Thursday, October 31, 2013

തടാകം..

തേടിപ്പോകുമ്പോഴെല്ലാം
എന്‍റെ നിഴലിന്‍ മറവില്‍ വാക്കുകള്‍
ഒളിച്ചിരുന്നു കരയുന്നതെന്തിനാണ് ?
കണ്ണീരു വറ്റാത്ത ഈറന്‍ചിരികളാല്‍
ഉള്ളിലെത്ര തടാകങ്ങള്‍.. 

തിരിച്ചുപിടിക്കുന്നത്‌

സകല പ്രതീക്ഷയുമുപേക്ഷിച്ച്
മരണത്തിന്‍റെ വിളുമ്പില്‍നിന്നും
തിരിഞ്ഞു നോക്കുമ്പോള്‍
അവസാനമായി  ആഗ്രഹിക്കുന്നത്
കാലാതിവര്‍ത്തിയായ ഒരു കവിതയല്ല ..
പോയ കാലത്തില്‍ നിന്നും ഒരു പിന്‍വിളിയാണ്
കളഞ്ഞുപോയൊരു പുഞ്ചിരിയാണ്
കടന്നു പോയൊരു തലോടലാണ്
കരുതിനിന്നൊരു സാന്ത്വനമാണ്
മാറോടു ചേര്‍ക്കുമ്പോള്‍
നെറുകയിലൊരു തുള്ളി കണ്ണീരാണ്.. !!
എങ്കിലും ഇതെല്ലാം ഈ നിമിഷം
ആഗ്രഹിച്ചുകൊണ്ടാണ്
ഓരോ കവിതയും പിറക്കുന്നത്‌.. !

കിളിക്കൂടും കിളിയും


അസ്തമയത്തിലെ  അവസാന പറവയും
ചിറകടിച്ചെത്തിയിട്ടും ,
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
അരിമുല്ലപ്പൂക്കള്‍ക്കിടയില്‍
ഒരു കിളിക്കൂട്‌ മാത്രം
നാരുകളിറുക്കെപ്പിടിച്ചു
നെടുവീര്‍പ്പിടുന്നു മണ്ണില്‍ നോക്കി..
വര്‍ണ്ണത്തൂവലുകള്‍ കൂട്ടമായ്‌ ചിതറിയ
നിഴല്‍പ്പാതയിലൊരു കിളിയെങ്ങാന്‍
പിടയുന്നുണ്ടോ .. ?
ആകാശവരമ്പിലെങ്ങാന്‍
വഴിതെറ്റിയൊരു കുഞ്ഞുകിളി തേടുന്നുണ്ടോ
അടുക്കിവച്ച ഇലകള്‍ക്കിടയിലെ
അരിമുല്ലച്ചൂട് ?
ചില്ലകളെല്ലാം ചിലച്ചും കലമ്പിയും
രാവ് പുലര്‍ന്നപ്പോള്‍
പ്രഭാതത്തിലേയ്ക്ക് മിഴിതുറന്ന
കിനാവള്ളിയും പൂവിതളുകളും
പിന്നെ കാത്തിരുന്നു കണ്ണുകലങ്ങിയൊരു
കുഞ്ഞുകിളിക്കൂടും
വഴിയരികില്‍ ചിതറിക്കിടന്നു..
മഞ്ഞുകാലത്തിനും
വേനലിനുമപ്പുറം
രണ്ടു ചിറകുകള്‍ ആകാശം തേടി
കടലുകള്‍ താണ്ടിപ്പറന്നു... 

കരിയുന്ന വേരില്‍ ചുവട്ടില്‍

വേരുകള്‍ക്കൊണ്ടെന്‍റെ ആഴങ്ങളില്‍ വന്ന്,
ഇനിയുമുണങ്ങാത്ത മുറിവുകളില്‍ തൊടുക..
കരിഞ്ഞ സ്വപ്നച്ചില്ലകളില്‍
ചുവന്ന പൂവുകള്‍ വിരിയട്ടെ..
നീയൊരു പാഴ്മരമായ്
മുറിക്കപ്പെടാതിരിക്കട്ടെ.. 

കരയുന്ന കടല്‍

ഭൂമി കാരിരുള്‍ മൂടിയപ്പോഴും
കരിമ്പടം പുതച്ചപ്പോഴും
കടല്‍ മാത്രം മാത്രം നക്ഷത്രങ്ങളെ നോക്കി
കരഞ്ഞുകൊണ്ടിരുന്നു..

സഞ്ചാരം

 ഇടവഴികളും ചുവപ്പന്‍പൂക്കളും

കാറ്റിലാടി നില്‍പ്പുണ്ട്
നമ്മള്‍ ഓര്‍മ്മകളുടെ
കൈപിടിച്ചെത്തുന്നതും കാത്ത്.. !

വേലിപ്പടര്‍പ്പില്‍ നാണത്തോടെ
ഒളിച്ചു നില്‍പ്പുണ്ടാവും
പണ്ട് നമ്മള്‍ മഴവില്‍ കുമിളകള്‍ പരത്താറുള്ള
പരന്ന ഇലകളും... !

തോടിനരികെ പാലത്തിന്നപ്പുറം
കല്ലുകൊണ്ട് പോറിവരച്ചിരുന്ന അക്കുകളങ്ങളും മായാതെ മുറിഞ്ഞുനില്‍പ്പുണ്ടാവും
ഓടി നമ്മളെത്താന്‍ കാത്ത്.. !

ഇടവഴികള്‍ കോണ്‍ക്രീറ്റ് പുതച്ചു മരിച്ചതും
മഴവില്‍ക്കുമിളകള്‍ പൊട്ടിവീണതും
തോടുകളില്‍ വേനല്‍ താമസമുറപ്പിച്ചതും
അറിഞ്ഞുകൊണ്ടുതന്നെയാണ്
നമ്മള്‍ ഓര്‍മ്മയുടെ പാളങ്ങളില്‍ സഞ്ചരിക്കുന്നത്... 

പാട്ടുപെട്ടി

ഉച്ചവെയിലില്‍
ഉറക്കച്ചവടില്‍
ഉച്ചത്തിലുച്ചത്തില്‍
താരാട്ടുന്ന പാട്ടുപെട്ടി.. 

മുറിവ്

മറക്കുവാന്‍ വേണ്ടി നമ്മളോര്‍ത്തെടുക്കുന്നു
നിത്യവും നോവുന്ന ഓര്‍മ്മകള്‍ വീണ്ടും..
ഉണങ്ങിയിട്ടും ചോരുന്ന വരണ്ടമണ്ണിലെ
നീരുറവയുടെ മുറിവ് പോലെ.. 

കൌമാരം

കത്തി നില്‍ക്കുന്ന വിളക്കിന്‍ ചുവട്ടില്‍ നിന്നും
സൂര്യനെതേടി ഇരുളിലേയ്ക്ക് പറക്കുന്ന
ചില കണ്ണാടിച്ചിറകുകള്‍..

Wednesday, October 30, 2013

അമ്മ

തീരമെത്താത്ത തോണിതന്നറ്റത്ത്
തണുത്തു ഞാന്‍ തനിച്ചിരിക്കവേ
നിറചിരിയില്‍ നക്ഷത്രങ്ങള്‍ കോര്‍ത്തമ്മ
ഓര്‍മ്മയുടെ തീരങ്ങള്‍ കാട്ടിത്തരാറുണ്ട്..

പനിപൊള്ളുന്ന നെറ്റിയില്‍ പാതിരാപ്പൂക്കള്‍ തൂവി
ദീപമായ് കണ്ണുകള്‍ നിറച്ചരികിലിരിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ പോലും
അമ്മേയെന്നു വിളിച്ചിരുന്നോ ?

നെറുകയിലൊരു തെന്നല്‍കൈകള്‍
സ്വപ്നംപോലിന്നും വന്നു തൊട്ടു പോവാറുള്ളതും
തേങ്ങിക്കരയുമ്പോള്‍ നെഞ്ചുകീറി
സാന്ത്വനം പകരാറുള്ളതും നീ..

എന്തെഴുതിയാലും എത്രയെഴുതിയാലും
കടലു പോലെ കനലുപോലെ
കാലം പോലെ കയ്യില്‍നിന്നും വഴുതിപ്പോകുന്ന
നിറവുള്ള നിലാവുള്ള സ്നേഹതീരം.. അമ്മ..

ഹൃദയസമ്മാനം

കൈക്കുമ്പിളില്‍ വാരിയെടുത്തു
ഞാന്‍ മാറോട് ചെര്‍ത്തിട്ടുണ്ട്
നിന്‍റെ പാദങ്ങള്‍
പതിഞ്ഞ മണല്‍ത്തരികള്‍..
ഭാര്യയുടെ അലമാരയില്‍
അവള്‍ കാത്തുവച്ചിട്ടുണ്ട്
ചില്ലുകൊണ്ടുണ്ടാക്കിയ
മണല്‍ നിറച്ച കൌതുകവസ്തു..
അവള്‍ക്കു ഞാന്‍ നല്‍കിയ
ആദ്യസമ്മാനം..
അതിലെന്‍റെ
ഹൃദയവുമുണ്ടായിരുന്നു..

മഴയെ വെറുക്കുന്നത്

പാടത്തും വരമ്പത്തും
വെറുതെ പെയ്യ്തു പോകുന്ന
മഴക്കും ഭാഗ്യമുണ്ടാവും
പ്രണയിക്കുന്നവരുടെ  മനസ്സില്‍
തോരാതെ ചേക്കേറാനും
ചുംബനങ്ങളിലൂടെ ഒഴുകിയിറങ്ങാനും..
കവിയുടെ പേനയില്‍
നിലയ്ക്കാതെ പെയ്യാനും
ക്ലാരയുടെ മുടിയില്‍
നനഞ്ഞിരിക്കാനും ..
എങ്കിലും ചോരുന്ന പുരയിലും
വൃദ്ധന്‍റെ തുളവീണ കുടയിലും
കടത്തിണ്ണയിലെ വൃണങ്ങളിലും
ചൂട് തേടുന്ന അനാഥന്‍റെ പനിയിലും
മഴയുടെ തലോടല്‍ ഞാന്‍ വെറുക്കാറുണ്ട് .. 

Tuesday, October 29, 2013

പ്രണയഹൈക്കു

ഞാന്‍ 
ഞാന്‍ , നീയെന്ന താരാട്ടില്‍
നിത്യം ആകാശത്തിന്‍റെ
ആയത്തിലാടുന്നവള്‍..

കടല്‍പ്രണയം 
ഒരു മിന്നലില്‍
എന്നിലേയ്ക്ക് പ്രണയമയക്കുന്ന കാമുകാ,
പ്രിയ വാനമേയെന്നൊരു
കടലിന്‍റെ തിര വാനില്‍ മുത്തിപ്പറഞ്ഞു..

കുട 
നമ്മള്‍ കുടക്കീഴിലെങ്കിലും
നമ്മെ നനയ്ക്കാന്‍
എത്രയെത്ര കാറ്റുകള്‍
പിറവിയെടുക്കുന്നു ചുറ്റിലും..

സംഗീതം 
വയലിന്‍റെയിഴകള്‍ പോലെ
നീ വിരലോടിക്കുമ്പോള്‍
സംഗീതമായ് ഞാന്‍..


സ്വയം നഷ്ടമായി നിന്നില്‍..

കാഴ്ച്ചയും കേള്‍വിയും നഷ്ടമായി
നീയെന്ന ഒറ്റമരത്തില്‍
ചൂടുള്ള ചിറകുകളുടെ കീഴില്‍
വീണ്ടുമൊരു കൈക്കുഞ്ഞിന്‍റെ
ചാപല്യത്തോടെ ഞാന്‍..

അവളുടെ പ്രിയപ്പെട്ട കാമുകന്‍, എന്‍റെയും.


ചുണ്ടുകള്‍ക്കൊണ്ട് അയാള്‍ എന്നെ
കത്തിയെരിച്ചുകൊണ്ടിരിക്കുമ്പോള്‍
ഉള്ളിന്‍റെയുള്ളില്‍ മറ്റൊരുവള്‍
തീ പോലെ
അയാളെ ചുട്ടുകൊന്നുകൊണ്ടിരിക്കും!
ചോദിക്കാനാവാത്ത
പലതരം ചിഹ്നങ്ങളില്‍ ഞാനയാളെ
എന്‍റെ കണ്ണുകള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കും !
ഉത്തരം പലതുണ്ടായിട്ടും ഒന്നും
പറയാതയാള്‍ മൌനം കൊണ്ടെന്നെ തടുക്കും  !
അടങ്ങാത്ത ഒരു വിശപ്പില്‍നിന്നും
ഉദ്ഭവിച്ചു തുടങ്ങുന്ന ഒരുതരം കാറ്റുപോലെ
അയാള്‍ എന്നെ കൈകള്‍ക്കുള്ളില്‍ കെട്ടിയിടും !
കടലുകാത്തിരുന്ന കൊടുംകാറ്റിനെ പോലെ
ഞാനും  തിരകള്‍ വിരിച്ച് അയാളെ വിഴുങ്ങും..
ഒടുവിലൊരു വല്ലാത്ത ശാന്തത ഉള്ളിലെടുത്ത്
അയാള്‍ പടിയിറങ്ങിപ്പോകും
വാതിലുകള്‍ കടന്നാല്‍പിന്നെ
തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍..
എന്നില്‍ ബാക്കിയാവുന്നതോ ??
എന്നും തോരാതെ പെയ്യ്താലും
കണ്ണുനീരിന് അടക്കാന്‍ കഴിയാത്തൊരു
ആളിക്കത്തല്‍ ..
പിന്നെ അനുനിമിഷം എന്നെ ഞെരുക്കിക്കൊണ്ട്
പടര്‍ന്നു പന്തലിച്ചു വളരുന്ന
നിന്‍റെ ചുംബനത്തിന്‍റെ
മുള്‍വേലിയിലുടക്കിപ്പോയ ഓര്‍മ്മകള്‍..
നീയോ..
മറ്റൊരു മഹത്തായ സ്വപ്നത്തിന്‍മടിയില്‍
ആനന്ദത്തിന്‍റെ ഉത്തുംഗപതത്തില്‍
ഓര്‍മ്മകളെ കാറ്റിലൂതി ,
പുകക്കണ്ണടകള്‍ തീര്‍ത്തുകൊണ്ട്
അവളോട്‌ പറഞ്ഞു..
പ്രിയപ്പെട്ടവളെ , നിന്നെ ഞാന്‍
ആത്മാര്‍ഥമായി പ്രണയിക്കുന്നു
അളവുകലില്ലാതെ ...

ചില ഹൈക്കു കവിതകള്‍

ചുണ്ടിലെ ചുവപ്പ് 
അവളുടെ ചുണ്ടുകളിലേയ്ക്ക്
തട്ടിമറിഞ്ഞു വീണുപോയൊരു
അസ്തമയത്തിന്‍ ചുവപ്പാണ് ഞാന്‍..

അന്ത്യോപചാരം
ദൂരെമാറിയൊരു
പല്ലിയുപേക്ഷിച്ച വാല്‍ക്കഷ്ണം ..
നീളന്‍ ക്യൂവില്‍
ക്ഷമയോടെ ഉറുമ്പുകളുടെ
അന്ത്യോപചാരം..

കിന്നാരം 
സര്‍വ്വവും ഇരുളില്‍ പുതഞ്ഞപ്പോള്‍
എന്‍റെ പുതപ്പിനടിയില്‍മാത്രമൊരു
മിന്നാമിനുങ്ങിന്‍ കിന്നാരം ..

ബന്ധനം

കാറ്റുപോലൊഴുകിയപ്പോള്‍
പാട്ടുപോലെ ഒപ്പിയെടുത്ത്
മനസ്സില്‍ ബന്ധിക്കയാണു നീയെന്നെ.. 

പൂക്കാലം കാത്ത്

ചില്ലയിലേയ്ക്കു തിരികെയെത്തുന്ന
പൂക്കാലം കാത്തൊരു
ശിശിരത്തിന്‍റെ തുമ്പില്‍  ഞാന്‍.. 

ഭ്രാന്തിന്‍റെ സ്വര്‍ണ്ണക്കിരീടം

അവരുടെ കണ്ണുകളാല്‍തീര്‍ത്ത
കീരീടണിഞ്ഞുകൊണ്ട് ,
അവന്‍ മാത്രം കണ്ടിരുന്ന
കൊടും ഭ്രാന്തിന്‍റെ തെരുവിലൂടെ
നിലവിളിച്ചുകൊണ്ട് ഞാനോടി..
പരമോന്നതിയുടെ സിംഹാസനത്തിലുരുന്നവന്‍
എന്‍റെ വൃണങ്ങള്‍ കണ്ടട്ടഹസിച്ചു..
ചങ്ങലകളുടെ സ്വാതന്ത്ര്യത്തില്‍
വേദന കൊണ്ട് പുളഞ്ഞപ്പോള്‍
ഉറക്കെയുറക്കെ നിലവിളിച്ച്
ഞാനവനെ വീണ്ടും വീണ്ടും സന്തോഷിപ്പിച്ചു..
അപ്പോഴും കാഴ്ച്ചക്കാരുടെ
കണ്ണുകളില്‍ എന്‍റെ കിരീടം തിളങ്ങിനിന്നു.. 

അദൃശ്യമായി വളരുന്ന ചിലത്

നമ്മെ ബന്ധിപ്പിക്കുന്ന  ഓര്‍മ്മച്ചരടില്‍,
നേര്‍ത്തൊരു കാറ്റടിച്ചാല്‍ പോലും
അന്യരായേക്കാവുന്ന നമുക്കിടയില്‍ ,
അദൃശ്യമായി എത്ര സംഗമങ്ങള്‍
നിശബ്ദമായ് എത്ര കവിതകള്‍..
ഓര്‍മ്മകളുടെ മഴവില്ലിന്‍റെ രണ്ടറ്റത്തുനിന്നും
ഏഴു നിറമുള്ള വലിയൊരു പുഴ ഒഴുകിത്തുടങ്ങുന്നു..
കാണാത്തപ്പോഴെല്ലാം ഓര്‍ത്തും
ഓര്‍ക്കാത്തപ്പോള്‍ മാത്രം ജീവിച്ചും
നമ്മില്‍ നാമറിയാതെ എത്രയടുപ്പം ..  

മറവിയിലേയ്ക്കൊരു പ്രയാണം


ഇളവെയിലുകളില്‍ പോലും
നാം നനഞ്ഞു നടന്ന തണലുകളില്‍
വഴിവിളക്കുകള്‍ എന്നാണോമനേ
നിരന്തരമായൊരു
രാത്രിയിലേയ്ക്ക് മിഴികൂമ്പിയത്  ?
നിലാവെളിച്ചത്തിന്‍റെ
നിശാപുഷ്പങ്ങളിലേയ്ക്ക്
പാതിരാവില്‍
പതുങ്ങിയെത്തിയിരുന്ന
നിന്‍റെ സ്വപ്നച്ചിലങ്കകള്‍
മൂകമായതെന്നാണ് ?
എന്‍റെ പ്രണയാകാശത്തുനിന്നും
അള്‍ഷിമേഴ്സിന്‍റെ
ജയില്‍മുറ്റത്തേയ്ക്കുള്ള
നിന്‍റെ പ്രയാണത്തില്‍
എനിക്കെന്‍റെ ഋതുക്കളും
പകലുകളും നിറമില്ലാതെ
നരച്ചുപോയിരിക്കുന്നു..
പാടവരമ്പുകളിലൊരു
പട്ടുപാവാടക്കാരിയെ
തോരാമഴയത്തും കാത്തുനിന്നൊരു
യൌവനത്തിലെ
കുതിര്‍ന്നു പോയ ചിത്രത്തിലേയ്ക്ക്
വെറുതെ വിരലോടിക്കയാണ് ഞാന്‍..
ഈ തോളില്‍ കാലങ്ങളായ് കത്തിനിന്ന
നിന്‍റെ മന്ദസ്മിതങ്ങള്‍
തണുത്തുറഞ്ഞെന്നെയിന്നു
മരവിപ്പിക്കുന്നു .. !
നിന്‍റെ മറവിയുടെ
ശീതീകരിച്ച മുറിയില്‍
നമ്മെ വിഭജിപ്പിക്കുന്നതൊരു
അഴലിന്‍റെ പുഴയാണ് ...
അതില്‍ ഞാന്‍ മാത്രമറിയുന്ന
ഞാന്‍ മാത്രമനുഭവിക്കുന്ന
നീന്തലറിയാത്തൊരു  കാറ്റിന്‍റെ പിടച്ചില്‍  ..
ദൂരെയൊരു ചിപ്പിക്കുള്ളില്‍
മുത്തുപോലെ ശാന്തമായി നീ
എന്നില്‍ നിന്നും
ദൂരേയ്ക്ക് ദൂരേയ്ക്ക് തുഴയുന്നു.. 

ഈശ്വരനോട്

ഈശ്വരാ ജഗദീശ്വരാ
ഇനിയുമൊരു ജന്മം
കനിവാര്‍ന്നു തരുകില്‍
ഒരപേക്ഷ കേട്ടരുളുക
നീയെനിക്കീ മണ്ണിലൊരു
മനുഷ്യരൂപമേകരുതേ !

അമ്മ തന്‍ കൈകളാല്‍
ചോര വാര്‍ന്നൊഴുകുന്ന
കൈക്കുഞ്ഞുങ്ങളും,
തവ സന്നിധിയില്‍ തന്നമ്മയെ
നേര്‍ച്ചപോലെറിഞ്ഞീടുന്ന
പ്രിയസുതരും ,
പ്രണയമാമമൃതില്‍
നന്നേ വിഷം നിറച്ചുപ്രാപിക്കുന്ന
കാമക്കണ്ണുകളും ..!

നീ തീര്‍ത്ത ഭൂമിയില്‍
നീ തീര്‍ത്ത സ്നേഹത്തില്‍
നിന്നരുമ മക്കളില്‍
പാപച്ചാലുകള്‍
നിറയുന്നു വിഭോ,
കാണുന്നുവോ നീ
അറിയുന്നുവോ നീ .. ??

കാണുമ്പോള്‍ കരയാതിരിക്കാന്‍
കല്ലുകൊണ്ടൊരു ഹൃദമേകുക ,
ഓര്‍ക്കുമ്പോള്‍ ഇടറാതിരിക്കുവാന്‍
ആത്മാവിലൊരു പടച്ചട്ട നല്‍കുക ..
ഈശ്വരാ ജഗദീശ്വരാ
ഇനിയുമൊരു ജന്മം
കനിവാര്‍ന്നു തരുകില്‍
ഒരപേക്ഷ കേട്ടരുളുക
നീയെനിക്കീ മണ്ണിലൊരു
മനുഷ്യരൂപമേകരുതേ !

എഴുതിയ കഥ

കണ്ണുകള്‍ക്ക്‌ ചുറ്റും
നിനക്കുവേണ്ടി കരിഞ്ഞുകൂടുന്ന
കണ്ണീരു തൊട്ട് ഞാനെഴുതി
നിന്നെക്കുറിച്ച് ..
കണ്ണുകള്‍ കൊണ്ട്
കഥ എഴുതിയവള്‍ എന്ന്
ഒന്നുമറിയാതെ നീ
പറഞ്ഞുകൊണ്ടിരുന്നു..  

പുനര്‍ജ്ജനി

എത്ര കൊന്നിട്ടാലും ,
ഇരുളുമ്പോള്‍ മുന്നില്‍ ,
ചിരിയോടെ വന്നു വീണ്ടും നില്‍ക്കുന്ന
നിന്‍റെ ഓര്‍മ്മകള്‍
എന്നെ കണ്ണീരില്‍ പുതപ്പിക്കുന്നു.. 

കാറ്റും മഴയും

മുറ്റം മുഴുവന്‍ കരിയില 
വീഴ്ത്തിക്കൊണ്ട് 
ഒരു കാറ്റ് കടന്നുപോയി.. 
തൊട്ടു പിന്നാലെ 
വീണു കിടന്ന ഇലകളെല്ലാം നനച്ച് 
ഒരു മഴയും .. 
ഇടവഴിയിലെവിടെയോ വച്ച്
ഇലകള്‍ നനഞ്ഞുമണ്ണില്‍ വീണുതുടങ്ങി ..

മരണത്തിലെ സൌന്ദര്യം


നീ കോര്‍ത്തുതന്ന ഇരയുടെയുള്ളിലെ
കൂര്‍ത്ത കൊളുത്ത് ,
എന്‍റെ ജീവിതമെടുക്കും
എന്നറിയാഞ്ഞത് കൊണ്ടല്ല ,
പിടഞ്ഞു മരിക്കുന്നത്
നിന്‍റെ കൈകളില്‍തന്നെയല്ലോ
എന്ന സമാധാനത്തിനു വേണ്ടിയാണ്..

പണ്ട് നീയുപേക്ഷിച്ച വലയില്‍ നിന്നും
ഞാന്‍ നേടിയ ജീവിതമെനിക്കു തന്നത്
ഒരു കടലും
ഒരായിരം കടലിരമ്പങ്ങളുമാണ്..
എങ്കിലും പ്രിയപ്പെട്ട മുക്കുവാ,
നിനക്ക് വേണ്ടിത്തന്നെയാണ്
ഇക്കണ്ട തിരയെല്ലാം താണ്ടി
ഞാനെത്തിയത് .. 

Monday, October 28, 2013

HIV

ചതിയുടെയും സൃഷ്ടിയുടെയും
പരമോന്നതിയില്‍
ഗതികെട്ടവളുടെ വയറ്റില്‍
പലപ്പോഴായി ഉദ്ഭവിച്ച
രോഗക്കുഞ്ഞുങ്ങളെ
വര്‍ഷങ്ങള്‍ക്കുശേഷം അവന്‍
സ്വന്തം രക്തത്തില്‍ കണ്ടെത്തി .. 

Sunday, October 27, 2013

ക്രൂശിതന്‍റെ നിലവിളി


സ്നേഹിച്ച കുറ്റം പേറി
ആണികളില്‍ ജീവന്‍ കുരുക്കിലിട്ട്
നോവിന്‍റെ കൊടുമുടിയില്‍
കുരിശിലേറ്റപ്പെട്ട്
നില്‍ക്കുന്ന കാലത്തിന്‍റെ
തിരുരക്തപ്പുഴ..
ഒന്‍പതാം മണിക്കൂറിന്‍റെ
കനത്ത അന്ധകാരത്തില്‍
മനസ്സ് പിളര്‍ന്നവന്‍ നിലവിളിച്ചു ,
എന്‍റെ ദൈവമേ എന്‍റെ ദൈവമേ
എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു..
ബധിരമായ കാതുകളും
വന്ദ്യമായ വയറുകളും മരവിപ്പിച്ച്
ക്രൂശിന്‍ ചുവട്ടില്‍ ദൈവപുത്രന്‍റെ
കണ്ണീര്‍ അഭയമറ്റുവീണു..  
ദൂരെയെവിടെയോ ,
ഒരു സ്നേഹത്തെ
ചുംബനത്താല്‍ ഒറ്റിയവന്‍
മുപ്പതു കാശിന്‍റെ തിളക്കത്തില്‍
അടങ്ങാത്ത കടലിന്‍ കരയില്‍
ശാന്തമായൊരു തീരം തേടിനടന്നു .. 

Saturday, October 26, 2013

സ്വപ്നം

വഴികളേതോ ചോദ്യത്തിലേയ്ക്കൊളിച്ചതും
വരകളെല്ലാം നിറം ചോര്‍ന്നുപോയതും
മിഴികളെന്നും കനിവിനായ് കേണതും
നിനക്ക് മുന്‍പിലൊരു തണലിനായ് ചേര്‍ന്നതും
സ്വപ്നമായിരുന്നോ ?
നീ ഒഴുകിയകന്നതും
സൂര്യനെ പോലെ ഞാന്‍
മറുകരയില്‍ കത്തിയെരിഞ്ഞുനിന്നതും
ഇന്നുമൊരു കനലിനാല്‍ വേവുന്നതും
കടല്‍കാറ്റില്‍ വെറുതെ
ദൂരത്തേയ്ക്ക് നോക്കിനില്‍ക്കുന്നതും
സ്വപ്നമായിരുന്നോ ?
ഇപ്പോഴും ഉണര്‍ന്നിരുന്നു നീറുന്ന സ്വപ്നം ??

മയില്‍‌പ്പീലി

നീ തന്ന മയില്‍പ്പീലിയില്‍
ഞാന്‍ വാനം കാണാതൊളിപ്പിച്ച
ഒരായിരം കഥകള്‍ ..

ഓര്‍മ്മകളില്‍ ഇന്നും വാനം കാണാതെ 
ആരും കാണാതെ 
പെറ്റും പെരുകിയും .. 
ഞാന്‍ മരിക്കുമ്പോള്‍ മാത്രം 
എന്നില്‍ നിന്നും ചിറകടിച്ചുയരേണ്ട നിന്‍റെ 
മയില്‍ച്ചിറകുകള്‍..

ഉപേക്ഷിക്കപ്പെടുന്ന സ്നേഹങ്ങള്‍



വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെട്ട, ആശയറ്റ സന്ധ്യകളില്‍ 

സ്നേഹത്തോടെ ഒരു 'അമ്മവിളിക്ക്' നെഞ്ചുരുകി , എന്നാല്‍ ആരോടും പരിഭവിക്കാതെ കഴിഞ്ഞുകൂടുന്ന തൊലി ചുളുങ്ങിയ, കാഴ്ച മങ്ങിയ വൃദ്ധന്മാരും വൃദ്ധകളുമുണ്ട്. മലവും ചോരയും വഴുവഴുക്കുന്ന പിഞ്ചുകുഞ്ഞിനെ മാറോടു ചേര്‍ത്തു നുകരുന്ന മാതാപിതാക്കളില്‍ നിന്നും കാലം കൊണ്ട് ചെന്നെത്തിച്ചത് ഉപേക്ഷിക്കപ്പെട്ട പിന്തള്ളപ്പെട്ട , ഓര്‍മ്മകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക്. മരണക്കിടക്കയിലും ഈശ്വരനോടു സ്വന്തം മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുന്ന അമ്മമാരും, അച്ഛന്മാരും. നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന കാണപ്പെടുന്ന ദൈവങ്ങള്‍ നമുക്ക് ഭാരമാവുന്നത് എന്തുകൊണ്ടാണ് ?? നമുക്ക് പ്രായം ചെല്ലുംതോറും നമ്മള്‍ അവരെ പൂവിട്ടു പൂജിക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം അച്ഛനമ്മമാരെ ആദരിക്കാതെ ബഹുമാനിക്കാതെ ഏതു ദേവാലയങ്ങളില്‍ ചെന്ന്, എന്തൊക്കെ കോമാളിത്തരം കാണിച്ചാലും നമ്മെ കാത്തിരിക്കുന്നത് അതേ വൃദ്ധസദനങ്ങളും, മരണത്തോളം വേദനകളും തന്നെയാവും.

എപ്പോഴും മറയുന്നത്

നിലാവിന് 
വീണ്ടും വീണ്ടും തളിരിടാന്‍ പൂക്കാന്‍ 
നീയൊരുക്കിയ ആകാശപ്പടവുകളിലൂടെ 
ഒരായിരം നക്ഷത്രക്കുഞ്ഞുങ്ങളായി 
ഒരായിരം മഴക്കുടങ്ങളായി 
ആനന്ദത്തോടെ
സ്വയം ചിതറുകയാണ് ഞാന്‍ .. 
മേഘച്ചെണ്ടുകളുമായി 
അരികിലണയുമ്പോള്‍ ഇന്നും 
അമാവാസിയായി മറയരുത് നീ ..

ശേഷിക്കുന്ന മഴയുടെ നിറം



മഴവില്ലിന്‍റെ നിറങ്ങള്‍ ഒഴുകിത്തീരുമ്പോള്‍
നമ്മില്‍ അവശേഷിക്കുന്നത് ഒരു മഴ മാത്രമാവും..

അസ്തമയം

നിന്‍റെ നിഴലാവാന്‍ കൊതിച്ച , 
എന്നില്‍ നിഴലുകള്‍ നിറച്ചു നീ അസ്തമിച്ചു.. 
ഒരു രാത്രിയുടെ മഹാമൌനം പോലെ ഞാന്‍ ..

ബലി


മഴ തോര്‍ന്ന
നഗരത്തിന്‍റെ ചതുപ്പുകളില്‍ ,
പാപപുണ്യങ്ങളുടെ അന്തിമവിധിയില്‍
നിനക്ക് ഞാന്‍ കവിതകൊണ്ടൊരു ബലിയിടാം ..
ജീവിതത്തിന്‍റെ തീരത്തു നിന്നും
ഓളങ്ങളിലൂടെ നീ  ദൂരേയ്ക്ക് പോകുന്നത്
എന്നില്‍ നിന്നും മാഞ്ഞുപോകുന്നത്
നോക്കി നില്‍ക്കണമെനിക്ക്..
എന്നിട്ട്,
നീ മുന്‍പില്‍ നിന്നപ്പോഴെല്ലാം
ശ്രമപ്പെട്ട് അണകെട്ടി നിറുത്തിയ കണ്ണുകളെ
ഭ്രാന്തിലേയ്ക്ക് എറിഞ്ഞുകൊടുത്തിട്ട്
ഞാനൊടി രക്ഷപെടും
അന്ധകാരത്തിലേയ്ക്ക്..
എന്നിട്ട് നീ വായിക്കാതെ പോയ
ഒരു കവിതയുടെ
നെഞ്ചില്‍ വീഴും ഞാന്‍ ..
വീണൊന്നു പൊട്ടിക്കരയും ..

Thursday, October 24, 2013

വിഡ്ഢി

വിരലുകളില്‍ തൂങ്ങിയാടുന്ന
മകള്‍ക്കറിയില്ലേ
വാക്കുതെറ്റിച്ച
അച്ഛന്‍റെ
വിരലുകള്‍ക്കിടയില്‍ കത്തിത്തീര്‍ന്ന
സിഗരറ്റിന്‍റെ ഞെരിച്ചിലുകള്‍..
കൂടെ കിടന്നാലാസ്യത്തില്‍
മയങ്ങുമ്പോള്‍
അറിയാതെ സ്വപ്‌നങ്ങള്‍
പറഞ്ഞു കൊടുത്ത പേരുകള്‍
അവളുമറിയാതിരിക്കുമോ ..
എല്ലാമറിയുന്നവര്‍ നടിക്കുന്ന
മൌഡ്യത്തിന്‍റെ സ്വാതന്ത്ര്യത്തില്‍
സ്വയം വിഡ്ഢിയാവുന്നത്
നീയാണ് ..

മഴച്ചില്ല


നിന്നെ സദാ നനയ്ക്കുകയും

എന്നെ കൊടുംവരള്‍ച്ചയിലേയ്ക്ക് 
ഉപേക്ഷിക്കുകയും ചെയ്യുന്ന 
പ്രണയാകാശമാണ് നമുക്കിടയില്‍ .. 
ചിറകില്‍ കൂരമ്പ്‌ തറഞ്ഞപ്പോഴാണ് 
ജീവിതത്തിലേയ്ക്ക് ആര്‍ത്തിയോടെ
ചിറകടിച്ച് നോവേറ്റിയത്..
പറന്നെത്തുന്നത് മരണത്തിലേയ്ക്കെന്ന്‍
കണ്ടുകൊണ്ടും വേഗത്തില്‍ തുഴയുന്ന
തൂവലറ്റ ചിറകിനിടമായി
മഴയുടെ ഒരു ചില്ല നീ നീട്ടിയില്ല ..
കനിയാത്ത വാനത്തിനും
കരുണയില്ലാത്ത നിനക്കുമിടയില്‍
മുറിവുമായ്‌ ഇന്നും ഞാന്‍
മഴയിലേയ്ക്ക്‌ പറക്കുന്നു..

ഇരട്ടപ്പൂക്കള്‍


ഒരു മന്ദാരത്തിന്‍റെ വിത്ത്‌ 

വീണുകിടപ്പുണ്ടാവും 
മണ്ണിന്‍റെയൊരു വിള്ളലില്‍ ..
കാലമാകുമ്പോള്‍ , 
സമയമാകുമ്പോള്‍ , 
എന്‍റെ ആറടിമണ്ണിലേയ്ക്ക് 
അഴുകിചേരാന്‍ വഴിയില്ലാത്ത
ആഗ്രഹത്തിന്‍റെ
ഒരു ചെറുകുനുപ്പോട് ചേര്‍ന്ന്
ഞങ്ങളൊരു മന്ദാരച്ചെടിയിലെ
ഇരട്ടപൂക്കളാവും ..

കയ്ച്ചും മധുരിച്ചും

നീയെന്നാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ട് എന്നെ മുട്ടി കടന്നു പോകുന്ന ഒരു മിനിറ്റിലെ അറുപത് ഓര്‍മ്മകള്‍ ..

ഞാനെന്നാല്‍ പുഞ്ചിരികള്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ നിന്‍റെ ഓര്‍മ്മകളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കയ്പ്പ്.. 

ഉറങ്ങിപ്പോയ ശൈത്യകാലം

മഞ്ഞുകാലങ്ങളില്‍ ചിലത് 
ഒരു വേനലിലും 
ഉരുകിയൊഴുകാതെ
മരവിച്ചുകിടന്നു .. 
സൂര്യന്‍റെ പ്രകാശത്തിനു വേണ്ടി 
തപസ്സിരിക്കുന്ന 
ഒരു മലമുടി ഉള്ളില്‍ 
ഇരുട്ടില്‍ പതഞ്ഞിരുന്നു ..
കല്ലിച്ച ഹൃദയത്തിനു മേല്‍ 
മരവിച്ചു പോയൊരു 
ശൈത്യകാലത്തിന്‍ വ്യഥ 
വെള്ളപുതച്ച്.. എന്നും ..

വ്യഭിചരിക്കുന്ന കവിതകള്‍

മഴയിലും മഞ്ഞിലും 
അവന്‍റെ പ്രണയം കാത്തിരുന്ന 
കവിതകളുണ്ടായിരുന്നു.. 
കടലിലും 
തീരത്തും തനിയെ സഞ്ചരിച്ചിരുന്ന 
കവിതകളും .. 
ദാരിദ്ര്യം പകുത്തെടുത്തപ്പോഴും 
രോഗം തളര്‍ത്തിയപ്പോഴും
മുറിവാണ്ടനെഞ്ചില്‍ 
കവിത നിറച്ച്
ലഹരിയാക്കി നമ്മള്‍ നടന്നു ..
ഭ്രാന്തിന്‍റെ ചങ്ങലക്കുടുക്കുകളില്‍ 
കണ്ണീരില്‍ ഒറ്റപ്പെട്ടുപോയ രാത്രികളില്‍ 
നിലാവ് പോലെ പരന്ന വാക്കുകള്‍.. 
മാമ്പഴം രുചിച്ചുകൊണ്ട് 
കണ്ണീരറിഞ്ഞ അമ്മയില്‍നിന്നും 
തുടങ്ങിയ കവിത 
ഇവിടെയെത്തിയപ്പോള്‍
മത്സരിക്കുന്നു ..
കല്ലെറിഞ്ഞും 
സ്വയംഭോഗിച്ചും 
തെരുവുയുദ്ധം നടത്തുന്നു...
നിന്‍റെ വസന്തത്തിലൂടെ 
ഒരുവട്ടംകൂടി നടക്കുവാന്‍ 
കൊതിച്ചിട്ടാണ് ഇന്നും 
വാക്കുകള്‍ പിറക്കുന്നത്‌  
ആ വസന്തകാലത്തേയ്ക്ക് 
നീയെന്നെ കൂട്ടിക്കൊണ്ട് പോയാല്‍ 
പിന്നെ ഞാന്‍ വീണ്ടും 
വൈലോപ്പിള്ളിയുടെ 
മാമ്പഴത്തില്‍ തുടങ്ങും ..
ചില വിശപ്പുകള്‍ക്കറുതിയില്ലാത്ത 
കവികളിലെത്തുംമുന്‍പേ 
നിന്‍റെ മൌനത്തിന്‍റെ മടിയില്‍ക്കിടന്ന് 
ഞാന്‍ നീ കേള്‍പ്പിക്കാറുള്ള
അഗസ്ത്യഹൃദയം കേള്‍ക്കും .. 
എന്നിട്ട് നിന്‍റെ കണ്ണുകളിലുറങ്ങും ..
ഉണരാതെ ..
എന്‍റെ പ്രിയപ്പെട്ട
കവിതയുടെ മടിയില്‍ .. 

Wednesday, October 23, 2013

ഡാര്‍ക്ക്‌ ചോക്ലേറ്റ്

എത്ര കയ്‌ച്ചാലും
മധുരിപ്പിക്കുവാന്‍ തന്നെ
നിന്നിലലിയുന്ന
ഡാര്‍ക്ക്‌ ചോക്ലേറ്റാവണം
എനിക്കിനി.. 

നിറങ്ങള്‍


ചുമച്ചു ചുമച്ചുതുപ്പിയത്
ശ്വാസകോശത്തില്‍ പാതി ,
എങ്കിലും വഴിയില്‍ വീണത്‌
വെളുത്തു കൊഴുത്ത കഫം..

അല്‍പ നേരം കൊണ്ട്
ഉറുമ്പുകളതിനെ കൂട്ടമായ്‌ വന്ന്
ചുവപ്പിച്ചെടുത്ത്
പൊക്കിക്കൊണ്ട് പോവാന്‍ തുടങ്ങി ..
ഹാവു.. ഉറുമ്പുകളെങ്കിലും
കാട്ടിതന്നു
ഉള്ളില്‍ ചെമ്പരത്തിപ്പൂവിന്‍റെ
നിറമുള്ള ചിലതെങ്കിലും ഉണ്ടെന്നും
അതുകൊണ്ടവ്യ്ക്ക്
ആഹാരമായെന്നും  .. !
ആര്‍ക്കെങ്കിലും ഉപകരിച്ചു!

പുകഞ്ഞുകരിഞ്ഞ
ശ്വാസകോശം
കറുത്തുതന്നെയിരുന്നു..

ഹൃദയശൂന്യന്‍ എന്ന്
പരിഭവിച്ചു പോയ
അവള്‍ക്ക്  കാട്ടാന്‍
ഇനിയെന്ത് ഞാന്‍ ചുമച്ചു തുപ്പും ?

കാട് തേടി


പുറം കാടുകളുടെ ശാന്തത കടന്ന്
ഉള്ളിലേയ്ക്കുള്ളിലേയ്ക്ക്
പോകുന്നവരാണ് നമ്മള്‍ ..
തുടക്കത്തിലെ
ഓരോ നീര്‍ച്ചോലകളുടെ അരികിലും
ഓരോ പൂമരങ്ങളുടെ തണലിലും
ഓരോ കുന്നിന്‍ നെറുകയിലും
ഉറഞ്ഞുo കുറുകിയും ,
വന്യമായത്
അതിന്‍റെ മേന്മ നമ്മെ കാട്ടിവിളിക്കുന്നു  ..
അളന്നു മുറിച്ചു നോക്കാതെ
സമയത്തിനു തിട്ടം വയ്ക്കാതെ
നമ്മളതാസ്വദിക്കുന്നു..
കാടിളക്കുന്ന ഓരിയിടലുകളും
കുലുക്കിമറിക്കുന്ന ഗര്‍ജ്ജനങ്ങളും
അസ്വസ്ഥമായ നിസ്സഹായതകളും
നമ്മുടെ പാതകളെ
സ്തംഭിപ്പിക്കുവാന്‍ തുടങ്ങുമ്പോള്‍
തിരികെയോടി രക്ഷപെടുവാനാവാത്ത
ദൂരങ്ങള്‍ താണ്ടിയിട്ടുണ്ടാവും  ..
എങ്കിലും നമ്മള്‍
യാത്ര തുടരുകയാണ് ..
കാട്ടാറുകളും
കൈവഴികളും കടന്ന്
ഭീകരമായ ഇരുട്ടിലേയ്ക്ക് ..
മരങ്ങള്‍ക്കിടയിലെ
നഗ്നമായ പ്രകൃതിയുടെ ചൂടിലേയ്ക്ക്
ഭൂമി തീര്‍ത്ത കിളിക്കൂടിലേയ്ക്ക് ..
ചില യാത്രകള്‍
ജീവിതം പോലെയാണ്..
കൊടും കാടിന്‍റെ
അഭയസ്ഥാനം തേടി
മരണത്തോളം നമ്മള്‍ നടക്കും .... 

Tuesday, October 22, 2013

അലഞ്ഞു നടന്ന കവിതകളുടെ മുറിവ്


എന്‍റെ മുറിയുടെ ഒഴിഞ്ഞ മൂലയിലെ
ബുക്ക്‌ ഷെല്‍ഫിലേയ്ക്ക്
കാട് പോലെ പടര്‍ത്തിയിട്ട
നരച്ച മുടിയുമായി കയറിവന്ന
ആദ്യത്തെ അഥിതിയാണ് നീ ..
തെരുവിന്‍റെ മുഷിഞ്ഞ മണമുള്ള
അക്ഷരങ്ങളെ
കവിതയാക്കിത്തീര്‍ത്തവന്‍..
കള്ളുനാറുന്ന കവിതകളിലെല്ലാം
മുള്ളുകളുള്ള ചുവന്നപൂക്കള്‍
വിടര്‍ന്നിരുന്നു ..
വായിച്ചപ്പോഴെല്ലാം
അതുകൊണ്ടെന്‍റെ
ചിന്തകള്‍ ചോരപൊടിച്ചു  ..
നിന്‍റെ മണ്‍കുടില്‍മുറ്റത്തെ
കണ്ണീര്‍പൂവിറുത്ത്ആരോ നട്ടത്
എന്‍റെ ആത്മാവില്‍തന്നെയാണ് ..
ശത്രുവിനും സഖാവിനും
സമകാലീന ദു:ഖികള്‍ക്കും
പകുത്തു കൊടുത്ത
ജീവിതത്തിന്‍റെ കഥ ..
കാട്ടിലും
കടലോരത്തുമിരുന്നു നീയെഴുതിയ
ചവര്‍ക്കുന്ന നോവുകള്‍..
രാത്രിയിലും
പെരുമഴയത്തും
മഞ്ഞുകാലത്തും
ശിശിരത്തിലും നമ്മള്‍ കണ്ടുമുട്ടാറുണ്ട്
അനാഥത്വത്തിന്‍റെ വിശപ്പിലും
ഓര്‍മ്മകളുടെ ഒഴുക്കിലും
ഉപേക്ഷയുടെ മരവിപ്പിലും
നമ്മളൊരേ ദിശയില്‍ സഞ്ചരിക്കുന്നു...
തഴമ്പുകളില്‍ വീണ്ടും
മുറിവ് പടരുമ്പോള്‍
ഞാനറിയുന്നു ..
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രണയത്തിന്‍റെ ആത്മതത്വം
പറഞ്ഞുതന്നവന്‍റെ ഉപഹാരം ..
എന്‍റെ മനസ്സിലെ
തകര്‍ന്ന തെരുവുകളില്‍ ,
ബഹളങ്ങളില്‍
വിണ്ടു കീറിയ പാദങ്ങള്‍ക്കൊണ്ട്
അജ്ഞാതനെപ്പോലെ  നീ നടപ്പുണ്ട്
കവിതയെഴുതുവാന്‍
ഒരു കടലോരം തേടി .. !! 

ചതി

മുറിയുടെ ഒരു മൂലയില്‍
കൊന്നിട്ട പ്രാണിയെപ്പോലെ
വെറും നിലത്തു ഞാന്‍ കിടന്നു..
നിന്നെയോര്‍ത്തു കരഞ്ഞു ...
മറ്റൊരു മുറിയുടെ ആഡംബരത്തില്‍
നീ അവളെ നഗ്നയാക്കിയിരുന്നു..
അവളെ ചുംബിക്കാന്‍
തുടങ്ങിയിരുന്നു.. 

Monday, October 21, 2013

സിഗരറ്റ്

സൌന്ദര്യമൊക്കെ
അവോളമാസ്വദിച്ച്
ഒരു കനല് കൊണ്ട്
അവളെ കുത്തി നോവിക്കും..
നെഞ്ചു നീറിക്കരയുമ്പോള്‍
ചുണ്ടോടടുപ്പിക്കും..
ചുംബിക്കും..
അവളെ തന്‍റെ ഉള്ളിലേയ്ക്ക്
ആവാഹിച്ചെടുക്കും ..
പ്രണയിക്കും ..
അവളെക്കൊണ്ട്
പുകക്കണ്ണടകള്‍ മെനയുകയും
അവളുടെ ലഹരിയുടെ ഇടവേളകളെ
അവനടിമയാക്കുകയും ചെയ്യും ..
സകല വികാരങ്ങളും
സകല നിയന്ത്രണങ്ങളും
അവളോട്‌ ചേരുമ്പോള്‍
ഒടുവില്‍ വലിച്ചോരേറാണ്..
കത്തിനിന്ന് അവനെ പ്രണയിച്ച് ,
ജീവന്‍ മുഴുവനായി
അവനെ പുക പോലെ
പൊതിഞ്ഞവളെ
ഏതെങ്കിലും ഓടയിലേയ്ക്കോ
പാഴ്നിലത്തേയ്ക്കോ
എറിഞ്ഞുടച്ച്,
അല്ലെങ്കില്‍ ഷൂകൊണ്ട്
ജീവിതം ഞെരിച്ച്,
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ
അടുത്തതിലേയ്ക്ക് ..
കെട്ടുപോകുo മുന്‍പേ
അല്‍പദൂരമെങ്കിലും അവനെ
പിന്തുടരുന്ന
അവളുടെ നിലവിളി
ഒരിക്കലെങ്കിലും അവന്‍
കേട്ടിട്ടുണ്ടാവുമോ ?
അവന്‍റെ ചുണ്ടുകളില്‍ മാത്രം
അവളൊരു കറുപ്പായി
പതിഞ്ഞുകിടക്കും .. 

സ്വപ്നവള്ളി

എല്ലാം ഇരുട്ടിലായപ്പോള്‍
നീ മാത്രമെന്‍റെ
നിശ്ശബ്ദ രാത്രിയിലേക്ക്‌
ഒരായിരം പൂക്കളുമായി
ചുറ്റിപ്പടര്‍ന്നുകയറി.. 

അവകാശം

ഓരോ മഴയിലും
കടലിന്‍റെ
അന്തമില്ലാത്ത പ്രണയത്തിലേയ്ക്ക്
ഉരുകി വീണ്
ജന്മസാഫല്യം നേടുന്ന
വറ്റിയപ്പോയ  നദികളുടെ
കുഞ്ഞു കൈവഴികളുണ്ട് ..

വിഷം കൊടുത്ത് നാം
വികസിപ്പിച്ചെടുക്കുന്ന ലോകത്ത്
പരാതികളില്ലാതെ
വരണ്ടു പിന്‍വാങ്ങുന്ന
പ്രകൃതിയുടെ നീര്‍ച്ചാലുകള്‍
ആകാശത്തിന്‍റെ അറകളില്‍
സുരക്ഷിതമാണ് ..

ചിന്തകളും
പ്രകൃതിയും
വികസിപ്പിച്ചു കഴിയുമ്പോഴേയ്ക്കും
ഒരു നാള്‍
ഈ പെയ്യ്ത്തും നിലയ്ക്കും ..
പ്രകൃതിക്ക് കനിവില്ലെന്നു പറയാന്‍
നമുക്കെന്തവകാശം ??

കൊഴിയുന്നവ


നിന്നില്‍ നിന്നും അടര്‍ന്നു ഞാന്‍ 

ചോട്ടില്‍ പതിക്കുമ്പോഴേയ്ക്കും,
നീ ആകാശത്തെ ചുംബിച്ചിട്ടുണ്ടാവും.. 
നിന്നിലേയ്ക്ക് തുറന്ന കണ്ണുകള്‍ 
അടയാതെ തന്നെ,
നിന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട്,
നിന്നെ ധ്യാനിച്ചുകൊണ്ട് , 
നിന്നെ കണ്ടുകൊണ്ട് ,
ശൂന്യതയില്‍ നിന്നും 
മഹാമൌനത്തിലേയ്ക്ക്..
അന്ധകാരത്തില്‍ നിന്നും 
നിത്യമായ മരണത്തിലേയ്ക്ക്..

Sunday, October 20, 2013

ചിലത്‌

വരയ്ക്കണമെന്ന് എത്ര ആശിച്ചിട്ടും ചില ചിത്രങ്ങൾ വരയ്ക്കപ്പെടാതെ മനസ്സിൽതന്നെ ചുരുണ്ടുകിടക്കും. അതേ ചിത്രം ഒന്ന് വരച്ച് ശാന്തി നേടാൻ
അയാൾ വീണ്ടും വീണ്ടും വരയ്ക്കും.ഒരു പൊടി മാറിയാൽ കുത്തിക്കീറിക്കളയും. പല രൂപത്തിലും ഘടനയിലും ഒരേ ചിത്രത്തിന്റെ ഒരായിരം ഭാവങ്ങൾ ..കവികളും ചിത്രകാരന്മാരും പലപ്പോഴും ഒരേ തോണിയിൽ യാത്രചെയ്യുന്നവരാണ്.ഒന്നിനെ തന്നെ പലതായി രൂപപ്പെടുത്തും ..മനസ്സിൽ ഒരു നക്ഷത്രം പോലെ തെളിഞ്ഞുകിടക്കുന്ന ഒന്നിനെ ലഭിക്കുവോളം അയാൾ ഏകാകിയും ഭ്രാന്തനുമായി നടക്കും. ഇതിനിടയിലെപ്പോഴോ ആരൊക്കെയോ അയാളെ കവിയെന്നോ ചിത്രകാരനെന്നോ ഒക്കെ പേരിട്ടു വിളിക്കും.

Saturday, October 19, 2013

recognition

Its high time to recognize your worth in their life when they start to float and gradually fly away from you like the clouds on the layers of the river.. Its painful, i know but you are left with no other options rather than staying calm in the strong winds with your own tiny waves when they slowly fade and try to prove how much u can miss someone in your life..

വരണ്ടു പോകുന്ന പുഴകള്‍


ഒരിക്കലും ലക്ഷ്യത്തിലെത്താതെ
പാതിയില്‍
വരണ്ടു നില്‍ക്കുന്ന പുഴകളുണ്ട്..
ഭൂമിയുടെ പാദം ചേര്‍ന്ന്
ഒട്ടിക്കിടക്കുന്ന വറ്റിയ പുഴകള്‍..
മണമുള്ള വേരുകളും
മുള്ളുള്ള കാടുകളും കടന്ന്
പുഴ എന്ന പേരില്‍ നിന്നും
കടലെന്ന വിശാലതയിലേയ്ക്ക്
മറഞ്ഞുപോകാന്‍
ആഗ്രഹിക്കാത്ത പുഴകള്‍..
മഴപെയ്യുമ്പോഴെല്ലാം
തുള്ളിച്ചാടിയും പറന്നും
വെറിപിടിച്ച്
ഒരു ഭ്രാന്തിന്‍റെ സ്വാതന്ത്ര്യത്തില്‍
കാടുകളും മലമേടുകളും
നാട്ടിന്‍പുറങ്ങളും
നനച്ചുകൊണ്ടൊഴുകാന്‍
കടലിന്നാവില്ലല്ലോ .. 

കൂട്ടിലാക്കപ്പെടുന്ന കവിതകള്‍

ഹൃദയത്തിന്റെ പല അറകളില്‍ 
സൂക്ഷിക്കപ്പെട്ടിട്ടുണ്ട് 
എകാന്തതകളും മുറിപ്പാടുകളും.. 
നമ്മുടെ മാത്രം നിമിഷങ്ങളില്‍ 
അറ തുറന്നു പുറത്തേയ്ക്ക് 
നിലാവ് കാണാനെത്തുന്ന 
നൊമ്പരങ്ങളെ പിടിച്ച് 
കവിതക്കൂട്ടിലിടാറുമുണ്ട് നമ്മള്‍ ..

പേരില്ലാത്ത പകലുകള്‍


ഒരേ വീട്ടിലെ
പല ജനാലകളിലൂടെ
പല തരo പകലുകള്‍
കടന്നുവരുന്നു..
ചുണ്ടത്തും
മാറത്തും
വയറ്റത്തും
മഞ്ഞു പടര്‍ന്നിരിക്കുന്നത്
മറച്ചു പിടിച്ച്
ഇളവെയിലുടുത്ത്
പുലരിയുടെ നാണത്തോടെ
വരാറുണ്ട് പകലുകള്‍ ...
സൂര്യനോട് പരിഭവിച്ച്,
തണല്‍ തേടി
ചില വെയില്‍ ചില്ലകള്‍..
പൊള്ളിയും
മുറിവേറ്റും
അഭയം തേടിയെത്തുന്ന
ദുര്‍ബ്ബലമായ നാളങ്ങള്‍ ..
താതനെ ഉപേക്ഷിച്ച്
കള്ളകാറ്റിനൊപ്പം
മുഖം തുടിപ്പിച്ചു
കയറി വരുന്നു
മുല്ലപ്പൂ മണമുള്ള
വെയില്‍പ്പെണ്ണുങ്ങള്‍ ..
നിറയെ നിറങ്ങളുമായി
നനഞ്ഞെത്തുന്ന
മഴവില്‍ വെയിലുകള്‍ക്ക്
ഒരു സദ്യയുണ്ട
ആഹ്ലാദമാണ്..
ഓറഞ്ചു തോട്ടത്തില്‍നിന്നും
വിളവെടുത്തുകൊണ്ടും
വെയിലുകള്‍ വരാറുണ്ട്
പല സന്ധ്യകളിലും ..
എത്ര അടച്ചിട്ടാലും
ആണിപ്പഴുതുകളും
കൊച്ചു വിടവുകളും തേടി ,
അതിലൂടെ എന്‍റെ
ഏകാന്തതയെ ഒളിഞ്ഞുനോക്കിയിട്ട്
അനുവാദം കൂടാതെ
എന്‍റെ മനസ്സിന്‍റെ
 മുറിവുകളിലേയ്ക്ക്
പാട്ടും മരുന്നും
തിരുകിവയ്ക്കുന്ന
ചില പകലുകളുടെ പേരുമാത്രം
ഇതുവരെ പഠിച്ചില്ല ഞാന്‍ .. 

ചീവീട്

ഇരുളിന്‍റെ മറ പറ്റി
ദൂരെയെവിടെയോ 
എന്‍റെ ഉറക്കത്തെ 
വെല്ലുവിളിക്കുന്ന 
ചീവീടു കുടുംബം .. 

വിളക്ക്

ഇരുളുകുടിച്ച് 
പ്രകാശം വിളമ്പുന്ന 
അമ്മവിളക്കുകള്‍ ..

വരള്‍ച്ചയിലെ നീന്തല്‍

വരണ്ടൊരു പുഴയില്‍
മഴയെ സ്വപ്നം കാണുന്ന 
മത്സ്യങ്ങളുടെ ഹൃദയത്തോടെ 
നിന്നിലെയ്ക്ക് ഞാന്‍ 
ഒരു നോവായ്‌
നീന്തിക്കയറുന്നു  ..

മഞ്ഞ ചിറകുള്ള ശലഭങ്ങള്‍

പണ്ടൊരു മഴക്കാലത്തിനു തലേന്ന്
മുറ്റം നിറയെ പറന്നിരുന്ന
മഞ്ഞ ശലഭങ്ങള്‍
കൂടുവച്ച് പാര്‍ത്തത്‌
എന്‍റെ മനസ്സിലായിരിക്കാം  ..
അതുകൊണ്ടാണ്
ഈ പെരുമഴയത്തും
എനിക്കു ചുറ്റും
അവ മഞ്ഞച്ചിറകുകള്‍
വിടര്‍ത്തുന്നത് .. 

ഹൃദയത്തില്‍ തഴമ്പിച്ച ഒക്ടോബര്‍


ചോരത്തഴമ്പ് പോലൊരു 

ഒക്ടോബര്‍ മാസത്തിന്‍റെ 
കനലടങ്ങാത്ത ഓര്‍മ്മകളില്‍ ,
ഒരു കടലോരത്ത് 
തീ മഴ നനഞ്ഞു കിടന്ന 
രണ്ടു പ്രണയങ്ങള്‍..
പെരുമഴതുള്ളികളോരോന്നും
നമ്മുടെ ഹൃദയത്തിന്‍റെ
മുറിവുകളിലേയ്ക്ക്
ഇരച്ചുകയറിയതും
തലതല്ലിക്കരഞ്ഞതും
പിന്നെയൊരു മൌനത്തിലേയ്ക്ക്
ഉറഞ്ഞുകൂടിയതും ഓര്‍ക്കുന്നുവോ ..
നിന്‍റെ കണ്ണുകളിലേയ്ക്ക്
ഇമചിമ്മാതെ നോക്കിക്കിടന്നപ്പോള്‍
ഞാന്‍ നടന്നു സ്വയം നഷ്ടമാക്കിയത്
എത്രയെത്ര പാതകളാണ് ..
മേഘക്കുഞ്ഞുങ്ങളെ
മിഴിയിലേന്തി നടക്കുമ്പോള്‍
ഇന്നും ഞാന്‍ തിരയാറുണ്ട്
അന്ന് ഞാന്‍ കണ്ട ചില കടലുകള്‍ ..
ഒന്നാര്‍ത്തു പെയ്യാന്‍ ..
നിനക്കുള്ളിലെ സമുദ്രപ്പരപ്പിലേയ്ക്ക്
തകര്‍ന്നു വീഴാന്‍ ..

വന്യമായത്

മുള്ളുകള്‍ മുറിവിനോടും 
കാറ്റ് കടലിനോടും 
ശലഭം പൂവിനോടും 
ഏകാന്തത മൌനത്തോടും 
മഴ ഇലചാര്‍ത്തുകളോടും 
പ്രണയിക്കുന്നത്‌ 
വ്യാകരണങ്ങളും 
വ്യവസ്ഥകളുമില്ലാത്ത 
ഏതു ഭാഷയിലാണ് ?
ഓരോ കവിയും തേടുന്ന 
സ്നേഹത്തിന്‍റെ ഭാഷയിലാവും .. 
നിശബ്ദതയുടെ വന്യമായ ഭാഷയില്‍..!

മൌനസഞ്ചാരം


ഒരിക്കലും വായിച്ചും 
എഴുതിയും തീരാത്ത 
മൌനത്തില്‍ 
നമ്മള്‍ സഞ്ചാരികളാണ്.. 
പെരുവഴിയമ്പലങ്ങളും 
പാതിരാത്തോര്‍ച്ചയും 
പ്രണയവും
പ്രകൃതിയും
പ്രപഞ്ചവും നമ്മുടേതാണ്..
ആത്മാവ് ചിറകുകളാവുകയും
ഏകാന്തത ആനന്ദമാവുകയും
ഓര്‍മ്മകള്‍ കവിതകളാവുകയും ചെയ്യുന്ന
തീര്‍ഥാടനത്തില്‍,
നഗ്നപാദരായി നമ്മള്‍
നടന്നെത്തുന്നത് കാലങ്ങളിലേയ്ക്കാണ്
ഓര്‍മ്മകളില്ലാത്ത അനന്തതയിലേയ്ക്ക്..

നിറങ്ങളുപേക്ഷിച്ച ആകാശം




നിന്നോട് ഒട്ടിക്കിടന്നപ്പോഴൊന്നും
എനിക്കറിയില്ലായിരുന്നു ,
ഈ ചൂട് പഴുത്ത്
എന്നെ പൊള്ളിച്ചേക്കുമെന്ന് ..
നിറങ്ങള്‍ വാര്‍ന്ന്
പൂക്കള്‍ വാടി
ഒരു മഴയ്ക്കായ്‌ മിഴിതുറന്നു കിടക്കുന്ന
വരണ്ട ആകാശമാവും ഞാനെന്ന്..
നിനക്ക് മഴവില്ലുകള്‍ തീര്‍ക്കുവാനാവും
പക്ഷെ നിന്‍റെ മഴവില്ലുകള്‍ക്ക്
എന്‍റെ വാനത്തെ തൊടാനാവില്ല ..
ഭൂമിയുടെ വിള്ളലുകളില്‍
പാട പോലെ പടരാനും ..
മുള്ളുകളിലേയ്ക്ക് കുമിള പോലെ
പറക്കുവാനുമാവും ...
ഓരോ തവണയും സൂര്യന്‍
പതഞ്ഞു പൊങ്ങുമ്പോള്‍
എന്‍റെ ആകാശങ്ങള്‍
കാത്തിരുന്നു
എവിടെയോ മുങ്ങിത്താണുപോയ
സൌവ്വര്‍ണ്ണദീപ്തമായ ചില നിറങ്ങളെയും
ഒരു മഴക്കാലമേഘത്തെയും ..

കടല് ചുമക്കുന്നവര്‍


മേശയിലും കിടക്കയിലും 
ചിന്തകളിലും 
എത്രയോ കടലുകളുടെ 
ഭാരം ചുമക്കുന്നവരാണ് നമ്മള്‍ ..
എവിടെനിന്നൊക്കെയോ 
തുള്ളികളായി പിന്നെ പുഴയായി 
മലവെള്ളപ്പാച്ചിലായി
നിലാവ് പൊതിയുന്ന രാത്രികളിലും
ചില തിരിവെട്ടങ്ങളിലും
കവിതയില്‍ നിറയുന്ന കടലിരമ്പം ..
ഇനിയൊരു ലക്ഷ്യമില്ലാത്ത ഒഴുക്കുകള്‍ ,
നമ്മില്‍ അവസാനിക്കുന്ന ചിലത് ..
നീരാവിയാകാതെ
കൈവഴികളാകാതെ
നമ്മോടു ചേര്‍ന്ന് ആര്‍ത്തിരമ്പുന്നത്..

ഉടഞ്ഞു പോയ ചില ചിന്തുകള്‍

ഒറ്റപ്പട്ട ചില ബാല്യങ്ങള്‍ 
എന്നും കാത്തുവയ്ക്കും 
ചലനമില്ലാത്ത ചില ജീവനുകളെ !
നിറം പോയ ഉടുപ്പുകളെങ്കിലും 
ചിമ്മിക്കൊതിപ്പിക്കുന്ന 
വെള്ളാരംകണ്ണുകളുണ്ടല്ലോ ..
സ്വര്‍ണ്ണപ്പൂടകള്‍
ഹൃദയത്തിന്‍റെ ചൂട്പറ്റി
നില്‍ക്കുന്നുവല്ലോ ..

ചുറ്റിലും മുത്തിനില്‍ക്കുന്ന ലോകം
കുഞ്ഞു കൊഞ്ചലുകളും
കുഞ്ഞിപ്പാട്ടുകളും
ബധിരമായി കേള്‍ക്കുമ്പോള്‍ ,
എന്‍റെ പാവക്കൂട്ടങ്ങള്‍
കളിയാക്കാതെയും
മിണ്ടാതെയും
നിരന്നിരുന്നു കേള്‍ക്കുമായിരുന്നു
ഭാഷയില്ലാതെ 

ഞാന്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ..
ഇന്നും മച്ചിന്‍പുറത്തെവിടെയെങ്കിലും
കാത്തു കിടപ്പുണ്ടാവും
പൂടകള്‍ കൊഴിഞ്ഞ
കണ്ണുകള്‍ ചൂഴ്ന്നുപോയ
ചില വൃദ്ധന്‍ പാവക്കുട്ടന്മാര്‍ ..
എന്നോ
ഞാന്‍ മാറാലയില്‍
ഭദ്രമായ്‌ പൊതിഞ്ഞ്
പൊടിതൂവി കാത്തുവച്ചിട്ടുണ്ട്
എന്നെ എന്നും
കൌതുകത്തോടെ കേട്ടിരുന്നവരെ ..

അവിഹിതം

കെട്ടടങ്ങാതെ നമ്മില്‍ പ്രവഹിക്കുന്ന
ആസക്തിയുടെ അടിയൊഴുക്കില്‍
നീയെന്ന ഒറ്റ തണലിലേയ്ക്ക്
അന്ധമായി ഭ്രാന്തമായി
ഞാന്‍ ചുരുണ്ട്കൂടുന്നു ..
എന്‍റെ ചിത്തഭ്രമത്തിന്റെ
ഉദ്ഭവത്തിലേക്ക്
നൂണുകയറി ,
അതിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ക്കുമ്പോള്‍
എത്ര നക്ഷത്രങ്ങളാണ്
എന്‍റെ ഗര്‍ഭപാത്രത്തിന്‍റെ വഴിതേടി
നിന്‍റെയുള്ളില്‍ സമരം ചെയ്യുന്നത് ..
നിനക്ക് എന്നോടുള്ള
ഗാഡമായ ഒന്നിനെ പ്രതി
ഞാനെന്‍റെ പ്രണയത്തെ
നിനക്ക് വില്‍ക്കുകയാണ് ..
സ്വന്തം ഹിതങ്ങള്‍ക്ക് മുന്‍പില്‍
ജയിക്കുവാന്‍
നിനക്കും ലോകത്തിനും
ഞാന്‍ ആവിഹിതമാകുന്നു ..
ഒന്ന് മാത്രം നീയറിയുക ,
ഓരോ തവണയും ഇറുക്കിച്ചേര്‍ത്ത്
മാറോടണയ്ക്കുമ്പോഴും
ഉള്ളിന്‍റെയുള്ളില്‍
ഒരു മോഹം സ്വാതന്ത്ര്യത്തിന്‍റെ
മുലക്കണ്ണുകളിലേയ്ക്ക് നോക്കി
ദാഹത്തോടെ
നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു ..
എന്‍റെ സ്വപ്നത്തെ നീ
ചുബനങ്ങള്‍കൊണ്ട്
ശ്വാസംമുട്ടിച്ചുകൊന്ന
ഒരു രാത്രിയില്‍ ,
ഞാന്‍ തന്നെ
ഞെരിച്ചു കളഞ്ഞ ഒരു പ്രാര്‍ത്ഥന..
അന്നാവണം എന്നെ നിനക്കും
കയ്ച്ചു തുടങ്ങിയത് ..
നിന്‍റെ തണലില്‍ തന്നെ ഞാനും
അസ്തമിച്ചത് .. !!

Monday, October 14, 2013

കസ്തൂരിക്കലകള്‍

മഞ്ഞിന്‍ തണുപ്പില്‍ 
കാടിന്‍ ചതുപ്പില്‍ 
നോവിന്‍ കിതപ്പില്‍
സ്വപ്നം മുറിച്ചു മാറ്റിയ 
ഒരു കാട്ടുമൃഗത്തിന്‍റെ മരണം .. 

പഴയ ഭിത്തിയുടെ പൊടിക്കൂനയില്‍
മങ്ങിയ നിറങ്ങളുടെ മാറാലക്കൂട്ടില്‍
ഒരു കാട്ടുചില്ലയുടെ പല ദിക്കുകള്‍ പോലെ
കസ്തൂരി മാനിന്‍റെ സിരാനാഡികളില്‍നിന്നും
ചിന്തിയെടുത്തൊരു നീണ്ടകൊമ്പിന്‍ ശിഖരം ..

അഴുകിത്തീരുമ്പോള്‍ ബാക്കിയാവാതെ
ഓര്‍മ്മകളുടെ ഒരു പൊട്ടും വയ്ക്കാതെ
ആരാര്‍ക്കും ചേതമില്ലാതെ
മണ്ണിന്‍റെ നെഞ്ചിലേയ്ക്ക്
അലിഞ്ഞുപോകുന്നൊരു കാട്ടുമാനിന്‍
കസ്തൂരിക്കലകള്‍ ..

മുനകൂര്‍പ്പിച്ച ഓര്‍മ്മകള്‍

നീ തീര്‍ത്ത
വന്യതയില്‍,
മുള്ളുകളില്‍ ,
കുരുങ്ങിപ്പറിഞ്ഞ
എന്‍റെ നിമിഷവേഗങ്ങളുടെ
കൊടുംകാറ്റ്.. !
നീ തൊട്ടതും ഉണര്‍ത്തിയതും
സൌഖ്യത്തെയല്ല,
നോവിന്നഗ്നിപര്‍വ്വതങ്ങള്‍ തന്നെ .. !
ചുണ്ടത്ത് അഭയം തേടിയത്
ചുംബനങ്ങളല്ല,
ആയുസ്സ് നിറച്ച
മരവിപ്പാണ് ..
കൈകാലുകളില്‍ കത്തിപ്പടര്‍ന്നതും
നിന്നിലാകെ ഇഴഞ്ഞുകയറിയതും
ദാഹിച്ച സര്‍പ്പദംഷ്ട്രകളല്ല..
ശൂന്യമാം തമോഗര്‍ത്തത്തില്‍നിന്നും
വെളിച്ചക്കണികകളുടെ
ചൂട് തിരഞ്ഞെത്തിയ
ഏകാന്തസന്ധ്യകളുടെ
വരണ്ട പുഴകളാണ്..
നിന്നില്‍ ഞാന്‍ നഷ്ടപ്പെട്ട നാളുകള്‍
പിന്നെ,
എന്നിലെ ഞാന്‍
മാഞ്ഞുതുടങ്ങിയ വിരഹo..
ജീവന്‍ നനച്ചു കാത്തിട്ടും
പൂക്കാതെയെന്‍റെ ഉന്മാദങ്ങളിലും
നിശകളിലും ഭ്രാന്തു നിറച്ചു തന്ന
സ്വപ്നവല്ലരി പ്രണയമേ ,
പ്രാണനെ മുഴുവനായ്
നക്കിക്കുടിച്ചു നീ
പിച്ചച്ചട്ടി പോലെ
തെരുവിന്‍റെ ചേറിലേക്ക്
എന്നെ തിരസ്കരിച്ചിട്ടും
നിറയ്ക്കാന്‍ ശ്രമിക്കുന്നു
വീണ്ടും എന്നില്‍ നിറയെ
നിന്‍റെ ചിന്തകളുടെ ഉദയങ്ങള്‍
പ്രഭാതങ്ങള്‍ ...
മൌഡ്യമാണെങ്കിലും
ബാലിശമെങ്കിലും
എഴുതിത്തുടങ്ങുന്നു
പറയാന്‍ മറന്ന ചിലതെല്ലാം ..
ഒടുങ്ങാത്ത തീയുടെ ആളലെല്ലാം ..
മാംസത്തില്‍ നങ്കൂരമിട്ടു പോയില്ലേ
മുനകൂര്‍ത്ത നിന്‍റെ  ഓര്‍മ്മകള്‍ !!!!

Sunday, October 13, 2013

പ്രണയമഴ

കനല്‍പ്പരപ്പിന്‍ മുകളിലേയ്ക്ക് പെയ്യുന്ന
കുളിര്‍മഴ പോലെയാണ്
പ്രണയം !
പലതായ് ചിതറി
പല വഴികളിലൂടെ
അതിലേയ്ക്കുള്ള പ്രയാണം..
ഹൃദയരേഖകളുടെ
ഗതി മാറ്റി ,
പ്രകാശനാളങ്ങളുടെ
അര്‍ത്ഥം മായിച്ച് ,
പോകേണ്ട വഴികളിലെ
ഇടവേളകള്‍ മാറ്റി
ഒന്നിലേയ്ക്കുമാത്രം
വേരുകളിറങ്ങും..
ആഴത്തിന്‍റെ ആഴത്തിലെ
മറ്റാരും കാണാത്ത
തൂവാനം തേടി ,
രണ്ടു ചിന്തകള്‍
ഒഴുകിനടക്കും ..
മിടിപ്പുകളുടെ വേഗതയിലേക്ക്
തീവണ്ടികള്‍
പാഞ്ഞുകയറുകയും ,
സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്
കൊടുംകാറ്റുകള്‍
ചിറകുവിരിക്കുകയും ...
മുറിവുകളുടെ മുറികള്‍
അടയ്ക്കപ്പെടുമ്പോള്‍,
മേഘത്തോട്ടങ്ങള്‍
ആര്‍ത്തിയോടെ
പൊഴിയുമ്പോള്‍,
ഇന്നലെയുടെ വരള്‍ച്ചയില്‍നിന്നും
പുതിയൊരു നീരുറവയിലൂടെ
മറ്റൊരു തീരത്തെ വസന്തത്തിലേക്ക്
തോണികയറുന്ന യാത്രികര്‍ ...
പ്രപഞ്ചമെന്ന
വലിയ ആള്‍ക്കൂട്ടത്തിലെ
മടുപ്പിക്കുന്ന  ഏകാന്തതയില്‍നിന്നും
അടര്‍ന്നുമാറി,
പ്രണയമെന്ന മഹോത്സവത്തിലേയ്ക്ക്
സ്വയം പ്രതിഷ്ടിക്കുന്നവര്‍..
ഏഴുനിറങ്ങളും
ഏഴു ലോകങ്ങളും
ഏഴു കടലുകളും
ഒരേ ഹൃദയത്തില്‍ മാത്രം കാണുന്ന
രണ്ടു പേരുടെ ഒരുമയിലെ
പ്രണയമെന്ന പേമാരി  .. !!