Sunday, July 22, 2012

ഒരു കവിതയുടെ മരണം



വെറുത്തു തുടങ്ങിയിരിക്കുന്നു , 
നിന്നോടൊപ്പം എന്റെ വാക്കുകളെയും ഞാന്‍ ! 
നിന്നെ നിറയ്ക്കാതെ 
നീ എനിക്ക് പകര്‍ന്നു തന്ന കണ്ണീരിന്‍റെ ഉപ്പില്ലാതെ 
വാക്കുകള്‍ എന്നില്‍ ജനിച്ചിരുന്നെങ്കില്‍ ,
അന്ന് ഞാനൊരു കവിയായേനെ !
ഇപ്പോളിവിടെ ഒഴുകുന്നത് 
വെറുമൊരു അഴുക്കു ചാലാണ് !
നീ നഷ്ടമാക്കിയ പ്രണയത്തെ 
ഹൃദയത്തില്‍ നിന്നും പിഴിഞ്ഞ് കളയുവാന്‍ മാത്രം 
ഞാന്‍ കണ്ടെത്തിയ ഉപാധി !
മെഴുകുതിരികള്‍ ദഹിച്ചുകഴിഞ്ഞിരിക്കുന്നു 
ശവം നാറാന്‍ തുടങ്ങിയിരിക്കുന്നു 
ഇനിയെനിക്കീ  ശ്മശാനം ഒഴിഞ്ഞേ കഴിയൂ ..
അല്ലെങ്കിലെന്നാത്മാവും 
ഈ ശവത്തോടൊപ്പം അഴുകി തുടങ്ങും !
നിശാഗന്ധികളെയും ,
നിലാവിനെയും പ്രണയിച്ച ഞാനിവിടെ 
ഒരു ജന്മം ജീവിച്ചു.
പ്രണയമായും , സ്വപ്നമായും ,
മോഹമായും , നഷ്ടമായും , രക്തമായും,
വേശ്യയായും, ഗര്‍ഭിണിയായും,
മഴയായും , മനുഷ്യനായും ജീവിച്ചു ..
ഇനി എഴുതാന്‍ വാക്കുകളോ 
ഇനി പാടാന്‍ പാട്ടുകളോ 
എനിക്കില്ല !
മാപ്പ് , 
അവകാശവാദങ്ങളൊന്നുമില്ലാതെ 
പടിയിറങ്ങുന്നു !
ഈ ശവപ്പറമ്പില്‍ സന്ദര്‍ശകരുണ്ടാവും,
അത് കണ്ടൊരു  നക്ഷത്രം പുഞ്ചിരിക്കുന്നുമുണ്ടാവും !

6 comments:

  1. ജൂലൈ മാസത്തിലെ നിശാഗന്ധിയുടെ നൂറാമത്തെ കവിത....ഹൃദയത്തെ മുറിപ്പെടുത്തി ഒരു കവിത ചിരിക്കുന്നു....

    പടിയിറങ്ങാന്‍ സമയമായില്ല കൂട്ടുകാരീ, നിശാഗന്ധിയുടെ അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാള്‍ എങ്കിലും ഇവിടെ അവശേഷിക്കുന്നിടത്തോളം കാലം...

    സ്നേഹം ഒഴികെ എല്ലാം വികാരങ്ങളും ശലഭങ്ങളെ പോലെയാണു... ഏതാനും ദിവസങ്ങള്‍ മാത്രം ആയുസ്സുള്ളവ....വെറുപ്പും അങ്ങനെ തന്നെ...

    നിശാഗന്ധികളെയും ,
    നിലാവിനെയും പ്രണയിച്ച് നീയിവിടെ ഇനിയും കവിതകള്‍ വിരിയിക്കണം....

    കാരണം എന്താണേലും സൃഷ്ടിയുടെ സുഗന്ധമാണ് അന്ഗീകരിക്കപ്പെടെണ്ടത്.... നിശാഗന്ധി പരത്തുന്ന ആ സുഗന്ധം ഇവിടെങ്ങും ഉണ്ട്...
    കാത്തിരിക്കുന്നു, ഇവിടെ, ഇനിയും....

    ReplyDelete
  2. അവകാശവാദങ്ങളൊന്നുമില്ലാതെ
    പടിയിറങ്ങുന്നു !


    നെവര്‍ ഡൂ ദാറ്റ്.
    ക്ലിംഗ് റ്റു യൂര്‍ റൈറ്റ്സ്

    ReplyDelete
  3. പാതി പോലും വിരിയുന്നതിനു മുന്നേ കൊഴിയുമെന്നു
    പറയുന്ന പുഷ്പമേ, വെറുക്കുന്നെന്നു നീ പറയുമ്പോഴും
    ഉള്ളിന്‍റെ ഉള്ളില്‍ നിന്നും പൊഴിയാനുള്ള വാക്കുകള്‍ ഇനിയുമേറെയുണ്ട്,
    നേട്ടങ്ങളുടെ പട്ടിക ഇനിയും മുഴുമിപ്പിക്കാനുണ്ട്, ആ പൂര്‍ണ്ണതയ്ക്ക്
    പ്രതീക്ഷകളുടെ നിറമുണ്ട്, നിലാവിന്‍റെ സ്നിഗ്ദ്ധതയുന്ദ്‌, പ്രണയത്തിന്‍റെ സാഫല്യമുണ്ട്...
    അറിയില്ലേ, നക്ഷത്രങ്ങളെക്കാള്‍ സൗന്ദര്യം വിടര്‍ന്നു നില്‍ക്കുന്ന നിശാഗന്ധിക്കെന്ന്. നാളെയുടെ പുലരികളില്‍ വാക്കുകളായും ഇരവുകളില്‍ പുഞ്ചിരിയായും ഇനിയുമീ നിശാഗന്ധി വിടരും, സുഗന്ധം പരത്താന്‍.....

    ReplyDelete
  4. നന്നായിരിക്കുന്നു
    ആത്മാവില്‍ എവിടെയോ കൊളുത്തി വലിക്കുന്നു വാക്കുകള്‍
    ഇത് ഞാന്‍ താങ്കളുടെ അനുവാദത്തോടെ ഷെയര്‍ ചെയ്യുന്നു ..............

    ReplyDelete
  5. വെറുത്തു തുടങ്ങിയിരിക്കുന്നു ,
    നിന്നോടൊപ്പം എന്റെ വാക്കുകളെയും ഞാന്‍ !
    ഇങ്ങനെ വാക്കുകള്‍ ജനിക്കാന്‍ സാഹചര്യം ഒരുക്കിത്തരുന്ന ജീവിതങ്ങളെ വെറുക്കരുത്. കവിത നന്നായി...

    ReplyDelete
  6. oru pakshe aa nakshthram njan ayirikkum

    ReplyDelete