Saturday, October 19, 2013

ഉടഞ്ഞു പോയ ചില ചിന്തുകള്‍

ഒറ്റപ്പട്ട ചില ബാല്യങ്ങള്‍ 
എന്നും കാത്തുവയ്ക്കും 
ചലനമില്ലാത്ത ചില ജീവനുകളെ !
നിറം പോയ ഉടുപ്പുകളെങ്കിലും 
ചിമ്മിക്കൊതിപ്പിക്കുന്ന 
വെള്ളാരംകണ്ണുകളുണ്ടല്ലോ ..
സ്വര്‍ണ്ണപ്പൂടകള്‍
ഹൃദയത്തിന്‍റെ ചൂട്പറ്റി
നില്‍ക്കുന്നുവല്ലോ ..

ചുറ്റിലും മുത്തിനില്‍ക്കുന്ന ലോകം
കുഞ്ഞു കൊഞ്ചലുകളും
കുഞ്ഞിപ്പാട്ടുകളും
ബധിരമായി കേള്‍ക്കുമ്പോള്‍ ,
എന്‍റെ പാവക്കൂട്ടങ്ങള്‍
കളിയാക്കാതെയും
മിണ്ടാതെയും
നിരന്നിരുന്നു കേള്‍ക്കുമായിരുന്നു
ഭാഷയില്ലാതെ 

ഞാന്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ..
ഇന്നും മച്ചിന്‍പുറത്തെവിടെയെങ്കിലും
കാത്തു കിടപ്പുണ്ടാവും
പൂടകള്‍ കൊഴിഞ്ഞ
കണ്ണുകള്‍ ചൂഴ്ന്നുപോയ
ചില വൃദ്ധന്‍ പാവക്കുട്ടന്മാര്‍ ..
എന്നോ
ഞാന്‍ മാറാലയില്‍
ഭദ്രമായ്‌ പൊതിഞ്ഞ്
പൊടിതൂവി കാത്തുവച്ചിട്ടുണ്ട്
എന്നെ എന്നും
കൌതുകത്തോടെ കേട്ടിരുന്നവരെ ..

2 comments:

  1. കവിയുടെ കുട്ടിക്കാലമോ?

    ReplyDelete
  2. ഓർമ്മയിലെ ബാല്യം.

    വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete