Tuesday, August 21, 2012

മറന്നത്


ആധികളും അല്ലലുകളുമലട്ടാതെ
അന്ധതയുടെ പുതപ്പിന്റെ സുഖത്തിലുറങ്ങിയ 
പത്തു മാസത്തില്‍ തുടങ്ങി,
പുകപാറുന്ന അടുപ്പിന്‍റെ അടുത്ത് 
അപ്പന്‍റെ മടിയിലിരുന്ന് 
അമ്മയോട് കൊഞ്ചിയതും,
പിച്ചിയും മാന്തിയും 
കള്ളക്കണ്ണീര്‍ വീഴ്ത്തിയും 
ചേച്ചിമാരോട് അടിയുണ്ടാക്കി വളര്‍ന്നതും ,
എത്ര പിണങ്ങിയിട്ടും ഇഴപിരിയാത്ത 
സൌഹൃദത്തിന്‍റെ പൊന്‍നൂലില്‍ തൂങ്ങി 
ദൂരങ്ങളൊരുപാട് കടന്നതും ,
ഹൃദയത്തെ ബന്ധിക്കുന്ന 
പ്രണയത്തിന്‍റെ ചുംബനവും 
ശരീരത്തിന്‍റെ കരുത്തുമറിഞ്ഞതും,
വിരഹം ഭ്രാന്തായി ചങ്ങലതകര്‍ത്ത് 
ജീവിതം ചതച്ചരച്ചത്തില്‍ ഏങ്ങി 
തനിച്ചിരുന്നു നിലവിളിച്ചതും,
വളിച്ച ചിരികളിലെ ചതിമണക്കുന്ന 
കണ്ണുകളെ ഏറെ വൈകിയെങ്കിലും 
മനസ്സില്‍ കുറിച്ചിട്ടതും 
ഞാനെതിര്‍ക്കുന്ന നിയമവും, 
ഞാന്‍ വെറുക്കുന്ന അനീതിയും 
വാക്കിന്‍റെ  വാളാല്‍ മനസ്സില്‍ തലയറുത്തിട്ടതും,
പ്രകൃതിയെ അമ്മയാക്കി നിറങ്ങളെ വരിച്ചതും 
വിശപ്പിന്റെ മണമുള്ള ബാല്യങ്ങള്‍ കണ്ടതും
ഞാന്‍  കവിതകളാക്കി !!
നിറമുള്ളതും നരച്ചതുമായ 
നൊമ്പരങ്ങള്‍ക്കോരോന്നിനും പേരിട്ടിട്ടും തീരാതെ 
എപ്പോഴും ഏതൊക്കെയോ അക്ഷരങ്ങള്‍ കൂട്ടമായി 
മനസ്സില്‍ കെട്ടിക്കിടക്കുന്നു !
എന്തോ എഴുതാന്‍ മറന്നത് പോലെ..... !!

4 comments:

  1. എന്തോ കൂടി കേള്‍ക്കാനുള്ളത് പോലെ..

    ReplyDelete
  2. ഒന്നോര്‍ത്ത് എടുത്ത് നോക്കൂ...
    എവിടെ, എപ്പോളാണ് മറന്ന് വെച്ചത് എന്ന്...

    ReplyDelete
  3. വൈയക്തികമായതിനെ സാമാന്യമാക്കി പരിവര്‍ത്തിപ്പിക്കുന്നതാണ് കവിതയിലെ മാജിക്.നിശാഗന്ധി നന്നായി എഴുതുന്നുണ്ട്.ആവേശം ഒന്നൊതുക്കിപ്പിടിച്ചാല്‍ കുറേക്കൂടി കനമുള്ള കവിത പിറക്കാനിടയുണ്ട്.നന്നായി വരട്ടെ.

    ReplyDelete