Monday, July 30, 2012

കയ്യൊപ്പ്





എന്‍റെ താളുകള്‍ പലപ്പോഴും പ്രസവിക്കാറുള്ളത് 
മനസ്സില്‍ നീറി നീറി പാകം വന്ന വാക്കുകളെയാണ്. 
ചിലതൊക്കെ വെന്തു പോവാറുണ്ട്. 
ചിലതൊന്നും വേവാന്‍ വെക്കാറില്ല 
ഗര്‍ഭത്തിലേ അവ എരിഞ്ഞു പാകപ്പെട്ടവയാകും. 
വസന്തവും, മഞ്ഞും, മഴയും, വെയിലും 
തൊട്ട സ്വാദാവും ചിലതൊക്കെ. 
ചിരിക്കാന്‍ ഞാന്‍ അവയെ 
പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ആ വിഷയത്തില്‍ മാത്രം 
എന്‍റെ കുഞ്ഞുങ്ങള്‍ പിന്നിലാണ്.
നീട്ടി നിലവിളിക്കാനും 
കണ്ണീരു തോരാതെ 
നൊമ്പരപ്പെടാനും മിടുക്കരാണ്.
സ്വപ്നം കാണുന്നതിലും, 
ഓര്‍മകളെ കുഴിച്ചെടുക്കാനും മുന്‍പന്തിയില്‍
ചാപിള്ളകളായി പോവാറുണ്ട് ചിലത്
അതിനെ ഓര്‍ത്ത്‌ എന്‍റെ താളുകള്‍ വിഷമിക്കുമ്പോള്‍ 
ഞാന്‍ കണ്ണീരും ഒപ്പാറുണ്ട്
തമ്മില്‍ മത്സരിക്കുമ്പോഴും 
ചോര ചിന്തി ചാകുമ്പോഴും 
എല്ലാത്തിനും മൂകസാക്ഷ്യം വഹിക്കും ഞാന്‍
എന്നെ തിരിച്ചറിയാത്ത 
ന്നിയില്ലാത്ത വാക്കുകളുണ്ട്
അവയുടെ താതനും  ഞാന്‍ തന്നെ
അതിനാല്‍ പരാതിപ്പെടാന്‍ എനിക്കാവില്ല
എങ്കിലും നെറുകയില്‍ 
ചോരച്ചുവപ്പു മഷികൊണ്ട് 
എന്‍റെ എല്ലാ വാക്കുകള്‍ക്കും ഒ
രു അടയാളമുണ്ട്
ഈ നോവുന്ന ഹൃദയത്തിന്റെ കയ്യൊപ്പ് !!


3 comments:

  1. "ചോരച്ചുവപ്പു മഷികൊണ്ട്
    എന്‍റെ എല്ലാ വാക്കുകള്‍ക്കും ഒ
    രു അടയാളമുണ്ട്
    ഈ നോവുന്ന ഹൃദയത്തിന്റെ കയ്യൊപ്പ് !!"

    നിശാഗന്ധിയുടെ നോന്നുന്ന ഹൃത്തില്‍ നിന്നും ഈ മാസം എഴുതിയ 150-മത്തെ കവിത...കയ്യൊപ്പ്....
    കവയിത്രി സ്വന്തം കവിതകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് കയ്യൊപ്പിലൂടെ...

    നൊമ്പരങ്ങളും സ്വപ്നങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന നിശാഗന്ധിയുടെ കവിതകള്‍ എനിക്ക് എന്നും ഇഷ്ടപ്പെട്ടിട്ടുള്ളത്, അതിലെ പ്രമേയം കൊണ്ട് തന്നെയാകാം.. പല കവിതകളിലും എനിക്ക് എന്നെ തന്നെ കാണാം...

    നിന്റെ ഒരു കവിത വായിച്ചു, അജിത്‌ മാഷ്‌ ഒരിക്കല്‍ പറഞ്ഞു...കട്ടന്‍കാപ്പിയെ പറ്റിയും കവിത എഴുതുന്ന ഒരാള്‍ അദ്ദേഹത്തിന് സുഹൃത്തായി ഉണ്ടെന്നു പറയാന്‍ രസമുണ്ടെന്നു...

    അത് സത്യമാണ്...തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ പലപ്പോഴും വായനക്കാരന്റെ ചിന്തകള്‍ക്കും അപ്പുറമാണ്...

    ഈ മാസത്തിലെ പല കവിതകളും വേറിട്ട ഒരു വായനാനുഭവം ആയിരുന്നു എന്ന് പറയാതെ വയ്യ എഴുത്തുകാരീ...

    ReplyDelete
  2. "എന്നെ തിരിച്ചറിയാത്ത
    നന്നിയില്ലാത്ത വാക്കുകളുണ്ട്
    അവയുടെ താതനും ഞാന്‍ തന്നെ
    അതിനാല്‍ പരാതിപ്പെടാന്‍ എനിക്കാവില്ല"

    അക്ഷരങ്ങളെ തന്‍ കുഞ്ഞുങ്ങളെ പോലെ കാണുന്ന എഴുത്തുകാരില്‍ ഒരാളാണ് നിശാഗന്ധി..അത് എഴുത്തില്‍ പ്രകടമാണ് താനും..

    150-ളം കവിതകള്‍ ഒരൊറ്റ മാസം കൊണ്ട് എഴുതുക എന്നത് തീര്‍ച്ചയായും ഒരു നേട്ടമാണ്...എല്ലാം സൃഷ്ടികളും മികച്ചതായിരിക്കണം എന്നില്ല, അങ്ങനെ എഴുതാന്‍ ആര്‍ക്കും ആവില്ല...
    അതും കവയിത്രി തന്നെ പറയുന്നുണ്ട്...

    "ചിലതൊക്കെ വെന്തു പോവാറുണ്ട്.
    ചിലതൊന്നും വേവാന്‍ വെക്കാറില്ല "

    അധികം കവിത വായിക്കാത്ത ഒരാള്‍ ആണ് ഞാന്‍..എങ്കിലും ഈ ബ്ലോഗ്‌ എനിക്ക് ഇഷ്ടമാണ്.. എഴുത്ത് വളരെ സിമ്പിള്‍ ആണെന്നതാണ് അതിന്റെ ഒരു കാരണം... അര്‍ഥം കണ്ടു പിടിക്കാന്‍ തലപുകക്കേണ്ടതില്ല...
    മറ്റു പല കവിത ബ്ലോഗിലും സംഭവിക്കുന്ന പോലെ, 'ഞാന്‍ അങ്ങനെയല്ല ഇങ്ങനെയാണ് ഉദ്ദേശിച്ചത്' എന്ന് ഒടുവില്‍ കവയിത്രി വിശദീകരിക്കേണ്ട ആവശ്യം വരുന്നില്ല....

    നിശാഗന്ധി, ഒരുപാട് ദൂരം ഇനിയും നിനക്ക് പോകേണ്ടതായിട്ടുണ്ട്...
    നല്ല കവിതകള്‍ ഇനിയും എഴുതാന്‍, ഒരുപാട് നാളുകള്‍ നിന്റെ മുന്നില്‍ ഉണ്ട്...എഴുതുക...

    ഞാന്‍ പറഞ്ഞതെല്ലാം എന്റെ ഹൃദയത്തില്‍ നിന്ന് തന്നെയാണ്...
    എനിക്ക് ഫീല്‍ ചെയ്ത കാര്യങ്ങള്‍...

    എന്നും നിശാഗന്ധി വിരിഞ്ഞ് തന്നെ നില്‍ക്കട്ടെ...
    എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട്....
    ഒരു കൂട്ടുകാരന്‍....

    ReplyDelete
  3. "ചാപിള്ളകളായി പോവാറുണ്ട് ചിലത്
    അതിനെ ഓര്‍ത്ത്‌ എന്‍റെ താളുകള്‍ വിഷമിക്കുമ്പോള്‍
    ഞാന്‍ കണ്ണീരും ഒപ്പാറുണ്ട്"

    ചാപിള്ള !
    ജീവനില്ലാത്ത ആ കണ്ണ് !
    അത് തുറിച്ചു നോക്കിയതാരിലേക്ക് ?
    കണ്ണിരോപ്പനും, കവിത രചിക്കാനും കഴിയുന്ന ഒരു ജിലുവിലേക്ക് !!
    ഞ്യാന്‍ നിന്നില്‍ കാണുന്നത് എന്നെ തന്നെയാണ് ! മറക്കാന്‍ കഴിയാതെ മനസില്‍ അള്ളിപ്പിടിക്കുന്ന നിന്‍റെ വാക്കുകളെ സ്നേഹിച്ചു തുടങ്ങിയതെപ്പോള്‍ എന്നെനിക്കറിയില്ല ,പക്ഷെ .....ഒന്നറിയാം ...പ്രണയം ആണ് ...ഒരു പ്രളയമായി എന്നിലെക്കൊഴുകുന്ന ഈ കവിതകളോട് ...

    ReplyDelete