Wednesday, August 15, 2012

എന്‍റെ ഭൂമി

ഇനി ഞാനുമൊന്നെഴുതട്ടെ നിനക്കായി
നിന്‍റെ കണ്ണീര്‍ക്കുളം വറ്റിവരണ്ടതിന്‍
ഞരമ്പുകള്‍ പോലും ചൂഴ്ന്നു ചൂഴ്ന്നു
ജീവന്‍റെ ഓടുവിലത്തെ ഇറ്റും തേടി
മക്കളിറങ്ങും മുന്‍പ് ഞാനൊന്ന് പാടട്ടെ !
മഴതന്നും വെയില്‍ തന്നും
നാമ്പില്‍ നിന്നും പുതുനാമ്പു വിരിച്ചും
നീ ചൊരിഞ്ഞ കരുണയില്‍ തിമിര്‍ത്താടി
മതിവരാഞ്ഞിട്ടോ കുഴലുകളിറക്കി
നിന്‍റെ ഉദരത്തില്‍ നിന്നും
വലിച്ചുകുടിക്കുന്നു ജീവജലമവര്‍ !
പച്ച പുതച്ചു സര്‍വ്വാഭരണഭൂഷയായ്
നാണിച്ചു നിന്ന നിഷ്കളങ്കതയെ
കൂട്ടമായി വന്ന് കവര്‍ന്നു നഗ്നയാക്കി
മുറിവേല്‍പ്പിച്ചു മടങ്ങിയല്ലേ !
പിന്നെ ചത്തു മലന്നു കണ്ണുമടച്ചു മരവിച്ചു
നിന്‍റെ കൈകളിളവര്‍ പുഴുവരിച്ചു കിടന്നപ്പോഴും
സര്‍വ്വംസഹ നീ നിന്‍റെ ഒരുപിടി
മണ്ണാല്‍ മൂടിപ്പുതപ്പിച്ചുവല്ലേ !
നിന്നിലൊടുവില്‍ ശേഷിച്ച തരിമണ്ണുമവര്‍
കവരും മുന്‍പേ ഞാന്‍ നിനക്കായി പാടട്ടെ !
നിന്നുള്ളിലെ ഉഷ്ണപ്പുണ്ണ് പുകഞ്ഞു പുകഞ്ഞു
ക്രോധമായി പെരുകിയാ കണ്ണീരെന്നെയുമവരെയും
വിഴുങ്ങും മുന്‍പൊന്നു  ഞാന്‍ ചൊല്ലട്ടെയമ്മേ... മാപ്പ് !!

2 comments:

  1. വൈകിയും നമ്മള്‍ മാപ്പ് പറഞ്ഞു കൊണ്ടേയിരിക്കും...
    സര്‍വ്വംസഹ അതും ക്ഷമിക്കും..
    പക്ഷെ തീര്‍ച്ചപ്പെടുത്തിയ വിധിയെ, വരാനിരിക്കുന്ന ആ ഇരുട്ടിനെ നമ്മള്‍ അഹങ്കാരത്തോടെ തന്നെ വരവേല്‍ക്കും... എന്നിട്ടും തീരുമോ...

    ReplyDelete
  2. "നിന്നുള്ളിലെ ഉഷ്ണപ്പുണ്ണ് പുകഞ്ഞു പുകഞ്ഞു
    ക്രോധമായി പെരുകിയാ കണ്ണീരെന്നെയുമവരെയും
    വിഴുങ്ങും മുന്‍പൊന്നു ഞാന്‍ ചൊല്ലട്ടെയമ്മേ... മാപ്പ് !!"

    ഒരു മുള്ളു പോലെ ഹൃദയത്തില്‍ തറച്ചു ഈ കവിത...
    പ്രകൃതി കനിഞ്ഞ് നല്‍കിയതെല്ലാം തച്ചുടച്ച് ഭൂമിയെ നഗ്നയാക്കി മനുഷ്യന്‍ തിമിര്‍ത്ത് ആടുന്നു...

    ഒരു സുനാമിയില്‍, കൊടുംകാറ്റില്‍, പ്രളയത്തില്‍ തീരുന്ന ഈയാംപാറ്റകള്‍ ആണ് നാമെന്ന് ആരും മനസിലാക്കാത്തതെന്തേ...?

    ReplyDelete