Thursday, April 24, 2014

പരസ്യപ്പെടുത്താത്ത പരിഭവങ്ങള്‍

ഇടയ്ക്കിടെ അടുക്കളയിലെ
ഏതെങ്കിലും പാത്രത്തിലോ
സ്ലാബിലോ
കൊഴിഞ്ഞു വീഴും
ഒരു പൊടി പരിഭവം
ഉപ്പുള്ള , ഒരു കുഞ്ഞു തുള്ളി

അതിന് എന്‍റെ മാത്രം ഭാഷയാണ്‌
നിനക്ക് അത് മനസ്സിലായിരുന്നെങ്കില്‍
എന്ന് ഞാന്‍ കൊതിക്കും..
പക്ഷെ എന്‍റെ മാത്രമായ ഭാഷ
നിനക്ക് മനസ്സിലാവാതിരിക്കുന്നതില്‍
തെറ്റു പറയാനാവില്ലല്ലോ..

എന്‍റെ നെറുകയില്‍ പതിഞ്ഞ
ആ മഴവിരലുകളില്‍ നിന്നും
നീ എപ്പോഴോ
നിന്‍റെ ലോകത്തിന്‍റെ ,
എന്റേതു കൂടിയായ
നിന്‍റെ ചുമതലകളിലേയ്ക്ക്
തോര്‍ന്നുപോയിരിക്കുന്നു

നിന്നെയോര്‍ത്താല്‍
ഉള്ളില്‍ നിറഞ്ഞിരുന്ന
ചിത്രശലഭങ്ങള്‍ ഏതോ
വസന്തത്തില്‍
തറഞ്ഞു പോയിരിക്കുന്നു..
തൊട്ടടുത്തു നില്‍ക്കുന്ന
ഏറ്റവും ദൂരമുള്ള
ദൂരമാണ് നീയെന്ന്‍
മനസ്സ് പറയുന്നു..

നമ്മുടെ
ഭാവി, കുട്ടികള്‍
അവരുടെ പഠിത്തം
ഓഫീസ്,
സ്കൂള്‍
സ്വന്തം വീട്,
സ്ഥലം ,
വീട്ടിലെ സാധനങ്ങള്‍
ജോലി,
ഇത്യാദി പ്രാരാബ്ദങ്ങളുടെ
ഇടയിലെവിടെയോ
കിടന്നു ഞെരിയുന്നുണ്ട്
ഒരു പെണ്ണും
ഒരു കൂട്ടം
കുഞ്ഞു പരാതികളും

കാലമിട്ട വലിയ പാലത്തിലൂടെ
ഇടയ്ക്കിടെ നമുക്ക് ഒന്ന്
തിരിച്ചു നടന്നുനോക്കേണ്ടേ ?
അവിടെ
എനിക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നിനക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നമ്മുടെ ഭാഷയ്ക്ക് അതിരുകളോ
അളവുകളോ ഉണ്ടായിരുന്നില്ല

തിരികെ നടന്നു ചെന്ന്
ഒന്ന് നുള്ളിയെടുത്തു
കൊണ്ട് വരാമോ,
കൊഴിഞ്ഞുപോയ
ശലഭച്ചിറകുകള്‍ ??
നിന്‍റെ
ഒരു നോട്ടത്തില്‍ ,
ഒരു വാക്കില്‍ ,
എന്നിലേയ്ക്ക് പറന്നു വന്നിരുന്ന
ഒരു നൂറു ശലഭങ്ങളെ
ഇനിയും നിനക്ക്
തിരികെ കൊണ്ടുവരാനാവുമോ ?

3 comments:

  1. കണ്ണുനീരെന്ന ആഗോളഭാഷ...

    വളരെ നല്ലൊരു കവിത


    ശുഭാശംസകൾ....

    ReplyDelete
  2. പെണ്‍മനസ്സിന്‍റെ വ്യാകുലതകളിലൂടൊരു പിടി
    പ്രണയാര്‍ദ്രവരികള്‍.......

    കൊള്ളാം....!!

    ReplyDelete
  3. തൊട്ടടുത്തു നില്‍ക്കുന്ന
    ഏറ്റവും ദൂരമുള്ള
    ദൂരമാണ് നീയെന്ന്‍
    മനസ്സ് പറയുന്നു..

    നന്നായിരിക്കുന്നു ... ജിലൂ ...

    ReplyDelete