Friday, August 3, 2012

വീണ്ടുമൊരു മഴ

നിറഞ്ഞു ചിരിച്ചു നിന്നിരുന്ന
നീലാകാശം
ആരോടോ പിണങ്ങിയത് പോലെ
കറുത്തുരുണ്ട് ഗര്‍ജ്ജിക്കുമ്പോഴൊക്കെ
അമ്മയുടെ ചൂടോടു ചേരാറുണ്ടായിരുന്നു
രാകിമിനുക്കിയ
വാള്‍ത്തലകൊണ്ടൊരു  മിന്നല്‍
മേഘകൂട്ടങ്ങളെ കീറി വന്ന്
ഭൂമിയെ ആഞ്ഞു വെട്ടും പോലെ..
പിന്നെ എപ്പോഴാണ്
ഭൂമിയും ആകാശവും തമ്മില്‍
കൂട്ട് കൂടിയതെന്നറിയില്ല
പൊടി മണ്ണിന്‍റെ  കുസൃതിയില്‍
കുളിരായി പെയ്യ്തിറങ്ങി
മനസ്സില്‍ നിറയെ
പുതുമണ്‍ഗന്ധം നിറച്ച് ..
പരിഭവത്തോടെ പെയ്യ്തിട്ടും
നനയില്ലെന്നു വാശി പിടിക്കുന്ന 
ചേമ്പിലക്കൂട്ടങ്ങളില്‍ ഉമ്മ വച്ച് ,  
നടുമുറ്റത്തെ തുളസിതുമ്പില്‍ 
നൃത്തം വച്ച് മതി വരാതെ,
ഒഴുക്കില്‍  മീന്‍ പിടിച്ച്  
മഴ നനയുന്ന ബാല്യത്തെ പുല്‍കി ,
വഴികളന്യമെങ്കിലും കുതിച്ചുചാടി 
പായുന്ന പുഴയിലലിഞ്ഞ്,
സ്വാതന്ത്ര്യമാഘോഷിക്കുന്ന
മഴപ്പാറ്റകളോടൊപ്പം കളിച്ച്,
കരകവിഞ്ഞ അമ്പലക്കുലങ്ങളിലെ 
പായല്‍പുറത്തു തവളക്കൂട്ടങ്ങളെ തൊട്ട്,
കാറ്റില്‍ ഇളകിയാടുന്ന തളിരിലകളില്‍ 
കവിതകളെഴുതി ,
മയില്‍പീലികളില്‍ മുത്തി ,
മാമ്പഴം പൊതിഞ്ഞ് 
പിന്നെ വേരുകളെ ഇക്കിളി കൂട്ടി,
ആകാശത്തിന്‍റെ വര്‍ണ്ണധാര ഒപ്പിയെടുത്തു 
ശോഭിക്കുന്ന എന്റെ മഴയായി നീ മാറി  !
രാവിന്‍റെ ഹൃദയതാളങ്ങളില്‍ 
പ്രണയാതുരമായി എന്റെ മഴ !
ഓരോ തവണ ഭൂമി ആകാശത്തോട്
പിണങ്ങുമ്പോഴും ഇന്നെനിക്കു
പ്രതീക്ഷയാണ്.. ആഹ്ലാദമാണ്  ! 

1 comment:

  1. "രാവിന്‍റെ ഹൃദയതാളങ്ങളില്‍
    പ്രണയാതുരമായി എന്റെ മഴ !"

    നോവിന്റെ ഹൃദയമിടിപ്പുകളില്‍
    സാന്ത്വനമായി എന്റെ മഴ !
    ഉരുകുന്ന സ്വപ്നങ്ങളില്‍
    ഒരു കുളിരായി എന്റെ മഴ!

    ഗൃഹാതുരത്വം തുളുമ്പുന്ന വരികളുമായി ആണല്ലോ ഇത്തവണ നിശാഗന്ധിയുടെ വരവ്...

    "ഓരോ തവണ ഭൂമി ആകാശത്തോട്
    പിണങ്ങുമ്പോഴും ഇന്നെനിക്കു
    പ്രതീക്ഷയാണ്.. ആഹ്ലാദമാണ് ! " -- എനിക്കും....

    ReplyDelete