Friday, January 11, 2013

നിളയും ഞാനും

നിളാ ..
ഏതു കവിയുടെ പ്രണയമായിരുന്നു സഖീ നീ ?
ആരുടെ പ്രേമത്തിലാണ് നീ നിറഞ്ഞൊഴുകിയത് ?
മഴവില്ലുകള്‍ വിരിച്ചും
ചില്ലകള്‍ വിടര്‍ത്തിയതും
കവിതകളെത്രയോ ഇതളിട്ട തീരത്തിന്‍റെ
നനഞ്ഞ മണലില്‍
ഒരുവാക്കെഴുതുവാനെത്തിയപ്പോഴേയ്ക്കും
മഞ്ഞും നിലാവും കടന്നു നീയീ
മനസ്സിലൊരു വരള്‍ച്ച ബാക്കിയാക്കി
ഒഴുകിമറഞ്ഞതെവിടെയാണ് ?
നിശബ്ദമായ് മനസ്സില്‍ മേഘമല്‍ഹാറുകള്‍ പാടി
നിഗൂഡമായ് മണ്ണില്‍ കണ്ണീര്‍ ചാര്‍ത്തി
യാത്ര ചോദിക്കാതെ തോര്‍ന്നുപോയൊരു
മഴ ബാക്കിയാക്കിയ വിരഹമായിരുന്നോ  നീ ?
മൊട്ടിട്ട മോഹങ്ങള്‍ക്കും
മുനിയുന്ന നൈരാശ്യങ്ങള്‍ക്കും നടുവിലൂടെ
നീ പിരിയുകയാണ്
മരണത്തിന്‍റെ അടിത്തട്ടുകളില്‍
പ്രാണന്‍ തേടി ....
വെയില്‍ തേടി .... !
പിതൃശ്രാദ്ധങ്ങളുടെ പുണ്യം തപിക്കുന്ന
നിന്‍റെ കണ്ണുകളിലെ ജ്വാല കെടുംമുന്‍പ്
ഞാനുമെത്താം .....
ഒഴുകാം നമുക്കൊരുമിച്ച്
കുന്നോളം കവിതകള്‍ നെഞ്ചില്‍തുന്നിചേര്‍ത്ത്
വരളാത്ത ഋതുക്കളിലേയ്ക്കും
തളരാത്ത ഓര്‍മ്മകളിലേയ്ക്കും ... !!

3 comments:

  1. നിള എല്ലാവരുടേയുമല്ലേ... :)

    ReplyDelete
  2. നന്നായിരിയ്ക്കുന്നു നിശാഗന്ധീ

    (നിന്‍റെ കണ്ണുകളിലെ ജ്വാല കെടുംമുന്‍പ്
    ഞാനുമെത്താം .....

    എങ്കില്‍ പെട്ടെന്ന് വേണം. സമയം അധികമില്ല നിളയ്ക്കിനി)

    ReplyDelete
  3. ഞാനുമെത്താം .....
    ഒഴുകാം നമുക്കൊരുമിച്ച്

    ReplyDelete