Thursday, October 24, 2013

വ്യഭിചരിക്കുന്ന കവിതകള്‍

മഴയിലും മഞ്ഞിലും 
അവന്‍റെ പ്രണയം കാത്തിരുന്ന 
കവിതകളുണ്ടായിരുന്നു.. 
കടലിലും 
തീരത്തും തനിയെ സഞ്ചരിച്ചിരുന്ന 
കവിതകളും .. 
ദാരിദ്ര്യം പകുത്തെടുത്തപ്പോഴും 
രോഗം തളര്‍ത്തിയപ്പോഴും
മുറിവാണ്ടനെഞ്ചില്‍ 
കവിത നിറച്ച്
ലഹരിയാക്കി നമ്മള്‍ നടന്നു ..
ഭ്രാന്തിന്‍റെ ചങ്ങലക്കുടുക്കുകളില്‍ 
കണ്ണീരില്‍ ഒറ്റപ്പെട്ടുപോയ രാത്രികളില്‍ 
നിലാവ് പോലെ പരന്ന വാക്കുകള്‍.. 
മാമ്പഴം രുചിച്ചുകൊണ്ട് 
കണ്ണീരറിഞ്ഞ അമ്മയില്‍നിന്നും 
തുടങ്ങിയ കവിത 
ഇവിടെയെത്തിയപ്പോള്‍
മത്സരിക്കുന്നു ..
കല്ലെറിഞ്ഞും 
സ്വയംഭോഗിച്ചും 
തെരുവുയുദ്ധം നടത്തുന്നു...
നിന്‍റെ വസന്തത്തിലൂടെ 
ഒരുവട്ടംകൂടി നടക്കുവാന്‍ 
കൊതിച്ചിട്ടാണ് ഇന്നും 
വാക്കുകള്‍ പിറക്കുന്നത്‌  
ആ വസന്തകാലത്തേയ്ക്ക് 
നീയെന്നെ കൂട്ടിക്കൊണ്ട് പോയാല്‍ 
പിന്നെ ഞാന്‍ വീണ്ടും 
വൈലോപ്പിള്ളിയുടെ 
മാമ്പഴത്തില്‍ തുടങ്ങും ..
ചില വിശപ്പുകള്‍ക്കറുതിയില്ലാത്ത 
കവികളിലെത്തുംമുന്‍പേ 
നിന്‍റെ മൌനത്തിന്‍റെ മടിയില്‍ക്കിടന്ന് 
ഞാന്‍ നീ കേള്‍പ്പിക്കാറുള്ള
അഗസ്ത്യഹൃദയം കേള്‍ക്കും .. 
എന്നിട്ട് നിന്‍റെ കണ്ണുകളിലുറങ്ങും ..
ഉണരാതെ ..
എന്‍റെ പ്രിയപ്പെട്ട
കവിതയുടെ മടിയില്‍ .. 

4 comments:

  1. കാലത്തിനൊപ്പം കവിത നടക്കുമ്പോള്‍ ചില നേരം വ്യഭിചരിച്ചു പോകും.

    ReplyDelete
  2. ആരാണീ ചതി ചെയ്തത് ?

    ReplyDelete
  3. കവിത നഗ്നയാണ്!

    ReplyDelete
  4. അഗസ്ത്യഹൃദയം കേൾക്കുന്നത് നല്ലതാണ്.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete