Wednesday, November 27, 2013

ചരമക്കോളം

വടിവൊത്ത അക്ഷരങ്ങളുടെ താളില്‍
പത്രത്തിലൊരു ശ്മാശാനമുണ്ട് ..
കുനുകുനുത്ത വാക്കുകള്‍ക്കിടയില്‍
മക്കളും മരുമക്കളും
അച്ഛനും അമ്മയും നിരന്നു നില്‍ക്കും ..
പല തരത്തില്‍
പല അര്‍ത്ഥങ്ങളില്‍
പലരുടെ ചിരികള്‍ തമ്മില്‍ സംവദിക്കും
ചരമക്കോളത്തിന്‍റെ ആറടിമണ്ണില്‍ നാമെന്നും
പരിചയക്കാരെ തിരയുന്നു..
തൂങ്ങിമരിച്ചവനും
വണ്ടിക്കടിയില്‍പ്പെട്ടവനും
കറുമ്പനും വെളുമ്പനും
വിശ്വാസിയും
നിരീശ്വരവാദിയും ഒരേ താളിന്‍റെ
കറുത്ത അനുശോചനങ്ങള്‍ പങ്കിട്ടെടുക്കുന്നു ..
ഒരു ചിരി നമുക്കും കരുതിവയ്ക്കാം
ചരമക്കോളത്തിന്‍റെ അലങ്കാരത്തിലേയ്ക്ക്.. 

2 comments:

  1. ഇന്ന് ഞാന്‍ നാളെ നീ ..!

    ReplyDelete
  2. യദാർഥ ശവങ്ങളെ ഫ്രണ്ട്‌ പേജിൽക്കാണാം.വെള്ളയും വെള്ളയുമിട്ട്‌..


    നല്ല കവിത

    പുതുവത്സരാശം സകൾ...

    ReplyDelete