Wednesday, August 29, 2012

ഓണസമ്മാനം !

എന്‍റെ പ്രിയ സുഹൃത്തുക്കളെ,
എഴുതി തുടങ്ങിയിട്ട് ഒരുപാടൊന്നുമായില്ല. ജീവിതയാത്രയിലെവിടെയോ ഒരു തുള്ളി കണ്ണീര്‍ ഒഴുകിയിപ്പോയ വിടവില്‍ കയറിപ്പറ്റിയതാണ് അക്ഷരങ്ങള്‍. , ഒരു വരം പോലെ. അതുവരെയുണ്ടായിരുന്ന കുസൃതിപെണ്‍കുട്ടിയില്‍ നിന്നും കവിതകളെയും അക്ഷരങ്ങളെയും മാത്രം പ്രണയിച്ച് , എഴുതുമ്പോള്‍ വല്ലാത്ത ആനന്ദം അനുഭവിക്കുന്ന ഒരാളായി ഞാന്‍ മാറി. എഴുതുന്നതെല്ലാം എല്ലാവര്‍ക്കും ഇഷ്ടായെന്നു വരില്ല. ആരൊക്കെ വായിക്കുന്നു എന്നും അറിയില്ല .കാവ്യഭാഷയും ഇല്ല. എങ്കിലും എഴുതിയതെല്ലാം മനസ്സില്‍നിന്നാണ്, മായം ചേര്‍ക്കാതെ, ആത്മാവില്‍ വിരിഞ്ഞത് അതേപടി, ചൂടാറാതെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വച്ചത്. ജോലിത്തിരക്കിനിടയിലും, എത്ര ക്ഷീണിച്ചാലും എഴുതാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അതില്‍പരമൊരു സന്തോഷം എനിക്കില്ല ജീവിതത്തില്‍..... ., അക്ഷരങ്ങളെയാണ് പലപ്പോഴും ശ്വസിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ജീവിതത്തില്‍ ഇന്നേവരെ ഓണം ഒരു സാധാരണ ദിവസത്തിനപ്പുറം എനിക്കൊന്നുമായിരുന്നില്ല. ഇത്തവണയും ! പക്ഷെ, വീടും വീട്ടുകാരും കൂട്ടുകാരുമില്ലാതിരുന്ന ഓണമായിരുന്നു ഇത്തവണ. ഒറ്റപ്പെടല്‍ കളമൊരുക്കിയ ഒരു ഇരുണ്ട ദിവസം. എങ്കിലും ഇതുവരെ എന്‍റെ വാക്കുകള്‍ വായിക്കുകയും, എന്നെ അറിയാതെ , ഞാന്‍ അറിയാതെ എന്‍റെ കവിതകളെ നെഞ്ചോട്‌ ചേര്‍ക്കുകയും ചെയ്യ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഞാനൊരു ഓണസമ്മാനം കരുതിയിട്ടുണ്ട്. എന്‍റെ പുസ്തകം. രണ്ടു ദിവസത്തിനകം ഞാനൊരു എഴുത്തുകാരിയായി മാറുന്നു. ഇതുവരെ എഴുതിക്കൂട്ടിയ കവിതകള്‍ വെളിച്ചം കാണുന്നു.
സ്വന്തമായി ഒരു പുസ്തകം പണ്ടത്തെ സ്വപ്നങ്ങളില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇടയിലെപ്പോഴോ, മനസ്സില്‍ കയറിപ്പറ്റിയ ഒരു ആഗ്രഹമായിരുന്നു അതും. അത് യാഥാര്‍ത്ഥ്യമാകുമെന്നും  കരുതിയില്ല. 
ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും എന്‍റെ മനസ്സിനെ , അതിലെ വാക്കുകളെ  അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. എന്നെ വീണ്ടും  എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന മഹേഷ്‌ , സിന്ധു, നിഘില്‍ അജിത്തേട്ടന്‍, ജിതിന്‍ , നിത്യഹരിത, വാഴക്കോടന്‍ .. അങ്ങനെ കുറെ പേര്‍ ! പിന്നെ കമന്റ്‌ ഇട്ടില്ലെങ്കിലും, ഈ കവിതകള്‍ വായിക്കുന്ന , സ്നേഹിക്കുന്ന കുറെ പേര്‍ കൂടി ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചോട്ടെ. അവര്‍ക്കും ഒരുപാട് നന്ദി.
ഈ പുസ്തകം നിങ്ങള്‍ക്കോരോരുത്തര്‍ക്കുമായി സമര്‍പ്പിക്കുന്നു. അനുഗ്രഹിക്കുക , വാക്കുകളെ ജീവനോളം പ്രണയിക്കുന്ന നിശാഗന്ധിയെ !

ഈ മാസത്തെ ഇരുന്നൂറാം പോസ്റ്റിനൊപ്പം അല്പനാള്‍ ഞാന്‍ ഒരു ഇടവേളയെടുക്കുന്നു. ഈ ബ്ലോഗ്‌ ആരും മറക്കരുതെന്നും. തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള അതേ സ്നേഹം ഉണ്ടാവണമെന്നും
എന്‍റെ ആദ്യത്തെ കണ്മണിയെ ഏവരും സ്വീകരിക്കണമെന്നും , വാങ്ങി വായിക്കെണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

നന്ദി ,
നിശാഗന്ധി !



കാലം


പച്ചവിരിച്ച പാടത്തിന്‍ വരമ്പുകളില്‍
തനിയെ ഞാനെത്ര നടന്നിരിക്കുന്നു
അവിടെയൊക്കെ
കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ പ്രസവിച്ചും
എന്‍റെ മണ്‍പാതകള്‍
ടാറിട്ടും അവള്‍ കുതിക്കുന്നു
കൊങ്ങിണിച്ചെടികളെയും
വേലിതൈകളെയും
വെട്ടിമാറ്റി ഉറപ്പുള്ള മതിലുകള്‍
പണിതുയര്‍ത്തി ,
തെളിനീരരുവികളും
കിണറിന്‍ പടവുകളും മൂടി,
ശുദ്ധവായുവിനും
കുടിവെള്ളത്തിനും
നികുതി ചുമത്തി
കാലം ചിലങ്കകളുമണിഞ്ഞു പായുന്നു !
ഒരിടത്തും നില്‍ക്കാതെ
ആരെയും കാക്കാതെ
തിരികെയൊന്നു നോക്കാതെ !

ഇനിയും തകരാത്തത്

നിലാവും നക്ഷത്രങ്ങളും
പൂവും പൂമ്പാറ്റകളും
പുഞ്ചിരിയും വസന്തവും മാത്രമേ
നിങ്ങള്‍ക്ക് 
എന്നില്‍ നിന്നും കവരാനായുള്ളൂ !
കോരിച്ചൊരിയുന്ന കണ്ണീര്‍മഴയും
ഓര്‍മ്മകള്‍ നാറുന്ന വാക്കുകളും
ആത്മാവില്‍ കത്തുന്ന അഗ്നിയും
നിങ്ങള്‍ക്ക് തകര്‍ക്കാനായില്ല !

വിസ

കൈപ്പറ്റിയപ്പോള്‍ തുള്ളിച്ചാടാനാണ് 
ആദ്യമവന് തോന്നിയത് !
സ്വപ്‌നങ്ങളോരോന്നായി അടുക്കിയടുക്കിയൊരു 
സൌധം പണിയാന്‍ നിമിഷങ്ങള്‍ മാത്രം മതിയല്ലോ!
കുഞ്ഞരിപ്പല്ല് മുളയ്ക്കാത്ത മോണയുമായി 
ചിരിച്ചുകൊണ്ടുരുളുന്ന പൊന്നോമന,
കരളു നിറയെ സ്നേഹം നിറച്ച് 
ഹൃദയത്തില്‍ ചേക്കേറിയ പെണ്ണ് !
നോവുകളറിയിക്കാതെ 
മുള്ളുതറയ്ക്കാതെ പാദങ്ങളെ 
ഇന്നോളം കാത്ത അമ്മയുമച്ഛനും !
പൊടിമണ്ണില്‍ വീണുപൊട്ടുന്ന 
തുള്ളിച്ചില്ലുകള്‍ ,
വേലിപ്പടര്‍പ്പുകളിലെ പൂക്കള്‍ !
കവലയിലെ കൊച്ചുവര്‍ത്തമാനങ്ങള്‍..
എല്ലാമുപെക്ഷിച്ച് ,
ഓര്‍മ്മകളെല്ലാം ശ്രദ്ധയോടെ 
പായ്ക്ക് ചെയ്യ്‌ത്,
മണലാരണ്യങ്ങളുടെ മരുപ്പച്ച തേടിപ്പോകാന്‍,
ഹൃദയം പിച്ചി ചീന്തി 
സ്വപ്നങ്ങളിലേയ്ക്കൊളിച്ചോടാനൊരു വിസ!

മെയ്‌മാസം

വേനല്‍വറുതിയില്‍ മണ്ണ് ചുട്ടെടുക്കുമ്പോള്‍ 
തുള്ളി വെള്ളത്തിന്‍റെ കനിവില്ലാതെ 
മെയ്‌മാസം ചൂടില്‍ പഴുക്കുമ്പോള്‍ 
നിന്നെ.. നിന്നെ മാത്രം ഞാന്‍ പ്രണയിക്കുന്നു 
എന്നും പറഞ്ഞൊരു പൂവ് ,
ഭൂമിയുടെ വരള്‍ച്ചയില്‍ സുന്ദരമായി 
വിരിയാറുണ്ട്... മെയ്‌മാസ പൂവ് !!

Tuesday, August 28, 2012

കറിവേപ്പില

വറചട്ടിയിലിട്ടെന്‍റെ മേനി നീ
പൊള്ളിച്ചു ചുവപ്പിച്ചപ്പോള്‍,
അലമുറയിട്ടത്,
പരിഭവം കൊണ്ടല്ലെന്ന് 
നിനക്കറിയാമായിരുന്നു !
അതുകൊണ്ടല്ലേ മൃദുലമായ 
വിരലുകള്‍ കൊണ്ട് നീ 
എന്നെ "കറിവേപ്പില" 
എന്ന് പറഞ്ഞു പുച്ഛത്തോടെ 
കുപ്പയിലെറിഞ്ഞപ്പോഴും
നിന്‍റെ നാവിലൊരു രുചിയായ് 
ഞാന്‍ മരിക്കുവോളം ചാഞ്ചാടിയത് !

തെരുവുമക്കളുടെ ഓണാഘോഷം

തച്ചുടയ്ക്കപ്പെട്ട ജീവിതംകൊണ്ട് 
പൂക്കളമൊരുക്കുന്ന 
ഓണംമാണവര്‍ക്കിന്ന് !
റേഷനരിയുടെ സൌജന്യത്തില്‍ 
സദ്യയൊരുക്കുന്ന സന്തോഷവും !
മരുന്നിന്‍റെ മണവും 
രോഗത്തിന്‍റെ ചൂഷണവും 
കടക്കെണിയുടെ തെറിവിളികളും 
ചോര്‍ന്നൊലിക്കുന്ന കുടിലില്‍ 
പുലികളി നടത്തുന്നുണ്ട് !
മത്സരങ്ങളുടെയും ആഘോഷങ്ങളുടെയും 
ആര്‍പ്പുവിളികളില്‍ കേള്‍ക്കാതെ പോകുന്ന 
അടിച്ചമര്‍ത്തപ്പെട്ട 
അനാഥദുഖങ്ങളുടെ ഓണാഘോഷം !
ജീവിതം തിരസ്കരിക്കപ്പെട്ട 
ജനവിഭാഗങ്ങളുടെ ശിരസ്സില്‍ 
ചവുട്ടി പാതാളത്തില്‍ താഴ്ത്തുന്ന 
കനിവു വറ്റിയവരുടെ ഓണം 
പൊടിപൊടിക്കുന്നു !

മനസ്സിലെ നന്മ വറ്റാത്ത, നമ്മുടെ ആ പഴയ ഓണവും അതിന്റെ വിശുദ്ധിയും നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക്, ഈ നിശാഗന്ധിയുടെ ആശംസകള്‍ ... !!

കാപ്പിപ്പൂക്കള്‍

മഞ്ഞുള്ള പ്രഭാതങ്ങളില്‍ 
നിദ്രവിട്ടുണരാന്‍ മടിച്ച 
ചില  ദിവസങ്ങളില്‍ 
എന്നെ ഒരു സംഗീതം പോലെ 
ഉണര്‍ത്തുന്നവയായിരുന്നു 
കാപ്പിപ്പൂക്കള്‍ !
ഓരോ പ്രഭാതത്തെയും പ്രിയമോടെ 
മനസ്സിലേയ്ക്കും കവിതകളിലെയ്ക്കും 
ക്ഷണിച്ചതും കാപ്പിപ്പൂക്കള്‍ 
വിരിഞ്ഞ പ്രഭാതത്തിന്‍റെ വെന്മയിലാണ് ! 
ആത്മാവിലും ജീവിതത്തിലും 
സൌരഭ്യം പകരുന്ന 
ഒരായിരം ഓര്‍മ്മകളില്‍ നിറയെ 
പൂത്തു നില്‍ക്കുന്ന 
കാപ്പിപ്പൂക്കളും !!

Monday, August 27, 2012

തീര്‍ഥയാത്ര

ശബ്ദമുഖരിതമായ ജീവിതത്തിന്‍റെ 
തുറമുഖങ്ങളിലെവിടെയോ 
കളഞ്ഞു പോയ നിശബ്ധത 
തേടിയിറങ്ങിയപ്പോഴെയ്ക്കും,
ലോകത്തിനവര്‍ ഭാരമായി മാറിയിരുന്നു !
കാഴ്ച്ച മങ്ങിയ കറുത്ത കുഴികളില്‍ 
അനുഭവങ്ങള്‍ ഇടയ്ക്കിടെ 
വാര്‍ന്നു തുളുമ്പാറുണ്ട് !
മുഷിഞ്ഞൊരു ഭാണ്ഡവും 
ജന്മം മുഴുവനോടിത്തളര്‍ന്ന ചിന്തകളും 
ദൈവസന്നിധിയില്‍ 
കാഴ്ച്ചവയ്ക്കാനൊരു യാത്ര !
സാഹചര്യങ്ങളുടെ ചൂണ്ടുവിരലിനോട് 
തോറ്റ്, 
ചെയ്യ്തു പോയ പാപങ്ങള്‍ക്ക്‌ മാപ്പിരക്കാന്‍ 
മടങ്ങിവരാന്‍ കൊതിക്കാതെ,
നാടും വീടും ഇട്ടെറിഞ്ഞൊരു 
അനന്തമാം യാത്ര ... !!

എഴുതാന്‍ കൊതിച്ച കവിത

കാലങ്ങളായി ഞാന്‍ 
എഴുതാന്‍ തേടിയ വാക്കുകള്‍ 
നിരത്തി വച്ച കവിതയാണ് നീ !
നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ..
നിന്നില്‍ നിന്നും 
ദൂരേയ്ക്ക് നോക്കുന്നതെല്ലാമെനിക്ക് 
വേദനയാണ് !
എനിക്ക് വേണ്ടതെല്ലാം നിന്നില്‍,
നിന്‍റെ ഒരു നോക്കിലുണ്ട് !
ഇനി ചിത്രശലഭങ്ങളായി 
നമുക്ക് ലോകത്തിന്‍റെ 
അറ്റത്തേയ്ക്ക് പറന്നുയരാം !

ഓര്‍മ്മയുടെ തലങ്ങള്‍

സകലതും ഉരുക്കുന്ന വേനലിലും
മഞ്ഞു പൊഴിക്കുന്ന
അദ്ഭുതമാണ് ഓര്‍മ്മ !
കോടമഞ്ഞില്‍ മരവിക്കുമ്പോഴും
മനസ്സില്‍ നിറയുന്ന വസന്തവുമാണ് !
ബന്ധങ്ങളുടെ ചൂടിലും
ഒറ്റപ്പെടലിന്‍റെ മരുഭൂമിയില്‍,
ജീവിതം വെറുപ്പിക്കുന്ന
നഷ്ടവുമാണ് ഓര്‍മ്മ !

സ്ത്രീ

മനുഷ്യന്‍റെ വേരുകള്‍ സര്‍വ്വവും 
സ്ത്രീയില്‍ ,
അവളുടെ ഞരമ്പുകളിലിറങ്ങിയവയാണ് !
അവളെ പിരിഞ്ഞ്
അവളെ വെറുത്ത്
ഒന്ന് നടന്നു നോക്കണം നീ !
നടന്നു തുടങ്ങുന്നിടത്തും
പോകുന്ന വഴിയിലും
ചെന്നെത്തുന്നിടത്തും അവളുണ്ടാവും !
അമ്മയുടെ ഉദരഭിത്തിയില്‍
നീ ശ്വസിച്ചു തുടങ്ങിയ നാഭി മുതല്‍
ഇടവഴികളില്‍ പതിയിരുന്നു
നിന്നെ പ്രണയമെറിഞ്ഞു വീഴ്ത്തി,
സ്നേഹം
നിറഞ്ഞൊഴുകുന്ന മടിയിലന്ത്യശ്വാസം
വലിക്കും വരെ !
സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
കാഴ്ചപ്പാടുകളെ തകിടം മറിച്ച്‌
അവള്‍ വേരുകളാഴ്ത്തിക്കൊണ്ടിരിക്കും !

Sunday, August 26, 2012

നിന്നെ തേടി

ദിവസങ്ങളോരോന്നിനുമൊടുവില്‍
പക്ഷികള്‍ പല ദിക്കുകളിലേയ്ക്ക്
പറക്കുന്നത് കാണാം ..
ഏതു പക്ഷിയുടെ ചിറകിലൊളിച്ചാലാണ്
നിന്നിലെയ്ക്ക് ,
നിന്‍റെ പ്രണയത്തിന്‍റെ കൂട്ടിലേയ്ക്ക്‌
ചിന്തകള്‍ക്ക് ഇനിയുമെത്താനാവുന്നത് ??
വഴി തേടുകയാണ് ഞാന്‍
നിന്‍റെ മനസ്സിലൊരു മധുരമായി,
നിന്‍റെ ചുണ്ടിലൊരു
വാക്കായ് ജനിക്കാന്‍ !
മണ്ണില്‍ മുളപൊട്ടുന്ന ഓരോ നാമ്പിനും
എന്‍റെ പ്രണയം ഞാന്‍ വീതിക്കട്ടെ !
കിനാവള്ളികള്‍ പൂവിട്ടു നിന്നെ തേടിയെത്തട്ടെ
നിന്നെയെന്‍റെ പ്രണയം
പൂക്കളായ് മൂടട്ടെ ..!




വികാരങ്ങള്‍

വാക്കുകളെത്ര ചൊരിഞ്ഞാലും
പറഞ്ഞു തീര്‍ക്കാനാവാത്ത 
വികാരത്തെ ഞാന്‍ 
"സ്നേഹം" എന്ന് വിളിക്കാറുണ്ട് !
ചില മുഖങ്ങളും,
ചില മനസ്സുകളും, 
അതിന്‍റെ സൌന്ദര്യത്തിലെന്നെ 
കാലങ്ങളോളം മയക്കിയിടാറുണ്ട് !
എന്നെ മറന്നു ഞാന്‍ 
അവര്‍ക്കായി ജീവിക്കും !
എന്നെ മറന്നു ദിവസങ്ങള്‍ 
ചിലവഴിച്ചപ്പോഴൊക്കെ
എന്നെ പൊതിഞ്ഞ വികാരത്തിന് 
ഞാന്‍ "ആനന്ദം" എന്ന പേരിടുന്നു !

പച്ചകുത്തിയത്

പ്രണയത്തിനു നിറമൊന്നുമില്ലെന്നാരാണ് പറഞ്ഞത് ?
ഓരോ നിമിഷവും ഒരായിരം നിറങ്ങളാണല്ലോ 
അവനെന്നില്‍ നിറച്ചത് ,
അതുകൊണ്ടല്ലേ അവന്‍ ഹൃദയത്തില്‍ 
പച്ച കുത്തിയ ഓര്‍മ്മയുടെ  നിറങ്ങള്‍ മായ്ക്കാന്‍ 
ഇന്നും ഞാന്‍ നിരന്തരം ശ്രമിക്കുന്നത് !

വാചാലം

പറയാന്‍ വാക്കുകള്‍ മനസ്സു നിറയുമ്പോഴും
നാവു വെമ്പുമ്പോഴും 
കാതോര്‍ക്കാന്‍ ചെവികളുണ്ടാവില്ല ചുറ്റിലും 
അപ്പോഴാണ്‌ തൂലികയോട് 
ഞാന്‍ വാചാലയാകാറുള്ളത് !

പ്രാപ്തി

പൊയ്പോയതിനോട് വിട പറയാനും
ചിരിച്ചുകൊണ്ട് കൈകള്‍ വീശാനും
മനസ്സ് വീണ്ടെടുക്കാനുമാവുന്നില്ലെങ്കിലും
ഇതാ ഈ നിമിഷത്തില്‍
എന്നെ നോക്കിയ നിലാവിനെ,
ഓര്‍ത്ത അമ്മയെ,
വെറുത്ത സുഹൃത്തിനെ,
തകര്‍ന്ന തുള്ളിയെ,
വിരിഞ്ഞ പൂക്കളെ,
സ്പന്ധിച്ച ഹൃദയത്തെ,
ചിരിച്ച ചുണ്ടുകളെ,
ഈ നിമിഷത്തെ....
അതിന്‍റെ പൂര്‍ണ്ണമായ സൌന്ദര്യത്തെ
സ്നേഹിക്കാന്‍ ഞാന്‍ പ്രാപ്തയാണ് !

സര്‍വ്വേശ്വരനോട്

ചിന്തകള്‍ക്ക് അര്‍ഥം പകരുന്നതും
അര്‍ത്ഥത്തിനു വര്‍ണ്ണങ്ങള്‍ പൂശുന്നതും,
സര്‍വ്വേശ്വരാ 
നീ മാത്രമാണെന്ന് ഞാനറിയുന്നു !
ഇത് വരെ പേരു നല്‍കാത്ത 
നിന്‍റെ ചൈതന്യത്തിനു മുന്‍പില്‍
ഈ വാക്കുകള്‍ മുട്ടുമടക്കുന്നു !

നമ്മള്‍ മാത്രം

ലോകത്തില്‍ നിന്നുമോടിയൊളിച്ച്,
ആകാശത്തിന്‍റെ ചില്ലകളില്‍,
മേഘങ്ങളുടെയിടയില്‍,
ഒരുനാളും മായാത്ത
മഴവില്ലു വരിയുന്ന,
ഒരുനാളും കൊഴിയാത്ത
സ്വപ്‌നങ്ങള്‍ പൂക്കളായ് വിടരുന്ന,
ഒരിടം ഞാന്‍ പണിയും !
അവിടെ നീയും ഞാനും മാത്രം !

ചൂണ്ട

കൂട്ടുകാര്‍ പാഞ്ഞെത്തും മുന്‍പേ,
തനിയെ വിഴുങ്ങിയ,
കൊഴുത്തുരുണ്ട ഇരയ്ക്കുള്ളിലെ  
കൂര്‍ത്തൊരു കൊളുത്തില്‍ 
ജീവന്‍ തൂങ്ങിയാടി,
പിന്നെ ചലനമറ്റു !

സ്വാധീനം

തളരാതെ ഓടുന്ന ഘടികാരത്തിലെ
സൂചികളുടെ ഊര്‍ജ്ജത്തിന് ,
എന്‍റെ ചിന്തകളുടെ വേഗത
കൂട്ടുവാനാവുന്നുണ്ട് !
ഗര്‍ജ്ജിച്ചു പൊങ്ങുന്ന കടലിനു മുകളില്‍
ശാന്തമായി പാറുന്ന ചിറകുകള്‍
വിഹ്വലതകള്‍ മറന്നെന്നെ
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട് !
ഉയര്‍ന്നുയര്‍ന്നു വാനം മുട്ടുവോളം
ചോദ്യമില്ലാതെ, സംശയങ്ങളില്ലാതെ
തെല്ലഹങ്കരിക്കാതെ
നിലകൊള്ളുന്ന കുന്നുകളെന്നെ
എളിമയുള്ളവളാകാന്‍ പഠിപ്പിക്കുന്നു !
എങ്കിലും വിശപ്പു മണക്കുന്ന കുഞ്ഞുങ്ങളുടെ
നിഷ്കളങ്കമായ നോട്ടമെന്‍റെ
സകല ശക്തിയും വലിച്ചുകുടിക്കുന്നു !

എന്‍റെ പ്രണയമേ

അറ്റം കാണാത്ത കടലിന്‍റെ 
ഈ ആളൊഴിഞ്ഞ കരയില്‍ 
നീയും ഞാനും 
തിരയുടെയും തീരത്തിന്‍റെയും 
ചുംമ്പനത്തില്‍ ലയിച്ച് !
അങ്ങു ദൂരെ 
കണ്ണില്‍ കണ്ണില്‍ നോക്കി  
ആകാശവും ഭൂമിയും !
സന്ധ്യക്ക്‌ മുന്‍പുള്ള ഈ നിശബ്ധത 
പ്രണയഭാരത്താല്‍ നിശബ്ധരാക്കുന്ന 
ആത്മാവുകളില്‍ രണ്ട് നമ്മുടേതും !
കടലിരമ്പുന്നതറിയാതെ,
വാനമിരുളുന്നതറിയാതെ,
കിളികള്‍ ചേക്കേറുന്നതറിയാതെ,
ഇമചിമ്മാതെ,
എന്‍റെ മിഴികളില്‍ 
നീന്തിനടക്കുന്ന 
നിന്‍റെ കണ്ണുകളുടെ തിളക്കമാണ് 
ഞാന്‍ ശ്വസിക്കുന്നത് 
എന്ന് വിശ്വസിക്കുവാനാണ് 
ഇന്നെനിക്കേറെയിഷ്ടം !
ഭാഷയില്ലാതെ 
വാക്കുകളില്ലാതെ 
ഒരു നിമിഷം കൊണ്ടൊരായുസ്സു 
ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച 
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ 
വികാരത്തിന്‍റെ പേരാണ് നീ ...
എന്റെ പ്രണയമേ .... !!

Saturday, August 25, 2012

സ്നേഹം

ഇരുകാലുകളുമില്ലാതെ
പിച്ച തെണ്ടുന്ന വൃദ്ധന്‍റെ 
ജീവിതത്തോടുള്ള കൊതി 
ഞാന്‍ കണ്ടിട്ടുണ്ട് !
നഗ്നരാക്കി കടന്നു കളഞ്ഞ 
ഋതുഭേതങ്ങളോട് 
മത്സരിച്ചു ജയിക്കുന്ന 
പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ 
കണ്ണുകളെ പൂവണിയിച്ചിട്ടുണ്ട് !
എത്രകാലം കടലിന്‍റെ ഉപ്പിലുരുണ്ടിട്ടും
ഒരംശം പോലുമുപ്പില്ലാത്ത 
കടല്‍മത്സത്തിന്‍റെ ഉറപ്പറിഞ്ഞിട്ടുണ്ട് !
ലക്ഷ്യം മാത്രം മനസ്സിലിട്ട്
ആരെയും വകവെക്കാതെ നടക്കുന്ന 
ഉറുമ്പിന്‍ കൂട്ടത്തിന്‍റെ 
ആത്മവിശ്വാസത്തില്‍ അതിശയിച്ചിട്ടുമുണ്ട് !
എത്രയെത്ര കാഴ്ച്ചകളാണ്  
ഓരോ നിമിഷവും മുന്നില്‍ തുറക്കപ്പെടുന്നത് 
ഇനിയും,
കണ്ടുമടുക്കാത്ത അനേകം കോടി
കാഴ്ചകളില്‍ ഓരോന്നിലും 
എന്‍റെ ആത്മാവുമുണ്ട് !
എന്നെയും ഈ ലോകത്തെയും തമ്മില്‍
ബന്ധിപ്പിക്കുകയാണ് കാലം ,
മുന്നില്‍ വരച്ചിടുന്ന ഓരോ സന്ദര്‍ഭങ്ങളിലും ... !
അതിലൂടെ ഞാന്‍ സ്നേഹത്തിന്‍റെ 
പരമോന്നതിയിലെത്തിപ്പെടുന്നു... !

വ്യത്യാസം

പറയാന്‍ കാത്തിരുന്നതും 
പറയേണ്ടി വന്നതും വ്യത്യാസപ്പെട്ടത്‌ 
മനസ്സിന്‍റെ വികൃതികൊണ്ടാണ് !
സ്വയം നഷ്ടപ്പെടുത്തിയായിരുന്നു 
നിശബ്ധമായ പ്രണയത്തിന്‍റെ പ്രായശ്ചിത്തം !
അവനു മുന്‍പില്‍ ഭയന്ന യാഥാര്‍ത്ഥ്യം 
കണ്ണീരില്‍ ചാടി ആത്മഹത്യ ചെയ്യ്തു !
ജീവിതം മാത്രം കുറ്റം ഏറ്റെടുത്ത് 
വേദനയുടെ അഴിക്കുള്ളില്‍ കഴിഞ്ഞു !

മനസ്സിന്‍റെ അന്ധത

സൂര്യനുദിച്ചപ്പോഴും
പ്രകാശം പരത്തിയപ്പോഴും
നിങ്ങള്‍ ഇവിടെ
വെളിച്ചത്തെ പരത്തി നടന്നു !
മനസ്സ് അന്ധരായ നിങ്ങള്‍ക്ക്
വെളിച്ചം പരതിയാല്‍
ലഭിക്കുന്നതെങ്ങനെ ?

Friday, August 24, 2012

എന്‍റെ നിശാഗന്ധി

ഓരോ നിശാഗന്ധികള്‍ വിടര്‍ന്നപ്പോഴും, 
ഹൃദയം പുഞ്ചിരിച്ചിരുന്നു  !
ഓരോ ഇതളുകള്‍ കൊഴിഞ്ഞപ്പോഴും 
മനസ്സ് വിതുമ്പുകയായിരുന്നു .... !!
എന്‍റെ നിശാഗന്ധികളെല്ലാം,
വിടര്‍ന്നൊന്നു വിളങ്ങും  മുന്‍പേ 
പകലിന്‍റെ കിരണങ്ങളില്‍   
മരിച്ചു വീണിരുന്നു ... !!

ശാപം പോലെ

ഓരോന്നോരോന്നായി വന്ന്
മനസ്സ് നൂറായ് കൊത്തിപ്പറിച്ചെടുത്തപ്പോഴും
എന്റെ കണ്ണീരു കുടിക്കാന്‍ തൂലികയും
ആത്മാവ് നിറയ്ക്കാന്‍ അക്ഷരങ്ങളും
വേദന തിന്നാന്‍ കവിതകളുo
തന്നിരുന്ന ആ ശക്തി പൊടുന്നനെ നിലച്ചത് പോലെ ..
മനസ്സു ശൂന്യമായപ്പോള്‍ ആ നീറ്റല്‍
എന്നെ ശ്വാസം മുട്ടിക്കുന്നു !

Thursday, August 23, 2012

മോഷണം

കണ്ണുകളിങ്ങനെ തിരഞ്ഞുകൊണ്ടിരിക്കും
ട്രെയിനിന്‍റെ തുരുമ്പിച്ച ജാലകത്തിലൂടെ
അകലെയായി പ്രിയപ്പെട്ടവര്‍ മറയുന്നതും
നോക്കി നിറയുന്ന മിഴികളുടെ വ്യസനത്തിലും,
കൂട്ടമായ് നീങ്ങുന്ന ആളുകള്‍ക്കിടയില്‍
ഓടിനടക്കുന്ന കാരണമില്ലാത്ത
തിരക്കുകളിലും !

കൈകള്‍ പരത്തി നടക്കും
ചീറിപ്പാഞ്ഞൊരു വാഹനത്തിന്‍റെ വേഗതയില്‍
വഴിയില്‍ തലപൊട്ടി വീണ് ,
കുടല്‍വരെ പുറത്തു വന്നിട്ടും,
അല്‍പ ജീവന്‍ ബാക്കി വന്നു യാചിക്കുന്ന,
ഏഴയുടെ കഴുത്തിലെ ചെറുപൊന്‍താലിക്കും
മടിക്കുത്തിലെ ഇത്തിരി കാശിനും വേണ്ടി !

വിധവയുടെ ഒറ്റപ്പെട്ട ഇരുള്‍ക്കൂട്ടില്‍
നുഴഞ്ഞു കയറി മാനംമോഷ്ടിക്കുന്ന ക്രൂരതയും ,
വാര്‍ദ്ധക്യത്തിന്‍റെ ചൂടുള്ള കൈയ്യില്‍
ബാക്കി വച്ച കാലണ തട്ടിപ്പറിക്കുന്ന യുവത്വവും ..
എവിടെ വരെയെത്തുമീ ലോകമിങ്ങനെ ?
അധ്വാനവും നന്മയും കൊള്ളയടിച്ചവര്‍
കൂട്ടി വച്ചിരിക്കുന്നതെവിടെയാണ് ?

ദൂരം

അക്ഷരങ്ങളും വാക്കുകളും കവിതകളും
തമ്മിലുള്ള അളവുകള്‍ക്കിടയില്‍ 
തുറക്കപ്പെടുന്ന ഒരു ലോകമുണ്ട് !
ഓരോ നിമിഷവും ഓരോ 
പുതുമകളാണെന്ന് തിരിച്ചറിഞ്ഞത് 
ഈ ദൂരത്തിനിടയിലാണ് ! 

Wednesday, August 22, 2012

എന്‍റെ ഹൃദയം

ഇനി ഞാന്‍ മരിക്കും
എന്നില്‍ മണ്ണ് മൂടും
നീ പ്രണയിച്ച ശരീരത്തിന്‍റെ
ഓരോ കോശങ്ങളിലും
പുഴുക്കളും പൊടിയും ... !
എന്‍റെ ഹൃദയം പൊതിഞ്ഞ മണ്ണില്‍
ഒരു പൂവ് വിടരും !
ഒരു ചുവന്ന പൂവ് ...
എന്‍റെ പ്രണയ സമ്മാനമായി നീ
അതെടുത്തു കൊള്‍ക !
നീ വായിക്കാന്‍ തുറക്കുന്ന
ഒരു താളില്‍ ഒരോര്‍മ്മയായ്
എന്‍റെ ഹൃദയം ... !

ഗദ്ഗദം

ചില ബന്ധങ്ങള്‍
ഓര്‍മ്മകള്‍ പോലെയാണ്
ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ,
കൊടുംകാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല ...
എത്ര തേച്ചാലും മായ്ച്ചാലും
മനസ്സിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും !
ഒരു ഗദ്ഗദം  പോലെ...

മുഖംമൂടി

ഓരോ പൂമരച്ചോടുകളും
എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷിയാണ് ...
ഓരോ വഴിവിളക്കുകളും
എത്രയോ നോമ്പരങ്ങള്‍ക്ക്‌ സാക്ഷിയാണ് ...
നീണ്ട മൌനങ്ങള്‍ മുഖംമൂടിയാക്കി
ഉള്ളില്‍ ഒരുപാട് ഭാവങ്ങള്‍
സൂക്ഷിക്കുന്നുണ്ടാവുമല്ലേ അവയും ...

ഫോട്ടോഗ്രാഫര്‍

പായലുമൂടിയ ആ പടവില്‍ പെയ്യ്ത 
ഒരു തുള്ളി മഴയുടെ നീറ്റലും 
വീശുന്നകാറ്റില്‍ ഇളകിയാടുന്ന 
ഒറ്റദളത്തിന്‍റെ അവസാനചിരിയും 
സ്വപ്‌നങ്ങള്‍ പോലെ പൂക്കുന്ന വള്ളിചെടിയുടെ 
തളിര്‍പ്പലങ്കരിച്ച മഞ്ഞുകണത്തെയും 
ഞാനീ  ക്യാമറ ലെന്‍സില്‍ പകര്‍ത്തിക്കഴിഞ്ഞു !
ഇനിയൊരിക്കലും തിരികെ വരാത്ത 
നിമിഷങ്ങള്‍ പോലെ ഞാന്‍ ഒപ്പിയെടുത്തു !
ഇനിയാര്‍ക്കും ലഭിക്കാത്ത 
ആ നിമിഷങ്ങള്‍... !!!!!....
എനിക്ക് മാത്രം സ്വന്തമായവ !

ചില ഓര്‍മ്മകള്‍

ചില ഓര്‍മ്മകള്‍ക്ക് ജീവനുള്ള വേരുകളുണ്ട്
മുഴുവനായി മുറിച്ചു മാറ്റിയാലും
വേരുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും
ആത്മാവ് മുഴുവന്‍ നിറയ്ക്കും 
മുറിവുകളും വേദനകളും !
തീയിലിട്ടു കത്തിക്കാന്‍ ശ്രമിച്ചു,
നെടുവീര്‍പ്പായി വീണ്ടും വളര്‍ന്നു !
ചിരിയില്‍ ഞാന്‍ വറുത്തു കോരി,
കണ്ണീരായി, കവിതകളായി
ഓര്‍മ്മകള്‍ അവിടെയും തിളങ്ങി !

കവിയുടെ കണ്ണുകള്‍


ആ ജാലകത്തിലൂടെ  മാത്രം
പ്രകാശം പുറത്തു വന്നു !
ആ ജാലകത്തിന് പുറത്തു
മാത്രം മഴ പെയ്യ്തു !
അവിടെ മാത്രം പൊരിവെയിലും
തിളങ്ങി !
പ്രകൃതിയും സുന്ദരിയായിരുന്നു
ആ ജാലകവാതില്‍ക്കല്‍  !

അവിടെ കൊലപാതകങ്ങളും
ബലാല്‍സംഘങ്ങളും
പീഡനങ്ങളുമുണ്ടായി !
കലഹങ്ങളും യുദ്ധങ്ങളും നടന്നു
ചോരക്കളമാവുകയും ചെയ്യ്തു !
അനാഥരും വേശ്യകളും
കണ്ണീരൊഴുക്കി !
ആ ജാലകത്തിന് മുന്‍പില്‍ മാത്രം !

പ്രണയം പൂത്തു നിന്നു,നഷ്ടങ്ങള്‍ മുള്‍ച്ചെടികളായി
ചില മനുഷ്യദൈവങ്ങള്‍ സ്നേഹം ചൊരിഞ്ഞു
മറ്റു ചിലര്‍ തമ്മില്‍ കലഹിച്ചു
മനുഷ്യരെല്ലാവരും കണ്ടും പിന്നെ മായ്ച്ചും കളയുന്ന
നിത്യ സത്യങ്ങളായിരുന്നു
ആ ജാലകവാതിലിലും തെളിഞ്ഞത്...
എങ്കിലും ആ കണ്ണുകളവയൊരു താളില്‍ പകര്‍ത്തി ,
ഇനിയൊരു തലമുറയ്ക്ക് വായിച്ചെടുക്കാന്‍ !!

Tuesday, August 21, 2012

പാട്ടുപെട്ടി

ഞാന്‍ പിച്ചവച്ച താളത്തിലെല്ലാം
ഒഴുകി നടന്നൊരു സാന്നിധ്യമായിരുന്നു 
ആ പാട്ടുപെട്ടി !!
കണ്ണ് തുറക്കുമ്പോഴൊക്കെ 
വായുവിന്‍റെ ശുദ്ധതയില്‍ 
നിറഞ്ഞ സാന്നിധ്യം !
കണ്ണടയ്ക്കുമ്പോഴും 
ഉറക്കത്തിനോപ്പം എന്നിലേയ്ക്ക് 
അലിഞ്ഞലിഞ്ഞ് 
എന്നോട് ചേര്‍ന്ന് .... !
ജീവിതസമസ്യകളിലെവിടെയോ 
ഞാന്‍ മറന്നതോ ..
എന്നെന്നേയ്ക്കുമായി നിലച്ചതോ...
ആ പഴയ പാട്ടുപെട്ടി ..!
മച്ചിന്‍മുകളിലുണ്ടാവും 
ചിലന്തികുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ 
ഞാന്‍ കൊടുത്തിരുന്നു !

യാത്ര

ഓരോ യാത്രകളും
നിന്നെ മറക്കാനുള്ള
മനസ്സിന്റെ ഉപാധികളായിരുന്നു !
ഓരോ കാഴ്ചകളും മനോഭിത്തികളില്‍
കോറിയിട്ടപ്പോള്‍ കരുതി
നിന്‍റെ ഓര്‍മ്മകളെല്ലാം മാഞ്ഞെന്ന് !
ഒരു ചെറു മഴ പെയ്യ്തപ്പോള്‍
വീണ്ടുമൊരോര്‍മ്മയായ് തെളിഞ്ഞു
വരുന്ന ചിത്രമായിരുന്നു നീയെന്നു
ഞാന്‍ ഇന്നുമറിഞ്ഞു   !

മറന്നത്


ആധികളും അല്ലലുകളുമലട്ടാതെ
അന്ധതയുടെ പുതപ്പിന്റെ സുഖത്തിലുറങ്ങിയ 
പത്തു മാസത്തില്‍ തുടങ്ങി,
പുകപാറുന്ന അടുപ്പിന്‍റെ അടുത്ത് 
അപ്പന്‍റെ മടിയിലിരുന്ന് 
അമ്മയോട് കൊഞ്ചിയതും,
പിച്ചിയും മാന്തിയും 
കള്ളക്കണ്ണീര്‍ വീഴ്ത്തിയും 
ചേച്ചിമാരോട് അടിയുണ്ടാക്കി വളര്‍ന്നതും ,
എത്ര പിണങ്ങിയിട്ടും ഇഴപിരിയാത്ത 
സൌഹൃദത്തിന്‍റെ പൊന്‍നൂലില്‍ തൂങ്ങി 
ദൂരങ്ങളൊരുപാട് കടന്നതും ,
ഹൃദയത്തെ ബന്ധിക്കുന്ന 
പ്രണയത്തിന്‍റെ ചുംബനവും 
ശരീരത്തിന്‍റെ കരുത്തുമറിഞ്ഞതും,
വിരഹം ഭ്രാന്തായി ചങ്ങലതകര്‍ത്ത് 
ജീവിതം ചതച്ചരച്ചത്തില്‍ ഏങ്ങി 
തനിച്ചിരുന്നു നിലവിളിച്ചതും,
വളിച്ച ചിരികളിലെ ചതിമണക്കുന്ന 
കണ്ണുകളെ ഏറെ വൈകിയെങ്കിലും 
മനസ്സില്‍ കുറിച്ചിട്ടതും 
ഞാനെതിര്‍ക്കുന്ന നിയമവും, 
ഞാന്‍ വെറുക്കുന്ന അനീതിയും 
വാക്കിന്‍റെ  വാളാല്‍ മനസ്സില്‍ തലയറുത്തിട്ടതും,
പ്രകൃതിയെ അമ്മയാക്കി നിറങ്ങളെ വരിച്ചതും 
വിശപ്പിന്റെ മണമുള്ള ബാല്യങ്ങള്‍ കണ്ടതും
ഞാന്‍  കവിതകളാക്കി !!
നിറമുള്ളതും നരച്ചതുമായ 
നൊമ്പരങ്ങള്‍ക്കോരോന്നിനും പേരിട്ടിട്ടും തീരാതെ 
എപ്പോഴും ഏതൊക്കെയോ അക്ഷരങ്ങള്‍ കൂട്ടമായി 
മനസ്സില്‍ കെട്ടിക്കിടക്കുന്നു !
എന്തോ എഴുതാന്‍ മറന്നത് പോലെ..... !!

ഒരു മരണം


കനല്‍ കെടും വരെ മൃതകോശങ്ങള്‍ 
ചാരമാക്കിയൊരു ചിതകത്തുന്നു !
നോവുകളടക്കി ചിരിവരച്ച 
ഒരു മുഖംമൂടി, 
മരണത്തോട് തോറ്റ് അഗ്നികുടിക്കുന്നു !

വിറകുകളോരോന്നായി ചുളുങ്ങി 
ചുരുങ്ങി പൊടിയായി 
കാറ്റില്‍പറന്നു തുടങ്ങുന്നു !
മുടികരിഞ്ഞു , നഖമുരുകിയാ ഗന്ധം 
നാസികകള്‍ തുളച്ചു കയറുന്നു !

മുറ്റത്ത് മാവിന്‍വേരിലെ ഇനിയുമുണങ്ങാത്ത 
മുറിവില്‍ കണ്ണീരു കറയായി ഉറയുന്നു !
ജനനം കണ്ടു, വളര്‍ച്ചയും  
കണ്ടൊടുവില്‍ മരണം തീണ്ടിയപ്പോള്‍ 
തന്‍റെ മേനിയുമറുത്ത് കത്തിച്ചു പോലും !

ഒരുപാട് ജീവനുകള്‍ ദിവസേന തേടിച്ചെല്ലുന്ന 
അനന്തമജ്ഞാതമാ മൃതിയുടെ 
ചെങ്കുത്തായ ഇരുളില്‍ നീയറിയാതെ 
ഞാനറിയാതെ രഹസ്യങ്ങളെത്രയോ
മയങ്ങിക്കിടക്കുന്നുണ്ടാവാം  !

കേട്ടതും, പഠിച്ചതും, മനസ്സിലാക്കിയതും

രാത്രിക്ക് ഭീകരതയുണ്ടെന്നും
ദുസ്വപ്നങ്ങള്‍ക്ക് നീളന്‍ കൈകളുണ്ടെന്നും
അവ കഴുത്തില്‍ മുറുക്കി പിടിക്കുമെന്നും
ശ്വാസം പേടിച്ചരണ്ടു മാറി നില്‍ക്കുമെന്നും
പണ്ടെങ്ങോ ആരോ പറഞ്ഞു കേട്ടിരുന്നു !

രാത്രി പ്രണയഭരിതയെന്നും
സുന്ദരസ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ടെന്നും
അവ നമ്മെ സ്വര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോകുമെന്നും
നിലാവും നക്ഷത്രങ്ങളും കൂട്ടുവരുമെന്നും
പഠിപ്പിച്ചത് പ്രണയമാണ് !

നിദ്രനുകരാത്ത രാത്രികളുണ്ടെന്നും
അബോധത്തില്‍നിന്നും ഓര്‍മ്മകള്‍
നമ്മെ തോണ്ടി വിളിച്ചുണര്‍ത്തുമെന്നും,
തലയിണ കുതിരാന്‍മാത്രം മനസ്സ് ചോരപൊടിക്കാറുണ്ടെന്നും
ജീവിതമാണെനിക്ക് മനസ്സിലാക്കിത്തന്നത് !!

അക്ഷരങ്ങളും നീയും

നീ തന്ന ലോകത്താണ് ഞാന്‍
അക്ഷരങ്ങള്‍ പഠിച്ചത്
നീ തന്ന മുറിവുകളിലാണ്
ഞാന്‍ ഹരിശ്രീ എഴുതിയത്‌
ജീവിതം മരവിച്ച
കാലത്താണ് വാക്കുകള്‍
തുലാസ്സില്‍ തൂക്കി
നീ തന്നു പോയത്
പെറ്റും പെരുകിയും
മുറിഞ്ഞും മുറിവൂട്ടിയും
നീ തന്ന ഓര്‍മ്മകള്‍
വാക്കുകളിലൂടെ
ജീവന്‍വയ്ക്കുന്നു !!

തുളസി

മുറ്റത്തമ്മമ്മ നട്ടൊരു തുളസിചെടി ഞാന്‍ 
എന്നും വെള്ളം നനയ്ക്കാറുണ്ട്
പൂക്കള്‍ ഞാന്‍ നുള്ളുമ്പോള്‍, 
സന്തോഷിച്ചത്‌ വീണ്ടും വീണ്ടും ആര്‍ത്തു തളിര്‍ക്കും 
നീളന്‍ മുടിയിലാ തളിര്‍പ്പ് ഞാന്‍ ചൂടുമ്പോഴൊക്കെ
കാച്ചെണ്ണയോട് മത്സരിച്ചു മണക്കുമായിരുന്നു 
ഇന്നുമാ വീടിന്‍റെ മുറ്റത്ത് കാടുകള്‍ക്കിടയില്‍ 
പരിഭവമില്ലാതെ 
അദൃശ്യമായി ഐശ്വര്യം പരത്തുന്നുണ്ടാവും .. !!

Monday, August 20, 2012

പെണ്ണിന്‍റെ കൌമാരം


ഹൃദയം പൂക്കാന്‍ തുടങ്ങുന്നതും,
പൂക്കള്‍ ഇറുക്കാന്‍ കുട്ടികള്‍ 
വന്നു തുടങ്ങുന്നതും ,
ശലഭങ്ങള്‍ കാവല്‍ 
പറന്നു നടക്കുന്നതും ,
സ്വപ്‌നങ്ങള്‍ ചില്ലകളില്‍ 
കൂട് കൂട്ടുന്നതും,
അന്നാണ് !

കാലത്തിന്‍റെ കളിത്തൊട്ടിലില്‍ 
ചോരത്തുള്ളികള്‍ വീണുതുടങ്ങുന്നതും,
ശരീരത്തില്‍ സൌന്ദര്യം പെരുകുന്നതും ,
ചിരട്ടപ്പാത്രങ്ങളും 
മണ്ണപ്പങ്ങളും ഉപേക്ഷിക്കുന്നതും 
സ്വാതന്ത്ര്യത്തിനായി മനസ്സ് 
സമരം ചെയ്യുന്നതും 
അപ്പോഴാണ്‌ !

ആത്മവിശാസം മുഴുവന്‍
തകര്‍ക്കാനെന്നോണം
മത്സരിച്ചു വളരുന്ന മുഖക്കുരു
മാത്രമായിരുന്നു
അന്നെന്റെ ശത്രു !
രക്തചന്ദനത്തെയും
മഞ്ഞളിനെയും
ആര്‍ത്തിയോടെ തേടിയ കാലം !

അമ്മയുടെ ചിത്രവും 
തന്‍റെതും തമ്മില്‍ ബന്ധം കൂടുന്നുവെന്നും ,
അമ്മയും അച്ഛനും തമ്മില്‍ 
പ്രണയിക്കുകയാണെന്നും,
ഏകാന്തത എന്ന വികാരമുണ്ടെന്നും,
തന്‍റെ കണ്ണില്‍ ആണിനെ
ആകര്‍ഷിക്കുന്ന മാസ്മരികതയുണ്ടെന്നും 
തിരിച്ചറിയുന്നത് !!

വീടിനും വീട്ടുകാര്‍ക്കുമപ്പുറം
തനിക്കൊരു സ്വര്‍ഗ്ഗം 
പണിയാനാവുമെന്നും,
വിശ്വാസങ്ങള്‍ പലതും 
തിരുത്തപ്പെടേണ്ടവയാണെന്നും,
കൂട്ടുകാര്‍ ദൈവതുല്യരാണെന്നും,
നേരെ കാണുന്നതെല്ലാം സത്യമാണെന്നും,
തെറ്റിദ്ധരിക്കപ്പെടുന്നതും അന്നാണ് !!

കഥ

ജീവിതമൊരു കഥാപുസ്തകമാണ്, 
ചിലതൊക്കെ വായിച്ചു മറക്കും... 
മറ്റു ചിലത് ... 
കാലങ്ങളോളം ഹൃദയത്തില്‍ മുറിവായി .... !! 
മറക്കാനാവാതെ ... 
അഥവാ... 
മറക്കാന്‍ ആഗ്രഹിക്കാതെ ... !! 
ചിലതോ ...
പടിയിറക്കി വിട്ടാലും 
ഇടയ്ക്കൊക്കെ ഒന്ന് നോവിക്കാന്‍ 
ക്ഷണിക്കാതെ, 
ഒരു അഥിതിയെ പോലെ 
ഇഴഞ്ഞു കയറും ഞരമ്പില്‍ ... !! 
അന്നാണ് കഥകള്‍ താളുകളില്‍ പറ്റിചേരുന്നത് ... 
അതുകൊണ്ടാവാം ... 
പലതിനും കണ്ണീരിന്‍റെ നിറമുള്ളത് !!

അമ്മ

കയ്യിലൊരു ചിത്രം !
കണ്ണീരു പെയ്യ്തിട്ടും 
നനഞ്ഞു കുതിര്‍ന്നിട്ടും 
കാലങ്ങളായി 
ചൂടോടെ പിടയ്ക്കുന്നൊരു 
ഹൃദയത്തില്‍ ഉണക്കിയെടുക്കുന്ന 
ഒരു ഓര്‍മ്മചിത്രം !
കാലങ്ങള്‍ ഏറെ 
ഓടിത്തളര്‍ന്നിട്ടും  
കൈ വളരാതെ 
കാല്‍ ചലിപ്പിക്കാതെ ,
മരണത്തിന്‍റെ കൌശലത്തെ 
കുഞ്ഞികൈകള്‍തന്‍ 
പിടിയിലാക്കിയെന്‍റെ പോന്നോമന 
അമ്മയെ മറന്നു മറഞ്ഞതെവിടെ ??
വളരാത്ത ചിത്രത്തിലെ 
അവന്‍റെ മുഖം 
അമ്മയുടെ കണ്ണീരിലും 
ഭാവനയിലും ഇന്നും വളരുന്നു !!

ശാപമോക്ഷം

പ്രണയത്തിന്‍റെ കുരുക്കില്‍ നിന്നും
കയറു പൊട്ടി നിലത്തു വീണുചതഞ്ഞ 
ജീവന്‍റെ മിടിപ്പ് പൂര്‍ണ്ണമായി 
നിലയ്ക്കും മുന്‍പ്  
കണ്ണീരുപ്പുറയും മുന്‍പേ 
ചങ്ങലയ്ക്കുള്ളില്‍ പിടയുന്ന 
അക്ഷരങ്ങള്‍ക്ക് മോചനം നല്‍കണം 
അതില്‍ നിന്നെന്‍റെ   ആത്മാവിനു 
ശാപമോക്ഷം  നല്‍കണം !

ആത്മാവ്

ഉയര്‍ന്നു വരുന്ന 
ആ വമ്പന്‍ കെട്ടിടത്തിനു താഴെയാണ്
എന്‍റെ ആത്മാവ് സ്ഥിരമായി 
തനിച്ചിരുന്നു പാടാറുള്ള 
ആമ്പല്‍ക്കുളത്തിന്‍റെയും 
അതിന്‍റെ പുല്ലുവിരിച്ച കരയുടെയും
ആത്മാവ് ഇപ്പോഴും 
ഗതികിട്ടാതലയുന്നത്  !

ഹിജഡകള്‍


ചാണകവും ചേറും
കയറിയ പരുക്കന്‍ കാലിന്‍റെ
വിള്ളലുകള്‍ക്ക് മുകളില്‍
കിലുങ്ങുന്നൊരു കൊലുസ്സ് !
ആണിന്‍  സ്വരവും
കരുത്തുറ്റ  ശരീരവും ,
പ്രാകൃതമാം വസ്ത്രവും !
പുച്ഛത്തോടെ നോക്കുന്ന
കണ്ണുകളുടെ ശരങ്ങള്‍
തുളച്ചിറങ്ങി സദാ
മുറിവേല്‍പ്പിക്കുന്നുവെങ്കിലും
ഉറപ്പോടെ തുടിക്കും ഹൃദയം ...!
ജീവിക്കാന്‍ അനുവദിച്ചു കൂടെ നമുക്ക് ...
നമ്മെ ഉപദ്രവിക്കാതെ
എങ്ങിനെയോ കാലം കഴിക്കും 
ഇവരെന്തു ചെയ്യ്തു പോലും 
മൃഗങ്ങളെ പോലെ  
മനുഷ്യര്‍ വേട്ടയാടാന്‍ മാത്രം  ?
തെരുവ് നായ്ക്കു
മടിയില്‍ സ്ഥാനം  നല്‍കാന്‍
മനസ്സുകളുണ്ടെങ്കില്‍
ഇവരും ജീവിക്കട്ടെ സമൂഹത്തില്‍ !!
ചേതം എനിക്കോ നിനക്കോ ??
കള്ളനും കൊലപാതകിക്കും
മോചനത്തിനായി
ഹര്‍ത്താലും നിരാഹാരവും
നടത്തും നമ്മള്‍ ബുദ്ധിശൂന്യര്‍,
ജന്മശാപമോ അറിയില്ല .. !!
എനിക്ക്ചിന്തകള്‍ തന്ന ദൈവം
അവര്‍ക്കും കൊടുത്തു വികാരങ്ങള്‍ !
നന്മയെന്തെന്നറിയാത്ത നമ്മള്‍
വീണ്ടും കല്ലെറിയുമവരെ !

Sunday, August 19, 2012

മഴയത്തൊരു കുഞ്ഞിക്കിളി

ഒരു സന്ധ്യയുടെ ചുവപ്പില്‍
ചകിരിനാരുകള്‍ക്കിടയില്‍ 
തളിര്‍ത്ത ചില്ലകള്‍ 
ചൂടോടെ പൊതിഞ്ഞൊരു 
കുഞ്ഞിക്കിളിയുടെ കൂട്ടില്‍,
ഇമചിമ്മിയിരുന്ന കണ്ണുകളില്‍,
ഇലവഴികള്‍ കടന്നു 
കാലം തെറ്റിയൊരു മഴ പെയ്യ്തു !
ചിറകുകള്‍ നനഞ്ഞു
കൊക്കുകള്‍ മരവിച്ചു !
മഴയവളില്‍ 
സ്വയംമറന്നൊഴുകിയിറങ്ങി !
സമ്മതം കാത്തു നില്‍ക്കാതെ,
തേങ്ങിച്ചുവന്ന കവിളിണകളില്‍ 
തോരാതെ തോരാതെ പെയ്യ്തു !
നിലയ്ക്കാതെ പാടിയ മഴയില്‍
വിശപ്പു ഞെരുക്കിയ ജീവനില്‍ 
തണുത്തുറഞ്ഞ ഹൃദയം 
തുടിക്കാന്‍ മറന്നു !
ആ മഴയായിലായിരുന്നു
ആ കുഞ്ഞുശ്വാസങ്ങളും
ചൂട് തേടി മരണക്കയങ്ങളില്‍ താണത് !

കാറ്റ്

ഓരോ കാറ്റിനും
ഓരോ അര്‍ത്ഥമാണ് !
ചിലപ്പോള്‍ സൌരഭ്യം
ചിലപ്പോഴൊക്കെ ദുര്‍ഗന്ധം !
ഇടയ്ക്കിടെ എന്നെ പൊള്ളിക്കാറും
എപ്പോഴൊക്കെയോ
എന്നെ തണുപ്പിക്കാറുമുണ്ട് !
ആരോ ഒരിക്കല്‍
എന്നോട് പറഞ്ഞു
"നീയൊരു കാറ്റു പോലെയാണെന്ന്!"
പക്ഷെ എങ്ങനെ ...??

ബന്ധം

ഒരു വാക്കിന്‍റെ
ധാരാളിത്തത്തില്‍
മുറിഞ്ഞുപോയേക്കാവുന്ന
നിശബ്ദതയുടെ നൂല്‍പ്പാലമാണ്
എന്നെയും കവിതയെയും
തമ്മില്‍ ബന്ധിപ്പിക്കുന്നത് ..

പുല്‍ച്ചാടി

പണ്ടൊക്കെ 
നീളന്‍ കൈകാലുകളുള്ള 
മെലിഞ്ഞൊരു സുന്ദരി വീട്ടില്‍ 
അഥിതിയായി വരുമായിരുന്നു !
അമ്മയ്ക്ക് ഒരുപാട് 
സന്തോഷം നല്‍കുന്ന 
പച്ച വേഷം ധരിച്ച പെണ്ണ് !
അവള്‍ക്കു "ഭാഗ്യം" 
എന്നായിരുന്നു ഓമനപ്പേര് ,
ഏതോ പുല്‍ത്തുമ്പിന്‍ നിനവില്‍ 
നിന്നും ഓടിക്കിതച്ചാണവളെപ്പോഴും 
വരാറുള്ളത് !
കാലമെന്‍റെ ഓര്‍മ്മകളില്‍ 
എത്തിനോക്കുമ്പോള്‍ 
ഇടയ്ക്കിടെ അവളും 
കുസൃതിയോടെ വരാറുണ്ട് !

മെയില്‍ ബോക്സ്‌

അര്‍ത്ഥമില്ലാത്ത ഒരുപാട് സന്ദേശങ്ങള്‍
പൊടിപിടിച്ചു കിടന്ന മെയില്‍ബോക്സില്‍
തിളങ്ങുന്ന ചില തുള്ളികള്‍ കാണാറുണ്ട് 
ആരോടെന്നില്ലാതെ പറഞ്ഞു പോകുന്ന
ചില നൊമ്പരപ്പൊട്ടുകള്‍ !
മറുപടി വിരളമാണെങ്കിലും 
മനസ്സില്‍ തൊട്ടു പോകാറുണ്ട്
ചിലതൊക്കെ !

ചില വാര്‍ത്തകള്‍

വാര്‍ത്തകള്‍ നഗ്നരായി
ഉള്ളില്‍  തീ കോരി ഇടുമ്പോള്‍,
ആട്ടിയോടിക്കും  നീ !!
കാരണം നിനക്കറിയാം 
വിരൂപമായ അവ  
വിരല്‍ ചൂണ്ടുന്നത് 
നിന്‍റെ ആത്മാവിലെ 
ചെളിയില്‍ പുതഞ്ഞ 
സത്യങ്ങളിലേയ്ക്കാണെന്ന് 
വെളിപാടുകള്‍ നേര്‍വഴി 
നയിക്കുമ്പോള്‍ 
നീ തിരിഞ്ഞു നടക്കും 
തെറ്റുകളിലേയ്ക്ക് !
എത്ര പുണ്യനദികളില്‍ പോയി
കുളിച്ചാലും ,
ആത്മാവിലെ തിന്മകളുടെ 
കറുപ്പ് മാറാതെ ... 

രത്നചുരുക്കം

അവള്‍...... ...
ഞാന്‍ ...
ആദ്യമൊക്കെ ....
പിന്നെ ..പിന്നെ ...
പക്ഷെ ... !!
ങ്ങ്ഹാ...
അതൊക്കെ പറഞ്ഞാല്‍ കഥയാണ്‌ .
എനിക്കെല്ലാം മനസ്സിലായി
എല്ലാ പ്രണയത്തിനും
ഒരേ കഥയാണ്‌ !
ഒരേ മുഖവും !!
എല്ലാ വിരഹത്തിനും
ഒരേ കണ്ണീരാണ്
ഒരേ കയ്പ്പും !!



നിഴലും രാത്രിയും

നിഴലിനെ ഇരുള്‍പ്പുതപ്പിലുറക്കി
ഒരു ദിവസത്തിന്‍റെ ദൂരം കടന്ന് ,
നക്ഷത്രങ്ങള്‍ കല്ല്‌പാകിയ
കാട്ടുവഴികള്‍ ഓടിയിറങ്ങി
രാത്രി ,എവിടെയോ പോയി വന്നപ്പോള്‍
എല്ലാം അറിഞ്ഞിട്ടും
ഒന്നും അറിയാത്തത് പോലെ
നിഴലൊന്നു ചിരിച്ചു !
എന്തൊക്കെയോ രഹസ്യങ്ങള്‍
നിഗൂഡമായി ഒളിപ്പിച്ചു
രാത്രിയും ചിരിച്ചു
നിഴലിനെ നോക്കി ! 

ഇന്നുകള്‍

നോവുന്നുണ്ട് പക്ഷെ...
അവനും ഓര്‍മ്മകളും 
നിറഞ്ഞു നില്‍ക്കുന്ന 
ഈ നിമിഷങ്ങള്‍ 
ഞാന്‍ ആര്‍ത്തിയോടെ 
ജീവിച്ചു തീര്‍ക്കുകയാണ് ... 
നാളെ ഈ ഓര്‍മ്മകള്‍ ഇല്ലാതായാല്‍, 
ശ്വാസം നിലച്ചേക്കും !

ഓടക്കുഴല്‍

കാട്ടില്‍ നിന്നും  കൂട്ടംതെറ്റിയൊരു
ഏകയായ മുളംതണ്ട്,
മുറിവേറ്റ നെഞ്ചുമായി 
ദൂരെ വിലപിച്ചു !
ആ പാട്ടില്‍ തരിച്ചുപോയി 
പ്രകൃതിയും മനസ്സുകളും .. !!
അതില്‍ മനംനൊന്താവണം
കാര്‍വര്‍ണ്ണന്‍ 
തന്‍റെ ചുണ്ടോടു ചേര്‍ന്നൊഴുകുന്ന 
സുന്ദരമായൊരു ഗാനമാക്കി 
അവളുടെ വേദന മാറ്റിയത് !

അന്ധന്‍

തൊട്ടും തട്ടി വീണും
നീ വെമ്പലോടെ അറിയുന്ന
അദ്ഭുതമാണ്‌ ലോകം !
മുഖത്തെ രണ്ടു ഗോളങ്ങളില്‍
ഇരുട്ട് മൂടിയപ്പോള്‍
നിന്നില്‍ നീ നിറച്ചത്
ഞാന്‍ ഇതുവരെ കാണാത്ത
ദിവ്യപ്രകാശമാണ് !
അതില്‍ നീ എല്ലാമറിയുന്നു
കണ്ണ് നിറയെ കാഴ്ചകള്‍ തങ്ങിയിട്ടും
ഇനിയുമറിയാത്ത
ഇനിയും മനസ്സിലാക്കാത്ത
ചോദ്യചിഹ്നമാണെനിക്ക് ലോകം !
നിന്റെ കണ്ണുകള്‍ പോലെ
എന്‍റെ മനസ്സും !!

Saturday, August 18, 2012

ഹരിത


മണ്ണില്‍ നടക്കുമ്പോഴും 
പുല്ലില്‍ കിടക്കുമ്പോഴും 
ഉള്ള് നിറയുന്നൊരു 
കുളിരുന്ന അനുഭൂതിയും,        
നിനയാതെ വന്നെന്നെ തട്ടി 
നൂറായി നുറുങ്ങുന്ന
മഴത്തുള്ളിയുടെ ഗന്ധവും,
കാത്തിരിപ്പിനൊടുവില്‍ 
എന്നെ ഒരു മാത്ര നോക്കി 
നീ തന്ന പുഞ്ചിരിയും,
ഒരു നിറമായി ഞാനെന്‍റെ
വര്‍ണ്ണച്ചെപ്പില്‍ സൂക്ഷിക്കട്ടെ !

കാട്

അന്നിനും ഇന്നിനുമിടയിലെവിടെയോ
കളഞ്ഞു പോയൊരു സ്വപ്നമുണ്ട് ..!
എവിടെയോ പടര്‍ന്നു കയറി
പൂവായി ..കായായ് ..
വീണ്ടും വിത്തായ് ...
പൂക്കള്‍ മാത്രം നിറഞ്ഞൊരു ഒരു കാടായ് ...
എന്‍റെ സിരകളിലാ സൌരഭ്യം
മത്തുപിടിച്ചു കയറാറുണ്ട് !!

പ്രണയകവിത

ഇടയ്ക്കിടെ കൊഴിയുന്ന 
വാക്കുകള്‍ക്കിടയില്‍ നിശബ്ധമായ 
ഇടവേളകള്‍ പ്രണയഭരിതമായിരുന്നു !
ആ നിമിഷങ്ങളെ വാക്കുകള്‍ 
വാചാലമാക്കിയിരുന്നെങ്കില്‍ 
ഏറ്റവും സുന്ദരമായൊരു 
പ്രണയകവിത വിടരില്ലായിരുന്നു 
എന്‍റെയുള്ളില്‍  !!



വാക്കുകളുടെ ജീവന്‍

മനസ്സിന്‍റെ വിവിധമായ നിര്‍വചനങ്ങള്‍ തേടിയാണ് കവിതകള്‍ പലപ്പോഴും ഇരുളിലിറങ്ങുന്നത് !മൂടിവയ്ക്കാതെ ,ആത്മവ്യഥകളെ മായം ചേര്‍ക്കാതെ,
ഹൃദയ രക്തത്തിന്റെ കടും ചുവപ്പ് ചാലിച്ചെഴുതിയ അക്ഷരങ്ങളെ സമൂഹം കല്ലെറിയാറുണ്ട്. കാലചക്രത്തിന്‍റെ വേഗതയില്‍ മൃതിയെന്ന മഹാസത്യത്തിലേയ്ക്ക് അവര്‍ എഴുത്തിന്‍റെ വാതായനങ്ങള്‍ തുറന്നിട്ട്‌ മറഞ്ഞതിനു ശേഷം അതേ വഴികളിലൂടെ മനസ്സുകള്‍ സഞ്ചരിച്ചു തുടങ്ങും. നാം മൂടിവയ്ക്കാന്‍  ശ്രമിച്ചതൊക്കെയും അല്പം പോലും സങ്കോചമില്ലാതെ സത്തയില്‍ തുളച്ചിറങ്ങുന്ന കവിതകളായി വിരിയിച്ച ആത്മാക്കള്‍ക്ക് അന്ന് ആത്മബലി നല്‍കും, ജീവിച്ചിരിക്കുമ്പോള്‍ വേദനിപ്പിച്ചും മുറിവേല്‍പ്പിച്ചും
കൊടുത്ത വരവേല്‍പ്പിനു സമാധിയടയുമ്പോള്‍, നമ്മുടെ നിശബ്ദതയില്‍ ആ വാക്കുകള്‍ ഒരു മുള്ളായി വിങ്ങും. അന്ന് പോയ വസന്തത്തെ ഓര്‍ത്ത്‌ കണ്ണീരൊഴുക്കും. വിഡ്ഢികളാണല്ലേ മനുഷ്യര്‍ പലപ്പോഴും ??

മൌനം

മൌനമൊരു മഴയുടെ ഈണമായി
ശൂന്യതയുടെ തരിശ്ശുനിലങ്ങളിലൂടെ
കവിതയുടെ കുളിരുരോടെ
അസ്ഥികളില്‍ അരിച്ചിറങ്ങുന്നു !!

Friday, August 17, 2012

അനന്തതയുടെ നിറം !

ആഴങ്ങളും അലകളും വിരാജിക്കുന്ന
കടലിന്‍റെ അതിശയത്തിലും,
തുടക്കവും ഒടുക്കവും കാണാത്ത
ആകാശപ്പരപ്പിന്‍റെ അദ്ഭുതത്തിലും,
മനസ്സിന് ചിറകു കുരുത്ത നാളുകളില്‍
ഞാന്‍ സ്വപ്നങ്ങളില്‍ കണ്ട കണ്ണുകള്‍ക്കും
ഒരു നിറമുണ്ടായിരുന്നു !
അനന്തതയുടെ നിറം !!

നീ മറന്ന മുഖം

വേണ്ടപ്പെട്ടവരെല്ലാം 
വേദിയലങ്കരിച്ചു കഴിഞ്ഞപ്പോള്‍, 
ആള്‍ക്കൂട്ടത്തില്‍ ... 
പിന്‍നിരയില്‍ നിറഞ്ഞൊഴുകിയ 
രണ്ടു കണ്ണുകള്‍ ഉണ്ടായിരുന്നു ... ! 
ക്ഷണിക്കാതെ കയറി വന്നൊരു ഏകാകി ! 
ഓര്‍മ്മകളില്‍ നിറഞ്ഞ 
സ്നേഹത്തിന്‍റെ മുഖം 
ഒരുവട്ടം കൂടി കാണുവാന്‍ !

അനാഥന്‍

ലക്ഷ്യം കാണാത്ത യാത്രയിലെവിടെയോവച്ച്
നാഡികളില്‍ ജീവന്‍ മിടിക്കുന്നു
എന്ന യാഥാര്‍ത്ഥ്യം പിടിച്ചു കുലുക്കിയൊരു പ്രാണന്‍ !
നോക്കത്താ ദൂരത്തെവിടെയോവച്ച്
മറവി കാടായ് വളര്‍ന്നു മൂടിയൊരു താരാട്ടിന്‍റെ
മാറ്റൊലിയില്‍ വെമ്പല്‍ കൊണ്ട ജീവന്‍ !
തിരികെ നടന്നു നോക്കി ,
ആ താരാട്ടില്‍ നഷ്ടപ്പെട്ടു പോയൊരു ബാല്യം തേടി ,
ഓടിയടുത്തു നോക്കി ,
മിന്നലായ് മുറിവാഴ്ത്തുന്ന വാത്സല്യത്തിന്‍റെ
അകക്കാമ്പില്‍ ഒരു നിമിഷമെങ്കിലും അലിഞ്ഞുചേരാന്‍ !
അമ്മിഞ്ഞയിലെ അമൃത് മണക്കുന്ന സത്യം
വീണ്ടെടുക്കുവാനാവാത്ത നിമിത്തമായി
മറവിയിലേയ്ക്ക് ഒരിക്കല്‍ക്കൂടി മൂടിവയ്ക്കുവാനാവാതെ
ഉഴറിയ ആഴമേറിയ വൃണം !
അമ്മയും കുഞ്ഞും പൊക്കിള്‍ക്കൊടിയുടെ
ഒട്ടിച്ചേരലിനുമപ്പുറം
ആത്മാവിന്‍റെ ബന്ധനമാണെന്നറിഞ്ഞിട്ടും
താന്‍ മാത്രം അതില്‍ നിന്നുമറ്റു പോയൊരു
ജന്മമായാതെന്താണെന്നറിയാതെ,
ആ കണ്ണീരിരു തിളച്ചുചാടിയ  ചോദ്യമായി
ഇനിയും കാലങ്ങള്‍ മുന്‍പോട്ട് ... !!

ചിരി

ഈ ചിരി ഞാന്‍ 
ഇനിയും നശിപ്പിക്കാതെ 
സൂക്ഷിക്കുന്നൊരു 
സുന്ദരമായ ഓര്‍മ്മയാണ്... 
അതിലെന്‍റെ ജീവിതമുണ്ടായിരുന്നു !

മനസ്സിലെ നിശാപുഷ്പം

നെഞ്ചില്‍ ചൂടില്‍ 
കണ്ണീരാല്‍ നനയ്ക്കപ്പെട്ടൊരു 
ചെടി വളരുന്നുണ്ട്‌ ..
സിരകളിലും 
ബോധാതലങ്ങളിലും 
ചിന്തകളിലും 
പടര്‍ന്നൊരു വള്ളിച്ചെടി !
മനസ്സിന്‍റെ ഉള്ളില്‍ 
പ്രകാശിച്ചു നിന്നിരുന്ന 
ദീപം കാലം തല്ലിക്കെടുത്തിയത് മുതല്‍
ആരോ കൊളുത്തിയൊരു 
തിരിനാളം പോലെ 
ഈ ഇരുളിലൊരു 
നിശാപുഷ്പം!!
വിടര്‍ന്നത് മുതല്‍ 
ഒരിക്കലും വാടാതെ ...!

വിധവ

പ്രണയിച്ചതും 
പ്രണയിക്കപ്പെട്ടതുമായ കാലങ്ങള്‍ 
നിലയ്ക്കാത്തൊരു പേമാരിപോല്‍  
മനോവ്യഥയാഴ്ത്തി 
എന്നില്‍ പെയ്യ്തു തുടങ്ങിയത് ,
നിറകണ്ണുകള്‍ നിസ്സഹായമായി 
ഒടുവിലെന്നെ ഉറ്റുനോക്കി 
നിശ്ചലമായ നിമിഷം മുതലാണ്‌ !
ആ ഒഴുക്കില്‍ 
സിന്ദൂരം വാര്‍ന്നു പോയ 
രാവിലാണ് ഞാന്‍ വിരഹിണിയായത് !
സഹതാപം വാലിട്ടെഴുതിയ കണ്ണുകള്‍ 
എന്നെ തേടിയെത്തിയപ്പോഴൊക്കെ 
ഞാന്‍ ഓര്‍മ്മകള്‍ കൊണ്ടെന്‍റെ 
ശിരസ്സുമൂടും !
അനുഭവങ്ങളുടെ കനലില്‍
നീയെന്ന ഓര്‍മ്മ ഇരുളില്‍
എന്റെ മനസ്സിനെ പരതിയെത്തും !
ഇണയൊഴിഞ്ഞ
മക്കളകന്ന ഈ കൂട്ടില്‍
മൌനത്തിലടയിരുന്നു ഞാന്‍ 
പോയ കാലം നോക്കി 
നെടുവീര്‍പ്പെടും !
നിറക്കൂട്ടുകളും 
പ്രണയത്തിന്‍റെ പരാഗരേണുക്കളും 
വഴിതേടി വരാതെ 
വിദൂരതീരങ്ങളില്‍ 
ഒറ്റപ്പെടുമ്പോള്‍ കൂടെയോഴുകിയിരുന്ന
മനസ്സുകളെല്ലാം വരണ്ടുപോയത് പോലെ ... !!

മഴക്കാടുകള്‍

മഴക്കാടുകള്‍ എന്‍റെ ഹൃദയം പോലെയാണ് ...
ഇരുളിലെ നിഗൂഡ സൌന്ദര്യം... !! 
വളഞ്ഞും പുളഞ്ഞും നേര്‍ത്തൊരു 
രേഖ പോലെ ഇടവഴികള്‍ .. ! 
അവിടെ അനാഥമായി 
വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ ... ! 
ഇരുളിന്‍റെ മറവില്‍ 
വേരുകള്‍ ആഴുന്ന മണ്ണിന്‍റെ 
ഹൃദയത്തില്‍ ഓര്‍മ്മകള്‍ പോലെ 
ചെറിയൊരു ചാറ്റല്‍ മഴ !! 
മത്സരിച്ചു വളരുന്ന 
ചിന്തകള്‍ , പടര്‍പ്പുകള്‍ !
രാപ്പാടികള്‍ പാടുന്നതും, 
മുളങ്കാടുകള്‍ താളം പിടിക്കുന്നതും 
കേള്‍ക്കാം ഇടയ്ക്കിടെ!
സ്വപ്‌നങ്ങള്‍ പോലെ 
തളിര്‍ക്കുന്ന മാമരച്ചില്ലകളും, 
ആരെയോ തേടി അലയുന്ന പുഴകളും .... 
ഹാ... എത്രയെത്ര മഴക്കാടുകള്‍ .. 
ഈ ഹൃദയത്തില്‍ ... !!

നീ

ഒരു നിഴലായി കൂടെ വന്നപ്പോഴോക്കെയും 
ഓര്‍മ്മകളുടെ ഇരുളില്‍ പോയൊളിച്ചതു നീയല്ലേ ... 
പാടിയിട്ടും പാടിയിട്ടും 
തീരാത്തൊരു സ്നേഹമായി 
നിന്നെ ഞാന്‍ വിദൂരത്തു നിന്നും വരിഞ്ഞപ്പോഴും,
പരിഭവത്താല്ലെന്നെ എറിഞ്ഞു വീഴ്ത്തിയതും 
നീയല്ലേ !!

നന്ദിത

ജീവനുള്ള വാക്കുകളെ
വിരഹത്താല്‍ വൃണപ്പെടുത്തി
മരണത്തിന്റെ നിഗൂഡമൌനത്തില്‍
അഭയം തേടിയ പ്രണയിനീ,
നൊമ്പരപ്പെടുത്തുന്നൊരു
സത്യത്തിന്‍റെ മുഖംമൂടിയാണ്
പ്രണയമെന്നു തിരിച്ചറിഞ്ഞത് മുതല്‍
നിന്‍റെ മനസ്സ്
പാതിവഴിയില്‍ തളര്‍ന്നു വീണ
അതേ പാതയില്‍
ഇനിയും ഉപേക്ഷിക്കാനാവാത്തൊരു
നഷ്ടത്തിന്‍റെ ഭാരവും ചുമന്ന്,
കവിതകള്‍ മോന്തി
തളരാതെ നടക്കുന്നൊരു
സഞ്ചാരിയാണ് ഞാന്‍ !!

Thursday, August 16, 2012

മരുഭൂമിയിലെ സ്വപ്നം

പൊള്ളുന്ന വെയിലത്ത്
തിരക്കിട്ട് പായുന്ന
ഒരായിരം വാഹനങ്ങള്‍ക്കും
ജീവിക്കാനും ചിരിക്കാനും
മറക്കുന്ന മനസ്സുകള്‍ക്കും അപ്പുറം,
കുളിരുള്ള മഴപെയ്യ്ത്
കരിയില കൊണ്ട് മൂടി
എന്നെ കാത്തിരിക്കുന്നൊരു കൊച്ചു വീട്
ഞാനിന്നു സ്വപ്നം കണ്ടു !

ദേശാടനപ്പക്ഷി


പൂക്കാന്‍ മറന്ന ചില്ലകളില്‍ 
വസന്തം കാത്തിരുന്നു പാടിയ പക്ഷി !
ഋതുക്കള്‍ കാലം തെറ്റി വന്നു നോവിച്ചു 
തുടങ്ങിയപ്പോള്‍,
ദൂരങ്ങളില്‍ കടല്‍ കടന്നു, 
മലകള്‍ക്ക് മുകളിലൂടെ  
താഴ്വരകള്‍ താണ്ടി 
പോയി പൂക്കാലം കൊണ്ടുവന്ന 
നിറമുള്ള എന്‍റെ ദേശാടനപ്പക്ഷി !

പപ്പേട്ടന്‍റെ "ഇന്നലെ"


മഞ്ഞുപുതപ്പിച്ചൊരു താഴ്വരയില്‍ 
ഓര്‍മ്മകളില്ലാതെ 
ഭൂതമില്ലാതെ 
ഇന്നലെയുടെ മാറാപ്പില്ലാതെ
മാലാഖയെപ്പോലെ ഒരു 
സ്വപ്നത്തില്‍ നിന്നുമുണര്‍ന്നു അവള്‍!
സ്നേഹത്തിനു മഴവില്ലിന്‍റെ നിറമുള്ള 
അമ്മയുടെ മടിയില്‍ ,
സ്വര്‍ഗ്ഗത്തില്‍ നിന്നടര്‍ന്നൊരു 
മഞ്ഞുതുള്ളിയുടെ കുളിരോടെ .. !!
കൈപിടിക്കാനൊരു സ്നേഹത്തിന്‍റെ 
കരുത്തും കാട്ടിക്കൊടുത്ത നിമിത്തം !!
കാലം നല്‍കുന്ന സമ്മാനങ്ങളില്‍ 
ചിലത് പ്രതീക്ഷയ്ക്കപ്പുറമൊരു 
സ്വപ്നലോകമായിരിക്കും !

Wednesday, August 15, 2012

കരിഞ്ഞ ഹൃദയം

അമ്പുപോലെ എന്‍റെ നിശ്വാസങ്ങള്‍ 
എവിടെയോ തട്ടി തിരികെ 
വന്നു തുളഞ്ഞു കയറുന്നു 
നോവുള്ള ഒരു വേദന !
സ്നേഹത്തിന്‍റെ ഒരു മറ 
എനിക്ക് ചുറ്റിലും മതില്‍ പോലെ !
ഭയമാണെനിക്ക് 
സ്നേഹപ്രകടനങ്ങളില്‍ വീണു
കരിഞ്ഞൊരു ഹൃദയമാണുള്ളില്‍ !
ഇനിയുമൊരു വേര്‍പാടു 
താങ്ങാന്‍ ശേഷിയില്ല !

ദൈവികത കൊല്ലപ്പെടുമ്പോള്‍

ഓരോ സ്ഫോടനങ്ങളിലും 
ചിതറിപ്പോകുന്നത് 
ദൈവത്തിന്‍റെ രക്തമാണോ ??
നിങ്ങള്‍ കൊന്നൊടുക്കുന്നത് 
അവരുടെ വിശ്വാസത്തെയാണോ ??
അതോ .. അവരൂട്ടി വളര്‍ത്തിയ 
വിശ്വാസങ്ങളെയോ ??
നീ നിന്‍റെ ദൈവത്തെ സ്നേഹിക്കുന്നത് 
അവരെയും കുഞ്ഞുങ്ങളെയും 
ബലികൊടുത്തോ ??
മനസ്സാക്ഷിയെയും മനസ്സിനെയും 
വരിഞ്ഞുമുറുക്കി പിഴിഞ്ഞ്‌ 
ഊറ്റിയെടുത്തു നിങ്ങളുടെ 
ചിന്തകളിലെ തിന്മയുടെ ദൈവങ്ങള്‍ !!
അവരെ കൊന്നോടുക്കുമ്പോഴും 
ദാഹം തീരാതെ നിന്നെയും 
നീ വളര്‍ത്തിയ കുഞ്ഞുങ്ങളെയും 
കൊല്ലും ! ചോര കുടിക്കുകയും ചെയ്യും !
അത് വരെ... അത് വരെ മാത്രം 
കേള്‍ക്കൂ .. കേട്ട് പ്രാര്‍ഥിക്കൂ 
നിനക്കറിയാത്ത , നിന്നെയറിയാത്ത 
പ്രാണന്‍ തെരുവില്‍ 
കത്തിയമര്‍ന്നു നിലവിളിക്കുന്നത് !!

വേടന്‍


ഉറഞ്ഞു കൂടിയ കറുപ്പില്‍
കൊടുംകാടിന്‍റെ വന്യശോഭയില്‍
ഒരു കിളി പാടുകയായിരുന്നു 
ഉണ്ണികളെയുറക്കാന്‍ !
തൂവലുകള്‍ക്കിടയിലൂടമ്മക്കിളിയുടെ 
തൊലിയുടെ ചൂടോടു ചേര്‍ന്നു
പറക്കമുറ്റാത്ത കുഞ്ഞുമക്കള്‍ !
നിശബ്ദതയെ ദീനവിലാപമാക്കി
നീയുതിര്‍ത്ത വെടിയുണ്ട തുളച്ചുകയറിയ
ഇളംചങ്കിനെ നീ വറുത്തെടുത്തു !
നിനക്ക് കിട്ടിയത് രണ്ടു 
നിമിഷത്തെ ആഹ്ലാദം !
ഇണയോട് കൊക്കുരുമ്മി
മക്കളോട് കഥകള്‍ പറഞ്ഞ 
ആ ആയുസ്സിനു നഷ്ടമായത് 
ഇനിയും സ്നേഹിച്ചു തീരാത്തൊരു ജീവന്‍ !

യാത്ര

വേദനിക്കുന്നുണ്ട് .. 
ഹൃദയം മുറിയുന്നുണ്ട് , 
പറയാതെ വയ്യ 
ഞാന്‍ എത്രയോ സ്നേഹിച്ചിരുന്നു നിന്നെ ... 
ഇനിയുമാ മഴയില്‍ നനയില്ല ഞാന്‍... , 
ഇനിയുമാ മൊഴിയില്‍ കരയില്ല ഞാന്‍ ... 
കഥകളിങ്ങനെ തുടരും ... 
നിശ്ചലമായി ഞാന്‍ ഏറ്റുവാങ്ങും ! 
യാത്രാമൊഴിയില്ല .. 
വിടവാങ്ങലില്ലെന്‍റെ 
ജീവനെടുത്തു നീ പോവുക ... 
രുനാള്‍ മടങ്ങിവരുമെങ്കിലും 
ഇല്ലെങ്കിലും 
കാത്തു നില്‍ക്കും 
ഈ ഓര്‍മ്മകള്‍ 
ഞാന്‍ ഒടുവിലായ് 
ചിന്തിയ വാക്കുകളില്‍ !

എന്‍റെ ഭൂമി

ഇനി ഞാനുമൊന്നെഴുതട്ടെ നിനക്കായി
നിന്‍റെ കണ്ണീര്‍ക്കുളം വറ്റിവരണ്ടതിന്‍
ഞരമ്പുകള്‍ പോലും ചൂഴ്ന്നു ചൂഴ്ന്നു
ജീവന്‍റെ ഓടുവിലത്തെ ഇറ്റും തേടി
മക്കളിറങ്ങും മുന്‍പ് ഞാനൊന്ന് പാടട്ടെ !
മഴതന്നും വെയില്‍ തന്നും
നാമ്പില്‍ നിന്നും പുതുനാമ്പു വിരിച്ചും
നീ ചൊരിഞ്ഞ കരുണയില്‍ തിമിര്‍ത്താടി
മതിവരാഞ്ഞിട്ടോ കുഴലുകളിറക്കി
നിന്‍റെ ഉദരത്തില്‍ നിന്നും
വലിച്ചുകുടിക്കുന്നു ജീവജലമവര്‍ !
പച്ച പുതച്ചു സര്‍വ്വാഭരണഭൂഷയായ്
നാണിച്ചു നിന്ന നിഷ്കളങ്കതയെ
കൂട്ടമായി വന്ന് കവര്‍ന്നു നഗ്നയാക്കി
മുറിവേല്‍പ്പിച്ചു മടങ്ങിയല്ലേ !
പിന്നെ ചത്തു മലന്നു കണ്ണുമടച്ചു മരവിച്ചു
നിന്‍റെ കൈകളിളവര്‍ പുഴുവരിച്ചു കിടന്നപ്പോഴും
സര്‍വ്വംസഹ നീ നിന്‍റെ ഒരുപിടി
മണ്ണാല്‍ മൂടിപ്പുതപ്പിച്ചുവല്ലേ !
നിന്നിലൊടുവില്‍ ശേഷിച്ച തരിമണ്ണുമവര്‍
കവരും മുന്‍പേ ഞാന്‍ നിനക്കായി പാടട്ടെ !
നിന്നുള്ളിലെ ഉഷ്ണപ്പുണ്ണ് പുകഞ്ഞു പുകഞ്ഞു
ക്രോധമായി പെരുകിയാ കണ്ണീരെന്നെയുമവരെയും
വിഴുങ്ങും മുന്‍പൊന്നു  ഞാന്‍ ചൊല്ലട്ടെയമ്മേ... മാപ്പ് !!

നിര്‍വികാരത


യുദ്ധം കഴിഞ്ഞൊരു ഭൂമിയിലൂടെ
നഗ്നപാദയായി നടക്കുന്നൊരു 
ഏകാകിയാവാറുണ്ട് ജീവിതം !
നാവിന്‍റെ വാള്‍മുനയാല്‍ 
അറ്റുപോയ ബന്ധങ്ങളുടെ ശിരസ്സുകള്‍
വഴിവക്കില്‍ കൂട്ടിയിട്ടിട്ടുണ്ട് 
അതിലെ തുറിച്ച കണ്ണുകള്‍ 
എന്നെ ഉറ്റുനോക്കും ! 
ഇനിയും ജീവന്‍ വിടാതെ തിളയ്ക്കുന്ന 
ജീവരക്തം കാലുകള്‍ നക്കും ഇടയ്ക്കിടെ !
തിരിഞ്ഞു നോക്കുമ്പോള്‍ 
ഹൃദയം പിടയ്ക്കും !
ഒരു വാക്കിന്‍റെയോ നോക്കിന്‍റെയോ 
ഔദാര്യം കാത്തു നില്‍ക്കാതെ 
വീണ്ടും നടക്കും  !
മരണാസന്നമായ വിശ്വാസങ്ങള്‍
ആവശമായി വിളിക്കും പിന്നില്‍നിന്ന് 
കാതുകള്‍ തുളച്ചിറങ്ങും ചിലപ്പോള്‍ ,
തിരുത്തലുകള്‍ കൊണ്ടെന്‍റെ 
മനസ്സുറഞ്ഞു പോയി എപ്പോഴേ.. !

കാണാതെ പോയത്

പറന്നകലുന്ന കാലത്തിന്‍റെ ചിറകില്‍ 
ജീവിക്കാനുള്ള സ്വാതന്ത്ര്യം 
നിഷേധിക്കപ്പെട്ട ജന്മങ്ങള്‍ 
എത്രയോ പൊലിഞ്ഞു വീണു !!
ഞാനോ നീയോ അറിഞ്ഞും അറിയാതെയും !!
മരുന്നു ലഭിക്കാതെയും 
പുഴുവരിച്ചും 
പട്ടിണി കിടന്നും 
കഴുത്തറുക്കപ്പെട്ടും 
ചോര ചിന്തി വഴിയില്‍ കിടന്നും 
ഇനിയുമങ്ങനെ !!
നമ്മള്‍ കൊടിയേറ്റും 
നമ്മള്‍ മധുരം കഴിക്കും 
സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ !!
മനസ്സും മനസ്സാക്ഷിയും 
അന്ധവും ബധിരവുമായ 
അധികാരത്തിന്‍റെ സിംഹാസനത്തില്‍ 
എന്നും സ്വാതന്ത്ര്യമുണ്ടായിരുന്നു !!
ഏതു പുലരിയിലാണ് 
എന്റോസള്‍ഫാനിന്‍റെ ഇരകള്‍ക്കും
കണ്ണീരില്‍ കഞ്ഞി വാര്‍ക്കുന്ന ജനതയ്ക്കും 
പാടത്തൊഴുകുന്ന വിയര്‍പ്പിനും 
കൊടിയെറ്റാനാവുക ??
സമാധാനത്തിന്‍റെ...
സ്വാതന്ത്ര്യത്തിന്‍റെ കൊടി ?? 

സ്വാതന്ത്ര്യച്ചിത്രം

ശൂന്യതയില്‍ ഒരു ചിത്രം ... ഒരു നിലാചിത്രം ! നേരം പുലരുമ്പോള്‍ മാഞ്ഞേക്കാം, എങ്കിലും ഇന്നെന്‍റെ സ്വപ്നത്തിനൊരു പ്രകാശം... 
പിച്ചവച്ച നാടിന്‍റെ 
ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ നാള്‍ !സ്വാതന്ത്ര്യം വിദൂരത്താണെങ്കിലും, മനസ്സിന്‍റെ വേരുകള്‍ ആ മണ്ണിന്‍റെ ആര്‍ദ്രതയില്‍ ആഴ്ന്നതല്ലേ .... !!

Tuesday, August 14, 2012

സൂര്യന്‍

ചിന്തകളൊന്നും നീയെന്ന
സൂര്യനെ വിട്ടു പോവില്ല..
യാത്ര തുടരുന്നെങ്കിലും
പുതിയ ലോകങ്ങള്‍
വരികളില്‍ കൂട്കൂട്ടുന്നുവെങ്കിലും
മനസ്സും ഉരുണ്ടതാണെന്ന് തോന്നുന്നു
തിരികെ നിന്നില്‍ തന്നെ വന്നെത്തുന്നു
വാക്കുകള്‍ ഓടിയകലും തോറും
വിചാരങ്ങള്‍ കൂടുതല്‍ നിന്നോടടുക്കുന്നു !
ഓര്‍മ്മകളില്‍ നീ പൊള്ളുന്നു
ചിറകുകള്‍ കരിയുന്നു
എങ്കിലും നീയാണ്
നീതന്നെയാണ് ഈ മനസ്സ് നിറയെ !
നിന്നെ മറന്നൊരു ജന്മം എനിക്കില്ല !
നിന്‍റെ ഓര്‍മ്മകളാണെന്‍റെ പ്രാണന്‍
വലംവയ്ക്കുന്ന ജ്വലനം !

സ്വാതന്ത്ര്യം

കുങ്കുമത്തിന്‍റെ വിശുദ്ധിയും 
വെണ്മയുടെ സമാധാനവും 
പച്ചപ്പിന്‍റെ സൌന്ദര്യവും 
കോര്‍ത്തിണക്കിയ ഒരു സ്വാതന്ത്ര്യത്തിന്‍റെ
കൊടിപാറിക്കുവാന്‍ ജീവിതം ബലികൊടുത്ത 
രക്തസാക്ഷികള്‍ക്കെന്‍റെ നന്ദി !
മഹാന്മാര്‍ ചങ്കിലെ ചോരകൊണ്ട് 
നമുക്ക് നല്‍കിയ പുതിയ ലോകത്തെ
കളങ്കമേല്‍പ്പിക്കാതെ നമുക്ക് കാക്കാം !

അസ്തമയ സൂര്യന്‍

വിണ്ണിന്‍റെ അനന്തതയില്‍ നിന്നും
ഓളപ്പരപ്പില്‍ താണിറങ്ങി
സ്വര്‍ണ്ണം പോലെ പ്രകാശിപ്പിക്കാറുണ്ട്
ദിവസം മുഴുവന്‍ ചിണുങ്ങിക്കരഞ്ഞ
സാഗരത്തെ , ഈ ആദിത്യകിരണങ്ങള്‍ !

ജൂണ്‍മാസം

ആ കാലൊച്ച അടുക്കും തോറും
ഹൃദയത്തിന്‍റെ മിടിപ്പുകള്‍
കിതച്ചുകൊണ്ടോടുമായിരുന്നു  !
പൂമ്പാറ്റകളുടെ ലോകത്തുനിന്നും
അമ്മയുടെ ചൂടില്‍ നിന്നും
കുസൃതിയുടെ തൊട്ടിലില്‍ നിന്നും
സ്വാതന്ത്ര്യത്തിന്‍റെ മണിക്കൂറുകള്‍
വെട്ടിക്കുറയ്ക്കാന്‍ പെരുമഴയായി
വരുമ്പോഴൊക്കെ മനസ്സ് പിടയുമായിരുന്നു !
വിട്ടുകൊടുക്കാതിരിക്കാന്‍
അലറിക്കരയുന്ന ഒരുപാട്പേരില്‍
ഞാനും ഒരാളായി !
കാലം വരുത്തിയ മാറ്റങ്ങളില്‍
മനസ്സ് തിരുത്തിയ ഒരിഷ്ടം
നിന്നോടുണ്ട് ഇന്നെനിക്ക് !
ഓര്‍മ്മകളിലെ മഴക്കാഴ്ച്ചകളില്‍
ജൂണിനെ വെറുത്ത  ബാല്യം
ഇന്ന് അതേ മഴക്കാലത്തിലൂടെ
വിദ്യാലയ വാതിലിലെത്തുവോളം
കുഞ്ഞിക്കാലുകള്‍ മഴവെള്ളത്തില്‍
തുള്ളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ... !!

ആദ്യത്തെ കവിത

തഴമ്പിച്ച കണ്ണീര്‍ത്തടങ്ങളില്‍
പീളകെട്ടിയ ഓര്‍മ്മകളുമായി
ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് 
ലക്ഷ്യമില്ലാത്ത കുതിരയെപ്പോലെ 
കുതിക്കുകയായിരുന്നു ചിന്തകള്‍ !
ഇടയിലെവിടെയോ 
തളര്‍ന്നിരുന്നപ്പോഴാണ് പാദങ്ങളില്‍ 
മുള്ളുടക്കിയത് പോലെ 
ആത്മാവിന്‍റെ ഭിത്തിയില്‍ 
തറഞ്ഞ വേദനയെ കവിതയാക്കിയത് 
അന്നാണ് എന്‍റെ ആദ്യജാതന്‍റെ ജനനം !

വിഷക്കനി


മൊട്ടായി നീയെന്‍റെ 
എകാന്തമാം ചില്ലയില്‍ വിടര്‍ന്നത് 
എന്റെ ചിറകുകളെ 
പ്രണയിക്കാനാണെന്ന് 
കളവു ചൊല്ലിയതായിരുന്നോ ??
പൂവായി വിടര്‍ന്നപ്പോഴും 
സുഗന്ധം പരത്തിയപ്പോഴും
നീയീ ഹൃദയത്തിന്‍റെ ഞരമ്പുകളില്‍ 
ജീവന്‍റെ ചലനങ്ങള്‍ വര്‍ധിപ്പിച്ചു !
കനിയായി തുടുത്തപ്പോഴേയ്ക്കും
നിന്‍റെയുള്ളില്‍ വിഷം നിറച്ചതാരാണ് ?
നിന്നെയൊന്നു നുകര്‍ന്നപ്പോഴെയ്ക്കും
നീ വിരാജിച്ച ഈ ഞരമ്പുകള്‍
സതംഭിച്ചുപോയല്ലോ ... !!
നിന്‍റെ കളവിലെന്‍റെ 
ചിറകുകള്‍ ഒന്ന് പിടഞ്ഞു
പിന്നെ നിലച്ചു ... 
ഒരിക്കലും ഉണരാതെ മയങ്ങി !!

Monday, August 13, 2012

ഉപ്പുരസം

ശാന്തമായൊരു കടലാണ് മനസ്സ്
ഭൂമിമുഴുവനായി വിഴുങ്ങാന്‍ ത്രാണിയുള്ള കടല്‍ !
വല്ലാതെ അസ്വസ്ഥമാകുമ്പോള്‍
തിരകളടിച്ചു പുറത്തു വരും !
അതോകൊണ്ടാല്ലേ കണ്ണീരിനിത്ര
ഉപ്പുരസം !

പട്ടം

ഉയരങ്ങള്‍ കീഴടക്കി പട്ടം
പറന്നപ്പോളവന്‍ കരുതി ,
കുഞ്ഞുവിരലുകളുടെ ബന്ധനത്തില്‍ നിന്നും 
മോചനം കൊടുക്കാമെന്ന് !
അല്പം വ്യസനത്തോടെയെങ്കിലും 
നീലവിഹായസ്സില്‍ ചിറകുകുഴയാതെ 
പറക്കാനനുഗ്രഹിച്ചു യാത്രയാക്കി !
അന്ന് വൈകുന്നേരം പറമ്പിന്‍റെ 
വടക്കേമൂലയിലെ മാവിന്‍കൊമ്പില്‍ 
തന്‍റെ പട്ടം മരവിച്ചു തൂങ്ങിയാടുന്നത് കണ്ടു !
മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ് 
ചതിച്ചുപോയതില്‍ മനംനൊന്ത് !!

കവിത

ഭ്രാന്തിയായ അമ്മയുടെ
ഇരുട്ടുമുറിയില്‍ ജനിച്ച
പ്രകാശമുള്ള മക്കളാണെന്‍റെ
കവിതകള്‍ ! 

ചെങ്കൊടിയുടെ ഉറപ്പ്

ധീരയോദ്ധാക്കള്‍ രക്തസാക്ഷ്യം
വഹിച്ച നാടിന്‍റെ ആദ്യജാതര്‍ ,
ചോരചിന്തിയും നന്മകാക്കുമെന്ന
ഉറപ്പാണ് ചെങ്കൊടിയില്‍ ഞാന്‍ കണ്ടത് !
കൂടപ്പിറപ്പിന്‍റെ തല വെട്ടി
കവലപ്രസംഗത്തില്‍ പ്രദര്‍ശിപ്പിച്ച
രക്തത്തില്‍ മുക്കിയെടുത്ത
മലിനതയാണിന്നാ ഉറപ്പിനെ തകര്‍ത്തത് !!

ശിക്ഷ

അനുവാദമില്ലാതെ
നിന്‍റെ പ്രണയത്തിന്‍റെ അതിരുഭേദിച്ച് ,
അകത്തു വന്നതുകൊണ്ടാണോ
വേര്‍പാടിന്‍റെ ഇരുള്‍മൂകമായ
അഴികള്‍ക്കുള്ളില്‍ എന്‍റെ മനസ്സിനെ
നീ പൂട്ടിയത് ??

എന്‍റെ അച്ഛന് ... !

എഴുത്തിന്‍റെ മഹാലോകത്തിലേയ്ക്കെന്‍റെ നാഡികള്‍ വളര്‍ന്ന്തുടങ്ങിയപ്പോഴോന്നും, മനസ്സില്‍ പലവട്ടം വാക്കായി വിരിഞ്ഞിട്ടും പകര്‍ത്താന്‍ കഴിയാതിരുന്നൊരു കവിതയാണങ്ങ് !അമ്മയുടെ താരാട്ടും, അമ്മയുടെ ചിന്തകളും , അമ്മയുടെ നൊമ്പരങ്ങളുമെല്ലാം തൂലികയില്‍ വാചാലമായപ്പോഴും .. അങ്ങയെ മറന്നതല്ല. പ്രസവിക്കാതെ തന്നെ അമ്മയോളം എനിക്കായി ഉരുകിയ ഹൃദയമാണ് എന്നെനിക്കറിയാം.മനസ്സില്‍ ഞാനൊരു സ്വപ്നമായി പൂവിട്ടത് മുതല്‍ ഇന്നോളം ,അടര്‍ത്തി മാറ്റാതെ ആ സ്നേഹത്തിന്‍റെ ചൂടിലും ചൂരിലും തളിര്‍ത്തു ഞാനിന്നീ ഭൂമിയുടെ നടുവിലൊരു വാക്കിന്‍റെ തുടിപ്പായി മാറുന്നു.
മുഖം കറുപ്പിച്ചും, സ്നേഹിച്ചും , ലാളിച്ചും അങ്ങെനിക്ക് മുന്‍പില്‍ തുറന്നു കാട്ടിയത് നന്മയുടെ നിറമുള്ള യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കുള്ള വിശാലമായ ജാലകമാണ്. ശരിയായത് തിരഞ്ഞെടുക്കാനും , തെറ്റെന്നു തോന്നുന്നത് ത്യജിക്കാനും , നൊമ്പരങ്ങളുടെ കൊടുംകാറ്റടിക്കുമ്പോഴും കെടാതെ ആളിപ്പടരാനും പഠിപ്പിച്ച ദിവ്യശക്തിയുള്ള അദ്ധ്യാപകനാണങ്ങ് !
ഒന്നുമടിച്ചേല്‍പ്പിക്കാതെ എന്‍റെതായ വഴികളില്‍ താങ്ങായി കൂടെ നിന്ന് , എന്‍റെ വിശ്വാസങ്ങളില്‍നിന്നെന്നെ പിന്‍തിരിപ്പിക്കാതെ , സ്വപ്നങ്ങളില്‍ എന്നെ തളച്ചിടാതെ, അച്ഛാ എന്നഭിമാനത്തോടെ , അതിന്‍റെ പൂര്‍ണ്ണമായ അര്‍ഥം ഗ്രഹിച്ചു വിളിക്കാന്‍ പഠിപ്പിച്ചതിന് ഏതക്ഷരങ്ങള്‍ കടമെടുത്താണ് ഈ നന്ദി ഞാന്‍ അങ്ങേയ്ക്ക് സമ്മാനിക്കേണ്ടത് ? ഇനി വരും ജന്മങ്ങളിലും ആ മനസ്സിന്‍റെ കോണിലൊരുറവയായി ജനിക്കാനുള്ള വരത്തിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു. 

Sunday, August 12, 2012

വിധിയോട്

ഓരായിരം കൈകളോടെ മൂടിവച്ചാലും
സര്‍വ്വശക്തിയോടെ ഞെരുക്കിയാലും
നിന്‍റെ വിരലുകളുടെ വിള്ളലില്‍ നിന്നും
ഒരു പൂമൊട്ടായി ഞാന്‍ വിടരും
ലോകത്തിന്‍റെ കണ്ണുകളിലേയ്ക്ക്
കണ്ണെഞ്ചിക്കുന്നൊരു നിറമായി ! 

പെരുവഴിയമ്പലത്തിന്‍റെ കഥ

ഓരോ  അതിഥിയുടെ കഥകളും
നനഞ്ഞു  വീഴുന്ന
സ്പന്ദിക്കാത്ത നെഞ്ചില്‍
നിഴലുകള്‍ ഒളിഞ്ഞും തെളിഞ്ഞും
രഹസ്യങ്ങള്‍ പരതുന്നുണ്ട്  !
ഒറ്റപ്പെട്ട നിലത്ത്
വെള്ളാരംകല്ലുകള്‍ പോലെ,
അങ്ങോളമിങ്ങോളം
പിണങ്ങിയും മൗനിച്ചും
പഥികരുടെ ചുളിഞ്ഞ ഭാന്ധത്തില്‍
നിന്നൂര്‍ന്ന കണ്ണീര്‍പാടുകള്‍
തിളങ്ങിയും മങ്ങിയും !
മൌനം കുടിച്ചു തേങ്ങി
നില്‍ക്കുന്ന വഴിയമ്പലച്ചുവരിലെ
കാറ്റിനു പോലും ഈണം ശോകമാണ് !
ആരൊക്കെയോ വച്ചുമറന്ന
ഒരുപാടു കഥകളിലെ
മുഴുവന്‍ നൊമ്പരവും ഒഴുക്കിക്കളയാന്‍
ആ  കല്‍മണ്ഡപമൊരുവേള
പൊട്ടിക്കരയാന്‍ കൊതിച്ചിട്ടുണ്ടാവും ....

അമ്മയുടെ താരാട്ട് നിലയ്ക്കും മുന്‍പേ

ചില ഗാനങ്ങളുടെ തരംഗങ്ങളില്‍ 
ശ്വാസം പോലും അടക്കിവച്ചു 
ഞാന്‍ അലിയാറുണ്ട് !
ആത്മാവു നൂറായ് നുറുങ്ങുമ്പോഴും 
അമ്പുകള്‍ തുളഞ്ഞിറങ്ങുമ്പോഴും ,
എനിക്കായ് എന്നും എഴുതപ്പെട്ടിരുന്ന
വരികളുടെ ആത്മാവില്‍ 
ഒളിച്ചിരിക്കാറുണ്ട് ഞാന്‍ !
ചില വരികളില്‍ അശ്രുവര്‍ഷം
എന്നെ ഒരു രാജപുത്രിയെപോലെ 
പൊതിയാറുണ്ട് !
ആര്‍ത്തു ചിരിക്കുകയും
മാറോടു ചേര്‍ക്കുകയും 
ചെയ്യ്തവ എന്‍റെ 
ശേഖരത്തില്‍ ഉണ്ടായിരുന്നു !
ഈ വിരസമായ ദിനങ്ങളില്‍ 
മനസ്സിന്‍റെ ആളൊഴിഞ്ഞ മണ്‍പാതയില്‍ 
ഒരു താരാട്ട് വീണ്ടും 
മുഴങ്ങാന്‍ തുടങ്ങിയിയിരിക്കുന്നു !
അമ്മയുടെ നറുംപാല്‍ സ്നേഹത്തോടെ 
എന്നെ ഒരിക്കല്‍ കൂടി തേടിയെത്തിയതായിരുന്നോ ??
മറ്റെല്ലാ പ്രിയഗാനങ്ങളും വിട്ടൊഴിഞ്ഞു ഞാനാ 
താരാട്ടില്‍ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു !!
ഇനിയൊന്നിലേയ്ക്ക് 
കാതുകള്‍ തുറക്കാനാവാത്തവിധം ബന്ധിക്കപ്പെട്ട 
ആ ഗാനം നിലയ്ക്കും മുന്‍പേ
അതില്‍ ഞാന്‍ ഇല്ലാതായിരുന്നെങ്കില്‍ !
അമ്മെ .. നീയാണ് സ്നേഹം 
നിന്‍റെ പതറിയ സ്വരത്തില്‍ പാടിയതിനോളം
ഏതു ഗന്ധര്‍വ്വന്‍ പാടിയാലും 
ഞാന്‍ ആസ്വദിക്കില്ല !

ആഗ്രഹം


എന്‍റെ കണ്ണീരു മഴയായി നിന്നില്‍ 
പെയ്യണമെന്നു നീ കൊതിച്ചു !
അതിനായി നീ ഒരു മരച്ചില്ലയില്‍ 
കൂട് കൂട്ടി കാത്തിരുന്നു !
നിന്‍റെ ആഗ്രഹങ്ങള്‍ വിജയിക്കണമെന്ന് 
ഞാനും വാശിപിടിച്ചു ..
അതുകൊണ്ടാണ് ആര്‍ത്തലച്ചു പെയ്യാന്‍  
ഞാന്‍ മിന്നലായി ആദ്യം വന്നത് !
ആ ചൂടില്‍ നിന്‍റെ കൂടും
കൂട് കൂട്ടിയചില്ലയും എരിഞ്ഞു പോയതും 
വീശിയടിച്ച കൊടുംകാറ്റില്‍ 
ആ മരം കടപുഴകിയതും 
പിന്നെ തോരാ മഴയില്‍ 
നിന്നെ ഒഴുക്കിക്കളഞ്ഞതും 

Saturday, August 11, 2012

കുരുതി


ഈശ്വരാ ...
നീ പ്രീതിപ്പെടുന്നത് ചോരയിലാണെന്ന്
തെറ്റിധരിച്ചാണ് മൃഗങ്ങളില്‍ നിന്നും
മനുഷ്യനിലേയ്ക്ക്
അവര്‍ കത്തിയിറക്കി തുടങ്ങിയിരിക്കുന്നത് !
മനുഷ്യരുടെ രക്തബലിയില്‍ നീ
കൂടുതല്‍ പ്രീതിപ്പെടുമത്രേ !
ഈ പുണ്യനടയിലും
ഈ പുണ്യഭൂമിയിലും
കളങ്കപ്പെട്ട മനസ്സുകളിലും
ചോരക്കറ പടരുന്നത്
നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ !
മാപ്പ് ! 

എന്‍റെ ഓര്‍മ്മകളില്‍ വീണുകരിഞ്ഞ്

എനിക്ക് കാണാം 
അങ്ങകലെ , എന്‍റെ ദൃഷ്ടിയില്‍ നിന്നും ഒളിച്ച്
നീ നിന്‍റെ ജീവിതം പണിഞ്ഞുയര്‍ത്തുന്നത് ..
എന്‍റെ മനസ്സിലെ ഉമിത്തീയില്‍ വീണു
നിന്‍റെ ജന്മം നീറുമ്പോള്‍ എങ്ങനെ 
ഉറങ്ങും നീ അല്ലലില്ലാതെ ?? 
ആത്മാവില്‍ പടര്‍ന്നു പിടിക്കുമ്പോഴേ 
നീ അറിയൂ എന്‍റെ കണ്ണീരിന്റെ ആളലില്‍
നിന്റെ ആയുസ്സ് എത്രത്തോളം കരിഞ്ഞു എന്ന് !!