍ അവരുടെ വായില്‍നിന്നും ഒരു വാക്ക് ഞാന്‍ പഠിച്ചുവച്ചിരുന്നു. ഊഹിക്കാനുള്ള കഴിവില്‍ ഞാന്‍ വളരെ മിടുക്കിയായതിനാല്‍ സ്വാഭാവികമായും "ആ വാക്ക്" കോര്‍ണിഷ് എന്ന ഞാന്‍ താമസിക്കുന്ന സ്ഥലത്തെ മനസ്സിലാക്കി കൊടുക്കുക എന്നൂഹിച്ച്, ധൈര്യമായി ഒട്ടും സംശയംമില്ലാതെ ഡ്രൈവറോട് പറഞ്ഞു, "സീതാ ജാവോ"!!! എന്നെ വല്ലാതോന്നു നോക്കിയിട്ട് അയാള്‍ വണ്ടി നേരെ വിട്ടു, ഒന്ന് രണ്ടു തവണ അയാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍, ഞാന്‍ മനസ്സില്‍ വിചാരിച്ചു , "ഇയാള്‍ എന്തിനാണാവോ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത്. ഇയാള്‍ക്കെന്താ ഞാന്‍ പറഞ്ഞത് മനസ്സിലായില്ലാന്നുണ്ടോ." സ്വപ്നത്തില്‍ പോലും കരുതിയില്ല ഞാന്‍ കഷ്ടപ്പെട്ട് ഓര്‍ത്തിരുന്ന സുന്ദരമായ വാക്കിനു പിന്നില്‍ ഇങ്ങനെയൊരു അര്‍ത്ഥമുണ്ടായിരുന്നെന്ന്.
അല്‍പ ദൂരം പോയതിനു ശേഷമാണ് മനസ്സിലായത് ഡ്രൈവര്‍ എന്നെ ചതിച്ചിരിക്കുന്നു. എന്നെ വേറെ എവിടെയ്ക്കോ കൊണ്ടുപോവുകയാണയാള്‍. , പിന്നെ ഒട്ടും സംശയിച്ചില്ല. ഫോണ്‍ എടുത്ത് എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചു. "എന്‍റെ പോന്നു മോളെ, ഞാന്‍ അര മണിക്കൂറായി ടാക്സിയില്‍ കയറിയിട്ട്. ഇതു വരെ പരിചയം ഉള്ള ഒന്നും വഴിയില്‍ കണ്ടില്ല,ഇയാള്‍ എന്നെ വേറെ എവിടേയ്ക്കോ കൊണ്ടുപോവുകയാണ്. ഇനി ഞാന്‍ എന്താ ചെയ്യാ ? "
സംഭവം കേട്ടപ്പൊഴേ അവള്‍ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. ഉടനെ ഡ്രൈവർടെ കൈയ്യിൽ ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തമ്മില്‍ എന്തോ സംസാരിച്ചു. അമര്‍ഷത്തോടെ എന്നെ നോക്കിക്കൊണ്ട് അയാള്‍ ഫോണ്‍ തിരികെ തന്നു. ഒരു വിധത്തില്‍ ഞാന്‍ തിരികെ ഫ്ലാറ്റിലെത്തി. കമ്പനി തരുന്ന ഫ്ലാറ്റ് ആയതു കൊണ്ട്, ഞങ്ങള്‍ എല്ലാവരും ഒരേ കോമ്പൌണ്ടിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. ഞാന്‍ ചെല്ലുന്നതും കാത്ത് എന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന എന്‍റെ കൂട്ടുകാരി നില്‍പ്പുണ്ടായിരുന്നു.കൂടെ മറ്റുള്ളവരും.
ഉള്ളിലെ ദേഷ്യം കടിച്ചമര്‍ത്തിയെങ്കിലും മുഖം വാട്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു. അപ്പോഴും ഞാന്‍ പറഞ്ഞ വാക്കിന്‍റെ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. ഡ്രൈവറുടെ തെറ്റാണെന്നാണ് ഞാന്‍ അവരെ കാണുന്നത് വരെ കരുതിയിരുന്നത്.
പിന്നീടാണ് ഞാന്‍ സംഭവങ്ങളുടെ കിടപ്പുവശം അറിയുന്നത്.
"ഹിന്ദി അറിയാന്‍ മേലാത്ത നിന്നെയൊക്കെ ആരാ പെണ്ണെ എയര്‍ഹോസ്റ്റസാക്കിയത് ?? " അവളെന്നെ കളിയാക്കി.
എന്നിട്ട് ചോദിച്ചു , "ആട്ടെ, നീയെന്താ ഡ്രൈവറോട് പറഞ്ഞത്. "
-"സീതാ ജാവോന്ന്" അല്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു.
പിന്നെയൊരു കൂട്ടച്ചിരി.
ഹാ ! എനിക്ക് മാത്രമല്ലേ അറിയൂ , എങ്ങനെയാണ് എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ പാസായതെന്ന്. വെറും നാട്ടിന്‍പുറത്തുകാരിയായ ഞാന്‍ പാസ്‌പോര്‍ട്ടോ , എയര്‍ഹോസ്റ്റസിനു വേണ്ട മറ്റു ഗുണഗണങ്ങളോ ഇല്ലാതെ, ആദ്യത്തെ ഇന്റര്‍വ്യൂവിന് കോഴിക്കോടു വച്ച്, പങ്കെടുക്കുന്നു. വീടിന്‍റെ മുന്‍പിലൂടെ പച്ചപ്പു കാണാന്‍ നടക്കുന്ന സായിപ്പുമ്മാരുടെ ഇംഗ്ലീഷ് കേട്ടും, അവരുടെ മുന്‍പേ രാജാവായി നടന്ന് കാടും മേടുമൊക്കെ കാണിച്ചും കിട്ടിയ അല്പം ഇംഗ്ലീഷ് ജ്ഞാനം മാത്രമാണ് ആകെയുള്ള കൈമുതല്‍. , എന്തിരുന്നാലും മനസ്സില്‍ നിറയെ നേടണം, പറക്കണം എന്ന വാശി എന്നെ മുന്‍പോട്ടു നയിച്ചു. അവിടെ വച്ചാണ്, രാഷ്ട്രഭാഷ പഠിക്കാത്ത എനിക്ക് ആദ്യമായി തിരിച്ചടി കിട്ടുന്നത്. എന്നെക്കാളും മിടുക്കരായ ഒരുപാട് ഫ്രാങ്ക്ഫിന്‍ കുട്ടികള്‍ നിരന്നിരുന്നു. ഞാന്‍ മാത്രം ഒരുപാട് അപാകതകളോടെ തലയുയര്‍ത്തി അവര്‍ക്കിടയില്‍ ഒന്നും പുറത്തു കാണിക്കാതെയിരുന്നു. കിട്ടില്ല എന്നുറപ്പായതിനാല്‍ സഭാകമ്പo എന്‍റെ അടുത്തുകൂടെ പോലും പോയില്ല. അപ്പോഴാണ് ഇന്റര്‍വ്യൂ നടക്കുന്ന ഹാളില്‍നിന്നും ഒരാള്‍ പുറത്തിറങ്ങി, എന്‍റെ ചങ്കുതുളയ്ക്കുന്ന ഒരു ചോദ്യം ചോദിച്ചത് , "ഇകൂട്ടത്തില്‍ ഹിന്ദി അറിയില്ലാത്ത ആരെങ്കിലും ഉണ്ടോ " എന്ന്. സത്യസന്ധരായ ഒരുപാട് പേര്‍, അറിയില്ലാത്തത് തുറന്നു സമ്മതിച്ചു. എനിക്കത് സമ്മതിക്കാന്‍ തോന്നിയില്ല. കുമളിയില്‍ നിന്നും കോഴിക്കോട് വരെ വളരെ കഷ്ടപ്പെട്ട് എത്തിയിട്ട് ഈ ഹിന്ദിയുടെ പേരില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുകപോലും ചെയ്യാതെ പോവുക സാധ്യമല്ല. എന്തായാലും ഹിന്ദി അറിയില്ലാത്തവരൊക്കെ പുറത്തായി. വീണ്ടും ഹിന്ദി അറിയാവുന്നവരുടെ നീണ്ട നിരയില്‍ ഞാന്‍ തലയുയര്‍ത്തി ഇരുന്നു.
എന്‍റെ ഊഴം വന്നു. ഒരുപാട് ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂവിന്‍റെ ഒരു ഘട്ടത്തില്‍ വച്ച്, എന്‍റെ നേര്‍ക്കൊരു ചോദ്യം വീണു. "ഹിന്ദിയില്‍ സ്വയം ഒന്നു പരിചയപ്പെടുത്തൂ."
-"ഈശ്വരാ ഇവര്‍ക്കൊക്കെ ഇത് എന്തിന്‍റെ കേടാ , ഞാന്‍ ഇനി എന്ത് ചെയ്യും" എന്ന് മനസ്സില്‍ പറഞ്ഞ്, പോയാല്‍ പോകട്ടെ എന്ന് കരുതി ഞാന്‍ തുടങ്ങി.
"മേരാ നാം ജിലു ഹെ, മേരാ പരിവാര്‍ കുമളി മേം ഹേ, കുമിളി കേരളാ മേം ഹേ, കേരളാ ഇന്ത്യ മേം ഹേ, ഭാരത് മാതാ കീ ജയ് ! "
ഒട്ടും ഭയക്കാതെയുള്ള എന്‍റെ പൊട്ടത്തരം ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന പന്ത്രണ്ട് അറബികള്‍ക്കും നന്നേ ഇഷ്ടപ്പെട്ടു. എന്‍റെ ഭാഗ്യത്തിന് അക്കൂട്ടത്തില്‍ ആര്‍ക്കും ഹിന്ദി അറിയില്ലായിരുന്നു.
അതാണ് എന്‍റെ ഇന്റര്‍വ്യൂ കഥ. പാസ്‌പോര്‍ട്ടില്ലാതെ, ഇതുവരെ ഒരു വിമാനം നേരില്‍ കണ്ടിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒരു വിമാനത്തില്‍ കാലുകുത്തിയത് അതിലെ ജീവനക്കാരിയായി തന്നെയാണ്.
അതിനു ശേഷം ഹിന്ദിയുടെ വഞ്ചന എന്നെ പിടികൂടിയത് ടാക്സിയില്‍ വച്ചാണ്. അന്ന് തുടങ്ങിയതാണ് എന്‍റെ ആത്മാര്‍ത്ഥമായുള്ള ഹിന്ദി പഠനം. പക്ഷെ അന്ന് മനോജ്‌സാറിന്‍റെ വടിയുടെ ചൂട് പേടിച്ചു ഞാന്‍ പഠിച്ചതില്‍ കൂടുതല്‍ ഒന്നും ഇപ്പോഴും ഞാന്‍ പഠിച്ചിട്ടില്ല. അനര്‍ഗളനിര്‍ഗളമായി ഒഴുകുന്ന ഗസലുകളോടും , മറ്റു സുന്ദരമായ ഹിന്ദി ഗാനങ്ങളോടും അടങ്ങാനാവാത്ത ഭ്രമമാണ് എന്നുള്ളതൊക്കെ വാസ്ഥവം തന്നെ. പക്ഷെ, അതിലെ ഒരു വാക്കു പോലും മനസ്സിലാവാറില്ല എന്നതും മറ്റൊരു സത്യം. ഹിന്ദി സിനിമകള്‍ കാണാന്‍ എന്‍റെ കൂടെ സുഹൃത്തുക്കള്‍ ആരും ഇരിക്കാറില്ല എന്നത് മറ്റൊരു വേദനിപ്പിക്കുന്ന സത്യം. കൂടെയിരുന്നാല്‍ പിന്നെ ഞാന്‍ അവരെ എന്റെ ഒഫീഷ്യല്‍ ട്രാന്‍സ്ലേറ്റര്‍ ആക്കും എന്നത് അവര്‍ക്കും എനിക്കും മാത്രം അറിയാവുന്ന കാര്യം.
ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഹിന്ദി അറിയണം എന്ന നിയമം ഇല്ലെങ്കിലും, ഓരോ ഫ്ലൈറ്റിലും, അതിലെ ജീവനക്കാരെ പരിചയപ്പെടുത്തുന്ന ഒരു ഏര്‍പ്പാടുണ്ട്..., "മലയാളം" എന്ന് പറയാന്‍ പലരുടെയും നാവു വഴങ്ങാത്തത് കൊണ്ടും, പലരും അങ്ങനെയൊരു ഭാഷ കേട്ടിട്ടില്ലാത്തതു കൊണ്ടും ഇന്ത്യന്‍ എന്ന നിലയില്‍ ഹിന്ദി തീര്‍ച്ചയായും അറിയും എന്ന അമിത പ്രതീക്ഷകൊണ്ടും എന്നെ ഹിന്ദി അറിയാവുന്ന ആളായി യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തും. ഊറിയ ചിരിയോടെ എന്‍റെ ഉള്ളിലെ ഹിന്ദിക്കാരി അവിടെയും തല ഉയര്‍ത്തിനില്‍ക്കും. എന്നെങ്കിലും ഏതെങ്കിലും യാത്രക്കാര്‍ക്ക് എന്നോട് ഹിന്ദിയില്‍ വല്ലതും ചോദിക്കാനോ പറയാനോ തോന്നരുതേ എന്നു മാത്രമേ ഈ പാവം മലയാളിക്ക് ആഗ്രഹിക്കാന്‍ പറ്റൂ.