യാത്രകളില്‍ പലപ്പോഴും
കളഞ്ഞുപോവാറുണ്ട്
എന്‍റെ കവിതകള്‍
ചൂളം വിളിക്കുന്ന വേഗങ്ങള്‍
മുറിച്ചു കളയുന്ന ഇരുട്ടിന്‍റെ
നിഗൂഡമായ നിശ്ശബ്ദതയിലേയ്ക്ക്
മനസ്സില്‍ നിന്നും
അനുവാദം ചോദിക്കാതെ ഇറങ്ങിപ്പോകുന്ന
കറുത്ത വരികളുള്ള ഒരു കവിത ..
ഇത്തിരി വെളിച്ചം പുറത്തേയ്ക്കെറിഞ്ഞ്
തുറന്നിരിക്കുന്ന ജനാലയിലൂടെ
അരിച്ചുകയറുന്ന കാറ്റും
മനസ്സില്‍ നിന്ന്,
ഒരു കവിത പറത്തിക്കൊണ്ട് പോകും..
പാഞ്ഞുപോകുമ്പോള്‍ മിന്നലുപോലെ
വഴിയരികിലെ ഇരുട്ടോട്ചേര്‍ന്ന് നടന്നകന്ന
ചതഞ്ഞുപോയ മുല്ലപ്പൂക്കളും
പടര്‍ന്ന സിന്ദൂരവും
ഒരു കവിത കവര്‍ന്നെടുക്കും
നിസ്സഹായമായി എവിടെയോ
അത് നീറിത്തീരും ..
പുറത്ത്,
തോരാതെ പെയ്യുന്ന
മഴക്കുഞ്ഞുങ്ങളില്‍ ചിലത്
വെറുതേ എന്‍റെ വക്കുപൊട്ടിയ
ഹൃദയത്തിന്‍റെ മുറിവിലുടക്കിക്കിടക്കും
പിന്നെയാ കവിതയുംകൊണ്ട്
ഏതോ വരള്‍ച്ചയിലേയ്ക്കു പെയ്യും..
ചില യാത്രകളുടെ ഇടവേളകളില്ലാത്ത
ഒഴുക്കിലാണ് ഓര്‍മ്മകള്‍ കടന്നുവരുന്നത്
അടച്ചിട്ട ജാലകത്തിനും
ഉറങ്ങിപ്പോയ സഹയാത്രികനും നടുവില്‍
മനസ്സില്‍ ബാക്കിയായ വാക്കുകളെല്ലാംചേര്‍ത്ത്
കവിതകള്‍ മെനഞ്ഞിട്ട്
അത് പകുത്തെടുക്കുന്ന ബാല്യങ്ങളും
ഋതുക്കളും
പിന്നെ കോടാനുകോടി നക്ഷത്രങ്ങളും ..
ഇനിയുമൊരു യാത്രയുടെ തുമ്പത്ത്
മറ്റാര്‍ക്കും വീതിക്കാതെ
ഞാനൊരു കവിത കൊണ്ടുവരാം
പ്രണയമേ ..
അത് നിനക്ക് മാത്രമാണ്..
മഴവില്ലിന്‍റെ നിറമോ
കടലിന്‍റെ ആഴമോ ഉണ്ടാവില്ല
പിഞ്ഞിപ്പോയ ഒരാത്മാവിന്‍റെ
തേങ്ങലടങ്ങാത്ത നിലവിളി മാത്രമുണ്ടാവും ..
No comments:
Post a Comment