ഇളവെയിലുകളില്‍ പോലും
നാം നനഞ്ഞു നടന്ന തണലുകളില്‍
വഴിവിളക്കുകള്‍ എന്നാണോമനേ
നിരന്തരമായൊരു
രാത്രിയിലേയ്ക്ക് മിഴികൂമ്പിയത് ?
നിലാവെളിച്ചത്തിന്‍റെ
നിശാപുഷ്പങ്ങളിലേയ്ക്ക്
പാതിരാവില്‍
പതുങ്ങിയെത്തിയിരുന്ന
നിന്‍റെ സ്വപ്നച്ചിലങ്കകള്‍
മൂകമായതെന്നാണ് ?
എന്‍റെ പ്രണയാകാശത്തുനിന്നും
അള്‍ഷിമേഴ്സിന്‍റെ
ജയില്‍മുറ്റത്തേയ്ക്കുള്ള
നിന്‍റെ പ്രയാണത്തില്‍
എനിക്കെന്‍റെ ഋതുക്കളും
പകലുകളും നിറമില്ലാതെ
നരച്ചുപോയിരിക്കുന്നു..
പാടവരമ്പുകളിലൊരു
പട്ടുപാവാടക്കാരിയെ
തോരാമഴയത്തും കാത്തുനിന്നൊരു
യൌവനത്തിലെ
കുതിര്‍ന്നു പോയ ചിത്രത്തിലേയ്ക്ക്
വെറുതെ വിരലോടിക്കയാണ് ഞാന്‍..
ഈ തോളില്‍ കാലങ്ങളായ് കത്തിനിന്ന
നിന്‍റെ മന്ദസ്മിതങ്ങള്‍
തണുത്തുറഞ്ഞെന്നെയിന്നു
മരവിപ്പിക്കുന്നു .. !
നിന്‍റെ മറവിയുടെ
ശീതീകരിച്ച മുറിയില്‍
നമ്മെ വിഭജിപ്പിക്കുന്നതൊരു
അഴലിന്‍റെ പുഴയാണ് ...
അതില്‍ ഞാന്‍ മാത്രമറിയുന്ന
ഞാന്‍ മാത്രമനുഭവിക്കുന്ന
നീന്തലറിയാത്തൊരു കാറ്റിന്‍റെ പിടച്ചില്‍ ..
ദൂരെയൊരു ചിപ്പിക്കുള്ളില്‍
മുത്തുപോലെ ശാന്തമായി നീ
എന്നില്‍ നിന്നും
ദൂരേയ്ക്ക് ദൂരേയ്ക്ക് തുഴയുന്നു..
നിറമില്ലാത്ത ഋതുക്കൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...