Sunday, September 30, 2012

അക്ഷരം

ഓരോ തുള്ളി രക്തത്തിലും 
പിടയുന്ന അണുവാണക്ഷരം ,
ഓരോ നിമിഷവുമെന്നില്‍ 
കവിതകുറിക്കുന്ന സ്പന്ദനമാണക്ഷരം ,
ഹൃദയത്തെ കുരുക്കിട്ടു മുറുക്കിക്കൊന്ന് ,
പേനത്തുമ്പില്‍ സ്വയം വന്നാത്മഹത്യ
ചെയ്യുന്ന
 ഭ്രാന്താണക്ഷരം ! 
ആഡംബരത്തിന്‍റെ പട്ടു കീറി,
തെരുവിന്‍റെ അഴുക്കില്‍ കുളിക്കുന്ന 
കുട്ടിയുടെ നഗ്നത പൊതിയുന്ന 
പൂര്‍ണ്ണതയും ,
മണ്ണും വിണ്ണും 
താളുകളില്‍ പകര്‍ത്തുന്ന 
നന്മയും,
തെല്ലു സംശയത്തോടെ ,
നാവിന്‍റെ പിന്നില്‍ ,
തൊണ്ടയിലൊളിക്കുന്ന കള്ളത്തരവും ,
കണ്ണിലും , കണ്ണീരിലും,
നിറഞ്ഞൊരു ചിരിയിലും 
പുനര്‍ജ്ജനിക്കുന്ന 
അര്‍ത്ഥവുമാണക്ഷരം !

അവന്‍റെ പ്രണയം

അവള്‍ക്കുവേണ്ടിക്കുറിച്ച
വരികളിലെവിടെയോ
ഞാനെന്‍റെ പ്രണയമെല്ലാം
ഒളിച്ചുവച്ചിരുന്നു !
പുതിയ സ്വപ്നങ്ങളുടെ  അടുപ്പു
കത്തിച്ചപ്പോഴാവണം,
അറിയാതെ ഞാനതെടുത്ത്
കത്തിച്ചുകളഞ്ഞത് !

മരണശേഷം

ചിതാഭസ്മക്കുടത്തില്‍ നിറച്ച
ഓര്‍മ്മകള്‍ ഓരോന്നായി
ശ്വാസംമുട്ടി മരിക്കുന്നു.. !
പൊടിതട്ടാത്ത ചുമരിന്മേല്‍,
ഒരിക്കലും വാടാത്ത
പ്ലാസ്റ്റിക്കു പൂക്കള്‍
സുഗന്ധമില്ലാതെ വലയം ചെയ്യ്ത
ചില്ലുകൂട്ടിലൊരു
നിറംപോയ ചിത്രം !
മോഹങ്ങളും,
മോഹഭംഗങ്ങളും,
പാതിവഴിയിലിട്ടെറിഞ്ഞു പോയൊരു
മഹത്തായ ജീവന്‍റെ
അന്ത്യവിശ്രമമാ ചുമരിലാണ് !

life sometimes

sometimes life gives a sudden break, 
where we will be stuck in nowhere,
where there is none around you ,
and don't know what to do !!

Saturday, September 29, 2012

പൂന്തോട്ടം

പൂക്കള്‍ ഇറുത്തു മാറ്റിയിട്ടും,
കുട്ടികള്‍ ചവുട്ടിയരച്ചിട്ടും,
വെയിലേറ്റുണങ്ങി വീണിട്ടും ,
ഇതളുകള്‍ പുഴുവരിച്ചിട്ടും ,
നിങ്ങളുടെ തോട്ടത്തില്‍
ഞാനൊരു തുള്ളി
കണ്ണീരു പോലും കണ്ടില്ലല്ലോ ?
ഒരു ദുഖഗാനം പോലും
കേട്ടില്ലല്ലോ ?

സിനിമ

ഒരാളൊരു കഥയെഴുതി
മറ്റൊരാളത് തകര്‍ത്തഭിനയിച്ചു
ആരൊക്കെയോ കീശ നിറച്ചു
അണികളോ,
മുണ്ടും പൊക്കി,
കാശുമെറിഞ്ഞ്,
കൂക്കി വിളിച്ചാ അഭിനയം
ജീവിച്ചു തീര്‍ക്കുന്നു !!

Friday, September 28, 2012

ഒളിച്ചോട്ടം


ചൂടില്‍ പൊടിഞ്ഞ മണലിന്‍റെ
മൂകസ്പന്ദനങ്ങളില്‍നിന്നുമൊളിച്ചോടി
ഓര്‍മ്മകള്‍ വിരിച്ചിട്ട ഒറ്റയടിപ്പാതകളിലൂടെ
തനിയെ ഞാനും പോകാറുണ്ട് ,
പൂക്കള്‍ കൊഴിഞ്ഞു ചുവപ്പിച്ച
എന്‍റെ നാട്ടുവഴികളുടെ
ഇനിയും മങ്ങാത്ത നിറങ്ങളിലേയ്ക്ക് !
കോടമഞ്ഞും മുടിയില്‍ ചൂടി ,
ഭൂമിയിലേയ്ക്കിറങ്ങി വരുന്ന
മേഘക്കുഞ്ഞുങ്ങളെ തൊടുന്ന
കുന്നിന്‍ചെരുവുകളിലേയ്ക്ക് !
മഴവില്ലു വിരിയുന്ന പുഴവക്കത്തെ
നഗ്നമായ മരക്കൂട്ടങ്ങളുടെ
മേനിനുകരുന്ന തെന്നലില്‍
സ്വയംമറക്കുന്ന കാടുകളിലേയ്ക്ക് !

Thursday, September 27, 2012

മഴയെ തോല്‍പ്പിച്ച്

മഴനൂലുകള്‍ എന്നെ പുണര്‍ന്നുകൊണ്ടേയിരുന്നു ..

കുളിര്‍മുത്തുകള്‍ ഹൃദയത്തില്‍ താളവും പിടിച്ചു ..

ദൂരങ്ങള്‍ മറച്ചുകൊണ്ടൊരു കോടമഞ്ഞും !

പിഞ്ഞിത്തുടങ്ങിയ കുടയ്ക്കുള്ളില്‍ 

ചിന്തകളോട്‌ വാദിച്ചുകൊണ്ട് നടന്നു ഞാന്‍ !

എത്ര പെയ്യ്തിട്ടും ഉള്ളിലെ കനലണയ്ക്കാനാവാത്ത 

മഴയെ തോല്‍പ്പിച്ചു വീണ്ടും ... !!

ഇടവേള

ഓരോ കവിതയ്ക്കുമിടയിലുള്ള ഇടവേളയില്‍ ,
വാക്കുകള്‍ ഉള്ളില്‍ നീറിപ്പുകയുന്ന നിമിഷങ്ങളില്‍ ... 
അവിടെയാണ് എന്‍റെ പ്രണയം പുനര്‍ജ്ജനിക്കുന്നത് !

തപസ്സ്

മൌനത്തിന്‍റെ തുറസ്സുകളിലെവിടെയോ
നഷ്ടമായതാണ് എനിക്കെന്‍റെ ഗാനം !
ശബ്ദമിടറി,
സ്വരമില്ലാതെ,
ഇന്നെന്‍റെ മനസ്സ് മൂകമായി തപസ്സിരിക്കുന്നു !
ആയുസ്സൊടുങ്ങും മുന്‍പ്,
എന്നെ തേടിയെന്‍റെ ഗാനമൊഴുകിയെത്തുന്നതും കാത്ത് !

Wednesday, September 26, 2012

പോസ്റ്റ്‌മോര്‍ട്ടം

മിടിപ്പ് നിലച്ച ഹൃദയം
കീറിമുറിച്ച് ,
പറയാന്‍ മാറ്റിവച്ച 
കഥകളും
മരവിപ്പിന്‍റെ കാരണവും 
തേടുകയാണ് 
രാകിമിനുക്കിയ കത്തികള്‍ !
കാത്തു നില്‍ക്കുന്ന 
തളര്‍ന്ന കണ്ണുകള്‍ക്ക്‌ 
തുന്നി ചേര്‍ത്ത തണുപ്പിനോടൊപ്പം 
മരണകാരണവും ആദരാഞ്ജലികളും 
കയ്യൊപ്പിട്ടെഴുതുന്നു !!

memories

Break me into pieces, 
tear me apart ! 
but just be kind enough 
not to give me 
a piece of my heart back, 
with the signature of 
your memories !!

വാനവും കടലും

നീ വാനവും, 
ഞാന്‍ കടലുമായിരുന്നെങ്കില്‍ , 
ഞാന്‍ വറ്റിവരളും വരെ, 
നീ ഇല്ലാതാകും വരെ, 
കണ്ണില്‍ കണ്ണില്‍ നോക്കി 
നമുക്കു കാലത്തെ 

തോല്‍പ്പിക്കാമായിരുന്നു ...
വാക്കുകള്‍ തിരകളായി
നിന്നിലേയ്ക്കുയര്‍ത്തുകയും,
പ്രണയം മഴയായി
എന്നിലേയ്ക്ക് പൊഴിക്കുകയും,
രാവില്‍ നിലാവില്‍
സ്വയം മറക്കുകയും ചെയ്യാം ... !!

പ്രപഞ്ചം


പുലരിയോരോന്നും മിഴിതുറക്കുന്നത് നിന്നിലേയ്ക്കാണെങ്കില്‍, പകലിനെ ഞാന്‍ പ്രണയിക്കാം ! ഓരോ ഇരവും കൂമ്പുന്നത്, നിന്‍റെ സ്വപ്‌നങ്ങള്‍ നിറഞ്ഞ നിദ്രയിലേയ്ക്കാണെങ്കില്‍, രാവിനെയും ഞാന്‍ പ്രണയിക്കാം ! ഓരോ ജന്മവും നിനക്കായാണെങ്കില്‍ ആയുസ്സെല്ലാം ഞാന്‍ കൈകൂപ്പിയേറ്റുവാങ്ങാം ! ഓരോ ഈരടിയും നിന്നെക്കുറിച്ചാണെങ്കില്‍, ഈ പാട്ടും, ഓരോ കിരണവും നിന്നെ തൊടുന്നുവെങ്കില്‍, ഈ സൂര്യനെയും, ഓരോ തുള്ളിയും നിന്നെ ചുംബിക്കുന്നുവെങ്കില്‍, ഈ മഴയും, ഓരോ മരണവും നിന്നോട് ചേരുന്നുവെങ്കില്‍, ഈ മൃതിയും, ഞാന്‍ സ്വന്തമാക്കാം !! ഓരോ അണുവും നിന്നെയോര്‍ക്കുന്നുവെങ്കില്‍ ഞാനീ പ്രപഞ്ചമാവാം ... !!

ലഹരി

പുകയടിച്ചു കരിഞ്ഞ
ശ്വാസകോശത്തോട് ചേര്‍ന്ന്
ചുവന്ന കുപ്പിയിലെ സമാധാനം കുടിച്ച്
ലഹരിയില്‍ മുങ്ങിയ ഹൃദയം
നിന്നെ മറക്കാന്‍ ശ്രമിക്കുകയാണ് !
നീ തന്ന വേദനയെ വെല്ലുന്ന
ലഹരിയൊന്നുമില്ലെന്നു ജീവിതം
പഠിപ്പിച്ചപ്പോഴെയ്ക്കും കരള്‍
വെന്തുതീര്‍ന്നിരുന്നു !
നിന്‍റെ നോവും
എന്‍റെ ലഹരിയും
കീഴ്പ്പെടുത്തിയ ജീവിതം ഉന്മാദത്തിലേയ്ക്കും
കവിതയിലേയ്ക്കും ഭ്രാന്തിലേയ്ക്കും
മുടന്തിക്കയറുന്നു !!

Tuesday, September 25, 2012

കുന്നിക്കുരു പോലെ ...


വീടിനു പിന്നിലെ
തൊടികളും പൊന്തകളും കഴിഞ്ഞ്,
ഇരുളുകുടിച്ചുറങ്ങുന്ന
മണ്ണിന്‍റെ നനവ്‌ ഒരുനാളും
വറ്റാത്ത ,
വെളിച്ചം തൊടാത്ത ,
കാടുണ്ടായിരുന്നു !
ചീവീടുകള്‍
നിലയ്ക്കാതെ
ഉച്ചത്തില്‍ പരിഭവിക്കുന്നത്
എന്തിനു വേണ്ടിയായിരുന്നുവെന്ന്,
ഇന്നുമുത്തരം ലഭിക്കാതെ
അനന്തതയിലേയ്ക്ക്
എന്നോടൊപ്പം നടക്കുന്ന
അനേകം ചോദ്യങ്ങളിലൊന്നാണ് !
കറുത്ത ചെളി കാലില്‍ പുരണ്ടിട്ടും
മുള്ളും ചരലും കുത്തിയിട്ടും ,
ചുവന്ന് തുടുത്ത കവിളില്‍
ഉരുണ്ട മറുകും കുത്തി ,
കൊഴിഞ്ഞ ഇലകള്‍ പുതച്ചുറങ്ങുന്ന
കുന്നിക്കുരു
പെറുക്കിയെടുക്കാന്‍
കൂട്ടുകൂടി പോകുന്നതും
മത്സരിച്ചു പെട്ടിനിറയ്ക്കുന്നതും
കാലത്തിന്‍റെ താളുകളില്‍
ചിതറിയ ഓര്‍മ്മകളാണ് !

നിന്നെ വിട്ട്

നമ്മള്‍  മാത്രമുള്ള ലോകത്തിന്‍റെ 
അതിര്‍ത്തി കടന്നു പറക്കാന്‍ 
തുനിയുമ്പോഴേയ്ക്കും 
ചിറകും ചിന്തകളും പാട്ടും 
തളര്‍ന്നു വീഴുന്നൊരു 
രാപ്പടിയാണ് ഞാന്‍ !!

Monday, September 24, 2012

അഗ്നിശലഭങ്ങള്‍

റാന്തല്‍വിളക്കിന്‍ വക്കില്‍
തുള്ളിക്കളിക്കും
പിന്നെ ,
അക്ഷരങ്ങളില്‍ ചിലപ്പോള്‍
ചത്തുവീഴും !
നെഞ്ചില്‍ കിടന്നു പിടയ്ക്കും !
വെളുപ്പിനെ ,
മുറ്റമടിക്കുമ്പോള്‍
യുദ്ധഭൂമി പോലെ
കൂട്ടിയിട്ട ശവങ്ങള്‍ !
അതിനിടയില്‍ ചിറകില്ലാതെ
കത്തുന്ന നാളങ്ങളില്ലാതെ
ഇഴഞ്ഞും തളര്‍ന്നും
സ്വപ്നഭംഗങ്ങള്‍ !! 

കാത്തുസൂക്ഷിക്കുവാന്‍

മഞ്ചാടിനിറമുള്ള ചുടുചോര
ആര്‍ത്തിയോടെ ഒഴുകിനടന്ന
നീലിച്ച ഞരമ്പുകള്‍
മിടിപ്പുകളില്ലാത്ത
നിശ്ചലമായിരിക്കുന്നു !
പ്രാണന്‍റെ വാചാലതയെല്ലാം
വലിച്ചുകുടിച്ചൊരു
മരണത്തില്‍ പൊതിഞ്ഞു
ഞാന്‍  കിടക്കുന്നു !
ചൂണ്ടുവിരലില്‍ അമ്മാനമാടാന്‍
കൊതിച്ച ലോകം ,
ആറടി മണ്ണ് മാത്രം തന്ന് അഹങ്കാരത്തോടെ
നോക്കുന്നു !
വിരലുകളില്‍ നിന്‍റെ ചൂടുതങ്ങാതെ
ഒരു നീണ്ട മരവിപ്പിലേയ്ക്കെന്‍റെ
പ്രണയമഴിഞ്ഞു വീഴുന്നു !
നീയും നിന്‍റെ സ്വപ്നങ്ങളും
നിറഞ്ഞയീ ഹൃദയം
ഞാനെന്‍റെ കയ്യൊപ്പ് പതിച്ച് 
തിരികെ നല്‍കാം !
എന്‍റെ കവിതകള്‍ക്കിടയില്‍ നീയത്
കാത്തുവയ്ക്കുക !!

Saturday, September 22, 2012

ജനനവും മരണവും

ചിന്തയുടെ താളുകളിലൊക്കെ
നീ ജനനവും ഞാന്‍ മരണവുമായിരുന്നു !
നമുക്കിടയില്‍ സ്വപ്നങ്ങളും
പ്രണയവും
ഓര്‍മ്മകളും
വിരഹവും
വിരിയുകയും കൊഴിയുകയും ചെയ്യ്തു !

Friday, September 21, 2012

ആര്‍ക്ക് ??

നിനക്കായ് തീര്‍ത്ത വാക്കുകളുടെ കടലില്‍
നീന്തിത്തുടിച്ച് കയറിവന്ന്  ,
ഒരു അക്ഷരം എനിക്കായ് കുറിക്കാമോ എന്ന് 
ചോദിക്കുന്ന നിന്‍റെ കണ്ണുകള്‍ക്കാണോ ,
നീ എല്ലാം മനസ്സിലാക്കുമെന്ന് കരുതിയ 
എനിക്കാണോ തെറ്റിയത് ?

ചന്ദനം

പൂര്‍ണ്ണചന്ദ്രനെ പോലെ
നീ ചിരിച്ചു നിന്നൊരു 
നിലാവുള്ള രാവിലല്ലേ ,
നിന്‍റെ നെറ്റിയുടെ മൃദുലതയില്‍
എന്‍റെയീ മുരടന്‍ വിരലുകള്‍കൊണ്ട് 
ചന്ദനം ചാര്‍ത്തിയത് !
എന്നിലൊരു ജ്വാലയായ് 
വെളിച്ചമായ് ഉദിച്ചിരുന്ന നിന്‍റെ 
ചുവന്ന സിന്ധൂരത്തിനു മുകളില്‍ 
ഞാന്‍ തൊട്ട ചന്ദനം മാഞ്ഞുവല്ലോ !
പ്രണയമൊരു കൊടും ശൈത്യമായ്
നമ്മെ വരിഞ്ഞപ്പോഴെല്ലാം 
എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന
തിരുനെറ്റിയിലെ ചെറുവര,
നിന്നെയൊരു ദേവീശില്‍പ്പമാക്കിയിരുന്നു !
വിധിയൊരു പേമാരിയായപ്പോഴാണോ 
ദേവി, 
എന്‍റെത് മാത്രമായിരുന്ന ആ അംശം 
നിന്നില്‍ നിന്നും ഒലിച്ചിറങ്ങിയത് ?
അതോ 
എന്‍റെയാത്മ സമര്‍പ്പണത്തില്‍ 
പ്രീതിപ്പെടാതെ ,
പിണങ്ങി പൊള്ളി അടര്‍ന്നുവീണതോ ?
കുമിഞ്ഞു കൂടിയ സത്യങ്ങളും,
ഒരായിരം ചുംബനങ്ങളും ചവുട്ടിമെതിച്ച് 
ഈ ഹൃദയത്തിലൊരു മുറിവാഴ്ത്തി  പോയപ്പോള്‍,
ഞാന്‍ നിനക്ക് നല്‍കിയ 
വസന്തങ്ങള്‍ക്കു പകരമായി 
ശ്മശാനമൂകത തന്നു നീ !
എങ്കിലും 
വാക്കുകള്‍ സഞ്ചരിക്കുന്ന ദീര്‍ഘമായ 
വഴികളിലൊക്കെയുംനിന്നില്‍ നിന്നുമടര്‍ന്നും
പൊടിഞ്ഞുമായി വീണ ചന്ദനഗന്ധമുള്ള 
ഓര്‍മ്മകള്‍ മുറിവുകളെ കുളിരിട്ടു പരിചരിക്കാറുണ്ട് !!

Thursday, September 20, 2012

വിസ്മൃതി


ഇനിയീ പേരും മേല്‍വിലാസവുമെന്തിന്
എന്നെ തേടി നിന്‍റെ സന്ദേശങ്ങളും
നീയും എത്താത്തിടത്തോളം !
വിസ്മൃതിയുടെ തീരത്തെ കനികള്‍തേടി
ഓര്‍മ്മകളോരോന്നായ് പോയ്‌മറയുമ്പോള്‍
ചിന്തകള്‍ കൂട്ടമായ്‌
ജീവനോട്‌ പടപൊരുതി നിലം പറ്റുന്നു !
ഇന്നലെകള്‍  ഓര്‍മ്മകളിലും
ഇന്നുകള്‍ ശ്വാസങ്ങളിലും
നാളെകള്‍ ഗര്‍ഭാപാത്രങ്ങളിലും
ചത്തൊടുങ്ങുന്നു !
നിഴലുകളും ഞാനും മാത്രമഭിനയിച്ച
നാടകം കഴിഞ്ഞു
ഇനിയൊരു പാട്ടിന്‍റെ ഈണത്തിലും
താളം തെറ്റാതൊഴുകുന്ന വയലിന്‍ നാദത്തിലും
രൂപമില്ലാതെ ,
ഹൃദയമില്ലാതെ ഞാന്‍ ജനിക്കാം !
അതിനു മുന്‍പ്
കവിതയുടെ ഈ അനാഥജഡത്തില്‍
ഒരു പൂവിന്‍ സുഗന്ധമില്ലാതെ
ഒരു തുള്ളിതന്‍ ഉപ്പില്ലാതെ
പുണ്യം തേടി മടക്കയാത്ര !!

കവിയും കവിതയും

തീവ്രമായ ആത്മവ്യഥയില്‍ ചുട്ടെടുത്ത
ഹൃദയത്തില്‍ നിന്നും
വരണ്ടുകീറിയ മനസ്സിന്‍റെ
തേങ്ങലില്‍ നിന്നുമാണ്
എഴുത്തുകാരന്‍റെ പുതുജന്മം !
ആഘാതങ്ങളില്‍ പലതായ്
നുറുങ്ങിയ ചിന്തകളെ
ഒരുമിച്ചു കൂട്ടിക്കെട്ടാനുള്ള
മാര്‍ഗ്ഗമാണ് കവിത !

Wednesday, September 19, 2012

രാത്രി

മൂകമായി സ്വപ്നങ്ങളെ പൊതിയുന്ന 
നിഗൂഡയായ രാത്രീ ,
നിന്‍റെ താമസമെവിടെയാണ് ?
പകലിനെ ഞെരിച്ചുകൊന്ന് 
സന്ധ്യയില്‍ കൈകാലുകള്‍ കഴുകി ,
വിളക്കുകള്‍ ഊതിക്കെടുത്തി 
പാല പൂക്കുമ്പോഴും 
നിദ്രയുറയുമ്പോഴും 
മുകളിലത്തെ മുറിയുടെ 
ജനാലയ്ക്കരികില്‍ 
നിലാപ്പൂക്കളും കയ്യില്‍പിടിച്ചുകൊണ്ട് 
കാത്തുനിന്നതെന്നെയാണോ ?
ഓരോ തവണയും 
സൂര്യന്‍ ഉയിര്‍ത്തെണീക്കുമ്പോള്‍ 
നീ ഓടിയൊളിക്കുന്നതെങ്ങോട്ടാണ് ?

എന്‍റെ വേനല്‍പ്പക്ഷി



ഹൃദയക്കൂട്ടില്‍ സ്വാതന്ത്ര്യം നല്‍കാതെ ബന്ധിച്ചിട്ടും ,
കത്തുന്ന ചിന്തകളിലിട്ടു കരിച്ചിട്ടും ,
പ്രണയമേ, നീ പരിഭവമൊന്നും പറഞ്ഞില്ലല്ലോ ?
സഹതാപം തോന്നിയിട്ടായിരുന്നു ,
നിനക്കന്നു ഞാനൊരു സൂര്യാസ്തമയത്തിന്‍റെ കൂടെ
ചിറകടിച്ചുയരാന്‍ അനുവാദം തന്നത് !
പുലരുമ്പോഴേയ്ക്കും നിന്‍റെ തിരിച്ചുവരവിനായി
ഹൃദയമൊരുക്കി കാത്തിരുന്നതും
വെറുതെയാണെന്ന് അറിയാമായിരുന്നു !
നിന്‍റെ ഗാനങ്ങളും, നിഴലനക്കങ്ങളുമില്ലാതെ,
ആളൊഴിഞ്ഞ തീരത്തൊരു ഭ്രാന്തനെ പോലെ
നിലാവ് മരിച്ച രാത്രികള്‍ തോറും
മൌനത്തിന്‍റെ ലഹരി പുകയായി പറപ്പിച്ച് ,
നീറുന്ന വിരഹം കണ്ണീരായി കുടിച്ച്
ഏകനായി നടക്കാറുണ്ടായിരുന്നു !
നീയില്ലാത്ത ഈ ഹൃദയം
അല്‍പാല്‍പ്പമായി മുറിച്ച്
അവയ്ക്ക് കവിതയുടെ ചിറകുകള്‍ തുന്നിച്ചേര്‍ത്ത്
നീ പറന്നുമറഞ്ഞ ദിശയിലെയ്ക്കെന്‍റെ
പ്രണയസന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നല്ലോ ?
ചക്രവാളങ്ങള്‍ക്കപ്പുറത്ത് നിന്നെങ്ങാനും
നീയത് കാണാറുണ്ടായിരുന്നോ  ?
അതോ നോവു പെയ്യ്ത വേനലിന്‍ ചൂടില്‍
ചിറകുരുകി നിലം പതിച്ചുവോ ?
സൂര്യദാഹത്തോടെ ,
കനല്‍ക്കണ്ണുകളോടെ ,
ചുറ്റും ഉദിച്ചുയരുന്ന ഒരായിരം ചോദ്യങ്ങള്‍
എനിക്ക് നേരെ ശരങ്ങള്‍ തൊടുക്കുമ്പോള്‍
അല്പം നീരസം പോലും കാട്ടാതെ
പറന്നകന്ന എന്‍റെ വേനല്‍പ്പക്ഷീ ,
കാഴ്ച്ചയുടെ വരമ്പുകളും കടന്ന്
നീ മറയുവോളം ഞാന്‍ ജീവിച്ചിരുന്നു !!

അന്തമില്ലാത്ത ഒരെണ്ണം


കാലമെനിക്കൊരിക്കല്‍ വിലമതിക്കാനാവാത്തൊരു
ഓര്‍മ്മത്താള് തന്നു
അന്തമില്ലാത്ത ഒരെണ്ണം !
ഒരു നാള്‍ തിരികെ ചോദിക്കുമ്പോള്‍ സുന്ദരമായി
അലങ്കരിച്ചു തിരികെ കൊടുക്കണം പോലും
പ്രണയത്തിന്‍റെ കയ്യില്‍ നിന്നും ഞാനൊരു
തൂലിക കടം വാങ്ങി !
അന്ന് തൊട്ട് ഇന്നോളം ഞാന്‍ കുത്തിക്കുറിച്ചതൊക്കെയും
കാലം മായ്ക്കുന്ന അന്നോളം
കണ്ണീരും ചോരയും ചാലിച്ച് ഞാന്‍
സ്വപ്നങ്ങളുടെ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കും !

ഓര്‍മ്മകളിലെ മാര്‍ച്ച്‌മാസം

ഓര്‍മ്മകളിലെ മാര്‍ച്ച്‌മാസത്തിനു എന്നും നീറ്റല്‍  ഏറെയാണ്‌.. ....,. കുളിരും, കോടമഞ്ഞും പടിയിറങ്ങുമ്പോള്‍ പകലിനു ചൂട് കൂടുകയും, പരീക്ഷപ്പനിയില്‍ വിറയ്ക്കുകയും ചെയ്യുന്ന കാലം ജീവിതത്തിലെന്നും തിളച്ചു നിന്നിരുന്നു.

ജനുവരിയുടെ പുതപ്പിന്‍റെ ചൂടില്‍ നിന്നും , ഫെബ്രുവരിയിലെ സ്വെട്ടെറിന്‍റെ നനുനനുപ്പില്‍ നിന്നും നടപ്പാതകളുടെ  ഉണക്കിലൂടെ സ്കൂള്‍വരാന്തയിലെത്തുവോളം മനസ്സിലൊരു കിതപ്പായിരുന്നു.
പരീക്ഷക്കാലത്തെ അദ്ധ്യാപകന്‍റെ കയ്യിലെ നീണ്ട വടി പേടിച്ച കിതപ്പ്. ആവിപറക്കുന്ന ചോറും, തേങ്ങയരച്ച ചുവന്ന ചമ്മന്തിയും, കണ്ണിമാങ്ങ അച്ചാറും ഇലയിലാക്കി പൊതിഞ്ഞ്, അമ്മ തന്നു വിടുന്ന സ്നേഹവുംകൊണ്ട്, ഇടവഴികളും വരമ്പുകളും കടന്ന്, ഹോം വര്‍ക്ക്‌ ചെയ്യാതെ മടിപിടിച്ചുറങ്ങിയ നിമിഷങ്ങളെ ഓര്‍ത്ത്‌ വേവലാതിപ്പെട്ട്, വൈകിയെത്തുമ്പോള്‍ കണ്ണുരുട്ടി നോക്കുന്ന കണക്കുമാഷിന്‍റെ ക്ലാസ്സിലേയ്ക്ക്.
പഠിച്ചും , പഠിക്കാതെയും , മനസ്സിലാക്കാതെ വിഴുങ്ങിയും തീര്‍ത്ത പാഠങ്ങള്‍ തിന്നു തീര്‍ക്കുന്ന തിരക്കില്‍ മാര്‍ച്ച് മാസത്തിന്‍റെ തുടക്കങ്ങള്‍ മുങ്ങിത്താഴും.

പരീക്ഷകളുടെ ഇടയിലാണ് എന്‍റെ ജന്മദിനം. ജീവിതത്തില്‍ ഇന്നോളം ആഘോഷിക്കപ്പെടാതെ പോയ എന്‍റെ പിറന്നാളിനെ പലപ്പോഴും ഞാന്‍ ശപിക്കാറുണ്ടായിരുന്നു. തിരക്കുകള്‍ക്കും , തലവേദനയ്ക്കും , വെപ്രാളത്തിനും ഇടയില്‍ വന്നുപെട്ടത് കൊണ്ട്. തീവ്രമായ പഠനം തലയ്ക്കു പിടിച്ചു നടക്കുന്ന സമയത്ത് എന്താഘോഷം. കൂട്ടുകാര്‍ ചിതറിയകന്നിരിക്കുന്ന നീളന്‍ ടെസ്കുകളിലെ ചെറിയ അക്ഷരങ്ങളില്‍ പേരുകളും, വാക്കുകളും പിന്നെ അവ്യക്തമായ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ വെളുത്ത ചോക്കുകൊണ്ട് മുഴുപ്പില്‍ നമ്പറുകളും. പുതിയ പേനയും, മനസ്സ് നിറയെ തിക്കിക്കൊള്ളിച്ചു നിറച്ചു വച്ചിരിക്കുന്ന പാഠപുസ്തകത്തിലെ കടുകട്ടിയുള്ള ഗ്രഹിക്കാനാവാത്ത കൂട്ടങ്ങളും കൊണ്ട് പരീക്ഷാഹാളില്‍ നെഞ്ചിടിപ്പുമായി മാര്‍ച്ചിന്‍റെ നടുവിലത്തെ ദിനങ്ങള്‍.... എരിഞ്ഞുതീരും.

കൊച്ചു പിണക്കങ്ങളുടെയും, പരിഭവങ്ങളുടെയും , കുസൃതിയുടെയും , നീണ്ട ഒരു വര്‍ഷം കാലം കൊണ്ടുപോയത് എത്ര വേഗമാണ്. ഈ തിരിച്ചറിവിലേയ്ക്കുള്ള വിലാപയാത്രയാണ് പിന്നീടുള്ള ദിവസങ്ങളൊക്കെ. ചിരിച്ചും , ചിരിപ്പിച്ചും , മടിപിടിച്ചും , കുറ്റം പറഞ്ഞും , തല്ലുണ്ടാക്കിയും , തമാശ പറഞ്ഞും കടന്ന് പോയ വിദ്ധ്യാലയ ലോകത്തെ ഏറ്റവും വേദനാജനകമായ മാസമാണ് മാര്‍ച്ച്. സ്കൂള്‍ വിട്ട് കൂട്ടം കൂട്ടമായി നടന്നിരുന്ന ആനന്ദഭരിതമായ  നാളുകള്‍ക്കും, വഴിയരികിലെ കടയില്‍ നിന്നും വാങ്ങുന്ന ലൈറ്റ് കത്തുന്ന പേനയുടെ അത്ഭുതത്തിനും, വിദ്ധ്യാലയമുറ്റത്തെ ചന്ദന നിറമുള്ള പൂക്കള്‍ വിരിയുന്ന ചെമ്പകമരത്തണലിരുന്ന് ഭക്ഷണം കഴിച്ച നല്ല നിമിഷങ്ങള്‍ക്കും വിടപറയുമ്പോള്‍ , ഓരോ മാര്‍ച്ചും നോവുണര്‍ത്താറുണ്ട്. അഞ്ചു നിലകളുള്ള സ്കൂളിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും കണ്ണെത്താത്തിടത്തോളം പാടങ്ങള്‍ ഓരോ സമയവും നിറങ്ങള്‍ മാറ്റിക്കളിച്ചിരുന്നത് ഇന്നെനിക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട കാഴ്ച്ചയിലോന്നാണ്.ഓരോ വര്‍ഷവും പിരിഞ്ഞകലുന്ന സൌഹൃദങ്ങള്‍ , നിറമിഴിയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന ദൂരങ്ങള്‍... മാര്‍ച്ചിന്‍റെ വേദനയ്ക്ക് ആഴവും, കണ്ണീരിന്‍റെ തിളക്കവും കൂട്ടുന്നു.

പിന്നെയാണ് എല്ലാം മറന്നുള്ള ആഹ്ലാദത്തിന്‍റെ നാളുകള്‍.., കൊയ്ത്തു കഴിഞ്ഞു മലര്‍ന്നുകിടക്കുന്ന പാടത്തിലൂടെ, നിറയെ മണികളുള്ള പാദസരം കിലുക്കി ഓടിനടന്ന ബാല്യം മുതല്‍ , ചിന്തകളുടെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളില്‍  , തനിയെ നഗ്നയായി നിന്ന് സ്വപ്‌നങ്ങള്‍ മുഴുവനായി ആവാഹിക്കുന്ന കൌമാരം വരെ മാര്‍ച്ചിന് ക്രൂരമായ സൌന്ദര്യമായിരുന്നു.
വീട്ടുവളപ്പില്‍ , സന്ധ്യക്ക്‌ പൂക്കുകയും , പുലരുമ്പോള്‍ ചുവക്കുകയും ചെയ്യുന്ന മാജിക്‌റോസിന്‍റെ വളരെ നനുത്ത ഗന്ധവും, വേലിപ്പടര്‍പ്പുകളില്‍ സ്വപ്നം പോലെ ആര്‍ത്തു വളരുന്ന കൊങ്ങിണികളുടെ നിഷ്കളങ്കതയും ,
മനസ്സിലിടം പിടിച്ചതും ഏതോ ഒരു മാര്‍ച്ചിന്‍റെ മുറ്റത്തുവച്ചാണ് !

കാലത്തിന്‍റെ പുസ്തകത്തില്‍  , ദിവസങ്ങള്‍ ഒരുപാട് പിന്നിലേയ്ക്ക് മറിച്ചുനോക്കുമ്പോള്‍, നക്ഷത്രങ്ങളെ തൊടുന്ന ഉയരങ്ങള്‍ വരെ പറഞ്ഞതും പറയാതെ പോയതുമായ പ്രണയകഥകള്‍ ഉയര്‍ന്നുപറക്കുന്നത് കാണാം. മഴപെയ്യുന്ന നിലാവ് അന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെയായിരുന്നു.
സമയമേറെയായി ഉറങ്ങിയാലും, അവധിയായതിനാല്‍ എനിക്ക് വഴക്ക്കിട്ടില്ലായിരുന്നു. വൈകിയുറങ്ങുന്ന ആ പാതയിലൊക്കെ നല്ല ചിത്രങ്ങളും, നല്ല സ്മരണകളും നിറഞ്ഞു നില്‍ക്കുന്ന നഷ്ടങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്.

ഇന്നീ ആധുനികതയുടെ നെറുകയില്‍ വിരസമായി നില്‍ക്കുമ്പോള്‍, മാര്‍ച്ച് വരുന്നതും, ഒന്നുമറിയാതെ കടന്നുപോകുന്നതും കാലത്തിന്‍റെ പാദത്തിനടിയില്‍ ഞെരിഞ്ഞു തീരുന്നതും പലപ്പോഴും ഞാന്‍ അറിയാറില്ല. എപ്പോഴൊക്കെയോ ,കലാലയവാതില്‍ക്കല്‍ ഞാന്‍ വച്ച് പോന്ന മനസ്സിനെയും അതിന്‍റെ ആഹ്ലാദങ്ങളെയും തേടി ചിന്തകള്‍ ചെല്ലുമ്പോഴൊക്കെ നിറചിരിയുമായി എന്‍റെയാ സ്നേഹമയികളായ അദ്ധ്യാപകരുടെ നോട്ടങ്ങളും, നഷ്ടമായ സൌഹൃദങ്ങളും എന്നെ നോക്കി നെടുവീര്‍പ്പെടാറുണ്ട്.

പതിനാലു വര്‍ഷം ഒരേ വിദ്യാലയത്തില്‍ പഠിച്ച എനിക്കേറ്റവും പ്രിയപ്പെട്ട ഒരുപാട് നിമിഷങ്ങള്‍ ,ഓര്‍മ്മകള്‍ തഴച്ചുകയറുന്ന മാമരത്തില്‍ മായ്ക്കപ്പെടാതെ ഇന്നുമുണ്ട്. തങ്കമ്മ ടീച്ചറിന്‍റെ നീളന്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങി വീണതും , സുനിടീച്ചറിന്‍റെ വടി പേടിച്ച് ബോട്ടാണിക്കല്‍ നാമങ്ങള്‍ അക്ഷരംപ്രതി കുത്തിയിരുന്നു പഠിച്ചതും , ഹര്‍ത്താല്‍ ദിവസങ്ങളില്‍ അളവറ്റു സന്തോഷിച്ചതും , എത്ര കൂട്ടിയിട്ടും ശരിയാകാത്ത കണക്കിനെ ശപിച്ച് സിന്ധു ടീച്ചറിന്‍റെ ക്ലാസ്സില്‍ തലയില്‍ കയ്യും കൊടുത്തിരുന്നതും , തോമസ്‌ സാറിന്‍റെ സോഷ്യല്‍ സ്റ്റടീസില്‍ ഒന്നാമതായി ഉത്തരം പറയാന്‍ അഹങ്കാരത്തോടെ കയ്യുയര്‍ത്തുന്നതും , പഠനത്തില്‍ മത്സരിക്കുന്ന നിലീനയെ തോല്‍പ്പിക്കാന്‍ ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയതും ,ഹെഡ്മാസ്റ്ററിന്‍റെ കഷണ്ടിത്തലയെ കമന്റ്റടിക്കുന്നതും എല്ലാമൊരു മാര്‍ച്ചില്‍ പൊടുന്നനെ നിലച്ചു. പിന്നെ ... എത്രയോ മാസങ്ങള്‍ കടന്നു പോയിട്ടും ഓര്‍മ്മകളില്‍ ഇരച്ചു കയറുന്ന സംഭവബഹുലമായ മാര്‍ച്ചിന്‍റെ വറചട്ടിയിലെ പുകമണം എന്നുമൊരു നീറ്റലായി.. വേദനയായി !!!

Tuesday, September 18, 2012

പിണക്കം

പിഞ്ഞിപ്പോയ സ്വപ്നത്തിന്‍റെ
ഇഴകള്‍ക്കൊണ്ട് ,
ബന്ധനസ്ഥയാക്കിയതിന്
ഹൃദയമെന്നോട്
ഇന്നും പിണങ്ങിയിരിക്കുന്നു  !

മോചനം

തിരിച്ചറിഞ്ഞും
പോരാടിയും
സമരം ചെയ്യ്തും
തോറ്റും
തോല്‍പ്പിച്ചും
മത്സരിച്ചും,
പിന്നെ വഴിമാറി നടന്നും
വിപ്ലവകരമായ ജീവിതം
സ്വാന്തന്ത്ര്യം കാത്തുകിടക്കുമ്പോഴാണ്,
മരണം ഒഴുകിയൊഴുകി
ജീവിത തീരത്തോടടുക്കുന്നത് ...
മോചനം...
സ്വപ്നമില്ലാത്ത ഒരു നിദ്രയില്‍
അനന്തമായ മോചനം !

ശലഭം

മഴ നനഞ്ഞ്
പാതിമുറിഞ്ഞ
വര്‍ണ്ണച്ചിറകിനടിയില്‍
വിറച്ചും പിടച്ചുമൊരു
ശലഭം !
കടല്‍ കണ്ണിലാക്കി ,
കുഞ്ഞുമനസ്സിലൊരു
നൊമ്പരമുടക്കി
നിസ്സഹായമായി
എന്‍റെ കുട്ടിക്കാലം !

കിളിക്കൂട്‌

കിളിയൊഴിഞ്ഞ കൂട്ടില്‍ 
ഇളംകൊക്കുരുമ്മാത്ത ശൂന്യതയില്‍ 
ഓര്‍മ്മയിലെ ചിറകനക്കങ്ങള്‍ !
പച്ചിലമറവില്‍ 
ചകിരിനാരുകളില്‍ 
ചൂടുതേടിയ പൊന്മുട്ടയുടഞ്ഞതിന്‍ 
ശേഷിപ്പുകള്‍ !
ആദ്യതുടിപ്പുകള്‍ !
അടവച്ചുണര്‍ത്തിയ തൂവല്‍മിനുസങ്ങള്‍ 
വിണ്ണിന്‍ ദൂരങ്ങളില്‍ 
മേഘക്കൂട്ടങ്ങളില്‍ 
കൊത്തിയും കൊഞ്ചിയും !
ഇലകൊഴിഞ്ഞു,
കാറ്റ് വീശി, 
പെരുമഴ തുള്ളിയോടൊപ്പം 
മണ്ണില്‍ ചിതറി !
എന്നിട്ടും തിരികെ വരാമെന്നോതിയകന്ന 
രാപ്പാട്ടിനീണം മാത്രം 
വാക്കു  പാലിക്കുവാന്‍ മറന്നോ .... !!

Monday, September 17, 2012

ഇരുണ്ട സ്വപ്നം !


എന്‍റെ സുന്ദരസ്വപ്നമേ ,
നിദ്രയുടെ കൊടുംകാടുകളില്‍ നിന്നും 
രാത്രിയുടെ അബോധമയക്കത്തില്‍ നിന്നും 
ഏകമായ എന്‍റെ  
പകല്‍വെളിച്ചത്തിലേയ്ക്കെത്തും മുന്‍പേ,
പാതിവഴിയില്‍ ചിറകുകള്‍ കുഴഞ്ഞു 
നീ വീണത്‌ മുതല്‍,
എന്‍റെ രാവുകളിലെന്നും ഇരുട്ട് മാത്രമാണ് !

പ്രതികാരം

ഇന്നുകള്‍ പലപ്പോഴും
പ്രതികാരദാഹികളാണ് !
ഓര്‍മ്മയുടെ പുറത്തുകയറി വന്ന്
നാളെകളെ ആക്രമിക്കുന്നവ ! 

ചിത്രമാവാന്‍

കിനാവായ് കൂമ്പിയും,
കനിവായ് വിടര്‍ന്നും ,
കണ്ണീരായ്  വീണും,
കാലമെത്ര ലാഘവത്തോടെ
കാര്‍ന്നു തിന്നുന്നെന്‍റെ ദിനങ്ങളെ !
ആരെനിക്ക് നല്‍കും ,
ഓര്‍മ്മത്തളിലൊരുനാളും
കാലമൊടുക്കാത്തൊരു
ചിത്രം തുന്നുവാനോരിടം !

പൊലിഞ്ഞ ഓര്‍മ്മ

ഒരു മൂടല്‍ മഞ്ഞായി
കുളിരായി
സ്വപ്നമായി വന്ന നീ ,
ഇനിയുമൊരു കടല്‍
കാണിക്കാതെ ,
ഇനിയുമൊരു മഴവില്‍
മെനയാതെ ,
ഇനിയുമൊരു പകലായ്
വിടരാതെ,
കണ്ണുകളിലുമാത്മാവിലും
ഇരുളു  മൂടി ,
ജന്മമൊരു മഞ്ഞിന്‍
ബാക്കിയാക്കി,
ഓര്‍മ്മച്ചുഴിയില്‍
പൊലിഞ്ഞു !

തണല്‍മരം

സൂര്യന്‍പൊള്ളിച്ചു തുടങ്ങിയപ്പോള്‍,
ഓടിക്കയറിയതൊരു പകല്‍മരത്തണലില്‍ !
വിയര്‍പ്പു പൊടിഞ്ഞ നെറ്റിമേലൊരു
ഇലയടര്‍ന്നു വീണതു പൊള്ളുന്നുണ്ടായിരുന്നു !
ചൂടു കാറ്റിലുരുകും മുന്‍പേ,
തരുവിന്‍ വൃദ്ധനയനങ്ങള്‍
പൊരിവെയിലിനു കൊടുത്ത്
കുളിരു തേടി നടന്നകന്നു !
മനസ്സുരുകുന്നുവെങ്കിലും
കുളിരും മഞ്ഞും തേടി
നടക്കാനെങ്കിലുമെനിക്കാവുമല്ലോ ... !!

Sunday, September 16, 2012

രാവില്‍ നിന്നും പകലിലേയ്ക്ക്

ഏതു പുഷ്പത്തിന്‍റെ
സ്വപ്നം പൂവിട്ടപ്പോഴാണ്
ഒരിതളില്‍ തട്ടിയെന്‍റെ രാവ്
നിദ്രയില്‍നിന്നും
പ്രഭാതത്തിലേയ്ക്ക്
പിടഞ്ഞെണീറ്റത് ?




നന്ദിത

പ്രണയം ഹൃദയത്തെ 
വേദനയുടെ അരംകൊണ്ട് 
പാതിയായി അറുത്തപ്പോള്‍,
കവിതയായ് കരയുകയും 
മരണമായ്‌ മറയുകയും ചെയ്യ്ത ,
നിന്‍റെ ആത്മാവിലെ 
അനന്തമായ ദു:ഖസാഗരത്തെ 
ഈ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു !

കവിത

സ്നേഹത്തിന്‍റെ വിസ്ഫോടനങ്ങളില്‍
പലതായ് നുറുങ്ങിയ കണ്ണീര്‍ചിന്തുകളില്‍
തേടുകയാണ് ഞാനെന്‍റെ പഴയ കവിത !
ചിരിക്കുമ്പോള്‍ മൌനമായി മാറിനില്‍ക്കുകയും
വേദനിക്കുമ്പോള്‍ പ്രണയിക്കുകയും
ചെയ്യുന്ന എന്‍റെ കവിത .. !!

ബാല്യം

മാമ്പൂ കൊഴിയുന്ന 
മുറ്റത്തെ കളിക്കളത്തില്‍ 
മണ്ണപ്പങ്ങളും ചിരട്ടകളും 
നിരന്നുകിടക്കുന്നുണ്ട്
വഴിയരികിലെ 
ചെളിവെള്ളത്തില്‍ 
കാലിട്ടടിച്ച്‌ നടന്നപ്പോള്‍ 
ചിതറിയ മഴയുടെ 
കള്ളച്ചിരി കേള്‍ക്കാറുമുണ്ട് 
നമ്മള്‍ കണ്ണുപൊത്തിക്കളിച്ച 
തൊടിയലെ പൊടിമണ്ണില്‍ 
മായാതെ മറയാതെ 
കാലം കോറിയ ചിത്രങ്ങളും !
ഇന്നിന്‍റെ കുഞ്ഞുങ്ങള്‍ 
യു ടൂബിന്‍ വരാന്തയിലും
കാര്‍ട്ടൂണ്‍ സ്വപനങ്ങളിലും
വീഡിയോഗെയിം ചിന്തകളിലും 
കാലൂന്നി നടന്നപ്പോള്‍ 
അമ്മയുമച്ഛനും കാട്ടിക്കൊടുക്കാന്‍  
മറന്ന ,നിറമുള്ള 
ഓര്‍മ്മകളില്‍ 
എന്‍റെ ബാല്യം തിളങ്ങാറുണ്ട് !

ഋതുക്കള്‍ക്കിടയില്‍ നാം

ഞാനും , മനുവും (   http://manu-nellaya.blogspot.com/  )തമ്മിലുള്ള ഒരു ചാറ്റില്‍ നിന്നും വിരിഞ്ഞ ഒരു കവിതക്കുഞ്ഞാണിത് .....ഞങ്ങള്‍ എഴുതിയത് 


ഇന്നു വേനല്‍ 
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന 
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !
നാളെ മഴ
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !
നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട്‌ കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.. !
താരാട്ട് പോലെ
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...

അര്‍ച്ചന

മഞ്ഞുപാളികള്‍ മൂടും മുന്‍പ്,
മണ്ണോടു ചേരും മുന്‍പ്,
കാറ്റിലലയും മുന്‍പ്,
ഓരോ പൂവും
ഭൂമിയില്‍ വസന്തം തീര്‍ക്കുന്നു !
ശലഭങ്ങളതുത്സവമാക്കുന്നു ..
വാടിവീഴും മുന്‍പേ
ചെറിയൊരു ജന്മം കൊണ്ടൊരര്‍ച്ചന !

ആ നിമിഷം

രണ്ടു പുഴകളായ്‌ ,
ഭ്രാന്തിന്‍റെ ഒഴുക്കായ് , 
സ്വപ്നങ്ങളുടെ പ്രളയമായ്, 
വഴിപിരിഞ്ഞ് വേര്‍പെട്ട് 
ദൂരെയൊരു മരീചിക തേടിയ 
നമ്മള്‍ ഒരുമിച്ച് 
കവിതയുടെ വേരുകളില്‍ തട്ടി നിന്നു... 
ആ നിമിഷം !!

Saturday, September 15, 2012

തീരവും നക്ഷത്രങ്ങളും

കടല്‍ പാടുന്ന
തീരങ്ങളില്‍ കണ്ണുംനട്ടിരിക്കാന്‍
മണല്‍ത്തരികള്‍ക്കു കൂട്ടായി ,
അത്രത്തോളം നക്ഷത്രങ്ങളും !!
പകലില്‍ മറഞ്ഞും
രാവില്‍ തെളിഞ്ഞും !! 

കലാകാരന്‍

താളുകള്‍ക്കുള്ളില്‍
ചോരയില്‍ മുങ്ങി
പിടയുന്ന വാക്കുകളെ
താങ്ങിയെടുക്കുന്നവാനാണ്
കലാകാരന്‍ !!

അമാവാസി

വഴിയിലിരുള്‍ 
ബോധമറ്റവനെ പോലനന്തമായ് 
ശയിക്കുമ്പോള്‍,
കിനാവുണരാന്‍ മടിക്കുന്ന 
രാത്രിയാമങ്ങളില്‍ 
പൂക്കാന്‍ മറന്ന മൊട്ടുകള്‍ !
പൂര്‍ണ്ണതയില്‍ നിന്നുo 
ശൂന്യതയില്‍ മറഞ്ഞ 
നിലാക്കിണ്ണത്തെ 
ധ്യാനിച്ചു നിശ്ചലമായ
ഓളക്കൈകള്‍ !
വെളിച്ചത്തിലേയ്ക്കുണരാന്‍
കൊതിച്ച്
അമാവാസിയായി ഓര്‍മ്മകള്‍
ഈ നെഞ്ചിലും നിറയുന്നു ! 

Friday, September 14, 2012

അമ്മയുടെ മടിയില്‍

കണ്ണു തുറന്നപ്പോഴേ 
എന്നിലേയ്ക്ക് വീണ 
അമ്മയുടെ ആനന്ദാശ്രുവും 
ചുടുചുംബനവുമായിരുന്നു 
ജീവിതത്തിലെ ആദ്യത്തെ സമ്മാനം !! 
കാലുറയ്ക്കും മുന്‍പേ, 
അമ്മ അണിയിച്ച 
നിറയെ മണിയുള്ള കാല്‍ത്തളയും, 
കവിളത്തെ മറുകും രണ്ടാമത്തേതും !! 
ഇന്നുമാ കുഞ്ഞായി 
അമ്മയുടെ മടിയില്‍ ഓര്‍മ്മകള്‍ ... !!

ചേമ്പില

മഴയ്ക്ക്‌ ചേമ്പിലയോട്
വല്ലാത്ത പ്രണയം !
ഇടിയായും
മിന്നലായും
മുന്നില്‍ നൃത്തമാടി !
സന്തോഷിച്ചില്ല !
സംഗീതമായും
കണ്ണീരായും
പിന്നാലെ കൂടി !
കനിഞ്ഞില്ല !
നനയാതെ നനയാതെ
ഒടുവിലൊരു വെയില്‍ വന്നു
തൊട്ടുരുമ്മി നിന്നപ്പോഴേയ്ക്കും
പാവം വീണു പോയി !

ഹര്‍ത്താല്‍ മാമാങ്കം

മാറുന്ന ട്രെണ്ട്കള്‍ക്കൊപ്പം
മാറുന്ന ചിന്തകളില്‍ 
ഇന്നത്തെ വിജയി ഹര്‍ത്താലാണ് !
വെട്ടിക്കൊന്നും 
ഒന്നുമറിയാത്തവന്‍റെ കരളു 
ചുട്ടുതിന്നും ജയിച്ചവന്‍ ,
അത്താഴപട്ടിണിക്കാരന്‍റെ 
ചെറുകടയിലെ കണ്ണാടിചില്ല് 
അടിച്ചു തകര്‍ത്തും ,
വഴിയാത്രക്കാരന്‍റെ തലയെറിഞ്ഞു 
പൊട്ടിച്ചും 
വിജയമാഘോഷിക്കുന്നുണ്ട് !
തെരുവുനായയെ പോലെ   
വെട്ടേറ്റു പെരുവഴിയില്‍ 
അലറിക്കരയുന്നവന്‍റെ 
തലയ്ക്കല്‍ പതാകകളുമായി 
മുദ്രാവാക്യം വിളിച്ച് 
ഹര്‍ത്താലിനെതിരെ ഹര്‍ത്താലുമായി  
രാഷ്ട്രീയം രംഗത്ത് !
ജയിച്ചവനും തോറ്റവനും ചുറ്റും  
ക്യാമറപ്രത്യക്ഷണം നടത്തുന്നുണ്ട് 
ചാനല്‍വീരന്മാര്‍ ,
കണ്ണീരും വിലാപവും 
ഉപ്പും എരിവും ചേര്‍ത്തു കാണികള്‍ക്ക് 
സ്വാദോടെ വിളമ്പണമല്ലോ !
പുര കത്തുമ്പോള്‍ വാഴനടാന്‍  
പെട്രോളിനും, ശ്വസിക്കുന്ന വായുവിനും 
വിലയിട്ട് ,
ജനപ്രതിനിധികള്‍ കീശനിറയ്ക്കും !
ഈ ഗണങ്ങളില്‍ പെടാത്തവര്‍ 
യുദ്ധഭൂമിയില്‍ പുഴുക്കളെ പോലെ 
അരിച്ചു നടക്കുന്നു ,
അടുത്ത ഹര്‍ത്താലിന്‍റെ ഇരകളാകാന്‍ !!

ചെമ്പരത്തി

അവന്‍റെ 
ചങ്കിലെ ചോരയ്ക്കും 
ഹൃദയത്തിന്‍റെ മതിലിനും 
നിറം കുറഞ്ഞിട്ടും , 
ചെമ്പരത്തി മാത്രം 
ഇന്നും അതേ ചുവപ്പോടെ 
വിടരുന്നുണ്ടല്ലോ ?
കടുപ്പം കുറയാത്ത 
പ്രണയത്തിന്‍റെ ശവദാഹം 
കഴിഞ്ഞത് അറിഞ്ഞിട്ടുണ്ടാവില്ല !
വീമ്പു പറയാനും 
സ്നേഹത്തിനു വിലപേശാനും 
കളിയാക്കിയിട്ടിപ്പോ ,
അവന്‍റെ ഹൃദയത്തേക്കാളും 
സുന്ദരമായി 
വിടരുന്ന ചെമ്പരത്തി ... !! 



ഊന്നുവടി

പണ്ടോടിക്കളിച്ചപ്പോള്‍ 
പുച്ഛം മാത്രം നിന്നോട് !
പാതി കാഴ്ച്ച കാലമെടുത്തപ്പോള്‍ 
പാതി ജീവന്‍ രോഗം കവര്‍ന്നപ്പോള്‍ 
പാതി ആത്മാവ് പ്രിയതമയോടൊപ്പം 
ഒഴുകിമറഞ്ഞപ്പോള്‍ !
വരണ്ടും തളര്‍ന്നും വിറയ്ക്കുന്ന 
കൈത്തണ്ടയിലൊരു താങ്ങായി 
ഇന്നെന്നോടൊപ്പം നീ മാത്രം !
വിഹ്വലതകള്‍ക്കെല്ലാം സാക്ഷിയായ് 
മൌനിയായ് ,
സന്തേഹമേതുമില്ലാതെ 
ചിതയിലേയ്ക്കുള്ള യാത്രയിലെനിക്കൊപ്പം 
പിരിയാതെ ... !!

പ്രകൃതി

മഴ പെയ്യ്തു നനഞ്ഞ മണ്ണില്‍ ,
നഗ്നപാദയായ് നടക്കുമ്പോള്‍, 
കിനാക്കൂടുകള്‍ ചോര്‍ന്നൊലിക്കുന്ന 
മരച്ചില്ലകളുടെ തണലില്‍ക്കൂടി,
മുടിയിഴകളില്‍ കാറ്റു പാടുന്ന ഈണം തേടി 
മഴ ബാക്കിവച്ച കണങ്ങള്‍ ഇറ്റുമ്പോള്‍
മനസ്സ് പാടുന്ന മൌനത്തിന്‍റെ പാട്ടില്‍
പ്രകൃതി എന്നെ ആശ്ലേഷിക്കുന്നു... !!

Autumn breeze

Trees started shedding down the leaves in this autumn breeze ... 
my soul is singing the songs of eternal silence.. 
and now let the rays of moon, embrace me and melt in my being !

Thursday, September 13, 2012

നീയും

ഇനിയീ ജന്മത്തിന്‍റെ  ചില്ലകളില്‍ 
പിരിഞ്ഞിട്ടും പിരിയാതെ 
ഒടിഞ്ഞു തൂങ്ങിയൊരു ശിഖരമായി 
വേര്‍പാടായ് നീയും !
നിന്നില്‍ കൂട് കൂട്ടിയ എന്‍റെ  
രാപ്പക്ഷിയുടെ നോവും !

Wednesday, September 12, 2012

കണക്ക്

പരീക്ഷകളുടെ പരീക്ഷണങ്ങളില്‍
തളര്‍ത്തിയിടുന്ന ചോദ്യപ്പേപ്പറുകളില്‍
നോക്കെത്താ ദൂരത്തോളം
നീണ്ടു നിവര്‍ന്നു കിടന്ന അക്കങ്ങളിലേയ്ക്ക്
ബുദ്ധിക്കു കടന്നു ചെല്ലാനാവാഞ്ഞതില്‍
കണക്കുടീച്ചര്‍ വടിയെടുത്ത നാളുകള്‍ ഓര്‍ത്തപ്പോള്‍
ഇന്നും പിഴയ്ക്കുകയാണല്ലോ കണക്കുകളെല്ലാം !

പെരുമഴ

ഇന്നലെ നീയൊരു പെരുമഴയായിരുന്നു
ഒരായിരം തുള്ളികളുടെ കരുത്തോടെ 
എന്നില്‍ പെയ്യ്തിറങ്ങിയ നീയൊരു 
അസ്ത്രം പോലെയും മനസ്സു പിളര്‍ന്നു !
നിണമൊഴുകുന്ന രക്തക്കുഴലുകളില്‍ 
ഭയപ്പെടുത്തുന്ന ഇടിയായി മുഴങ്ങി 
നീയെന്നോട് ചേര്‍ന്ന്.. എന്നിലേയ്ക്ക്!
ഇന്നലെയുടെ ചിന്തകളുടെ  ഭസ്മമൊഴുക്കി- 
കൊണ്ടൊരു പ്രളയവേഗം !
നിന്‍റെ കൊടുംകാറ്റില്‍ ഞാനൊരു 
കൊഴിഞ്ഞഇലയും ,
നിന്റെ ചുംബനങ്ങളുടെ മിന്നലില്‍ 
ഉരുകിയൊരു വെണ്ണയായും !
ഒരു നാളും നിലയ്ക്കാതെ 
പെയ്യുന്ന നിന്‍റെ  പ്രണയത്തിന്‍റെ  തീവ്രതയില്‍ 
ഇതുവരെ നീന്താത്ത ആഴങ്ങളില്‍ ,
നനയാതെ നനയുന്ന ബോധത്തിന്‍റെ നൂല്‍പ്പാലത്തില്‍ ,
നിന്റെ കിതപ്പുകളില്‍
ഋതുഭേതങ്ങളില്ലാതെ ... !!

ഇത്തിള്‍ക്കണ്ണി

മലമേടുകളുടെ മാറില്‍ 
ആര്‍ത്തുതഴച്ചു പൂവിട്ട 
വാകമരത്തിന്‍ ചങ്കിലെ 
ചോരയൂറ്റിയോരിത്തിള്‍കണ്ണി
പടര്‍ന്നു കയറുന്നു !
കൊഴിഞ്ഞ പൂക്കളോടൊപ്പമൊടുവില്‍ 
ആ വനവൃക്ഷവും 
മണ്ണിലൊരോര്‍മ്മയായ് 
മണ്ണായ് !

ആതുരാലയം

ഓരോ മുറികളും
ഓരോ തേങ്ങലായിരുന്നു 
പുഴുക്കളും വൃണങ്ങളും 
പൊള്ളലുകളും 
വേദനിച്ചു  നിലവിളിക്കുന്നു !
വാര്‍ഡുകളില്‍ 
അവശമായ വര്‍ത്തമാനങ്ങളും 
അസാധാരണമായ സഹനവും,
ലേബര്‍റൂമിന്‍റെ വാതിലുകള്‍ക്കിടയിലൂടെ 
മൌനത്തെ തകര്‍ത്ത്
വഴുവഴുപ്പില്‍ 
കരഞ്ഞുപിടയ്ക്കുന്ന 
അമ്മമാരും കുഞ്ഞുങ്ങളും !
വീല്‍ ചെയറിലൊരു 
വാര്‍ദ്ധക്യം ഇഴയുന്നു !
ഇന്‍റെസീവ് കെയര്‍ യൂണിറ്റിലെ 
പ്രതീക്ഷ തോര്‍ന്ന ചിരിയും !
മരുന്നും കണ്ണീരും മണക്കുന്ന 
വരാന്തയിലൂടെ,
ചിറകരിയപ്പെട്ട മാലാഖമാര്‍ 
കിതച്ചുകൊണ്ടോടുന്നു 
വെപ്രാളത്തോടെ ഒഴിഞ്ഞു പോകുന്നൊരു 
ജീവനെ പിടിച്ചു നിറുത്താന്‍ !
ഇതെല്ലാം കണ്ടട്ടഹസിക്കുന്നു 
കാലവും കാലന്മാരും !

ഏപ്രില്‍രാത്രി

ഏപ്രില്‍ കരിഞ്ഞു വീണ
വഴിയിലെവിടെയോ
ഒരു രാത്രിയാണ്
നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലെന്‍റെ
സ്വപ്നവുമൊളിച്ചത്  !

ഋതുമതി

കുപ്പിവളമുറികളും
ചിരട്ടയും കളിപ്പാട്ടങ്ങളും
നിറങ്ങളും
ചിത്രങ്ങളും നിറഞ്ഞ
അവളുടെ ബാല്യത്തില്‍
പ്രണയത്തിന്‍റെ
ചോരക്കറ വീഴ്ത്തി,
പുസ്തകത്താളുകളും
പ്രണയാക്ഷരങ്ങളും
മയിപ്പീലികളുമായി
കൌമാരം !

Tuesday, September 11, 2012

ശംഖുപുഷ്പം

നമുക്കിടയില്‍ നീ വരച്ച
അതിര്‍വരമ്പുകളില്‍ ഒന്നുമറിയാതെ
നിന്‍റെ നിഷ്കളങ്കതയോടെ 
ഒരു ശംഖുപുഷ്പം വിരിഞ്ഞു !

വസന്തം


മനോഹരീ ഭൂമീ ,
നിന്‍റെ ഋതുവേഗങ്ങളില്‍
എത്ര കൊഴിഞ്ഞാലും
തളരാതെ പൂക്കുന്ന
ചന്ദനഗന്ധമുള്ള വസന്തം,
പ്രണയിക്കാന്‍
പഠിച്ചിരുന്നെങ്കിലൊരു നാളും
മണ്ണ് മൂടാതെ
പരിലസിക്കുന്നൊരു
പൂവിടര്‍ന്നേനേ !
എങ്ങും പരക്കുന്ന
പരാഗരേണുവാ പൂവിനെ
ചുംബിക്കാന്‍ കൊതിക്കുന്ന
ശലഭച്ചിറകുകളിലൊളിക്കും !
തിടുക്കത്തിലോടുന്ന
കുളിര്‍ക്കുടങ്ങളില്‍ നിന്നെങ്ങും 
തുളുമ്പി വീഴുന്ന
പുലരിമഞ്ഞുകണങ്ങളെ
പുതപ്പായി മൂടുന്ന കോടമഞ്ഞ് 
രാവില്‍ ചേക്കേറുന്ന
കൂമ്പിയ ദളങ്ങള്‍ക്കുള്ളില്‍
വസന്തം പാടും !
ഇലകളെ തുടുപ്പിച്ച്
പൊടിയില്‍മൂടുന്ന
ശീതക്കാറ്റിന്‍ ക്രോധത്തിലുമൊരു
മൊട്ടായി ,
വാടി വീഴാതെ ,
ഭൂമീ നിന്‍റെ വസന്തത്തിലൊരു പ്രണയം .. !

കനലായ് എന്നില്‍


ആണ്ടുകളുടെ ആജ്ഞതയ്ക്കൊടുവില്‍ 
എന്‍റെ ജീവന്‍ പൊള്ളുന്ന നെരിപ്പോടില്‍ ,
നിന്നില്‍ നിന്നും നിന്നെ അടര്‍ത്തിയെടുത്ത്,
സ്വയമെരിയാനൊരു കനലായ് ജനിച്ചത്‌ 
എന്‍റെ പ്രണയമേ നീയോ ?

ഇനി നമ്മളൊരു ജ്വാലയായ് 
പുകച്ചുരുളുകളിലൊരു ജപമായ് ,
കുന്തിരിക്കം പോല്‍ പുകഞ്ഞുതീരാമല്ലേ !
പരസ്പരം ചുറ്റിപ്പുണര്‍ന്നൊന്നായ്‌
ഭൂമിപകുത്ത് ആകാശങ്ങള്‍ താണ്ടി മറയാം !

Monday, September 10, 2012

കണ്ണാടിക്ക് വേണ്ടിയിരുന്ന കഴിവ്

കണ്ണിന്നുറവയെന്‍റെ കാഴ്ച്ച
മറയ്ക്കാതിരുന്നെങ്കില്‍.. ..!!..,
എന്‍റെ കണ്ണാടിയുടെ വൈരൂപ്യത്തില്‍
മനസ്സിന്‍റെ സൌന്ദര്യം കൂടി കാട്ടിയിരുന്നെകില്‍ .. !

ഇല

കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞു പിടഞ്ഞ
ഓരോ ഇലയിലും ,
ജീവന്‍റെ ഓര്‍മ്മകള്‍
കരിഞ്ഞുതുടങ്ങുന്നത് കാണാം !

പര്‍ദ

ഉടല്‍ പൊതിഞ്ഞ 
കറുപ്പിന്‍റെ വിശുദ്ധിയില്‍ 
ഒളിച്ചിരുന്ന് 
കണ്ണുകള്‍ തിളങ്ങുന്നത് 
നന്മയിലേയ്ക്ക് മാത്രമെങ്കില്‍, 
മനസ്സു പരതുന്നത് 
പവിത്രത മാത്രമെങ്കില്‍, 
കൈകള്‍ കറപുരളാത്തതെങ്കില്‍ 
കാലത്തിനൊപ്പം പടിയിറങ്ങുന്ന 
കറുപ്പുടയാടയ്ക്കും 
എന്‍റെ ആദരവ് ! 

ഒരേട്ടന്‍റെ ഓര്‍മ്മയില്‍

കാര്‍മേഘക്കാടുകള്‍ വിണ്ണില്‍
തങ്ങി നിന്നൊരു
മഴക്കാലരാത്രിയില്‍, 
ഏട്ടന്‍റെ രോമം നിറഞ്ഞ നെഞ്ചിലൊരു 
കഥ കേട്ടുറങ്ങിയ ബാല്യത്തിന്‍റെ
ഓര്‍മ്മകള്‍,
പിന്തുടര്‍ന്നു മുറിവേല്‍പ്പിക്കുന്ന
ജന്മത്തിന്‍റെ നിശബ്ദവിലാപമാണ്‌ ഞാന്‍ !
വിധിയൊരു പ്രളയമായ്
കുത്തൊഴുകി കൊണ്ടുപോയപ്പോള്‍
എന്നെ മാത്രമായി
മരണത്തിന്‍റെ വാതിക്കല്‍
ഉപേക്ഷിച്ചു പോകാന്‍ മാത്രം,
അന്യനായിരുന്നോ ഞാന്‍ !
ഏട്ടന്‍റെ ചൂടോടു ചേര്‍ന്ന്
മരണത്തിന്‍റെ കൂരിരുട്ടിലേയ്ക്ക്
നടക്കാന്‍ ഭയമിനിക്കില്ലായിരുന്നല്ലോ ?
ആ സ്നേഹക്കടല്‍ അലയായി
അടിച്ചുകയറി വേദനിപ്പിക്കാത്ത
നിമിഷങ്ങള്‍ ഹൃദയഭിത്തിയിലില്ല !

കവിഹൃദയം

എഴുതിയപ്പോള്‍
തെളിഞ്ഞു വന്ന വാക്കുകള്‍ക്കും,
ഉള്ളിലൊരു നോവായി 
കുത്തിത്തുളച്ചിറങ്ങി മുറിവേല്‍പ്പിച്ച്,
ചാപിള്ളയായി 
മനസ്സില്‍ വിങ്ങുന്ന അക്ഷരങ്ങള്‍ക്കുമിടയില്‍ 
ഇനിയുമെന്തോ തേടി അലയുന്ന 
ഹൃദയം കവിയുടേതാണ് !

കരിമഷി

ആഴത്തിനതിരു പണിതപോല്‍
നിറമിഴികളിലൊരു മതിലു 
കെട്ടിയിന്നലെ,
കരിമഷി കൊണ്ടവള്‍ !
കഥകളായിരം പറയാന്‍ തുടങ്ങിയത്
കരിമഷി പുരണ്ട കണ്ണുകളാണെന്നവനാണ് 
ആദ്യം പറഞ്ഞത് !
വാക്കുകളുടെ സൌന്ദര്യത്തില്‍ മയങ്ങി
വീണു ചെളി പുരണ്ടപ്പോള്‍
കണ്ണ് കലക്കിഒഴുകിത്തുടങ്ങിയതും
കരിമഷിചന്തം തന്നെയായിരുന്നില്ലേ ?
അറിഞ്ഞോ അറിയാതെയോ
പിന്നെ കൈത്തണ്ടയിലായി സ്ഥാനം !
അവള്‍ തൊട്ടിടമെല്ലാം
കരിയായും, കറയായും,
പിന്നെ അവളുടെ മകളുടെ
കവിളിലെ തടിച്ച വട്ടമായും
കരിമഷിയുടെ പുതിയ കഥ !

ആതുര

കണ്ണീര്‍പ്പെരുമഴയില്‍ ആതുരയായെന്‍റെ
വാക്കുകളെ ,
നിന്‍റെ മഹാമൌനം വസന്തമായ്‌ പൊതിയുന്നു !

Sunday, September 9, 2012

കടലും കണ്ണീരും

നിറഞ്ഞ മിഴികള്‍ക്കും
കടല്‍ത്തിരകള്‍ക്കും 
ഓര്‍മ്മകള്‍ക്കും 
ഒരേ ഗന്ധമാണ് 
ഒരേ വേദനയും ഗദ്ഗതവുമാണ് !
ഹൃദയം നീറുമ്പോഴൊക്കെ 
തീരത്തിറ്റു വീഴുന്ന 
കണ്ണീരുപ്പെല്ലാം  
സന്ധ്യകളില്‍ 
കടലേറ്റുവാങ്ങാറുണ്ടായിരുന്നു !

സൌന്ദര്യം

നക്ഷത്രങ്ങള്‍ പൂക്കുന്ന
താഴ്വാരങ്ങളില്‍ നിന്നും
കിതച്ചു വന്ന കാറ്റു മുത്തി
ഇല കൊഴിച്ച
കുന്നില്‍ നെറുകിലെ
മരച്ചില്ലയില്‍
പെയ്യുന്ന വേനല്‍ മഴയുടെ
സൌന്ദര്യമാണ്
എനിക്ക് നിന്നോടുള്ള പ്രണയം !

അര്‍ത്ഥം

ബന്ധങ്ങളുടെ ബന്ധനങ്ങളില്‍നിന്നും
സ്വതന്ത്രവിഹായസ്സിലേയ്ക്ക്
ചിറകടിച്ചുയരുന്ന പക്ഷിയാവട്ടെ ഞാന്‍ !
മനസ്സിനെ പിന്തുടര്‍ന്ന് വേട്ടയാടുന്ന
നിങ്ങളെയ്യുന്ന കൂരമ്പിന്‍ വേദനയെക്കാളും ,
അങ്ങ് ദൂരെ ഏകാന്തതയില്‍ ഞാനറിയുന്ന
നോവിനാണ് അര്‍ത്ഥങ്ങളേറെ !

ഈ അപൂര്‍ണ്ണമായ കവിതയുടെ തീരം


മനസ്സിലൊരു അപൂര്‍ണ്ണമായ കവിത
കയറിപ്പറ്റുന്ന നിമിഷങ്ങളുണ്ട് !
എവിടെനിന്നൊക്കെയോ വാക്കുകളുടെ 
പെരുമഴ നനഞ്ഞ് ,
ഈറനണിഞ്ഞ്, 
ഹൃദയത്തിന്‍റെ ഇറയത്ത്  
ഓരം ചേര്‍ന്ന് നില്‍ക്കുന്നൊരു കുളിരായി !!
എന്‍റെ ഏകാന്തതകളെ 
പൂക്കാലങ്ങളും ,
മഴക്കാലങ്ങളുമാക്കുന്ന 
അക്ഷരച്ചെപ്പിന് ,
പ്രണയത്തിന്‍റെ നിറവും  
കാ‍ന്താരിമുളകിന്‍റെ എരിവും ,
കുന്നിമണിയുടെ കറുപ്പും ,
കടലിന്നാഴവും ,
ആകാശത്തിന്‍റെ അനന്തതയുമാണ്  !
ഞാനൊരു കവിയാകുമ്പോള്‍,
തൂലിക,
ഓര്‍മ്മകളുടെ കാണാക്കയങ്ങളുടെ കരയില്‍,
കണ്ണുപൊത്തി ഏങ്ങിക്കരയുന്നതും 
കാണാറുണ്ട് !
എങ്കിലും ഓര്‍മ്മകള്‍ കരയാത്ത 
സ്വപ്‌നങ്ങള്‍ കരിയാത്ത 
മഹാ മൌനത്തിന്‍റെ 
വിശുദ്ധ പ്രണയത്തിന്‍റെ  കരയിലാവണം 
എനിക്കുമെന്‍റെ കവിതയ്ക്കും 
നീ ചിതയൊരുക്കേണ്ടത് !
ആ തീരം തേടി ഞാന്‍ പോവുകയാണ് !

Saturday, September 8, 2012

വിത്ത്‌


കാലം വലിച്ചെറിഞ്ഞൊരു ചതുപ്പില്‍ നിന്നും,
മേഘക്കെട്ടുകള്‍ താഴ്ന്നു വന്നു വിശ്രമിക്കുന്ന
ചില്ലകള്‍ വളര്‍ത്തി ,
മഴ പെയ്യുമ്പോഴൊക്കെ,
സ്നേഹത്തിന്‍റെ പന്തലായി പൂത്ത് നിന്ന് ,
ഒരായിരം കിളിക്കുഞ്ഞുങ്ങളെ
അടവച്ച് വിരിയിച്ച്,
തണലാവുന്നത് സ്വപ്നം കണ്ടൊരു
വിത്താണ് ഞാന്‍ !
നിന്‍റെ ലോകത്തിലേയ്ക്ക്
കണ്ണൊന്നു ചിമ്മും മുന്‍പേ,
തീയിട്ടു നീയെന്‍റെ സ്വപ്നം കത്തിച്ചു !

my sweet song

there is no way that I can prevent my soul from growing into yours and deepening its roots in the pain of love ! every time, i search the paths away from you, i find myself lost and empty ! There were days, I would rather like to be resided in the silence of a lonely morning, or the melody of the guitar in the dawns ! surprisingly, my love, i could find a sensation of eternity were everything around makes me feel that you are around me with your warmth ! With you i am nothing, but a light beautiful flower that floats on the depth of love. ! You are nothing but my sweet song ... !! ♥ ♥

ഒരു വേള

ഒരു വേള... 
ഒരു വേള മാത്രം 
എന്നെ നീ അറിഞ്ഞിരുന്നെങ്കില്‍... , 
ഒരു സ്വപ്നത്തിന്‍റെ 
പുറം തോടു പൊട്ടിച്ചു 
ഞാന്‍ നിന്നിലേയ്ക്ക് ഇഴുകിയേനെ !

Friday, September 7, 2012

പൊന്നുണ്ണി

ഈ വിരല്‍ത്തുമ്പില്‍ തൂങ്ങിയവന്‍
സ്കൂളിന്‍റെ പടിയേറിയതും
അമ്മേയെന്നു കൂക്കി വിളിച്ചോടി
വന്നെന്‍റെയെളിയില്‍ കയറിയതും
നിറുകയില്‍ തുരുതുരാ ഉമ്മകള്‍ 
ഞാനവനു നല്കിയതും
പനിയാല്‍ വിറച്ചവനായി ഞാന്‍
രാവുപുലരുവോളം നാമംജപിച്ചതും
ഇന്നലെയായിരുന്നില്ലേ ..
ഉണ്ണി, കൈ വളര്‍ന്നതും
മേനി വളര്‍ന്നതും കണ്ടമ്മ എത്രയോ
ആനന്ദത്താല്‍ നോക്കിനിന്നു.. !
താങ്ങായും തണലായും നിന്നെന്നെയും
നിന്നെയും പോറ്റിയച്ഛന്‍ മണ്‍മറഞ്ഞപ്പോഴും ,
കണ്ണീരൊഴുക്കാതമ്മ നിന്നെ
വളര്‍ത്തിയത് സ്നേഹം കൊണ്ടല്ലേ ഉണ്ണി !
ഇന്നീ വൃദ്ധസദനത്തില്‍
കൂട്ടരോടോത്തു പണമേറെ ചിലവാക്കി
നീ എന്നെയാക്കിയതും
നിന്‍റെ സ്നേഹം കൊണ്ടല്ലേ ഉണ്ണി !
രോഗിയായതും,ഇനി നിന്നെ
പോറ്റാനാവാത്തതും ,
കൂടെ നിന്നാല്‍ ഭാരമായെങ്കിലെന്നമ്മയ്ക്കും
ഭയമായിരുന്നു...
ഇങ്ങിവിടെ ഞാന്‍ നിന്നെയോര്‍ക്കാതെ
നിമിഷമേതും കടന്നുപോവാറില്ലുണ്ണി ..
നീ ഉണ്ടുവോ , ഉറങ്ങിയോ ,
ദേവനെ പൂജിച്ചോ ..
ഒരായിരം ചോദ്യങ്ങള്‍ അമ്മതന്‍ നെഞ്ചില്‍
അമ്പായിറങ്ങുന്നുണ്ണി !
ഒരുവേള നിന്നിളം വിരലുകളീ
പൊള്ളുന്ന നെറ്റിമേല്‍ താഴുകിയിരുന്നെങ്കിലമ്മ
പുഞ്ചിരിയോടെ ഇഹലോകം വെടിഞ്ഞേനെ !
എങ്കിലും എനിക്കറിയാമുണ്ണി 
നിനക്ക് തിരക്കാണെന്നും ,
അമ്മയെ കാണാന്‍ വരാന്‍ സമയമില്ലെന്നും !
പൊന്നുണ്ണി, അമ്മയ്ക്ക്
നിന്നെ അത്രയ്ക്കിഷ്ടമാണ് !

പ്രണയത്തിന്‍റെ വേദന

വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരാളെനിക്ക് ഹൃദയം നിറയെ
വേദന സമ്മാനമായി തന്നു !
ഇത്രയും കാലമെടുത്തു
അതൊരു വിലപ്പെട്ട സമ്മാനമായിരുന്നു
എന്ന് മനസ്സിലാക്കാന്‍ !
ഓര്‍മ്മപ്പെട്ടിയില്‍ ഞാന്‍ താലോലിക്കുന്ന
നീയെന്ന സമ്മാനം ! 

കലാലയത്തിലെ വിശുദ്ധപ്രണയം

കലാലയപ്പടവുകളില്‍
ആരുമറിയാതെ നിന്നെ
ഒളികണ്ണിട്ടു നോക്കിയതും,
പൂമരച്ചോടുകളില്‍ തനിയെ
നിന്നെയോര്‍ത്തെഴുതിയ
ജീവാക്ഷരങ്ങളും ,
പുസ്തകത്താളുകളില്‍
സ്വപ്നങ്ങള്‍ പോലെ
നിന്‍റെ പേരുകുറിച്ചതും ,
ഓര്‍മ്മകളായി
ഓടോഗ്രഫിന്‍റെ ഒരു കോണില്‍ നിന്നും
കണ്ണീരോടെ എന്നെ ഉറ്റുനോക്കാറുണ്ട് !
എന്‍റെ ജീവിതം ആ തുണ്ടുകളിലായിരുന്നു !

മത്സരം

മനുഷ്യന്‍റെ
കയ്യിലൊതുങ്ങാത്ത
മനസ്സില്‍ തികയാത്ത
നീലാകാശപ്പരപ്പിന്‍റെ വിശാലത
കടം വാങ്ങിയ
ഓളക്കൈകളുള്ള
നീലക്കടലിനോടെന്‍റെ
കണ്ണുകള്‍ മത്സരിക്കുന്നു !!

ഓര്‍മ്മകളിലുടക്കിയ ജീവന്‍

കടലിന്നാഴമളക്കുന്ന മത്സ്യകന്യകേ ,
തിരികെ വരുമ്പോള്‍,
തീരത്തെന്‍റെ പ്രണയം കൊണ്ടെഴുതിയ
അവന്‍റെ  പേരും ,
എന്നില്‍ നിന്നും ദൂരേയ്ക്ക് മറഞ്ഞ
അവന്‍റെ കാല്‍പ്പാടുമെടുത്തു വരുമോ ?
കടലമ്മയുടെ കൊട്ടാരത്തിലേയ്ക്ക്
തിരയെടുത്തു പോയ ആ ഓര്‍മ്മകളില്‍
എന്‍റെ ജീവനുമുടക്കി കിടപ്പുണ്ട് !

വെള്ളത്തിലെ മരങ്ങള്‍


പ്രകൃതി കരിയുന്ന വേനലില്‍
കായലിന്‍റെ ഓരം ചേര്‍ന്ന്,
മീന്‍ഞ്ഞുങ്ങള്‍ കളിക്കുന്ന
ചെളിവെള്ളത്തില്‍
നഗ്നരായ മരങ്ങളുടെ
നിഴലുകള്‍ ഓളങ്ങള്‍ക്കൊപ്പമാടുന്നു !

അമ്മയുടെ ഭയം

ജനാലക്കമ്പിയില്‍
നനവ്‌ പടര്‍ത്തി മഴപെയ്യ്തു തുടങ്ങുമ്പോള്‍,
ആധികേറുന്ന ഹൃദയമായിരുന്നു അമ്മയുടെത് !
കയ്യില്‍ ചോരുന്ന കുടയുമായി,
അച്ഛന്‍റെ സൈക്കിളില്‍ ,
ആ സ്നേഹത്തിന്‍റെ  ഒക്കത്തിരുന്ന്
മുറ്റത്തെത്തുവോളം
മഴയെ അമ്മയ്ക്ക് ഭയമായിരുന്നു !

Thursday, September 6, 2012

ക്യൂ

തുള്ളി മഞ്ഞ്,
മഞ്ഞ ഇല
ഒരു കഷ്ണം വെയില്‍,
ഒരു മഴവില്ല് ,
ഒരു പിടി സ്വപ്നം,
ചെറുതില്‍ നിന്നും വലുതിലേയ്ക്ക്
മരണത്തിന്‍റെ വാതിലില്‍ 
നീണ്ട ക്യൂവാണ് !

ഇന്നത്തെ മഴയില്‍

വാക്കുകളുടെ പുറംതോടില്‍
ഒച്ചിനെപ്പോലെ എനിക്ക് ചുരുണ്ടുകൂടണം 
ഭൂമിയുടെ സ്പന്ദനം കേട്ടിഴയുകയും
മരത്തൊലിയുടെ പരുപരുപ്പ്
നെഞ്ചോട് ഒട്ടിച്ചേര്‍ക്കുകയും ,
ഇന്ന് രാത്രിയിലാ മഴ 
നനയയുകയും വേണം !

വികൃതിക്കുട്ടികള്‍

ഹൃദയത്തിന്‍റെ  
നനുത്ത ചുവരില്‍,
സ്നേഹത്തിന്‍റെ 
മുനയുള്ള ചരലുകൊണ്ട് 
പേരെഴുതുന്ന വികൃതിക്കുട്ടികളുണ്ട് !
മായാതങ്ങനെ കിടക്കും 
കാലത്തെ മിഴിച്ചു നോക്കിക്കൊണ്ട്‌ !
പിന്നൊരനുഗ്രഹം പോലെ 
മറവിയുടെ പായല്‍ പുതച്ചുറങ്ങും !

ചുവപ്പ്

ഹൃദയത്തിന്‍റെ നിറം.
പ്രണയമെന്നും വിളിക്കും !
എനിക്ക് പ്രിയം 
മഞ്ചാടിക്കുരുവിന്‍റെതാണ് !
പകല്‍ രാത്രിയോട്‌ 
സല്ലപിക്കുമ്പോള്‍ 
വാനത്തിന്‍റെ കവിളുകള്‍ 
തുടുപ്പിക്കുന്ന സന്ധ്യയുടെ നിറം !
എന്‍റെ കവിതകളുടെ നിറം !

കല്‍പ്രതിമ

കൊടുംശൈത്യത്തില്‍,
തണുത്തു വിറയ്ക്കാതെ
തലയെടുപ്പോടെ നിന്നു
മഴയില്‍ ആവോളം നനഞ്ഞു,
എങ്കിലും കുതിര്‍ന്നില്ല
ഇരുളും വെളിച്ചവും
മാറിമാറി വന്നു പോയി
ഋതുക്കളും പലവട്ടം എത്തിനോക്കി
പിന്നെ തിരികെ നടന്നു
കളയും കാടും മൂടിവച്ചു
എങ്കിലും പരിഭവം സന്ധ്യേ
നിന്നോട് മാത്രമാണെനിക്ക് !
ഒരു തിരിവെളിച്ചത്തിന്‍റെ
വിശുദ്ധികൊണ്ടെന്‍റെ
ചുറ്റുമലങ്കരിക്കാന്‍ കാലങ്ങളായി
നീ മറന്നിരിക്കുന്നു !

Wednesday, September 5, 2012

സ്വപ്നം

വാക്കുകള്‍ ആത്മാവിന്‍റെ ഭാരം കൂട്ടുന്നു.
താഴുകയാണ് ഞാന്‍ ഒളപ്പരപ്പില്‍ നിന്നും ,
ചുഴിയിലേയ്ക്ക് ,
ഒരു കവിതയുടെ ആഴത്തില്‍ മുങ്ങി മരിക്കണമെനിക്ക് !
അതാണെന്‍റെ  സ്വപ്നം !

Tuesday, September 4, 2012

പിസ്താതോട്ടങ്ങള്‍ !

പൌര്‍ണ്ണമി രാവുകളില്‍,
നിലാവും ഭൂമിയും അനുരാഗത്തിലാഴുമ്പോള്‍ ,
സ്വപ്‌നങ്ങള്‍ വിടര്‍ന്നു പരിലസിക്കുമ്പോള്‍ ,
കണ്ണുകള്‍ ഇരുളില്‍ കുളിക്കാനിറങ്ങുമ്പോള്‍  ,
പിസ്താമരങ്ങള്‍ നിറഞ്ഞ വയലുകളില്‍ 
പ്രകൃതി പാടുന്ന പാട്ടു കേള്‍ക്കാമത്രേ ...!
നിലാവ് തൊടുന്ന രാത്രിയില്‍ മാത്രം,
തോട് പൊട്ടിച്ച് , 
വെളിച്ചം കുടിക്കുന്ന വിത്തുകളാണവ !

കാട്ടുചെടി

ദൂരങ്ങളെത്ര മാറ്റി നട്ടാലും
വേരുകള്‍ നിന്നിലേയ്ക്ക് മാത്രം,
നിന്‍റെ പ്രകാശത്തിലേയ്ക്കും  
ആ അനുരാഗത്തിന്‍റെ നനവിലേയ്ക്കും മാത്രം 
നീളുന്നൊരു കാട്ടുചെടിയാണ് ഞാന്‍ !
ചീവീടുകള്‍ പറ്റിപ്പിടിക്കുകയും
നിറുത്താതെ ചിലയ്ക്കുകയും ചെയ്യുന്ന 
വന്യതയില്‍ , പൂക്കള്‍ നിറയ്ക്കുന്ന 
വള്ളികളുടെ മൌനം 
ചുറ്റുപിണഞ്ഞുകയറുന്നൊരു കാട്ടുചെടി !

Monday, September 3, 2012

മനസ്സ് ഇടയ്ക്കിടെ ഇങ്ങനെയും

കാലം തെറ്റി വന്നൊരു മഴക്കെടുതിയില്‍
പൊട്ടിവീണ വൈദ്യുതിക്കമ്പി !
അതില്‍ കരിഞ്ഞുവീണ പ്രതീക്ഷകള്‍....

നിനക്കൊപ്പം


ദുഖത്തിന്‍റെയും വിലാപത്തിന്‍റെയും
വഴികള്‍ ഓടിക്കടക്കുന്നതിനിടെ
വസന്തം വഴിയരികില്‍
മരിച്ചു വീണത്‌ ഞാനറിഞ്ഞില്ല !
നക്ഷത്രങ്ങള്‍ കണ്ണടച്ച അമാവാസികളാണ്
രാവും പകലും മനസ്സിന്
തിരശ്ശീല വിരിച്ചിരിക്കുന്നത് !
ഇനിയുമാ വസന്തത്തിലേയ്ക്ക്,
കുളിരുള്ള പ്രഭാതത്തിലേയ്ക്ക്,
ഇരുള്‍ശീലയില്‍ കണ്ണ്ചിമ്മി വിരിയുന്ന
നിലാക്കുഞ്ഞുങ്ങളുടെ പ്രകാശത്തിലേയ്ക്ക്
എന്നാണെന്നെ നീ കൂട്ടിക്കൊണ്ടു പോവുക ?

Sunday, September 2, 2012

അഗ്നി,

ഉറങ്ങാന്‍ കിടന്ന തിരക്കിന്‍റെ 
ശാന്തതയിലേയ്ക്ക് മരണം 
ചുമന്നൊരു ടാങ്കര്‍ലോറി 
നിശബ്ദതയുടെ ഡിവൈഡറുകള്‍ 
തകര്‍ത്തുകൊണ്ട് ഇരച്ചുകയറി !
സായംസന്ധ്യയുടെ ഉറക്കച്ചവടില്‍,
മൃതി ആളിപ്പടര്‍ന്നു !
അഗ്നി,
വെറിയോടെ ഓടിയിറങ്ങി വിഴുങ്ങിയ 
തെരുവുകളില്‍ മാംസം ചിതറിയുരുകിയപ്പോള്‍ 
വെന്റിലേറ്ററില്‍  
പൊള്ളി വിറച്ച് മനുഷ്യജന്മങ്ങള്‍ 
ഈയാംപാറ്റകളെ പോലെ !

തെമ്മാടിക്കുഴിയിലെ സ്വപ്നം

വേര്‍പാടിന്‍റെ കഴുക്കോലില്‍
കൈകാലിട്ടടിച്ച്
നാവു കടിച്ചു മുറിച്ച് 
സ്വപ്നം ജീവനൊടുക്കിയത് 
അന്ധകാരം കട്ടപിടിച്ചൊരു 
രാത്രിയുടെ നിശബ്ധതയിലാണ് !
കാലങ്ങളോളം 
ഉന്മാദനൃത്തം ചവുട്ടിയാ 
പാദങ്ങള്‍ പതിഞ്ഞ തലച്ചോറില്‍ 
നിഴലുകള്‍ മുനകളായ് ആഴുന്നു ! 
തെമ്മാടിക്കുഴിയിലെറിഞ്ഞ 
സ്വപ്നത്തിന്‍റെ അഴുകിയ ശരീരം 
ഓര്‍മ്മകള്‍ കൂട്ടമായ്‌ അരിക്കുന്നു !
ദുര്‍ഗന്ധം വമിക്കുന്ന 
കരിഞ്ഞ പൂക്കള്‍ക്ക് മുകളില്‍ 
പതറിയൊരു ഗാനം വട്ടമിടുന്നത് 
എന്ത് തേടിയാണ് ?
പ്രണയാര്‍ബുദം ബാധിച്ച് ശോഷിച്ച
ഹൃദയമറുത്തു മാറ്റുവാന്‍
മറവിയുടെ വൈദ്യം വിധിയെഴുതി !
കാലമത് കേട്ട്
വിജയിയുടെ ഭാവത്തോടെ ഇരുളില്‍
ചിരിയടക്കിക്കൊണ്ട്
മറഞ്ഞുനില്‍ക്കുകയാണ് !
ഉള്ളിലിളകി മറിഞ്ഞാഘോഷിച്ച
സ്വപ്നത്തിന്‍റെ അസ്ഥിപന്ജരത്തില്‍
കണ്ണീരുകൊണ്ട് ബലിയിടുന്ന ഓര്‍മ്മകള്‍ !
വിധിയുടെ യുദ്ധക്കളത്തില്‍
മൃതപ്രായനായ ജീവന്‍റെ
വരളുന്ന തൊണ്ടയില്‍
ഗാഡമൌനത്തിലൊരു പാട്ട് !

Saturday, September 1, 2012

മഴവില്ല്

മനസ്സിന്‍റെ അനന്തമായ ആകാശച്ചെരുവില്‍ 
ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു,
വെയിലും മഴയും കണ്ണുപൊത്തിക്കളിച്ചിരുന്ന ഈ താഴ്വരയില്‍,
കാര്‍മേഘങ്ങള്‍ സ്ഥിരതാമസത്തിനു വരും മുന്‍പേ,
തുള്ളിതോരാതെ മഴ ആര്‍ത്തലച്ചു പെയ്യും മുന്‍പേ,
നനുത്തൊരു ചാറലില്‍ കൈ നിറയെ തിളങ്ങുന്ന കിരണങ്ങളുമായി,
എന്‍റെ ചിന്തകളില്‍ നിറഞ്ഞിരുന്ന ഏഴു നിറങ്ങള്‍ 
ഇന്ന് മറഞ്ഞിരിക്കുന്നത് ഏതു ചക്രവാളത്തിലാണ് ?

അണയാന്‍ മടിച്ച ആത്മാവ്

പൊടിപിടിച്ചെന്‍റെ അലമാരയില്‍
നിരന്നിരുന്ന പുസ്തകതാളുകളില്‍
എത്രയോ ഹൃദയങ്ങള്‍
നിശബ്ധമായി തേങ്ങിയിരുന്നിരിക്കാം ..
ഇനിയെന്‍റെ ആത്മാവും
മാറാലമൂടിയ തട്ടുംപുറത്തുണ്ടാവും..
മനസ്സു വരളുമ്പോള്‍,
വെളിച്ചം കെടുമ്പോള്‍ നീ വരിക.
നിനക്കായി നിറഞ്ഞു കത്തുന്നൊരു
ദീപമുണ്ടാവും ..
ഓര്‍മ്മകളായ്‌...... അണയാന്‍ മടിച്ച് !

പ്രണയവും കവിതയും

തീവ്രമായ വാക്കിന്‍റെ മുനകൊണ്ട്
എന്‍റെ ഹൃദയത്തില്‍ പ്രണയം
കോറിയിട്ട് പോയതുകൊണ്ടാവാം
കവിതകളായി നിലയ്ക്കാതെ
നീ ഇന്നും എന്‍റെ ജീവനില്‍ ഒഴുകുന്നത്‌ ...