Wednesday, September 19, 2012

ഓര്‍മ്മകളിലെ മാര്‍ച്ച്‌മാസം

ഓര്‍മ്മകളിലെ മാര്‍ച്ച്‌മാസത്തിനു എന്നും നീറ്റല്‍  ഏറെയാണ്‌.. ....,. കുളിരും, കോടമഞ്ഞും പടിയിറങ്ങുമ്പോള്‍ പകലിനു ചൂട് കൂടുകയും, പരീക്ഷപ്പനിയില്‍ വിറയ്ക്കുകയും ചെയ്യുന്ന കാലം ജീവിതത്തിലെന്നും തിളച്ചു നിന്നിരുന്നു.

ജനുവരിയുടെ പുതപ്പിന്‍റെ ചൂടില്‍ നിന്നും , ഫെബ്രുവരിയിലെ സ്വെട്ടെറിന്‍റെ നനുനനുപ്പില്‍ നിന്നും നടപ്പാതകളുടെ  ഉണക്കിലൂടെ സ്കൂള്‍വരാന്തയിലെത്തുവോളം മനസ്സിലൊരു കിതപ്പായിരുന്നു.
പരീക്ഷക്കാലത്തെ അദ്ധ്യാപകന്‍റെ കയ്യിലെ നീണ്ട വടി പേടിച്ച കിതപ്പ്. ആവിപറക്കുന്ന ചോറും, തേങ്ങയരച്ച ചുവന്ന ചമ്മന്തിയും, കണ്ണിമാങ്ങ അച്ചാറും ഇലയിലാക്കി പൊതിഞ്ഞ്, അമ്മ തന്നു വിടുന്ന സ്നേഹവുംകൊണ്ട്, ഇടവഴികളും വരമ്പുകളും കടന്ന്, ഹോം വര്‍ക്ക്‌ ചെയ്യാതെ മടിപിടിച്ചുറങ്ങിയ നിമിഷങ്ങളെ ഓര്‍ത്ത്‌ വേവലാതിപ്പെട്ട്, വൈകിയെത്തുമ്പോള്‍ കണ്ണുരുട്ടി നോക്കുന്ന കണക്കുമാഷിന്‍റെ ക്ലാസ്സിലേയ്ക്ക്.
പഠിച്ചും , പഠിക്കാതെയും , മനസ്സിലാക്കാതെ വിഴുങ്ങിയും തീര്‍ത്ത പാഠങ്ങള്‍ തിന്നു തീര്‍ക്കുന്ന തിരക്കില്‍ മാര്‍ച്ച് മാസത്തിന്‍റെ തുടക്കങ്ങള്‍ മുങ്ങിത്താഴും.

പരീക്ഷകളുടെ ഇടയിലാണ് എന്‍റെ ജന്മദിനം. ജീവിതത്തില്‍ ഇന്നോളം ആഘോഷിക്കപ്പെടാതെ പോയ എന്‍റെ പിറന്നാളിനെ പലപ്പോഴും ഞാന്‍ ശപിക്കാറുണ്ടായിരുന്നു. തിരക്കുകള്‍ക്കും , തലവേദനയ്ക്കും , വെപ്രാളത്തിനും ഇടയില്‍ വന്നുപെട്ടത് കൊണ്ട്. തീവ്രമായ പഠനം തലയ്ക്കു പിടിച്ചു നടക്കുന്ന സമയത്ത് എന്താഘോഷം. കൂട്ടുകാര്‍ ചിതറിയകന്നിരിക്കുന്ന നീളന്‍ ടെസ്കുകളിലെ ചെറിയ അക്ഷരങ്ങളില്‍ പേരുകളും, വാക്കുകളും പിന്നെ അവ്യക്തമായ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ വെളുത്ത ചോക്കുകൊണ്ട് മുഴുപ്പില്‍ നമ്പറുകളും. പുതിയ പേനയും, മനസ്സ് നിറയെ തിക്കിക്കൊള്ളിച്ചു നിറച്ചു വച്ചിരിക്കുന്ന പാഠപുസ്തകത്തിലെ കടുകട്ടിയുള്ള ഗ്രഹിക്കാനാവാത്ത കൂട്ടങ്ങളും കൊണ്ട് പരീക്ഷാഹാളില്‍ നെഞ്ചിടിപ്പുമായി മാര്‍ച്ചിന്‍റെ നടുവിലത്തെ ദിനങ്ങള്‍.... എരിഞ്ഞുതീരും.

കൊച്ചു പിണക്കങ്ങളുടെയും, പരിഭവങ്ങളുടെയും , കുസൃതിയുടെയും , നീണ്ട ഒരു വര്‍ഷം കാലം കൊണ്ടുപോയത് എത്ര വേഗമാണ്. ഈ തിരിച്ചറിവിലേയ്ക്കുള്ള വിലാപയാത്രയാണ് പിന്നീടുള്ള ദിവസങ്ങളൊക്കെ. ചിരിച്ചും , ചിരിപ്പിച്ചും , മടിപിടിച്ചും , കുറ്റം പറഞ്ഞും , തല്ലുണ്ടാക്കിയും , തമാശ പറഞ്ഞും കടന്ന് പോയ വിദ്ധ്യാലയ ലോകത്തെ ഏറ്റവും വേദനാജനകമായ മാസമാണ് മാര്‍ച്ച്. സ്കൂള്‍ വിട്ട് കൂട്ടം കൂട്ടമായി നടന്നിരുന്ന ആനന്ദഭരിതമായ  നാളുകള്‍ക്കും, വഴിയരികിലെ കടയില്‍ നിന്നും വാങ്ങുന്ന ലൈറ്റ് കത്തുന്ന പേനയുടെ അത്ഭുതത്തിനും, വിദ്ധ്യാലയമുറ്റത്തെ ചന്ദന നിറമുള്ള പൂക്കള്‍ വിരിയുന്ന ചെമ്പകമരത്തണലിരുന്ന് ഭക്ഷണം കഴിച്ച നല്ല നിമിഷങ്ങള്‍ക്കും വിടപറയുമ്പോള്‍ , ഓരോ മാര്‍ച്ചും നോവുണര്‍ത്താറുണ്ട്. അഞ്ചു നിലകളുള്ള സ്കൂളിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും കണ്ണെത്താത്തിടത്തോളം പാടങ്ങള്‍ ഓരോ സമയവും നിറങ്ങള്‍ മാറ്റിക്കളിച്ചിരുന്നത് ഇന്നെനിക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട കാഴ്ച്ചയിലോന്നാണ്.ഓരോ വര്‍ഷവും പിരിഞ്ഞകലുന്ന സൌഹൃദങ്ങള്‍ , നിറമിഴിയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന ദൂരങ്ങള്‍... മാര്‍ച്ചിന്‍റെ വേദനയ്ക്ക് ആഴവും, കണ്ണീരിന്‍റെ തിളക്കവും കൂട്ടുന്നു.

പിന്നെയാണ് എല്ലാം മറന്നുള്ള ആഹ്ലാദത്തിന്‍റെ നാളുകള്‍.., കൊയ്ത്തു കഴിഞ്ഞു മലര്‍ന്നുകിടക്കുന്ന പാടത്തിലൂടെ, നിറയെ മണികളുള്ള പാദസരം കിലുക്കി ഓടിനടന്ന ബാല്യം മുതല്‍ , ചിന്തകളുടെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളില്‍  , തനിയെ നഗ്നയായി നിന്ന് സ്വപ്‌നങ്ങള്‍ മുഴുവനായി ആവാഹിക്കുന്ന കൌമാരം വരെ മാര്‍ച്ചിന് ക്രൂരമായ സൌന്ദര്യമായിരുന്നു.
വീട്ടുവളപ്പില്‍ , സന്ധ്യക്ക്‌ പൂക്കുകയും , പുലരുമ്പോള്‍ ചുവക്കുകയും ചെയ്യുന്ന മാജിക്‌റോസിന്‍റെ വളരെ നനുത്ത ഗന്ധവും, വേലിപ്പടര്‍പ്പുകളില്‍ സ്വപ്നം പോലെ ആര്‍ത്തു വളരുന്ന കൊങ്ങിണികളുടെ നിഷ്കളങ്കതയും ,
മനസ്സിലിടം പിടിച്ചതും ഏതോ ഒരു മാര്‍ച്ചിന്‍റെ മുറ്റത്തുവച്ചാണ് !

കാലത്തിന്‍റെ പുസ്തകത്തില്‍  , ദിവസങ്ങള്‍ ഒരുപാട് പിന്നിലേയ്ക്ക് മറിച്ചുനോക്കുമ്പോള്‍, നക്ഷത്രങ്ങളെ തൊടുന്ന ഉയരങ്ങള്‍ വരെ പറഞ്ഞതും പറയാതെ പോയതുമായ പ്രണയകഥകള്‍ ഉയര്‍ന്നുപറക്കുന്നത് കാണാം. മഴപെയ്യുന്ന നിലാവ് അന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെയായിരുന്നു.
സമയമേറെയായി ഉറങ്ങിയാലും, അവധിയായതിനാല്‍ എനിക്ക് വഴക്ക്കിട്ടില്ലായിരുന്നു. വൈകിയുറങ്ങുന്ന ആ പാതയിലൊക്കെ നല്ല ചിത്രങ്ങളും, നല്ല സ്മരണകളും നിറഞ്ഞു നില്‍ക്കുന്ന നഷ്ടങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്.

ഇന്നീ ആധുനികതയുടെ നെറുകയില്‍ വിരസമായി നില്‍ക്കുമ്പോള്‍, മാര്‍ച്ച് വരുന്നതും, ഒന്നുമറിയാതെ കടന്നുപോകുന്നതും കാലത്തിന്‍റെ പാദത്തിനടിയില്‍ ഞെരിഞ്ഞു തീരുന്നതും പലപ്പോഴും ഞാന്‍ അറിയാറില്ല. എപ്പോഴൊക്കെയോ ,കലാലയവാതില്‍ക്കല്‍ ഞാന്‍ വച്ച് പോന്ന മനസ്സിനെയും അതിന്‍റെ ആഹ്ലാദങ്ങളെയും തേടി ചിന്തകള്‍ ചെല്ലുമ്പോഴൊക്കെ നിറചിരിയുമായി എന്‍റെയാ സ്നേഹമയികളായ അദ്ധ്യാപകരുടെ നോട്ടങ്ങളും, നഷ്ടമായ സൌഹൃദങ്ങളും എന്നെ നോക്കി നെടുവീര്‍പ്പെടാറുണ്ട്.

പതിനാലു വര്‍ഷം ഒരേ വിദ്യാലയത്തില്‍ പഠിച്ച എനിക്കേറ്റവും പ്രിയപ്പെട്ട ഒരുപാട് നിമിഷങ്ങള്‍ ,ഓര്‍മ്മകള്‍ തഴച്ചുകയറുന്ന മാമരത്തില്‍ മായ്ക്കപ്പെടാതെ ഇന്നുമുണ്ട്. തങ്കമ്മ ടീച്ചറിന്‍റെ നീളന്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങി വീണതും , സുനിടീച്ചറിന്‍റെ വടി പേടിച്ച് ബോട്ടാണിക്കല്‍ നാമങ്ങള്‍ അക്ഷരംപ്രതി കുത്തിയിരുന്നു പഠിച്ചതും , ഹര്‍ത്താല്‍ ദിവസങ്ങളില്‍ അളവറ്റു സന്തോഷിച്ചതും , എത്ര കൂട്ടിയിട്ടും ശരിയാകാത്ത കണക്കിനെ ശപിച്ച് സിന്ധു ടീച്ചറിന്‍റെ ക്ലാസ്സില്‍ തലയില്‍ കയ്യും കൊടുത്തിരുന്നതും , തോമസ്‌ സാറിന്‍റെ സോഷ്യല്‍ സ്റ്റടീസില്‍ ഒന്നാമതായി ഉത്തരം പറയാന്‍ അഹങ്കാരത്തോടെ കയ്യുയര്‍ത്തുന്നതും , പഠനത്തില്‍ മത്സരിക്കുന്ന നിലീനയെ തോല്‍പ്പിക്കാന്‍ ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയതും ,ഹെഡ്മാസ്റ്ററിന്‍റെ കഷണ്ടിത്തലയെ കമന്റ്റടിക്കുന്നതും എല്ലാമൊരു മാര്‍ച്ചില്‍ പൊടുന്നനെ നിലച്ചു. പിന്നെ ... എത്രയോ മാസങ്ങള്‍ കടന്നു പോയിട്ടും ഓര്‍മ്മകളില്‍ ഇരച്ചു കയറുന്ന സംഭവബഹുലമായ മാര്‍ച്ചിന്‍റെ വറചട്ടിയിലെ പുകമണം എന്നുമൊരു നീറ്റലായി.. വേദനയായി !!!

6 comments:

 1. മാര്‍ച്ച് മാസങ്ങള്‍ കവര്‍ന്നെടുത്ത്കൊണ്ടുപോയതും ബാക്കിവെച്ചതും.....

  വരാനിരിക്കുന്ന മാര്‍ച്ച് മാസങ്ങള്‍ നല്ലത് മാത്രം കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു.

  എഴുത്ത് നന്നായിരിക്കുന്നു.

  ReplyDelete
 2. നന്നായിട്ടുണ്ട്....
  കവിതയില്‍ നിന്നൊരു ചുവടു മാറ്റം..
  ആശംസകള്‍..

  ReplyDelete
 3. നഷ്ടങ്ങളുടെ... നഷ്ടപ്പെടലുകളുടെ മാര്‍ച്ച്... ഒരു വേദന തന്നെ... ആ നഷ്ടങ്ങള്‍ക്കിടയിലും ജനനം കൊണ്ട് കാലത്തിനു ഒരു നേട്ടമായി നിശാഗന്ധിയും... നന്നായിട്ടുണ്ട് ഈ ഓര്‍മ്മക്കുറിപ്പ്...

  ReplyDelete
 4. March masathil mathram pookkunna poomaravum,athil ninnum veezhunna pookal kondu theertha souhridavum ormayil mayathe nilkunnu.

  ReplyDelete
 5. ഹൈക്കു കവിക്ക് കവിത മാത്രമല്ല...അനുഭവവും ഒരു പാട് വഴങ്ങുന്നുണ്ട്.....ഞാനും എന്റെ വീട്ടിന്റെ തൊട്ടു മുന്നിലുള്ള ഞാന്‍ പഠിച്ച സ്കൂളിന്റെ വരാന്തയില്‍ എത്തി...!! ഇന്റെര്‍ വെല്‍ സമയത്ത് ഉമ്മ ഉണ്ടക്കി വെച്ച പത്തിരിയും കറിയും 10 മിനുറ്റിന്റെയുള്ളില്‍ ഓടികിതച്ച് തിന്നാന്‍ പോകുന്നത് കണ്മുന്നില്‍ ഇന്നും.....നല്ല അനിഭവം പങ്കു വെച്ചതിനു നന്ദി!!..ആഘോഷങ്ങളും ആശംസകളും ചിലപ്പോള്‍ ശുദ്ധ പ്രഹസനമാണ്...!! ജന്മദിനം അഘോഷിക്കേണ്ട ഒന്നല്ല എന്നാണെന്റെ അഭിപ്രായം!!

  ReplyDelete