Wednesday, December 5, 2012

മദ്യപാനി

മദ്യചൂളയില്‍ ദിനവും തിളയ്ക്കുന്ന
അച്ഛനെന്നും കനല്‍ചൂടാണ് 
അടുക്കാന്‍ ഭയക്കുന്ന കൊപച്ചൂട് !
സന്ധ്യ കനക്കുമ്പോള്‍ 
ദീപം തെളിക്കുമ്പോള്‍ ,
കാത്തിരിക്കുന്ന മക്കള്‍ക്ക്‌ മുന്‍പില്‍ 
നാലുകാലുമായച്ഛന്‍ ,
ബോധക്ഷയത്തിന്‍റെ ഊന്നുവടിയുമായ് 
കയറിവരാറുണ്ട് !
ക്ഷീണം മുറ്റിയ 
അമ്മയുടെ കവിളിലെ 
അച്ഛന്റെ വിരല്‍പ്പാടുകള്‍ക്കും 
ഞങ്ങളുടെ കലങ്ങിയ കണ്ണുകള്‍ക്കും 
സന്ധ്യച്ചോപ്പാണ് !
ഇടറുന്ന ചുവടുകള്‍ കണ്ടു 
പിച്ചവച്ച കുഞ്ഞുപാദങ്ങള്‍ 
അച്ഛനില്‍ നിന്നും അകലുകയാണ് !
പിഴയ്ക്കുന്ന വാക്കുകള്‍ കേട്ട് 
അക്ഷരങ്ങള്‍ പഠിച്ച മനസ്സില്‍ 
അച്ഛനോട് ഭയമാണ് !
നാറുന്ന കള്ളിനോട്‌ വെറുപ്പും 
അമ്മയുടെ പതിഞ്ഞ സ്വരത്തിലെ 
നെടുവീര്‍പ്പിനോട് സഹതാപവും !
നെറുകയിലെന്നച്ഛനൊരുനാള്‍ 
ചുടുചുംബനം തരുമായിരിക്കും ,
അന്നച്ഛനീ
വിഷത്തിന്‍റെ മണവും
മാറുമായിരിക്കും !






5 comments:

  1. മദ്യത്തിന്റെ ഭീകരമുഖം

    ReplyDelete
  2. മദ്യം വിഷമാണ്!
    ആശംസകള്‍

    ReplyDelete
  3. നിറുകയില്‍ എന്നച്ഛനൊരൂ നാള്‍ ചുടുചുംബനം തരുമായിരിക്കും..
    അച്ഛന്റെ നിറുകയിലന്ത്യചുംബനം നല്‍കാന്‍ ഇടവരുത്താതെ കാലമേ നീ തിരുത്തുകയെന്നച്ഛനെ

    ReplyDelete
  4. മദ്യം മാത്രം മണക്കുന്ന ചില മുഖങ്ങള്‍ക്കു പിന്നില്‍ എങ്കിലും ,ആര്‍ക്കും വേണ്ടാത്ത ,ആരും അറിയാത്ത ചിലത് ഉണ്ടാവും .... എല്ലാവരും അല്ലെങ്കിലും ചിലര്‍...ചിലര്‍ മാത്രം അങ്ങനെയാണ് ... തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ... ഇവിടെ കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛനെ ഭയമാണ്.. പക്ഷെ അച്ഛന്‍ അവരെ സ്നേഹിക്കുന്നില്ലെന്നു പറയുന്നുണ്ടോ?

    നന്നായിരിക്കുന്നു കവിത... അഭിനന്ദനങ്ങള്‍ (പരുക്കനും ,മദ്യപാനിയും ഒക്കെ ആണെങ്കിലും അച്ഛനെ ഞാന്‍ സ്നേഹിക്കുന്നു ഒരുപാട് )

    ReplyDelete