Thursday, May 9, 2013

മഴയിലേയ്ക്കുള്ള യാത്ര

ജനാല തുറന്നു കിടക്കുകയാണ്. മഴ പെയ്യ്തുകൊണ്ടേയിരിക്കുന്നു. ഇലച്ചാർത്തുകളിൽ മഴത്തുള്ളികൾ ചുംബിക്കുന്നു .ആകാശവും ഭൂമിയും പ്രണയിക്കുകയാണ്. 
അമ്മ മുറ്റത്തു നട്ടു വച്ച ശംഘുപുഷ്പങ്ങളുടെ നീലക്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തൊടിയിൽ പാതി ഞെട്ടറ്റിരുന്ന മൂത്ത മാങ്ങകളെ കാറ്റുലച്ചുവീഴ്ത്തുന്നു.പുതപ്പിനടിയിൽ ,ഉറങ്ങാതെ ഞാൻ മിന്നൽ വെളിച്ചത്തിലേയ്ക്കു കണ്ണും നട്ടുകിടക്കുകയാണ്. മഴക്കാല രാത്രികൾ എനിക്കെന്നും പ്രിയപ്പെട്ടവയാണ്. പാഞ്ഞു വന്നെന്റെ പുത്തനുടുപ്പു നനയ്ക്കുന്ന കുസൃതിയിൽ തുടങ്ങിയ ഇഷ്ടം. വറ്റാൻ തുടങ്ങിയ തോടുകളിൽ സ്നേഹം കൊണ്ട് നിറച്ചപ്പോൾ തോന്നിയ ഇഷ്ടം. പിന്നെ എന്റെ പ്രണയത്തിന്റെ ചൂടിലെയ്ക്ക് കുളിരും കൊണ്ട് ചാറിയപ്പോൾ ... അങ്ങനെ അങ്ങനെ... !
ഇങ്ങനെയൊരു മഴക്കാലത്താണ് മുത്തശ്ശി മരിച്ചത്. ചുക്കി ചുളുങ്ങിയ തൊലിയും, നരച്ച മുടിയും , താത്പര്യം തോന്നാത്ത  സംസാരവുംകൊണ്ടോ, അതോ മറ്റു മുത്തശ്ശിമാരെ പോലെ കഥകൾ പറഞ്ഞു തരാത്തത് കൊണ്ടോ , അവരോട് കുട്ടിക്കാലത്ത് അധികം മമത ഞാൻ കാണിക്കാതിരുന്നത്‌! !? എങ്കിലും വളരും തോറും അവരെ ഞാൻ സ്നേഹിച്ചു തുടങ്ങി. പിന്നെ പിന്നെ ഒരുപാട് പ്രിയവും ബഹുമാനവും. പൊക്കം കുറഞ്ഞ ആ ശരീരത്തിനുള്ളിൽ നിറയെ സ്നേഹം മാത്രമുള്ള ഒരു ഹൃദയമാണെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയൊരു മഴയത്ത് ,മേഘക്കൂട്ടങ്ങളിലെ ഏതോ പുതപ്പിൽ അവരും . ആരെയും ബുദ്ധിമുട്ടിക്കാതെ,ഒരു ശ്വാസത്തിനോപ്പം ആ ജീവനും മഴയിലേയ്ക്ക്‌ അലിഞ്ഞു ചേർന്നു. പിന്നെയോരോ മഴയിലും ദൂരെയെവിടെയോ നിന്ന് ഒരു സ്നേഹത്തിന്റെ തലോടൽ പോലെ അദൃശ്യമായി നിന്ന് എന്നെ കോരിയെടുക്കുന്ന ഒരു വാത്സല്യം. അതുകൊണ്ട് തന്നെ പലപ്പോഴും മഴയ്ക്ക്‌ മുത്തശ്ശിയുടെ നിറമാണ്. 
മഴ വേർപാടാണ്, പ്രണയമാണ്, പ്രതികാരമാണ്, കണ്ണീരാണ്.. ! എത്ര ആസ്വദിച്ചാലും കൊതിതീരാത്ത മഴയിലേയ്ക്ക്‌ ഒരുനാൾ ഞാനും നടന്നടുക്കും. തോരാതെ തോരാതെ പെയ്യാൻ ... !! 

3 comments:

  1. കോരിയെടുക്കുന്ന വാത്സല്യം.....

    ReplyDelete
  2. മഴയ്ക്ക് മുത്തശ്ശിയുടെ നിറമാണ്...
    !!!!!!!!!

    ReplyDelete
  3. എത്ര ആസ്വദിച്ചാലും മതിയാകാത്ത മഴ. ജിലുവിന്‍റെ ആംഗിളില്‍ മഴയെ നോക്കിയപ്പോള്‍ മറ്റൊരു മുഖം. നന്നായിട്ടുണ്ട്. അഭിനന്ദനം.

    ReplyDelete