Friday, August 10, 2012

ഒരാത്മബന്ധത്തിന് സസ്നേഹം !


താഴിട്ടടച്ച ഹൃദയത്തിന്റെ പൂട്ട്‌ പൊളിച്ചു കടന്നു വന്നൊരു മന്ദഹാസമാണ് നീ എനിക്ക് ! അനുവാദം ചോദിക്കാതെ അധികാരം ഭാവിച്ചു നീ എന്‍റെ കണ്ണീരുറവയില്‍ കുളിച്ചു കയറുന്നു ! ഒരു വട്ടം പോലും നിന്നെ കുറിച്ച് ഞാന്‍ ചോദിച്ചില്ലല്ലോ .. ഒരിക്കല്‍ പോലും നിന്നെ ഞാന്‍ നോക്കിയില്ലല്ലോ .. എന്നില്‍ പുകയുന്ന തീയും , എന്നെ ഞെരുക്കുന്ന നൊമ്പരവും നിന്നെ ഇല്ലാതാക്കുമെന്നറിഞ്ഞിട്ടും എന്‍റെ ഉള്ളില്‍ നീ എത്ര ഭംഗിയായാണ് സ്നേഹപ്പൂക്കള്‍ അലങ്കരിക്കുന്നത് ? 
ഈ യാത്രയില്‍ കൂട്ടായ തണല്‍മരങ്ങളൊക്കെ ഗ്രീഷ്മത്തിന്‍റെ തപത്തില്‍ കൊഴിഞ്ഞു.കാലുകുഴഞ്ഞു വഴി വക്കില്‍ വീണുപോയപ്പോള്‍ പോലും സ്വാര്‍ഥമതികള്‍ നിഴല്‍തരാതകന്നു.കൂടെ വരെരുതെന്നു വിലക്കിയതാണ് ഞാന്‍ പലവട്ടം. ഹൃദയം പിടിച്ചുവാങ്ങി തകര്‍ത്ത് പോയവരുടെ നിരയില്‍ ഇന്നോളം ഞാന്‍ വ്യത്യസ്തമായൊരു വെളിച്ചം കണ്ടില്ല.വാക്കുകളില്‍ നിറഞ്ഞൊഴുകിയ കപടതയ്ക്കപ്പുറമായൊരു നേരുണ്ടെന്നു വിശ്വസിക്കാതായവളാണ്  ഞാന്‍... .,
ഈ മനസ്സില്‍ നിന്നും അറിയാതെ വന്നു പോയ വ്യര്‍ത്ഥമായ വാക്കുകള്‍ക്കു പോലും അര്‍ഥം നല്‍കി നീ അവ ഈണത്തോടെ ഏറ്റുപാടുന്നത് കാണാഞ്ഞതായി ഞാന്‍ ഭാവിച്ചതാണ്. അനുഭവങ്ങള്‍ പടച്ചട്ടകളായി നിന്ന് ലോലമനസ്സിനെ തടഞ്ഞതാണ്. നിന്നിലെയ്ക്ക് നീളുന്ന വിചാരങ്ങളെ മുറിച്ചു മാറ്റിയതാണ്.പരിഭവം പറയാതെ, ചോദ്യങ്ങള്‍ ചോദിക്കാതെ, ഞാന്‍ മാത്രമായ എന്നെ അതിന്‍റെ എല്ലാ ചാപല്യങ്ങലോടും കൂടി അംഗീകരിച്ച നിന്നെ  ഇനിയും ഒന്നഭിസംബോധന ചെയ്യാതെ മുന്‍പോട്ടു നടക്കാന്‍ എനിക്കാവില്ല !
ആത്മവിശുദ്ധിയുടെ ഏതൊക്കെ തലങ്ങള്‍ കടന്നാലും, കണ്ണുനീരിലും , തീക്ഷണമായ വ്യഥയിലും തളയ്ക്കപ്പെട്ടു നിശബ്ധമായി നിലവിളിക്കുന്നൊരു മനസ്സാണ് എനിക്ക് സമ്മാനിക്കപ്പെട്ടിരിക്കുന്നത്, അഥവാ ഞാന്‍ എത്തിപ്പെട്ടിരിക്കുന്നത്. അതിക്രമിച്ചു കയറിയവരെല്ലാം വെന്തുമരിക്കുകയോ, സ്വയമേ പ്രതിഷ്ടിച്ചവരെല്ലാം മാഞ്ഞു പോവുകയോ ചെയ്യുന്ന ഇടത്ത് നീ മാത്രമെങ്ങനെ എന്‍റെ ലോകത്ത് കണ്ണും മിഴിച്ചിരിക്കുന്നു. ഭ്രാന്തും അഴുക്കും മാത്രം ചികഞ്ഞെടുക്കുന്ന ഇവിടെ നീ മാത്രം വിലമതിക്കാനാവാത്തവ കണ്ടെത്തുന്നു. 
തിരസ്കരിക്കപ്പെടുമ്പോഴും, പിന്‍തള്ളപ്പെടുമ്പോഴും, കല്ലെറിയപ്പെടുമ്പോഴും നിറയാത്ത കണ്ണുകള്‍ ചിലപ്പോഴെങ്കിലും നിന്‍റെ സ്നേഹത്തിനു മുന്‍പില്‍ തൂവാറുണ്ട് വേദന. മേഘങ്ങള്‍ക്കിടയില്‍ പറന്നു മതിവരാത്തൊരു  മീവല്‍പ്പക്ഷിയെപ്പോലെ എന്‍റെ പാഴ്വാക്കുകളില്‍ ചിറകുതളരാതെ പറക്കുന്ന നിനക്കായി, ഒരുപാട് സ്നേഹത്തോടെ , ഒരു നിശാഗന്ധി ! 

14 comments:

 1. മനസ്സിലായോന്ന് ചോദിച്ചാല്‍ മനസ്സിലായില്ല

  മനസ്സിലായില്ലേന്ന് ചോദിച്ചാല്‍ മനസ്സിലായി

  ReplyDelete
  Replies
  1. ഒന്ന് കൂടി വായിച്ചാല്‍ അല്പം കൂടി മനസ്സിലാവും !! പിന്നെയും ഒന്നുകൂടി വായിക്കുമ്പോള്‍ മനസ്സിലാവും ആരെപ്പറ്റിയാണെന്ന്...

   Delete
  2. മനസ്സിലായോന്ന് ചോദിച്ചാല്‍....മനസ്സിലായി

   Delete
 2. വഴി തെറ്റി വന്നത് കൊണ്ടാണോ എന്നറിയില്ല
  എനിക്കൊന്നും മനസ്സിലായില്ല..........!
  എന്തൊക്കെയോ എവിടെയൊക്കെയോ തീയായി
  പടരുന്നുണ്ടെന്നും ആരൊക്കെയോ അതിനെ
  കെടുത്തുന്നു ഉണ്ടെന്നും എന്നും മനസ്സിലായി.....!

  ReplyDelete
  Replies
  1. തീയായി പടരുന്നു... പക്ഷെ കെടുത്തുന്നില്ല ...

   Delete
 3. ഇതാണ് നിശാഗന്ധിക്ക് കൂടുതല്‍ വഴങ്ങുന്നത്.തീവ്രവും ചടുലവുമായിരിക്കുന്നു.നിശ്ശബ്ദമാണ് ശരി.ഇത് വെറും വായനക്കാരന്റെ അഭിപ്രായം.

  ReplyDelete
  Replies
  1. :) അഭിപ്രായത്തിന് ഒരുപാട് നന്ദി

   Delete
 4. മനസ്സില്‍ കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ;p

  ReplyDelete
 5. "തിരസ്കരിക്കപ്പെടുമ്പോഴും, പിന്‍തള്ളപ്പെടുമ്പോഴും, കല്ലെറിയപ്പെടുമ്പോഴും നിറയാത്ത കണ്ണുകള്‍ ചിലപ്പോഴെങ്കിലും നിന്‍റെ സ്നേഹത്തിനു മുന്‍പില്‍ തൂവാറുണ്ട് വേദന"

  പ്രിയ നിശാഗന്ധി,
  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല സൗഹൃദങ്ങള്‍, ആത്മാര്‍ഥതയില്‍ അലിഞ്ഞ ഇഷ്ടങ്ങള്‍ ഒക്കെ ഉണ്ടാവുന്നത് ഒരു ഭാഗ്യമാണ്...
  ഇത്തിരി എങ്കിലും നിന്നെ മനസിലാക്കുന്നവര്‍ ഉണ്ട് എന്ന് എന്ത് കൊണ്ടും നിനക്ക് ആശ്വസിക്കാം...
  നൊമ്പരങ്ങളും വേദനകളും തിലക കുറി ചാര്‍ത്തിയ നിന്റെ ചിത്രം മനസ്സില്‍ വെച്ച് തന്നെ പറയട്ടെ, ചിന്തകളും ‍ അക്ഷരങ്ങളും നിറക്കൂട്ടുകള്‍ നല്‍കിയ ഒരു മായിക ലോകം നിന്നിലില്ലേ ?

  തിരസ്കരിക്കപ്പെടുമ്പോഴും, പിന്‍തള്ളപ്പെടുമ്പോഴും, കല്ലെറിയപ്പെടുമ്പോഴും അല്ലേ നിന്റെ എഴുത്ത് കൂടുതല്‍ ശക്തവും മനോഹരവും ആകുന്നത് ?
  നിന്റെ ഈ യാത്രയില്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ആ കൂട്ടുകാരന് അല്ലെങ്കില്‍ കൂട്ടുകാരി അല്ലെങ്കില്‍ ആ കൂട്ടുകാര്‍, എന്നും ഒരു താങ്ങായി നിന്റെ ഒപ്പം ഉണ്ടാകട്ടെ...
  അത്തരം സ്നേഹബന്ധങ്ങള്‍ അണയാതെ കാത്തു സൂക്ഷിക്കുക...
  നിനക്ക് തരുന്ന മെഴുകിതിരി വെളിച്ചത്തിന് പകരമായി ഒരു മിന്നാമിനുങ്ങിന്റെ നറു വെട്ടമെങ്കിലും നീ പകര്‍ന്നു കൊടുക്കുക.

  എഴുത്തില്‍ മാത്രം ശ്രദ്ധിക്കുക..നിനക്ക് നല്ലൊരു ഭാവി ഉണ്ട്...
  ഈയിടെയായി നിന്റെ കവിതകളില്‍ പ്രകടമായ വിഷയവൈവിധ്യങ്ങള്‍ നന്നാവുന്നുണ്ട്...
  അത് തുടരുക...എല്ലാവിധ നന്മകളും നേര്‍ന്നു നിര്‍ത്തുന്നു...

  ReplyDelete
 6. ജന്മാന്തത്തിന്‍ പുണ്യം പോലെ എന്നിലെക്കൊഴുകിയ നീയാകും ഗംഗ മൊഴി മുട്ടിയ എന്റെ വാക്കുകള്‍ക്കു ശാപ മോക്ഷം കൊടുത്തു, വിസ്മയ ഭരിതയാക്കി എന്നെ കവിതകള്‍ കൊണ്ട് ബന്ധിച്ചു ..ചിരിയും കരച്ചിലും എനിക്ക് സമ്മാനിച്ച്‌ എന്റെ നിമിഷങ്ങളെ തേജസ്‌ഉറ്റതാക്കി .. എനിക്ക് ചുറ്റും വീശിയടിച്ച കാറ്റില്‍ ഇടക്ക് എപ്പോളോ ഞ്യാന്‍ ഒന്നുലഞ്ഞു പോയെങ്കിലും പതിവിലും കരുത്തോടെ മാടി വിളിച്ചു നിന്റെ വാക്കുകള്‍ ..! മടിച്ചു നിന്നില്ല , ഉടനെ തന്നെ നടന്നു തുടങ്ങി നിയെന്ന ദൂരത്തിലേക്ക് .. അടുക്കും തോറും അകലാന്‍ വയ്യാത്ത കവിതകളുടെ ലോകത്തേക്ക് ..! പിണങ്ങി പിരിഞ്ഞു പോയ നിമിഷങ്ങളുടെ സുഹശീതളിമ നുകര്‍ന്നിരിക്കുന്ന ഓരോ നിമിഷവും ഞ്യാന്‍ സ്നേഹിക്കുന്നത് നിന്നെയാണ് .! നീ എന്നിലെക്കൊഴുക്കിയ ആ തീര്‍ഥത്തെയാണ്‌ ..!വിരിയട്ടെ നിന്‍ വഴിത്താരയില്‍ നറുമണം വീശുന്ന നിശാഗന്ധികള്‍ ഇനിയും!

  ReplyDelete
 7. അതിക്രമിച്ചു കയറിയവരെല്ലാം വെന്തുമരിക്കുകയോ, സ്വയമേ പ്രതിഷ്ടിച്ചവരെല്ലാം മാഞ്ഞു പോവുകയോ ചെയ്യുന്ന ഇടത്ത് നീ മാത്രമെങ്ങനെ എന്‍റെ ലോകത്ത് കണ്ണും മിഴിച്ചിരിക്കുന്നു. ഭ്രാന്തും അഴുക്കും മാത്രം ചികഞ്ഞെടുക്കുന്ന ഇവിടെ നീ മാത്രം വിലമതിക്കാനാവാത്തവ കണ്ടെത്തുന്നു.
  ഇതൊന്നു വിഷധീകരിക്കാമോ കഴിയുമെങ്കില്‍ ..എന്തിനെ കുറിച്ചാണ് താങ്കള്‍ ഉധേഷിക്കുനത് എന്ന് മനസിലാകുനില്ല

  ReplyDelete
 8. arthandharangalkapurathu jeevithanubavangal.....

  ReplyDelete
 9. എനിക്കും ഒന്നും മനസ്സിലായില്ല. കവിതയുള്ള കുറെ വാക്കുകൾ കോർത്ത ഒരു മാല എന്നല്ലാതെ

  ReplyDelete