Sunday, September 2, 2012

തെമ്മാടിക്കുഴിയിലെ സ്വപ്നം

വേര്‍പാടിന്‍റെ കഴുക്കോലില്‍
കൈകാലിട്ടടിച്ച്
നാവു കടിച്ചു മുറിച്ച് 
സ്വപ്നം ജീവനൊടുക്കിയത് 
അന്ധകാരം കട്ടപിടിച്ചൊരു 
രാത്രിയുടെ നിശബ്ധതയിലാണ് !
കാലങ്ങളോളം 
ഉന്മാദനൃത്തം ചവുട്ടിയാ 
പാദങ്ങള്‍ പതിഞ്ഞ തലച്ചോറില്‍ 
നിഴലുകള്‍ മുനകളായ് ആഴുന്നു ! 
തെമ്മാടിക്കുഴിയിലെറിഞ്ഞ 
സ്വപ്നത്തിന്‍റെ അഴുകിയ ശരീരം 
ഓര്‍മ്മകള്‍ കൂട്ടമായ്‌ അരിക്കുന്നു !
ദുര്‍ഗന്ധം വമിക്കുന്ന 
കരിഞ്ഞ പൂക്കള്‍ക്ക് മുകളില്‍ 
പതറിയൊരു ഗാനം വട്ടമിടുന്നത് 
എന്ത് തേടിയാണ് ?
പ്രണയാര്‍ബുദം ബാധിച്ച് ശോഷിച്ച
ഹൃദയമറുത്തു മാറ്റുവാന്‍
മറവിയുടെ വൈദ്യം വിധിയെഴുതി !
കാലമത് കേട്ട്
വിജയിയുടെ ഭാവത്തോടെ ഇരുളില്‍
ചിരിയടക്കിക്കൊണ്ട്
മറഞ്ഞുനില്‍ക്കുകയാണ് !
ഉള്ളിലിളകി മറിഞ്ഞാഘോഷിച്ച
സ്വപ്നത്തിന്‍റെ അസ്ഥിപന്ജരത്തില്‍
കണ്ണീരുകൊണ്ട് ബലിയിടുന്ന ഓര്‍മ്മകള്‍ !
വിധിയുടെ യുദ്ധക്കളത്തില്‍
മൃതപ്രായനായ ജീവന്‍റെ
വരളുന്ന തൊണ്ടയില്‍
ഗാഡമൌനത്തിലൊരു പാട്ട് !

4 comments:

  1. "പ്രണയാര്‍ബുദം ബാധിച്ച് ശോഷിച്ച
    ഹൃദയമറുത്തു മാറ്റുവാന്‍
    മറവിയുടെ വൈദ്യം വിധിയെഴുതി !"

    "കണ്ണീരുകൊണ്ട് ബലിയിടുന്ന ഓര്‍മ്മകള്‍ !"

    ഓരോ വരിയും വായിക്കുന്തോറും ഉള്ളിലെ നീറ്റല്‍ വലുതാകുന്നു...ഒടുവില്‍ ഒരു മുറിവായി കിതയ്ക്കുന്നു...മനസ്സിനെ അസ്വസ്ഥമാക്കി, വരളുന്ന തൊണ്ടയില്‍ നിന്നൊരു ഗാനത്തിന്റെ താളം...

    ReplyDelete
  2. സങ്കടം തോന്നി.
    എങ്കിലും
    നിരാശ അരുതേ.
    മുന്നോട്ടു നടക്കു ധൈര്യമായി
    ഇരുളിന്റെ അലകള്‍ കീറി മുറിച്ച്
    അങ്ങ് ദൂരത്ത്‌
    ഉദയ സൂര്യന്‍ പൊന്‍പ്രഭ വിടര്‍ത്തി
    പുഞ്ഞിരിക്കുനത് കാണും തീര്‍ച്ച.

    കവിത നന്നായി.ആശംസകള്‍

    ReplyDelete
  3. കവിത ഇഷ്ടമായി

    ReplyDelete
  4. നിശ്ശബ്ദത,അസ്ഥിപഞ്ജരം,ഗാഢം എന്നിങ്ങനെ എഴുതൂ.കവിത നന്നായി.ജീവിതത്തില്‍ ഇരുട്ടും ദുഖവും മാത്രമല്ല,വെളിച്ചവും സന്തോഷവും ഉണ്ട്.നാനൃഷി കവി അഥവാ ഋഷിയല്ലാത്തവന്‍ കവിയല്ല എന്നാണ്.ഋഷി എല്ലാം കാണണം.ശ്രമിക്കുക.

    ReplyDelete