Wednesday, October 2, 2013

ആശുപത്രി..

വീല്‍ചെയറുകളുടെ കരകരപ്പില്‍,
മരുന്ന് മണക്കുന്ന വരാന്തകളുടെ
അശാന്തമായ ഞരക്കങ്ങളിലൂടെ
മരണവും ജീവനും മല്ലിടുന്നു..
അണുക്കള്‍ കാര്‍ന്നുതിന്നുന്ന ജീവനുകളില്‍
പുകയുന്ന ആധിയും
പെരുകുന്ന  ശോകവും
അവസാന നിമിഷങ്ങളെണ്ണിത്തുടങ്ങുന്നു .. !!
ഇരുളിനെ പെറ്റുവീഴ്ത്തും
ഇടനാഴിയുടെ വരമ്പ്ചേര്‍ന്ന്
കണ്ണീര്‍ നിഴലുകള്‍ കണ്ണുപൊത്തുന്നു..
കൈകള്‍ വിരിച്ചു നില്‍ക്കുന്ന
സാന്ത്വനത്തിന് ചോട്ടില്‍
നിശബ്ദമായ നിലവിളികള്‍
ഹൃദയഭേദകങ്ങള്‍ ... !!
ചുക്കിചുളിഞ്ഞ അവശമായ തിരസ്കാരങ്ങളും
വേച്ചും ചുമച്ചും പരിഭവിച്ചും
നടകളുടെ അരികുകളില്‍
പായല്‍ പോലെചേര്‍ന്നിരിപ്പുണ്ട് .. !
നാഭിയുടെ ബന്ധനത്തില്‍ നിന്നും
ചോരക്കുടങ്ങളുടെ ചൂടില്‍നിന്നും
അടര്‍ന്ന് പറിഞ്ഞ്‌ പൈതലുകള്‍
അമ്മിഞ്ഞകൊഞ്ചലിന്‍റെ മടിത്തട്ടിലേയ്ക്ക് .. !
കാത്തിരുന്ന മണിക്കുരുന്നിന്‍
ചെറുചിരിയില്‍ തളിരിടുന്ന മാനസങ്ങള്‍ .. !!
സ്റെതസ്കോപ്പിന്‍റെ അളവുകോലില്‍
തൂങ്ങിയാടുന്ന ഹൃദയതാളങ്ങളും
സൂചിമുനയുടെ നുള്ളില്‍
പരിഭവിക്കുന്ന പനിച്ചൂടും പിന്നെ,
ഇതിനിടയിലൂടെ നഗ്നനായ് ഓടിക്കളിക്കുന്ന
മരണത്തണുപ്പും ... !

3 comments:

  1. ആശുപത്രിയുടെ മണം.!

    നന്നായി എഴുതി

    ശുഭാശംസകൾ...

    ReplyDelete
  2. മരനവും ജീവനും കിളിത്തട്ട് കളിയ്ക്കുന്നിടം

    ReplyDelete