Sunday, December 22, 2013

എന്നും എപ്പോഴും




എന്നും എപ്പോഴും സംസാരിച്ചു ..
ആരായിരുന്നു എന്ന് ചോദിക്കരുത്
ആരാണെന്ന് ഇപ്പോഴും അറിയില്ല
ചില ബന്ധങ്ങള്‍ക്ക്
പേരുണ്ടാവില്ലല്ലോ

എന്നും എപ്പോഴും സംസാരിച്ചു ..
എന്തിനെപ്പറ്റി എന്ന് ചോദിക്കരുത്
ഈ ലോകം മുഴുവന്‍ ചൂണ്ടിക്കാട്ടാന്‍
എന്‍റെയീ കവിതയുടെ ചൂണ്ടുവിരലിന്
ശേഷിയുണ്ടാവില്ല..

എന്നും എപ്പോഴും സംസാരിച്ചു..
അളവ് ചോദിക്കരുത്
ഇഴഞ്ഞു പോയ സമയത്തിന്
എങ്ങിനെ ചിറകുകള്‍ തുന്നിവച്ചുവെന്ന്
ഇപ്പോഴും എനിക്കറിയില്ല

എന്നും എപ്പോഴും സംസാരിച്ചു ..
ഇന്നെവിടെ എന്ന് ചോദിക്കരുത്
എപ്പോഴും ഉത്തരം തിരയാന്‍
ഒരു ചോദ്യം തന്നു പോയത്
എങ്ങോട്ട് എന്നെനിക്കറിയില്ല

എന്നൊക്കെയോ സംസാരിച്ചു
എന്തൊക്കെയോ സംസാരിച്ചു
സംസാരിച്ചുകൊണ്ടേയിരുന്നു
ഇന്നും ഉച്ചത്തില്‍
ഓര്‍മ്മകള്‍ സംസാരിക്കാറുണ്ട് ..

(ചുരുങ്ങിയ സമയം കൊണ്ട് ഓടി വന്ന് മനസ്സില്‍ ഒരു ഇരിപ്പിടം സ്വന്തമാക്കി,അതെ സമയം കൊണ്ട് മനസ്സില്‍ ഒരു ശൂന്യത നിറച്ച് വെറുതെ എങ്ങോട്ടോ ഇറങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട് .. എല്ലാമായിരുന്നവര്‍ ഒന്നുമാല്ലാതാവുന്ന സന്ദര്‍ഭങ്ങളുണ്ട്.. ഒരു നിമിഷം പോലും അകന്നിരിക്കില്ല എന്ന് കരുതിയ ചിലത്, എന്നെന്നേയ്ക്കുമായി അപരിചിതമായി പോവാറുണ്ട്.. ജീവിച്ചു മാത്രം പഠിക്കേണ്ട പാഠമാണ് വിചിത്രമായ ഈ ജീവിതം. ഉടഞ്ഞും ഇടഞ്ഞും കലഹിച്ചും അന്യരായും പിന്നെ വരമ്പുകളില്ലാത്ത ലോകത്തിന്‍റെ തുറസ്സുകളില്‍ വെറുതെ ഒരു തരി മണ്ണായും നമ്മളിങ്ങനെ പറക്കും.. പ്രവചനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായ കണക്കുകള്‍ മെനയുന്നവനെ , ഇനിയും ഊരാക്കുടുക്കുകള്‍ കാട്ടിത്തരിക.. ഞങ്ങള്‍ പഠിക്കട്ടെ ജീവിതത്തിന്‍റെ മഹത്തായ ഉത്തരങ്ങള്‍.. )

4 comments:

  1. എന്നൊക്കെയോ സംസാരിച്ചു
    എന്തൊക്കെയോ സംസാരിച്ചു
    സംസാരിച്ചുകൊണ്ടേയിരുന്നു
    ഇന്നും ഉച്ചത്തില്‍
    ഓര്‍മ്മകള്‍ സംസാരിക്കാറുണ്ട് ..

    ReplyDelete
  2. നല്ലൊരു ശ്രോതാവായിരുന്നുവെങ്കില്‍ ഇത്രയേറെ സംസാരിയ്ക്കേണ്ടി വരുമായിരുന്നില്ല.
    സംസാരിയ്ക്കുന്നതില്‍ വലിയ കാര്യമൊന്നുമിരിയ്ക്കുന്നില്ല,
    ശ്രദ്ധിയ്ക്കുക, കേള്‍ക്കുക, ധരിയ്ക്കുക, ആവശ്യമെങ്കില്‍ സംസാരിയ്ക്കുക.
    ഇതാണ് എല്ലാ സംഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും അടിസ്ഥാനശില
    മികച്ചരീതിയില്‍ വിജയപ്രദമായി സംസാരിയ്ക്കുന്നതിനും ഇതാണാവശ്യം.
    അല്ലാതെ വെറുതെ കുറേ സംസാരിച്ചിട്ടെന്താണ് കാര്യം?

    ReplyDelete
  3. നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete