Monday, October 14, 2013

മുനകൂര്‍പ്പിച്ച ഓര്‍മ്മകള്‍

നീ തീര്‍ത്ത
വന്യതയില്‍,
മുള്ളുകളില്‍ ,
കുരുങ്ങിപ്പറിഞ്ഞ
എന്‍റെ നിമിഷവേഗങ്ങളുടെ
കൊടുംകാറ്റ്.. !
നീ തൊട്ടതും ഉണര്‍ത്തിയതും
സൌഖ്യത്തെയല്ല,
നോവിന്നഗ്നിപര്‍വ്വതങ്ങള്‍ തന്നെ .. !
ചുണ്ടത്ത് അഭയം തേടിയത്
ചുംബനങ്ങളല്ല,
ആയുസ്സ് നിറച്ച
മരവിപ്പാണ് ..
കൈകാലുകളില്‍ കത്തിപ്പടര്‍ന്നതും
നിന്നിലാകെ ഇഴഞ്ഞുകയറിയതും
ദാഹിച്ച സര്‍പ്പദംഷ്ട്രകളല്ല..
ശൂന്യമാം തമോഗര്‍ത്തത്തില്‍നിന്നും
വെളിച്ചക്കണികകളുടെ
ചൂട് തിരഞ്ഞെത്തിയ
ഏകാന്തസന്ധ്യകളുടെ
വരണ്ട പുഴകളാണ്..
നിന്നില്‍ ഞാന്‍ നഷ്ടപ്പെട്ട നാളുകള്‍
പിന്നെ,
എന്നിലെ ഞാന്‍
മാഞ്ഞുതുടങ്ങിയ വിരഹo..
ജീവന്‍ നനച്ചു കാത്തിട്ടും
പൂക്കാതെയെന്‍റെ ഉന്മാദങ്ങളിലും
നിശകളിലും ഭ്രാന്തു നിറച്ചു തന്ന
സ്വപ്നവല്ലരി പ്രണയമേ ,
പ്രാണനെ മുഴുവനായ്
നക്കിക്കുടിച്ചു നീ
പിച്ചച്ചട്ടി പോലെ
തെരുവിന്‍റെ ചേറിലേക്ക്
എന്നെ തിരസ്കരിച്ചിട്ടും
നിറയ്ക്കാന്‍ ശ്രമിക്കുന്നു
വീണ്ടും എന്നില്‍ നിറയെ
നിന്‍റെ ചിന്തകളുടെ ഉദയങ്ങള്‍
പ്രഭാതങ്ങള്‍ ...
മൌഡ്യമാണെങ്കിലും
ബാലിശമെങ്കിലും
എഴുതിത്തുടങ്ങുന്നു
പറയാന്‍ മറന്ന ചിലതെല്ലാം ..
ഒടുങ്ങാത്ത തീയുടെ ആളലെല്ലാം ..
മാംസത്തില്‍ നങ്കൂരമിട്ടു പോയില്ലേ
മുനകൂര്‍ത്ത നിന്‍റെ  ഓര്‍മ്മകള്‍ !!!!

4 comments:

  1. തീ പോലെ തീവ്രമായ വരികൾ.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഓര്‍മ്മകള്‍ പലപ്പോഴും മുറിവേല്‍പ്പിക്കാറണ്ട് !!

    ReplyDelete