Monday, November 19, 2012

ഒരു പ്രേമഗാനം

ഒന്നുമോര്‍ക്കാതൊന്നുമറിയാതിന്നലെ
നീയുറങ്ങുമ്പോള്‍ ,
വന്നിരുന്നു ജീവനേ ഞാന്‍ ,
ശരവേഗത്തിലെന്‍റെ കരിങ്കല്‍ഹൃദയത്തിനുള്ളില്‍
താപസ്വിയായ്
അഗ്നിയായ്
താണ്ഡവമായ്
നോവായുരുക്കമായ് മാറിയ
നിന്‍റെ മിഴിപ്പൂക്കളെയൊന്നു കാണുവാന്‍ !
ഇരുളും സംഗീതവും
ലഹരിയായ് പൂവിടുന്ന ഏകാന്തതയായ്
എന്നില്‍ വിളക്കിച്ചേര്‍ത്ത നിന്‍റെ തീവ്രനോട്ടങ്ങളിലാണോമനേ
ഒരുനാളെന്‍റെ ചിന്തകള്‍ കടല്‍ നീന്തിക്കടന്നത് !
നേര്‍ത്തൊരു തലോടലിലെന്‍റെ പ്രണയം
വിയര്‍ത്തു നിന്നതും ,
സ്വപ്നമുരുകിയതും ,
വിരലുകളുടെ വീണാവര്‍ഷത്തില്‍
നനഞ്ഞുകിടന്ന നമ്മിലൂടെ
കാലമൊരു നിമിഷമായൊഴുകിയതും ,
ശിലാതുല്യനിദ്രയില്‍ നിന്നുമെന്‍റെ
മനമൊരു പൂക്കാലത്തിലേയ്ക്കുണര്‍ന്നതും ,
നീയെന്നിലേയ്ക്കലിഞ്ഞ നാള്‍മുതലാണ്‌ !
ജന്മങ്ങളോളം നീണ്ടൊരു
തിരസ്കൃതമായ നേരിന്‍റെ
തീര്‍ഥാടനത്തിനൊടുവിലെ
പറുദീസയും പുണ്യവും ശാന്തിയുമാണ് നീ !
അറിഞ്ഞിരുന്നുവോ സഖീയിന്നലെയൊരു
പാതിരാക്കാറ്റിന്‍റെ ശിരസ്സിലേറി
എന്‍റെ നിനവുകളുടെ
സ്വര്‍ണ്ണത്തേര് നിന്നിലേയ്ക്കെത്തിയത് ?
ഇനി നമുക്കുറങ്ങാം !
പരസ്പരമലിഞ്ഞൊരു വിദൂരത്തിലെ
മഴയായ് പെയ്യാം !!

2 comments:

  1. നിന്റെ കവിതകള്‍ എന്നും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചിരുന്നു അതില്‍ ഏറ്റവും മനോഹരം ഇ കവിത

    ReplyDelete
  2. പ്രേമകാവ്യം നന്നായി

    ReplyDelete