Saturday, October 19, 2013

പേരില്ലാത്ത പകലുകള്‍


ഒരേ വീട്ടിലെ
പല ജനാലകളിലൂടെ
പല തരo പകലുകള്‍
കടന്നുവരുന്നു..
ചുണ്ടത്തും
മാറത്തും
വയറ്റത്തും
മഞ്ഞു പടര്‍ന്നിരിക്കുന്നത്
മറച്ചു പിടിച്ച്
ഇളവെയിലുടുത്ത്
പുലരിയുടെ നാണത്തോടെ
വരാറുണ്ട് പകലുകള്‍ ...
സൂര്യനോട് പരിഭവിച്ച്,
തണല്‍ തേടി
ചില വെയില്‍ ചില്ലകള്‍..
പൊള്ളിയും
മുറിവേറ്റും
അഭയം തേടിയെത്തുന്ന
ദുര്‍ബ്ബലമായ നാളങ്ങള്‍ ..
താതനെ ഉപേക്ഷിച്ച്
കള്ളകാറ്റിനൊപ്പം
മുഖം തുടിപ്പിച്ചു
കയറി വരുന്നു
മുല്ലപ്പൂ മണമുള്ള
വെയില്‍പ്പെണ്ണുങ്ങള്‍ ..
നിറയെ നിറങ്ങളുമായി
നനഞ്ഞെത്തുന്ന
മഴവില്‍ വെയിലുകള്‍ക്ക്
ഒരു സദ്യയുണ്ട
ആഹ്ലാദമാണ്..
ഓറഞ്ചു തോട്ടത്തില്‍നിന്നും
വിളവെടുത്തുകൊണ്ടും
വെയിലുകള്‍ വരാറുണ്ട്
പല സന്ധ്യകളിലും ..
എത്ര അടച്ചിട്ടാലും
ആണിപ്പഴുതുകളും
കൊച്ചു വിടവുകളും തേടി ,
അതിലൂടെ എന്‍റെ
ഏകാന്തതയെ ഒളിഞ്ഞുനോക്കിയിട്ട്
അനുവാദം കൂടാതെ
എന്‍റെ മനസ്സിന്‍റെ
 മുറിവുകളിലേയ്ക്ക്
പാട്ടും മരുന്നും
തിരുകിവയ്ക്കുന്ന
ചില പകലുകളുടെ പേരുമാത്രം
ഇതുവരെ പഠിച്ചില്ല ഞാന്‍ .. 

3 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. പകല്‍ പോലെ വ്യക്തം

    ReplyDelete
  3. പലതരം പകലുകൾ

    നല്ലൊരു കവിത

    ശുഭാശംസകൾ....

    ReplyDelete