Tuesday, September 25, 2012

കുന്നിക്കുരു പോലെ ...


വീടിനു പിന്നിലെ
തൊടികളും പൊന്തകളും കഴിഞ്ഞ്,
ഇരുളുകുടിച്ചുറങ്ങുന്ന
മണ്ണിന്‍റെ നനവ്‌ ഒരുനാളും
വറ്റാത്ത ,
വെളിച്ചം തൊടാത്ത ,
കാടുണ്ടായിരുന്നു !
ചീവീടുകള്‍
നിലയ്ക്കാതെ
ഉച്ചത്തില്‍ പരിഭവിക്കുന്നത്
എന്തിനു വേണ്ടിയായിരുന്നുവെന്ന്,
ഇന്നുമുത്തരം ലഭിക്കാതെ
അനന്തതയിലേയ്ക്ക്
എന്നോടൊപ്പം നടക്കുന്ന
അനേകം ചോദ്യങ്ങളിലൊന്നാണ് !
കറുത്ത ചെളി കാലില്‍ പുരണ്ടിട്ടും
മുള്ളും ചരലും കുത്തിയിട്ടും ,
ചുവന്ന് തുടുത്ത കവിളില്‍
ഉരുണ്ട മറുകും കുത്തി ,
കൊഴിഞ്ഞ ഇലകള്‍ പുതച്ചുറങ്ങുന്ന
കുന്നിക്കുരു
പെറുക്കിയെടുക്കാന്‍
കൂട്ടുകൂടി പോകുന്നതും
മത്സരിച്ചു പെട്ടിനിറയ്ക്കുന്നതും
കാലത്തിന്‍റെ താളുകളില്‍
ചിതറിയ ഓര്‍മ്മകളാണ് !

1 comment:

  1. ചിത്രത്തില്‍ ഉള്ളത് കുന്നിക്കുരു അല്ല മഞ്ചാടിക്കുരു ആണ്...
    കുന്നിക്കുരു ഉരുണ്ടതും ചുവപ്പില്‍ കറുത്ത പൊട്ടുള്ളതും ആണ് .

    ReplyDelete