Friday, September 21, 2012

ചന്ദനം

പൂര്‍ണ്ണചന്ദ്രനെ പോലെ
നീ ചിരിച്ചു നിന്നൊരു 
നിലാവുള്ള രാവിലല്ലേ ,
നിന്‍റെ നെറ്റിയുടെ മൃദുലതയില്‍
എന്‍റെയീ മുരടന്‍ വിരലുകള്‍കൊണ്ട് 
ചന്ദനം ചാര്‍ത്തിയത് !
എന്നിലൊരു ജ്വാലയായ് 
വെളിച്ചമായ് ഉദിച്ചിരുന്ന നിന്‍റെ 
ചുവന്ന സിന്ധൂരത്തിനു മുകളില്‍ 
ഞാന്‍ തൊട്ട ചന്ദനം മാഞ്ഞുവല്ലോ !
പ്രണയമൊരു കൊടും ശൈത്യമായ്
നമ്മെ വരിഞ്ഞപ്പോഴെല്ലാം 
എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന
തിരുനെറ്റിയിലെ ചെറുവര,
നിന്നെയൊരു ദേവീശില്‍പ്പമാക്കിയിരുന്നു !
വിധിയൊരു പേമാരിയായപ്പോഴാണോ 
ദേവി, 
എന്‍റെത് മാത്രമായിരുന്ന ആ അംശം 
നിന്നില്‍ നിന്നും ഒലിച്ചിറങ്ങിയത് ?
അതോ 
എന്‍റെയാത്മ സമര്‍പ്പണത്തില്‍ 
പ്രീതിപ്പെടാതെ ,
പിണങ്ങി പൊള്ളി അടര്‍ന്നുവീണതോ ?
കുമിഞ്ഞു കൂടിയ സത്യങ്ങളും,
ഒരായിരം ചുംബനങ്ങളും ചവുട്ടിമെതിച്ച് 
ഈ ഹൃദയത്തിലൊരു മുറിവാഴ്ത്തി  പോയപ്പോള്‍,
ഞാന്‍ നിനക്ക് നല്‍കിയ 
വസന്തങ്ങള്‍ക്കു പകരമായി 
ശ്മശാനമൂകത തന്നു നീ !
എങ്കിലും 
വാക്കുകള്‍ സഞ്ചരിക്കുന്ന ദീര്‍ഘമായ 
വഴികളിലൊക്കെയുംനിന്നില്‍ നിന്നുമടര്‍ന്നും
പൊടിഞ്ഞുമായി വീണ ചന്ദനഗന്ധമുള്ള 
ഓര്‍മ്മകള്‍ മുറിവുകളെ കുളിരിട്ടു പരിചരിക്കാറുണ്ട് !!

1 comment:

  1. The Best Ever...
    ഏറ്റവും ഇഷ്ടപെട്ട വരികള്‍ :)

    ReplyDelete