അസ്തമയത്തിലെ അവസാന പറവയും
ചിറകടിച്ചെത്തിയിട്ടും ,
വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
അരിമുല്ലപ്പൂക്കള്‍ക്കിടയില്‍
ഒരു കിളിക്കൂട് മാത്രം
നാരുകളിറുക്കെപ്പിടിച്ചു
നെടുവീര്‍പ്പിടുന്നു മണ്ണില്‍ നോക്കി..
വര്‍ണ്ണത്തൂവലുകള്‍ കൂട്ടമായ് ചിതറിയ
നിഴല്‍പ്പാതയിലൊരു കിളിയെങ്ങാന്‍
പിടയുന്നുണ്ടോ .. ?
ആകാശവരമ്പിലെങ്ങാന്‍
വഴിതെറ്റിയൊരു കുഞ്ഞുകിളി തേടുന്നുണ്ടോ
അടുക്കിവച്ച ഇലകള്‍ക്കിടയിലെ
അരിമുല്ലച്ചൂട് ?
ചില്ലകളെല്ലാം ചിലച്ചും കലമ്പിയും
രാവ് പുലര്‍ന്നപ്പോള്‍
പ്രഭാതത്തിലേയ്ക്ക് മിഴിതുറന്ന
കിനാവള്ളിയും പൂവിതളുകളും
പിന്നെ കാത്തിരുന്നു കണ്ണുകലങ്ങിയൊരു
കുഞ്ഞുകിളിക്കൂടും
വഴിയരികില്‍ ചിതറിക്കിടന്നു..
മഞ്ഞുകാലത്തിനും
വേനലിനുമപ്പുറം
രണ്ടു ചിറകുകള്‍ ആകാശം തേടി
കടലുകള്‍ താണ്ടിപ്പറന്നു...
കാറ്റത്തെ കിളിക്കൂട്
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....