Saturday, August 3, 2013

സിനിമകള്‍

ഇപ്പോഴും നനഞ്ഞു കുതിര്‍ന്ന ധാവണിത്തുമ്പ്
കയ്യില്‍ തിരുകിപ്പിടിച്ചിട്ടുണ്ട് ഞാന്‍ ..
വിധിയുടെ കൈപ്പടയില്‍
കാലം തിരക്കഥകളെഴുതി പൊട്ടിച്ചിരിക്കും
ഇടയ്ക്കിടെ എന്‍റെ മുന്‍പിലെ
ചെറിയ സ്ക്രീനില്‍ ..
അതെന്താണ് ചില കഥകള്‍,
വെറും കഥകള്‍ മാത്രമാവാത്തത് ?
വെറും കെട്ടുകഥകള്‍ എന്ന്
സ്വയം വിശ്വസിപ്പിക്കാനാവാത്തത് ...
എവിടെയൊക്കെയോ അവര്‍
അഭിനയിച്ചു തകര്‍ക്കുന്നത്
എന്‍റെ ജീവിതമായാത്കൊണ്ടോ ??

(ചിത്രശലഭം എന്ന സിനിമ ഒരിക്കല്‍ മാത്രമാണ് ഞാന്‍ കണ്ടത്, ഓര്‍മ്മയില്‍ നോവുകള്‍ കുരുക്കുന്നതിനൊക്കെ ഏറെ മുന്‍പ്.. പക്ഷെ വീണ്ടും ഒരിക്കല്‍കൂടി ആ സിനിമ കാണണം എന്ന് മനസ്സു പറഞ്ഞു. 2007 മുതല്‍ അന്വേഷിച്ചു നടന്നെങ്കിലും കിട്ടിയില്ല. അവസാനം 2013ല്‍, ഇന്ന് ഞാന്‍ വീണ്ടും കണ്ടു, ജയറാമും ബിജു മേനോനും മത്സരിച്ചഭിനയിച്ച അതേ സിനിമ. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ടിരിക്കുന്നു, ഇന്നെന്‍റെ കണ്ണുകളില്‍ നീര്‍ക്കുടങ്ങള്‍ നിറയ്ക്കാന്‍ വേണ്ടി ഒരു തിരക്കഥ.
ബ്രദര്‍ ... എന്നുള്ള ആ വിളി പോലും എന്നെപ്പോലുള്ള നിസ്സാരമായ മനസ്സുകള്‍ക്ക് താങ്ങാനാവാത്ത ഒരു വേദന പടര്‍ത്തും. 2009 ന് മുന്‍പ്‌ ഒരിക്കല്‍ പോലും ഞാന്‍ എഴുതിയിരുന്നില്ല .എങ്കിലും എന്‍റെ മനസ്സില്‍ ഉണ്ടാകേണ്ടിയിരുന്ന മാറ്റം നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കും പോലെ ആ ചലച്ചിത്രത്തിലെ കാതലായ കവിതാഭാഗം എന്‍റെ മനസ്സില്‍ കാലങ്ങളെത്ര തറച്ചുകിടന്നിരുന്നു. "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര... "  കെ.ബി മധു എന്ന സംവിധായകന്‍റെ ഈ ചിത്രം എന്‍റെ ജീവിതത്തെ വല്ലാതെ തൊട്ടിരിക്കുന്നു... )

7 comments:

 1. കാണട്ടെ
  ഇപ്പറഞ്ഞതൊക്കെ ശരിയാണോന്നൊന്നറിയണമല്ലോ!

  ReplyDelete
 2. കെ.ബി മധു എന്ന സംവിധായകന്‍റെ ഏറ്റവും നല്ല സിനിമ ആദ്യം കണ്ടപ്പോള്‍ മടുപ്പ് പിന്നെ കണ്ടപ്പോള്‍ തിരിച്ചറിവ് . "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര"

  ReplyDelete
 3. എന്റെ ഇഷ്ട സിനിമയാണ് ...ജയറാം മരിക്കുന്ന സീൻ ..ഹോ ആ സീനൊക്കെ കിടുവാണ് ...

  ജീവിതത്തിന്റെ അവസാനം ചെന്നെത്തുന്നത് ഇരുളടഞ്ഞ ഒരു ഗുഹക്കു മുന്നിലാണ് . അവിടെ നമ്മൾ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്നു .. "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര..അനന്ത യാത്ര ..അത്ഭുത യാത്ര .. "

  എന്റെ കാലിനടിയിൽ ആരോ സൂചി കൊണ്ട് കുത്തുന്നു ബ്രദർ എന്ന് ജയറാം ബിജു മേനോനോട് പറയുന്നില്ലേ ..മരണത്തിനോടുള്ള അദൃശ്യനിരീക്ഷണങ്ങൾ എത്ര പെർഫെക്റ്റ് ആയിട്ടാണ് പകർത്തിയിരികുന്നത് എന്ന് തോന്നി പോയി ..

  പാട്ടുകളും അത് പോലെ മനോഹരമായിരുന്നു ഈ സിനിമയിൽ ..ആരോഹണത്തിൽ ചിരിച്ചും അവരോഹണത്തിൽ കരഞ്ഞും എന്നുള്ള പാട്ട് ഓർമയില്ലേ .. അത് പോലെ "പാടാത്ത പാട്ടിന്റെ കേൾക്കാത്ത നാദമാണ് നീ .." എങ്ങിനെ എല്ലാം കൊണ്ടും എനിക്ക് ഇഷ്ടമായ സിനിമയാണ് ഇത് ..

  ReplyDelete
 4. നിശാഗന്ധീ, നല്ല വരികള്‍ ട്ടോ... (ചിത്രത്തിനെ കുറിച്ച് രാജേഷ്‌ ഖന്നയും അമിതാഭ് ബച്ചനും അഭിനയിച്ച "ആനന്ദ്‌" എന്ന ചിത്രമല്ലേ ഈ ചിത്രശലഭം എന്നൊരു സംശയം ഉണ്ട്. അത് കൂടി കാണൂ.. നല്ല അനുഭവം ആകും )

  ReplyDelete
 5. ആര്ഷയുടെ അഭിപ്രായത്തോട് യോജിക്കുന്നു - ആനന്ദ് എന്ന ഋഷികേശ് മുഖര്‍ജി ചിത്രം കണ്ട ഒരാള്‍ എന്ന നിലയില്‍ ഈ സിനിമ (ചിത്രശലഭം) എന്നില്‍ ഒരു തരം മടുപ്പാണ് ഉളവാക്കിയത് - മുഴുവനും കാണാന്‍ പോലും തോന്നിയില്ല. (എന്റെ മാത്രം അഭിപ്രായമാണ്- എല്ലാവര്ക്കും അങ്ങനെയാവണം എന്നില്ല). പക്ഷേ താരതമ്യം ചെയ്യുകയാണെങ്കില്‍ ആനന്ദ് എത്രയോ ഉയരത്തില്‍ നില്‍ക്കുന്നു എന്ന്‍ പറയേണ്ടിയിരിക്കുന്നു.

  ReplyDelete
 6. എല്ലാവരും ഇത് പറയാൻ കാരണമെന്താ ന്ന് അറിയണമല്ലോ ?
  പറ്റിയാൽ അടുത്ത് തന്നെ ഒന്ന് കാണണം.!

  ReplyDelete
 7. നല്ല വരികൾ

  ശുഭാശംസകൾ....

  ReplyDelete