Sunday, October 13, 2013

പ്രണയമഴ

കനല്‍പ്പരപ്പിന്‍ മുകളിലേയ്ക്ക് പെയ്യുന്ന
കുളിര്‍മഴ പോലെയാണ്
പ്രണയം !
പലതായ് ചിതറി
പല വഴികളിലൂടെ
അതിലേയ്ക്കുള്ള പ്രയാണം..
ഹൃദയരേഖകളുടെ
ഗതി മാറ്റി ,
പ്രകാശനാളങ്ങളുടെ
അര്‍ത്ഥം മായിച്ച് ,
പോകേണ്ട വഴികളിലെ
ഇടവേളകള്‍ മാറ്റി
ഒന്നിലേയ്ക്കുമാത്രം
വേരുകളിറങ്ങും..
ആഴത്തിന്‍റെ ആഴത്തിലെ
മറ്റാരും കാണാത്ത
തൂവാനം തേടി ,
രണ്ടു ചിന്തകള്‍
ഒഴുകിനടക്കും ..
മിടിപ്പുകളുടെ വേഗതയിലേക്ക്
തീവണ്ടികള്‍
പാഞ്ഞുകയറുകയും ,
സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്
കൊടുംകാറ്റുകള്‍
ചിറകുവിരിക്കുകയും ...
മുറിവുകളുടെ മുറികള്‍
അടയ്ക്കപ്പെടുമ്പോള്‍,
മേഘത്തോട്ടങ്ങള്‍
ആര്‍ത്തിയോടെ
പൊഴിയുമ്പോള്‍,
ഇന്നലെയുടെ വരള്‍ച്ചയില്‍നിന്നും
പുതിയൊരു നീരുറവയിലൂടെ
മറ്റൊരു തീരത്തെ വസന്തത്തിലേക്ക്
തോണികയറുന്ന യാത്രികര്‍ ...
പ്രപഞ്ചമെന്ന
വലിയ ആള്‍ക്കൂട്ടത്തിലെ
മടുപ്പിക്കുന്ന  ഏകാന്തതയില്‍നിന്നും
അടര്‍ന്നുമാറി,
പ്രണയമെന്ന മഹോത്സവത്തിലേയ്ക്ക്
സ്വയം പ്രതിഷ്ടിക്കുന്നവര്‍..
ഏഴുനിറങ്ങളും
ഏഴു ലോകങ്ങളും
ഏഴു കടലുകളും
ഒരേ ഹൃദയത്തില്‍ മാത്രം കാണുന്ന
രണ്ടു പേരുടെ ഒരുമയിലെ
പ്രണയമെന്ന പേമാരി  .. !!

5 comments:

  1. പണയപ്പെട്ട ഹൃദയങ്ങൾ പ്രണയം

    ReplyDelete
  2. പ്രണയത്തിന്റെ പര്യായങ്ങള്‍
    പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തതൊന്ന്!!

    ReplyDelete
  3. പ്രണയവർണ്ണങ്ങൾ

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  4. തീരുന്നില്ല ..തുടരുന്നു.

    ReplyDelete
  5. പ്രണയം വിഷയമാകുമ്പോള്‍ നിശാഗന്ധിയുടെ കവിതകള്‍ക്ക് ഒരു പ്രത്യേക സൌന്ദര്യം തന്നെ !!

    ReplyDelete