Saturday, October 19, 2013

അവിഹിതം

കെട്ടടങ്ങാതെ നമ്മില്‍ പ്രവഹിക്കുന്ന
ആസക്തിയുടെ അടിയൊഴുക്കില്‍
നീയെന്ന ഒറ്റ തണലിലേയ്ക്ക്
അന്ധമായി ഭ്രാന്തമായി
ഞാന്‍ ചുരുണ്ട്കൂടുന്നു ..
എന്‍റെ ചിത്തഭ്രമത്തിന്റെ
ഉദ്ഭവത്തിലേക്ക്
നൂണുകയറി ,
അതിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ക്കുമ്പോള്‍
എത്ര നക്ഷത്രങ്ങളാണ്
എന്‍റെ ഗര്‍ഭപാത്രത്തിന്‍റെ വഴിതേടി
നിന്‍റെയുള്ളില്‍ സമരം ചെയ്യുന്നത് ..
നിനക്ക് എന്നോടുള്ള
ഗാഡമായ ഒന്നിനെ പ്രതി
ഞാനെന്‍റെ പ്രണയത്തെ
നിനക്ക് വില്‍ക്കുകയാണ് ..
സ്വന്തം ഹിതങ്ങള്‍ക്ക് മുന്‍പില്‍
ജയിക്കുവാന്‍
നിനക്കും ലോകത്തിനും
ഞാന്‍ ആവിഹിതമാകുന്നു ..
ഒന്ന് മാത്രം നീയറിയുക ,
ഓരോ തവണയും ഇറുക്കിച്ചേര്‍ത്ത്
മാറോടണയ്ക്കുമ്പോഴും
ഉള്ളിന്‍റെയുള്ളില്‍
ഒരു മോഹം സ്വാതന്ത്ര്യത്തിന്‍റെ
മുലക്കണ്ണുകളിലേയ്ക്ക് നോക്കി
ദാഹത്തോടെ
നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു ..
എന്‍റെ സ്വപ്നത്തെ നീ
ചുബനങ്ങള്‍കൊണ്ട്
ശ്വാസംമുട്ടിച്ചുകൊന്ന
ഒരു രാത്രിയില്‍ ,
ഞാന്‍ തന്നെ
ഞെരിച്ചു കളഞ്ഞ ഒരു പ്രാര്‍ത്ഥന..
അന്നാവണം എന്നെ നിനക്കും
കയ്ച്ചു തുടങ്ങിയത് ..
നിന്‍റെ തണലില്‍ തന്നെ ഞാനും
അസ്തമിച്ചത് .. !!

9 comments:

  1. കവിതയിൽ ഞാൻ അല്പം മോശമാണ്...

    പ്രഥമ വായനയിൽ വരികളിലെ പൂർണ്ണാർത്ഥം മുഴുവനായി മനസ്സിലാക്കിയെടുക്കാൻ പ്രയാസപ്പെട്ടെങ്കിലും വീണ്ടും ഒന്നു കൂടി വായിച്ചപ്പോൾ ഒരു കവയത്രി അവിഹിത ബന്ധത്തെ കുറിച്ച് ഇങ്ങനെയൊക്കെ തന്നെയാവണം പറയേണ്ടത് എന്നതിലേക്കെന്റെ അഭിപ്രായം പരിമിതപ്പെടുത്തുന്നു. :)

    ആശംസകൾ...

    ReplyDelete
  2. വിഹിതമല്ലാത്തതെന്തോ...............!

    ReplyDelete
  3. ഹിതം,വിഹിതം,അവിഹിതം

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  4. നോട്ടം says:
    സ്വന്തം ഹിതങ്ങള്‍
    ദുസ്വാതന്ത്ര്യം എടുക്കുമ്പോള്‍
    അന്യന് അത് അവിഹിതം ആകുന്നു.
    കവിത വളരെ നന്നായി.
    (രണ്ടു അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ ... )

    ReplyDelete
  5. നന്നായി ഹിതവും അവിഹിതവും ആവിഷ്കരിച്ചിരിക്കുന്നു...

    ReplyDelete
  6. ഇനിയും ഇതുപോലെ എഴുതുമ്പോള്‍ പറയണേ...

    ReplyDelete